പലസ്തീനും അതിന്റെ ചരിത്രവും
പലസ്തീനികള്ക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങള് അതിന്റെ ഹ്രസ്വവും മാരകവുമായ ചരിത്രത്തില് രേഖപ്പെടുത്തപ്പെട്ട് കിടക്കുന്നുണ്ട്. 1948-ല് ഡെയര് യാസിനില് നടത്തിയ കൂട്ടക്കൊലപോലെ സ്വന്തം മാതൃഭൂമിയില്നിന്ന് പലസ്തീനികളെ `വംശീയമായി ഉച്ചാടനം' ചെയ്യാനാരംഭിച്ച ശ്രമങ്ങള് മുതലാണ് തുടങ്ങുന്നത്. വെസ്റ്റ് ബാങ്ക് അധിനിവേശവും ലെബനനെതിരായ ആവര്ത്തിച്ചുള്ള ആക്രമണവുമായി അത് തുടര്ന്നുകൊണ്ടേയിരുന്നു.
ഇസ്രായേലിനും പടിഞ്ഞാറുനിന്നുള്ള അതിന്റെ പെട്ടിചുമട്ടുകാര്ക്കും പലസ്തീന് ജനത സ്വന്തം മാതൃരാജ്യത്തിനുവേണ്ടി നടത്തുന്ന പോരാട്ടം അറബികളും ഇസ്രായേലികളും തമ്മിലുള്ള ഒരു കലഹം മാത്രമാണ്. വാസ്തവത്തില് സയണിസ്റ്റ് പദ്ധതി ജൂതന്മാരുടെതായ ഒരു ഇസ്രായേല് കെട്ടിപ്പടുക്കുകയെന്നത് മാത്രമല്ല പലസ്തീന് രാജ്യത്തെ പൂര്ണമായി ഇല്ലാതാക്കുകകൂടിയാണ്. അഥവാ ഇനി പലസ്തീന് രാജ്യം നിലനില്ക്കുന്നുവെങ്കില്ത്തന്നെ അതിലെ ജനങ്ങള് ഛിന്നഭിന്നമായി വ്യത്യസ്ത അറകളില് ജയില്പ്പുള്ളികളെപ്പോലെ കഴിയണം. അവര് അന്യോന്യം ബന്ധപ്പെടാന് ആവാത്തവിധമുള്ള വേലിക്കെട്ടുകള്ക്കോ, കോണ്ക്രീറ്റ് ചുമരുകള്ക്കോ അകത്തായിരിക്കണം. തുടര്ച്ചയായി ഇസ്രായേലി സൈന്യത്തിന്റെ തോക്കിന്മുനയ്ക്ക് മുമ്പിലായിരിക്കണം. അങ്ങനെ തടവറയ്ക്കൊത്തവണ്ണം കഴിയേണ്ടിവരുമ്പോള് പലസ്തീനികളൊക്കെ പലസ്തീനില്നിന്ന് കൂട്ടപ്പലായനം ചെയ്യുമെന്നും അങ്ങനെ അവിടെ താമസിച്ചുവരുന്ന ജൂതന്മാര്ക്ക് സ്ഥലമെല്ലാം സ്വന്തമാക്കാനാവുമെന്നുമാണ് ഇസ്രായേല് പ്രതീക്ഷിക്കുന്നത്.
