ഇന്ത്യാ ഗവണ്മെന്റിന്റെ നാണംകെട്ട നിലപാട്
അമേരിക്കയുടേയും യൂറോപ്യന് യൂണിയന്റെയും ഈ കാര്യത്തിലെ പങ്കാളിത്തം മനസിലാക്കാനെളുപ്പമാണ്. എന്നാല് ഇസ്രായേലിനോട് ഇന്ത്യയെടുക്കുന്ന നിലപാടിനെ എങ്ങനെയാണ് വിശദീകരിക്കാനാവുക? ഇതുവരെ നാം കണ്ടിട്ടില്ലാത്ത മൊസാദിന്റെയും ഇസ്രായേലി സൈനികരുടെയും കാശ്മീര് സന്ദര്ശനം നമുക്ക് കാണേണ്ടതായിവന്നു. ഇന്ന് നാം ഇസ്രായേലുമായുള്ള ആയുധക്കച്ചവടം വര്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആയുധവ്യവസായംകൊണ്ടാണ് ഇസ്രായേല് നിലനില്ക്കുന്നത്. അത് ഉപയോഗിച്ചാണ് ഇസ്രായേലി പ്രതിരോധസേനയെ അധിനിവേശപ്രദേശങ്ങളില് നിലനിര്ത്തിയിരിക്കുന്നത്. നാം ഇസ്രായേലുമായി ചേര്ന്ന് ഡ്രോണ്സ് പോലുള്ള മിസൈലുകള് വികസിപ്പിക്കുകയാണ്. പലസ്തീന് ലക്ഷ്യമിട്ട് കൊലപാതകങ്ങള് നടത്താന് സ്ഥിരമായി ഉപയോഗിക്കുന്നത് ഇത്തരം മിസൈലുകളാണ്. ഗാസയിലെ ഏറ്റുമുട്ടലില് ഉപയോഗിക്കുന്നതും ഇറാനുമേല് ചാരപ്രവര്ത്തനം നടത്തുന്നതിന് ഉപയോഗിക്കുന്നതുമായ മിസൈലുകള് ഇസ്രായേലിന് വേണ്ടി വിക്ഷേപിക്കുന്നത് നമ്മളാണ്.
ഈ സയണിസ്റ്റ് രാഷ്ട്രവുമായി ശക്തമായ സൈനികബന്ധങ്ങള് ഇന്ത്യാഗവണ്മെന്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇസ്രായേലി സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആയുധ വില്പ്പനയാണ്. ഇസ്രായേലില് 150ഓളം പ്രതിരോധ വ്യവസായ സ്ഥാപനങ്ങളുണ്ട്. അതിന്റെ മൊത്തവരുമാനം 3.5 ബില്യണ് അമേരിക്കന് ഡോളര് വരും. ഇസ്രായേലില് പ്രവര്ത്തിക്കുന്ന മൂന്ന് വിപുലമായ ആയുധ നിര്മാണ ഗ്രൂപ്പുകള് ഗവണ്മെന്റുടമസ്ഥതയിലുള്ള ഇസ്രായേലി എയര്ഫോഴ്സ് ഇന്ഡസ്ട്രിയും (ഐ എ ഐ) ഇസ്രായേലി മിലിറ്ററി ഇന്ഡസ്ട്രിയും റാഫേല് ആംസ് ഡെവലപ്മെന്റ് അതോറിറ്റിയുമാണ്. ഇവയെല്ലാം വിവിധ തരത്തിലുള്ള സാമ്പ്രദായിക ആയുധങ്ങളും ആധുനിക പ്രതിരോധ ഇലക്ട്രോണിക് ഉപകരണങ്ങളും നിര്മിക്കുന്നു. ഇതിനുപുറമെ സ്വകാര്യ ഉടമസ്ഥതയിലുള്ള ആയുധനിര്മാണസ്ഥാപനങ്ങളായ എല്ബീറ്റ് സിസ്റ്റംസും താദിരാന് ഗ്രൂപ്പുമുണ്ട്. ഇസ്രായേലി സൈനികോപകരണ വ്യവസായം ഏതാണ്ട് 60,000 പേര്ക്ക് തൊഴില്നല്കുന്നു. ഇസ്രായേലിന്റെ പ്രതിരോധ കയറ്റുമതി ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് സിബാറ്റ്-വിദേശ പ്രതിരോധനയത്തിനും പ്രതിരോധകയറ്റുമതിക്കും ഉള്ള സംഘടന-ആണ്. അതിന്റെ നടത്തിപ്പ് പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയാണ്. പ്രതിരോധ സാമഗ്രി കയറ്റുമതിക്ക് ലൈസന്സ് നല്കുക, ഇസ്രായേല് പ്രതിരോധസേനക്കുവേണ്ടി വികസിപ്പിച്ച ഉല്പ്പന്നങ്ങളായ ഇലക്ട്രോണിക് ഘടകങ്ങള് മുതല് മിസൈല് ബോട്ടുകളും ടാങ്കുകളും വരെയുള്ളവക്ക് വിപണി കണ്ടെത്തുക മുതലായവ സിബാറ്റിന്റെ ചുമതലയാണ്.
