സയണിസ്റ്റ് ലക്ഷ്യങ്ങള്
ഇസ്രായേല് അവകാശപ്പെടുന്നതുപോലെ പലസ്തീന് ഏറ്റുമുട്ടലിന്റെ മര്മം ഇസ്രായേലിന്റെ സുരക്ഷിതത്വമല്ല മറിച്ച് പലസ്തീനിലെ അധിനിവേശമാണ്.
ഒരു സ്വഭാവിക പലസ്തീന് രാഷ്ട്രം ഉയര്ന്നുവരാന് ഇസ്രായേല് അനുവദിക്കുകയില്ല. വെസ്റ്റ്ബാങ്കിനെ കൊച്ചുകൊച്ചു കള്ളികളാക്കി വെട്ടിമുറിക്കാനും അവിടെയൊക്കെ ഇസ്രായേലി സൈന്യത്തിന്റെ നിയന്ത്രണം ഏര്പ്പെടുത്താനുമാണ് അവര് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. വെസ്റ്റ്ബാങ്കില്നിന്നുള്ള കുടിയേറ്റം ഒഴിവാക്കാന് അവര് തയ്യാറാവില്ല. അറബികള് നയിക്കുന്ന യാതൊരു തിരഞ്ഞെടുപ്പിലും പങ്കെടുക്കരുതെന്ന് എല്ലാ പാര്ട്ടികളെയും ഇസ്രായേലി തെരഞ്ഞെടുപ്പ് കമ്മീഷന് ഈയിടെ വിലക്കുകയുണ്ടായി. ഇസ്രായേലി അതിര്ത്തിക്കകത്തുള്ള അറബികള്ക്കുമേല് നിരവധി നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയത് ഇസ്രായേലി സുപ്രീംകോടതി ശരിവെക്കുകയും അധിനിവേശ പ്രദേശങ്ങളില് താമസിക്കുന്നവര്ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്പോലും നിഷേധിക്കുകയും ചെയ്തു.
ഗാസയില് ഇസ്രായേല് നല്കുന്ന സന്ദേശം വളരെ ലളിതമാണ്. എതിര്ക്കുന്ന അറബികളെയും പലസ്തീനികളയും അതിക്രൂരമായി അടിച്ചമര്ത്തും. പട്ടിണിക്കിട്ടും ബോംബെറിഞ്ഞും ഭീകരതക്ക് അടിമപ്പെടുത്തിയും എതിര്ക്കുന്നത് ഫലശൂന്യമാണെന്ന് അവരെ ബോധ്യപ്പെടുത്തും. ജീവനോടെ ഇരിക്കണമെങ്കില് ജയില്ജീവിതം സ്വീകരിക്കുന്നതാണ് നല്ലതെന്ന തോന്നല് അവരില് ഉണ്ടാക്കും. അമേരിക്കയുടെ സഹായത്തോടെയും പിന്തുണയോടെയും ഇസ്രായേല് നടപ്പാക്കാന് ഉദ്ദേശിക്കുന്ന `സമാധാനം' ഇതാണ്. ഇതാണ് ബന്ധം വേര്പെടുത്തല്കൊണ്ട് അവര് ഉദ്ദേശിക്കുന്നത്. ചുരുക്കത്തില് ഇതാണ് അനപോളിസ് സമ്മേളന തീരുമാനം. വെസ്റ്റ്ബാങ്കിലെ ഇസ്രായേലി അധിനിവേശത്തിന് നിയമസാധുത നല്കുകയും പലസ്തീന് അതോറിറ്റിക്ക് നല്കിയിട്ടുള്ള പ്രാദേശിക അധികാരത്തില് ചില ഇളവുകള് അനുവദിക്കുകയുമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സയണിസ്റ്റ് ലക്ഷ്യങ്ങള് അതിശയപ്പെടുത്തുന്നവയല്ല. പലസ്തീനികളെ തുരത്തിയോടിക്കാനുള്ള ആഗ്രഹം-ഹക്ബ മുതല് ഇന്നേവരെ അവരെ നയിക്കുന്നത് അതാണ്-വളരെ വ്യക്തമാണ്. എന്നാല് ജനീവ കണ്വെന്ഷനില് പങ്കെടുത്ത ഉന്നതരായ കരാര് കക്ഷികളുടെ ഗവണ്മെന്റുകളും മറ്റു ഗവണ്മെന്റുകളും മൗനം അവലംബിക്കുകയും പങ്കുപറ്റുകയും ചെയ്യുന്നതിന്റെ അര്ഥമെന്താണ്? ജനീവ കണ്വെന്ഷന് തീരുമാനങ്ങളുടെ പരസ്യമായ ലംഘനങ്ങള്ക്ക്-ജനസംഖ്യാഘടനയില് വരുത്തുന്ന മാറ്റങ്ങള്, കൂട്ടശിക്ഷ വിധിക്കല്, ഭീകരവാദികള് നടത്തുന്നതായി പറയുന്ന കുറ്റകൃത്യങ്ങള്ക്ക് പ്രതികാരമായി സാധാരണ പലസ്തീനികളെ ശിക്ഷിക്കല്-എതിരായി അന്തര്ദേശീയ പ്രതികരണം ഉയര്ന്നുവരാതിരിക്കുന്നത് എന്തുകൊണ്ടാണ്? സുരക്ഷാ കൗണ്സിലിന്റെ പ്രമേയങ്ങള് ഒന്നിനുപിറകെ ഒന്നായി ഇസ്രായേല് ലംഘിച്ചുകൊണ്ടിരിക്കുമ്പോഴും കൗണ്സിലിന്റെ സ്ഥിരാംഗങ്ങള് മൗനംപാലിക്കുന്നത് എന്തുകൊണ്ടാണ്?