നാസി ജര്മനി നടത്തിയ വംശഹത്യക്കുശേഷം 1947 നവംബറില് ഐക്യരാഷ്ട്ര സഭയുടെ ജനറല് അസംബ്ലി അംഗീകരിച്ച പ്രമേയത്തില് പലസ്തീനില് രണ്ട് രാജ്യങ്ങളെ അനുവദിച്ചു. 55 ശതമാനം ഭൂമി കൈവശംവെക്കുന്ന ജൂതരാഷ്ട്രവും ബാക്കി ഭാഗം പലസ്തീന് രാഷ്ട്രവും. ഐക്യരാഷ്ട്രസഭയ്ക്കുകീഴിലുള്ള ഒരു പ്രത്യേക സ്ഥലമായി ജറുസലേം നിലനില്ക്കും. ഇത് സുരക്ഷാകൗണ്സിലിന്റെ ഒരു പ്രമേയമായി നിയമാനുസരണം അംഗീകരിക്കപ്പെടുന്നതിനോ പലസ്തീനിലെ ഭൂരിപക്ഷംവരുന്ന പലസ്തീനികളുമായി ചര്ച്ചയിലൂടെ തീരുമാനമാക്കുന്നതിനോ മുമ്പുതന്നെ ബ്രിട്ടണ് അവരുടെ പിന്തുണ പിന്വലിച്ചു. 1948 മെയ് 15ന് ജൂതവിഭാഗം ഏകപക്ഷീയമായി ഒരു സ്വതന്ത്രരാഷ്ട്രം പ്രഖ്യാപിച്ചു. ഇതാണ് ഒന്നാം അറബ്-ഇസ്രായേല് യുദ്ധത്തിന് തുടക്കമിട്ടത്. പലസ്തീനികളുടെ അംഗീകാരമില്ലാതെ പലസ്തീനിന്റെ മണ്ണില് ഒരു ജൂതരാഷ്ട്രം രൂപീകരിക്കുന്നതിനെ എതിര്ത്തുകൊണ്ട് അറബ് രാജ്യങ്ങള് യുദ്ധത്തില് പങ്കാളികളായി.
1947 നവംബറില് ഐക്യരാഷ്ട്രസഭാ പ്രമേയത്തെത്തുടര്ന്ന് പലസ്തീനില് അക്രമസംഭവങ്ങള് പൊട്ടിപ്പുറപ്പെട്ടു. പലസ്തീനില് തങ്ങളുടെ പ്രദേശത്തുപോലും തങ്ങള് ന്യൂനപക്ഷമാണെന്ന് ജൂതവിഭാഗത്തിനറിയാമായിരുന്നു. ഇസ്രായേലായിത്തീരുന്ന പ്രദേശത്ത് ജനസംഖ്യാപരമായ ചേരുവ എങ്ങനെയാണോ മാറ്റണമെന്ന് ആഗ്രഹിച്ചിരുന്നത് അതിനെ ലക്ഷ്യമിട്ടുകൊണ്ടാണ് പലസ്തീനികളുടെ വംശഹത്യ ആരംഭിച്ചത്. 800,000-900,000 അല്ലെങ്കില് 85 ശതമാനം വരുന്ന പലസ്തീനിയന് ജനതയ്ക്ക് അവരുടെ വീടുവിട്ട് പുറത്തുപോകേണ്ടതായി വന്നു. ഇതിനെയാണ് പലസ്തീനികള് നക്ബ അല്ലെങ്കില് അത്യാഹിതം എന്നപേരില് സ്മരിക്കുന്നത്. 1948ല് വീടുവിട്ടിറങ്ങിയ ജനങ്ങളില് നല്ലൊരു പങ്കും കരുതിയിരുന്നത് ഏതാനും ആഴ്ചകള്ക്കകം തങ്ങള്ക്ക് തിരിച്ചുപോകാനാവുമെന്നാണ്. എന്നാല് അവരെ തിരിച്ചുവരാന് അനുവദിച്ചില്ല. അവരൊക്കെ സ്വന്തം മണ്ണില് അഭയാര്ഥികളായി മാറി.