ശീതയുദ്ധം അവസാനിച്ചതോടെ ആയുധവ്യാപാരത്തിലും കയറ്റുമതിയിലുമുണ്ടായ ഇടിവിനെത്തുടര്ന്ന് വ്യവസായത്തെ സുസ്ഥിരമായി നിലനിര്ത്തുന്നതിനുവേണ്ടി കൂടുതല് സജീവമായ പ്രവര്ത്തനങ്ങള് നടത്താന് ഇസ്രായേല് നിര്ബന്ധിതമായി. 1962ല് ഇന്ത്യാ-ഇസ്രായേല് നയതന്ത്രബന്ധങ്ങള് സ്ഥാപിക്കാനായത് ഇസ്രായേലി-രാഷ്ട്രീയ-സൈനിക-വ്യവസായ സംരംഭങ്ങള്ക്ക് പ്രത്യക്ഷത്തില്ത്തന്നെ അനുഗ്രഹമായി മാറി. ഇസ്രായേലിന്റെ പ്രതിരോധ വ്യവസായത്തിന്റെ മൊത്തം പ്രകടനത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് അത് സഹായിച്ചു. 1.6 ബില്യണ് അമേരിക്കന് ഡോളര് എന്ന റെക്കോഡ് തുകയ്ക്ക് ആയുധം വാങ്ങുന്ന ഇന്ത്യ 2006ല് ഇസ്രായേലിന്റെ പ്രതിരോധ വ്യവസായോല്പ്പന്നങ്ങളുടെ വില്പ്പന ഏറ്റവും ഉയര്ന്ന 4.4 ബില്യണിലേക്കെത്തിക്കുന്നതിന് സഹായിച്ചു. ഇന്ത്യയുമായി ഇസ്രായേലിനുള്ള ആയുധവ്യാപാരം ലോകത്തില് തന്നെ പ്രതിരോധോപകരണങ്ങള് ഏറ്റവും കൂടുതല് കയറ്റുമതിചെയ്യുന്ന അഞ്ചുരാജ്യങ്ങളില് ഒന്നാക്കി ഇസ്രായേലിനെ മാറ്റി.
ഇന്ത്യയുടെ ആയുധം വാങ്ങിക്കലില് താഴെ പറയുന്നവ ഉള്പ്പെടുന്നു.
* ബരാക് നാവല് ആന്റി മിസൈല് പ്രതിരോധ സംവിധാനം.
* ഫാള്ക്കന്റെ ആധുനീകരിച്ചതും വിമാനത്തില് കയറ്റിക്കൊണ്ടുപോകാവുന്നതുമായ മുന്നറിയിപ്പു സംവിധാനം.
* ഗ്രീന് പൈനിന്റെ മുന്നറിയിപ്പിനും അഗ്നിശമനത്തിനും ഉപയോഗിക്കാവുന്ന റഡാറുകള്.
* 180-130 എം എം 46 എം ഫീല്ഡ് ഗണ്ണര് മെച്ചപ്പെടുത്താന് ഇസ്രായേലി സ്ഥാപനമായ ബോള്ട്ടത്തെ ഉപയോഗിക്കല്.
* സൂപ്പര് ഡിവോറ എം കെ 11 അതിദ്രുത ആക്രമണവിമാനം.
* ഹെറോണ് അണ് മാന്ഡ് ഏരിയല് വാഹനങ്ങള്.
* സ്റ്റാര്നൈറ്റ് സാങ്കേതികവിദ്യകളും രാത്രികാഴ്ചക്കുള്ള ഗോഗിളുകളും.
* സ്പൈഡറിന്റെ അതിവേഗ പ്രവര്ത്തനശേഷിയുള്ളതും പ്രതലത്തില്നിന്ന് വിക്ഷേപിക്കാവുന്നതുമായ എയര് മിസൈലുകള് (55 കി മി ദൂരപരിധിയുള്ളത്)2.5 ബില്യണ് ഡോളറിന്റെ സംയുക്ത കൂട്ടു സംരംഭ പ്രോജക്ട്.