എല്ലാ അന്തര്ദേശീയ നിയമങ്ങളും ലംഘിക്കുകയും പലസ്തീനില് അധിനിവേശം നടത്തുകയും ചെയ്യുമ്പോഴും ഇസ്രായേലിന്റെ മുഖ്യരക്ഷാധികാരിയായി പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നത് അമേരിക്കയാണ്. 1948 മുതല് ഇസ്രായേലിന് അവര് 101 ബില്യണ് ഡോളറിന്റെ സഹായമാണ് ചെയ്തത്. അതില് പകുതിയിലേറെയും യുദ്ധോപകരണങ്ങളായിരുന്നു. അടുത്ത പത്ത് വര്ഷക്കാലത്തേക്ക് മറ്റൊരു 30 ബില്യണ് ഡോളര് കൂടെ അവര് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതില് ഏറിയപങ്കും സൈനികസഹായമാണ്. ഗാസയിലെ ജനങ്ങള്ക്കെതിരെ ബോംബിട്ടപ്പോള്, അമേരിക്ക നല്കിയ എഫ്-16 യുദ്ധവിമാനങ്ങളും അപ്പാച്ചേ ഹെലികോപ്ടറുകളും അമേരിക്ക തന്നെ നിര്മിച്ച ബോംബുകളും മിസൈലുകളുമാണ് അതിന് ഉപയോഗിച്ചത്. അമേരിക്ക സഹായം നിര്ത്തിയാല് ഉടനെ ഇസ്രായേലി സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാവും. എണ്ണസമ്പന്ന മേഖലയായ ഈ പ്രദേശത്തെ നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് അമേരിക്ക ഇസ്രായേലിനെ പിന്തുണയ്ക്കുന്നത്. വംശഹത്യാധിഷ്ഠിത നടപടികളുടെ പ്രത്യാഘാതത്തില്നിന്ന് ഇസ്രായേലിനെ സംരക്ഷിക്കുന്നതിനായി സുരക്ഷാകൗണ്സിലില് അമേരിക്ക പലവട്ടം അവരുടെ വീറ്റോ അധികാരം പ്രയോഗിക്കുകയുണ്ടായി. 2006-ല് ലെബനണിലും അവസാനം ഗാസാ കൂട്ടക്കൊലയിലും യു എന് പ്രമേയങ്ങളെ അമേരിക്ക ബോധപൂര്വം വൈകിപ്പിച്ചു. വെടിനിര്ത്തലിന് ആഹ്വാനം ചെയ്തും ഇസ്രായേലിന് കൂടുതല് സമയം നല്കിയുമാണ് ഇത് ചെയ്തത്. അമേരിക്ക ഇസ്രയേലിന് നിയമവിരുദ്ധമായി ആണവായുധങ്ങള് കൈമാറി. അവരുടെ ആയുധപ്പുരയില് ഇപ്പോള് അത്തരത്തിലുള്ള 300 ആയുധങ്ങളുണ്ട്. ഇസ്രായേല് ഇപ്പോള് ഒരു തെമ്മാടി രാഷ്ട്രമാണെങ്കില് അമേരിക്ക നല്കിയതും നല്കിക്കൊണ്ടിരിക്കുന്നതുമായ സഹായമാണ് അവരെ അത്തരത്തിലാക്കിയത്.