യുദ്ധാനന്തരം പലസ്തീന്റെ 78 ശതമാനം ഭൂപ്രദേശവും ഇസ്രായേലിന്റെതാവുന്ന സ്ഥിതി വന്നു. 30 ശതമാനം മാത്രം വരുന്ന ജൂതജനത പലസ്തീനിന്റെ നാലില് മൂന്നുഭാഗവും നിയന്ത്രിക്കുന്ന സ്ഥിതി വന്നു. വെസ്റ്റ് ബാങ്ക് ജോര്ദാന്റെ ഭാഗമാവുകയും ഗാസ മുതല് തെക്കോട്ടുള്ള ഭാഗം ഈജിപ്തിന്റെ കീഴില് വരികയും ചെയ്തു. ഭൂരിഭാഗംവരുന്ന പലസ്തീനികള് ഇസ്രായേലില് രണ്ടാംതരം പൗരന്മാരാക്കപ്പെടുകയോ വെസ്റ്റ് ബാങ്കിലെ സ്വന്തം ഭൂമിയിലോ ഗാസയിലോ അഭയാര്ഥികളാക്കപ്പെടുകയോ ചെയ്തു.
1948ന് ശേഷം ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മില് മൂന്ന് യുദ്ധങ്ങള് നടന്നു. ലെബനണിനെതിരായി ഇസ്രായേല് ആവര്ത്തിച്ചു നടത്തിക്കൊണ്ടിരുന്ന കടന്നാക്രമണങ്ങള്ക്ക് പുറമെയായിരുന്നു ഇത്. ഈജിപ്ത് സൂയസ്കനാല് ദേശസാല്ക്കരിച്ചതിനുശേഷം 1956ല് ഇസ്രായേല് ഫ്രാന്സിനോടും യു കെ യോടും ചേര്ന്നാണ് ഒരു യുദ്ധം നടത്തിയത്. മറ്റൊന്ന് 1967-ലെ ആറുദിനയുദ്ധമായിരുന്നു. മൂന്നാമത്തേത് 1973-ലായിരുന്നു.
1967-ലെ യുദ്ധത്തിനുശേഷം ഇസ്രായേല് വെസ്റ്റ്ബാങ്കും ഗാസയും കൈയടക്കി. പലപ്രാവശ്യം ഐക്യരാഷ്ട്രസഭ പ്രമേയങ്ങള് പാസാക്കിയെങ്കിലും 1967-ലെ കയ്യേറ്റം ഒഴിവാക്കാന് തുടര്ന്നുള്ള നാല്പ്പത് വര്ഷവും ഇസ്രായേല് തയ്യാറായില്ല. ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില് ഏറ്റവും കിരാതമായ ഒരു അധിനിവേശ ഭരണം സൃഷ്ടിക്കുകയും നിലനിര്ത്തുകയുമാണ് അവര് ഇതുവരെ ചെയ്തത്. പലസ്തീന് ജനത നിരവധി കൊച്ചുകഷ്ണങ്ങളായി ഛിന്നഭിന്നമാക്കപ്പെടുകയും കമ്പിവേലികളാലും വലിയ മതിലുകളാലും വളഞ്ഞുവെക്കപ്പെടുകയും അധിനിവേശക്കാരന്റെ വഴികളിലൂടെ മാത്രം സഞ്ചരിക്കാന് അനുവദിക്കുകയും ചെയ്തു.
വളഞ്ഞുവെക്കപ്പെട്ട ഇവിടെനിന്നുള്ള സഞ്ചാരമെന്നാല് ഇസ്രായേലി അധിനിവേശസേനയാല് നിയന്ത്രിക്കപ്പെടുന്ന 400 പരിശോധന കേന്ദ്രങ്ങളിലൂടെ കടന്നുപോവുക എന്നാണര്ഥം. സ്കൂളുകളില്, കൃഷിസ്ഥലങ്ങളില്, ചന്തകളില്, നഗരത്തില് തൊഴിലന്വേഷിക്കാന്, ആശുപത്രികളില് പോകാന് പോലും പലസ്തീനികള് ഈ പരിശോധന കേന്ദ്രങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. എല്ലാ ദിവസവും പലസ്തീനികള് ദേഹപരിശോധനക്ക് വിധേയമാക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ``ഗേറ്റുകളില്'' കാത്തുനില്ക്കേണ്ടതായും വന്നു. ഈ പരിശോധനാകേന്ദ്രങ്ങള് ദിവസത്തില് രണ്ടോ മൂന്നോ പ്രാവശ്യം ഏതാനും മിനിറ്റുമാത്രമെ തുറന്നുവെക്കുകയുള്ളൂ. അത് തുറന്നിരിക്കുമ്പോള്തന്നെ വിദ്യാര്ഥികള് പത്ത്മിനിറ്റ് വൈകിയാല് അവര്ക്ക് അധ്യയന ദിവസംതന്നെ നഷ്ടപ്പെടും. പ്രസവത്തിനായി ആശുപത്രികളില്പ്പോകുന്ന പലസ്തീനികള്ക്കുപോലും ഗേറ്റിനുമുമ്പില് രൂപപ്പെടുന്ന നീണ്ടക്യൂവില് കാത്തുനില്ക്കേണ്ടതായിവരും.
അധിനിവേശശക്തികള് അധിനിവേശഭൂമിയില് സ്ഥിരതാമസമാക്കാന് പാടില്ല എന്ന ജനീവ കണ്വെന്ഷന്റെ നിരോധനത്തിന് വിരുദ്ധമായി അധിനിവേശ വെസ്റ്റ് ബാങ്കില് ഇപ്പോള് 400,000 ജൂതകുടിയേറ്റക്കാര് താമസിക്കുന്നുണ്ട്. ഈ കുടിയേറ്റക്കാര് ഏറ്റവും നല്ല ഭൂമി കൈവശപ്പെടുത്തുകയും വിശാലമായ വീടുകള് പണിയുകയും വെള്ളംകിട്ടുന്ന പ്രധാന സ്ഥലങ്ങളൊക്കെ നിയന്ത്രണത്തിന് കീഴിലാക്കുകയും ചെയ്തിട്ടുണ്ട്. സുഖകരമായ `കുടിയേറ്റക്കാര്ക്ക് മാത്രമുള്ള' റോഡുകളില് ഗേറ്റുകളോ പരിശോധനാകേന്ദ്രങ്ങളോ ഇല്ല. എല്ലാ കുടിയേറ്റ കേന്ദ്രങ്ങളേയും തമ്മില് ബന്ധിച്ചിട്ടുണ്ട്. പലസ്തീനി പ്രദേശങ്ങളെ കീറിമുറിച്ചുകൊണ്ടും അവരെ കൂടുതല് അകറ്റിക്കൊണ്ടുമാണ് ഈ റോഡുകള് നിര്മിച്ചിട്ടുള്ളത്.
അധിനിവേശത്തിനു കീഴില് ദൈനംദിനം നടക്കുന്ന ഈ പരിശോധനകള്, ശരീരപരിശോധനകള്, വാചാ കുറ്റപ്പെടുത്തലുകള് എന്നിവയൊക്കെയാണ് 1987 അവസാനം ഇന്തിഫാദയെന്നപേരില് പൊട്ടിത്തെറിച്ചത്. അത് ആദ്യത്തില് പലസ്തീനിയന് യുവത്വത്തിന്റെ സ്വാഭാവികമായ ചെറുത്തുനില്പ്പായിരുന്നു. അത് ഗാസയില് ആരംഭിക്കുകയും പിന്നീട് അധിനിവേശപ്രദേശങ്ങളിലാകെ വ്യാപിക്കുകയും ചെയ്തു. ഇന്തിഫാദ ആരംഭിച്ചത് ഇസ്രായേലി അധിനിവേശത്തിനെതിരായ വിദ്യാര്ഥികളുടെ കല്ലേറിലൂടെയാണ്. തുടര്ന്ന് എല്ലാ രാഷ്ട്രീയ ശക്തികളും ജനവിഭാഗങ്ങളും പങ്കെടുക്കുന്ന ഒരു ജനകീയ ചെറുത്തുനില്പ്പായി അത് വളര്ന്നു.
മൂന്നുവര്ഷത്തോളം ഇസ്രായേലി അധിനിവേശസേനയെ അത് വിഷമസ്ഥിതിയിലാക്കി. പ്രദേശങ്ങള്തോറും ജനങ്ങള് തെരുവിലിറങ്ങി പ്രതിഷേധിച്ചു. അധിനിവേശസേനയുടെ തോക്കുകളെയും ടാങ്കുകളെയും വെറുംകൈയുമായാണ് അവര് നേരിട്ടത്.
അത് അസമമായ ഒരു പോരാട്ടമായിരുന്നു. എന്നാല് ഇസ്രായേലി അധിനിവേശത്തിന്റെ ക്രൂരതയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് അത് ഇടയാക്കി. പലസ്തീന് ജനതക്കെതിരെ ഇസ്രായേല് നടത്തുന്ന യുദ്ധത്തിന്റെ വാസ്തവസ്ഥിതി ഒളിപ്പിച്ചുവെക്കാന് ഇസ്രായേലും അവരുടെ രക്ഷാകര്ത്താക്കളായ അമേരിക്കയും സഖ്യശക്തികളും നടത്തുന്ന വെള്ളപൂശല്കൊണ്ട് കഴിയാത്ത സ്ഥിതിയുണ്ടായി. ഇത് അധിനിവേശത്തെക്കുറിച്ചുള്ള ചര്ച്ചയിലേക്ക് നയിക്കുകയും ഒസ്ലോ ഒത്തുതീര്പ്പിലേക്ക് നയിക്കുകയും ചെയ്തു. ഇസ്രായേലി അധിനിവേശ പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിന് പലസ്തീനി പ്രതിരോധത്തിന്റെ എതിരറ്റ നേതാവായ യാസര് അറാഫത്ത് നടത്തിയ ശ്രമമമായിരുന്നു ഒസ്ലോ ഒത്തുതീര്പ്പ്.
ഒസ്ലോവിലെ വാഗ്ദാനങ്ങള് താഴെപറയുന്നവയായിരുന്നു:
- ഒരു പൂര്ണപലസ്തീന് രാഷ്ട്രമായി പിന്നീട് മാറാവുന്നവിധത്തില് പലസ്തീന് അഥോറിറ്റി രൂപീകരിക്കുക.
- ഈ അഥോറിറ്റിക്ക് പടിപടിയായി വെസ്റ്റ്ബാങ്കിന്റെ നിയന്ത്രണം കൈമാറുക.
- വെസ്റ്റ്ബാങ്കിലെ ജൂതകുടിയേറ്റ കേന്ദ്രങ്ങള് പൊളിച്ചുമാറ്റുക; ജറുസലേമിന്റെ പദവിയും അഭയാര്ഥികള്ക്ക് തിരിച്ചുവരാനുള്ള അവകാശവും തുടര്ചര്ച്ചകളുടെ ഭാഗമാക്കുക.
എന്നാല് പലസ്തീന് രാഷ്ട്രമുണ്ടാവാതിരിക്കുകയും അധിനിവേശം തുടരുകയുമെന്ന സ്ഥിതിയാണ് ഇതിന് പകരമുണ്ടായത്.
സമാധാന പ്രക്രിയയുടെ പരാജയത്തില്നിന്ന് രണ്ടാം ഇന്തിഫാദ ഉയര്ന്നുവന്നു. ഒരുതരത്തിലുള്ള സമാധാനവും ദൃശ്യമാവാതിരിക്കുകയും പലസ്തീന് രാഷ്ട്രത്തിനുള്ള സാധ്യതകള് ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തില് പലസ്തീനികളുടെ എതിര്പ്പ് വളര്ന്നുവന്നു. പലസ്തീന് ചെറുത്തുനില്പ്പ് തുടരുകയും ശക്തിപ്പെടുകയും ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ വ്യാപകമായ വിമര്ശനം ഉയര്ന്നുവരികയും ചെയ്തപ്പോള്, പലസ്തീന് ജനങ്ങള്ക്ക് അന്തിമപരിഹാരമെന്ന് ഇസ്രായേല് കരുതുന്നത് നടപ്പിലാക്കാന് തയ്യാറെടുത്തുകൊണ്ടിരിക്കയാണ് അവര്. ഇതാണ് ബന്ധവിമോചനപദ്ധതിയെന്ന് വിളിക്കപ്പെടുന്നത്. അതനുസരിച്ച് ഗാസാചീന്തില്നിന്ന് പിന്മാറുകയും വെസ്റ്റ്ബാങ്കിലെ ചില ചെറിയ കുടിയേറ്റ കേന്ദ്രങ്ങളില്നിന്ന് ഒഴിവാവുകയും ബാക്കിയുള്ളവയെ കൂട്ടിയോജിപ്പിച്ച് പലസ്തീനികളെ ലംഘിക്കാനാവാത്ത ബന്ധനത്തില് ഉള്പ്പെടുത്തുകയും ചെയ്യാനാണ് അവര് ഉദ്ദേശിക്കുന്നത്.
വെസ്റ്റ്ബാങ്ക്മതിലിനെ കുറുകെ മുറിക്കുന്ന 600 കിലോമീറ്റര് നീളംവരുന്ന ഒരു വന്മതിലുണ്ടാക്കി മൂന്ന് പലസ്തീന് പ്രദേശങ്ങളെ അടച്ചുകെട്ടലാണ് ഈ ബന്ധം വേര്പെടുത്തല് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അന്താരാഷ്ട്ര നീതിന്യായകോടതി ഈ മതില് നിര്മാണം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വെസ്റ്റ്ബാങ്കിനുള്ള ഇസ്രായേല് പദ്ധതി ഇതാണ്: ദക്ഷിണാഫ്രിക്കയിലെ വര്ണവിവേചന ബന്ധനസ്ഥ പ്രദേശങ്ങള് പോലെ ഒരു പലസ്തീന് രൂപപ്പെടുത്തുക; വെസ്റ്റ്ബാങ്കിന്റെ 54 ശതമാനവും ചുറ്റുന്നവിധം ഒരു മതിലുണ്ടാക്കുക; ബാക്കിവരുന്ന 46 ശതമാനം ഇസ്രായേലിന്റെ നിയമവിരുദ്ധ കൈവശത്തിനു കീഴില് നിര്ത്തുക, അസല് പലസ്തീന്റെ 12.5 ശതമാനം മാത്രം ഭൂവിസ്തൃതി വരുന്ന ഒരു ചെറിയ സ്ഥലം മാത്രം പലസ്തീനികള്ക്ക് ലഭ്യമാക്കുക. ഈ ബന്ധനസ്ഥ സ്ഥലത്തേക്കുള്ള പോക്കുവരവു മുഴുവന് ഇസ്രായേലി സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കുക.
ഗാസക്കുമേല് ഇസ്രായേല് നടത്തിയ അവസാനവട്ട ആക്രമണങ്ങളുടെ അപ്രതീക്ഷിത പ്രത്യാഘാതങ്ങളിലൊന്നായി അടിവരയിട്ടു കാണേണ്ടത് ഇസ്രായേലിനും അത് ഗാസയിലും വെസ്റ്റ്ബാങ്കിലും നടത്തിയ അധിനിവേശത്തിനുമെതിരായി യോജിച്ച ഒരു പ്രതികരണം ഇതുവരെ പലസ്തീനില് നിന്ന് ഉണ്ടായിട്ടില്ല എന്നതാണ്. നിര്ഭാഗ്യകരമെന്ന് പറയട്ടെ, ചെറുത്തുനില്പ്പില് ഹമാസും ഫത്തായുമായുണ്ടായ ഭിന്നിപ്പ് സഹായിച്ചത് പലസ്തീനുമുമ്പില് യാതൊരു വിട്ടുവീഴ്ചക്കുമില്ലെന്നും വെസ്റ്റ്ബാങ്കിനെ ചെറിയ ബന്ധനസ്ഥ പ്രദേശങ്ങളായും ഗാസയെ ഒരു തുറന്നജയിലായും മാറ്റുമെന്നുള്ള ഇസ്രായേലിന്റെ പദ്ധതിയെയാണ്.