2006-ന്റെ തുടക്കത്തില് ഇന്ത്യന് പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡി ആര് ഡി ഒ)യും ഇസ്രായേലിലെ ഏറോസ്പേസ് ഇന്റസ്ട്രീസും തമ്മില് മിസൈല് വികസനത്തിനുവേണ്ടി 480 മില്യണ് ഡോളറിന്റെ ഒരു അഞ്ചുവര്ഷകരാറില് ഒപ്പിട്ടുവെച്ചിട്ടുണ്ട്. ഇപ്പോള്തന്നെ ഇന്ത്യയും ഇസ്രായേലും തമ്മില് നിലവിലുള്ള മിസൈല് വികസന സഹകരണം കര - വ്യോമ അടിസ്ഥാനത്തിലുള്ള മിസൈല് സംവിധാനങ്ങളെ കൂടി ഉള്ക്കൊള്ളുന്ന വിധം വികസിപ്പിച്ചിട്ടുണ്ട്. ഐ എ ഐ യുമായുള്ള ഈ പുതിയ കരാര് തുക 2.5 ബില്യണ് ഡോളര് വരുന്നതാണ്. ഈ കരാര് മിസൈല് സംവിധാനങ്ങള്ക്ക് പുറമെ ഐ എ ഐയുടെ സഹസ്ഥാപനമായ എല്റ്റ സിസ്റ്റംസ് ലിമിറ്റഡ് നിര്മിക്കുന്ന റഡാര് സംവിധാനങ്ങള്, സ്വയംപ്രവര്ത്തക വ്യോമവാഹനങ്ങള്, സാറ്റലൈറ്റുകള് എന്നിവ കൂടെ ഉള്പ്പെടുന്നു.
ഇന്ത്യന് സ്പേസ് റിസര്ച്ച് ഓര്ഗനൈസേഷനുമായി (ഐ എസ് ആര് ഒ) സഹകരിച്ചുകൊണ്ട് ടെക്സാര് എന്ന് പേരിട്ടിട്ടുള്ള എല്ലാകാലാവസ്ഥയിലും പ്രവര്ത്തിക്കുന്നതും ഉന്നതശേഷിയുള്ളതുമായ ഒരു റഡാര് സാറ്റലൈറ്റ് ഇന്ത്യന് വിക്ഷേപണസൗകര്യം ഉപയോഗപ്പെടുത്തി ഇസ്രായേല് വിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയുമായി സൗഹൃദബന്ധമുള്ള ഇറാനില് ചാരപ്രവര്ത്തനം നടത്തലാണ് ടെക്സാറിന്റെ പ്രധാന കര്ത്തവ്യം എന്നുള്ള കാര്യം ഇസ്രായേല് രഹസ്യമാക്കിവെക്കുന്നില്ല. ഇസ്രായേലിനുവേണ്ടി വിക്ഷേപിക്കാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുള്ള അഞ്ച് സാറ്റലൈറ്റുകളില് ഒന്നുമാത്രമാണിതെന്ന കാര്യവും എല്ലാവര്ക്കുമറിയാവുന്നതാണ്.
അമേരിക്ക-ഇന്ത്യ പൊളിറ്റിക്കല് ആക്ഷന് കമ്മിറ്റി (യു എസ് ഐ എന് പി എ സി)അമേരിക്ക-ഇസ്രായേല് പൊളിറ്റിക്കല് ആക്ഷന് കമ്മിറ്റി (എ ഐ പി എ സി) അമേരിക്കന് ജൂവിഷ് കമ്മിറ്റി (എ ജെ സി) എന്നീ സംഘടനകള് ഒരുമിച്ച് ഇന്ത്യക്ക് അതിവേഗ മുന്നറിയിപ്പ് സംവിധാനമുള്ള നാല് ഫാള്ക്കന് റഡാര് വിമാനങ്ങള് വില്ക്കുന്നതിന് ബുഷ് ഭരണകൂടത്തിന്റെ അനുമതി ഇസ്രായേലിന് ലഭ്യമാക്കുന്നതിനായി ശക്തമായി സമ്മര്ദം ചെലുത്തിയിരുന്നു. ഒരു ബില്യണ് അമേരിക്കന് ഡോളറാണ് ഇതിന്റെ വില. പൊക്രാന് രണ്ടിന് ശേഷം അമേരിക്ക ഇന്ത്യക്കുമേല് ഉപരോധം ഏര്പ്പെടുത്തുകയും ഈ ഉപഭൂഖണ്ഡത്തില് എല്ലാതരത്തിലുമുള്ള ആയുധവ്യാപാരങ്ങള് നടത്തുന്നതിനെ എതിര്ക്കുകയും ചെയ്തിരുന്നു. അമേരിക്കന് അനുകൂല ഇസ്രായേലി ജൂതലോബിയുടെ പ്രതിനിധികള് 1995 മുതല് പലപ്രാവശ്യം ഇന്ത്യ സന്ദര്ശിച്ചിരുന്നു. രണ്ടുവര്ഷംമുമ്പ് ഇതേ ലോബിതന്നെയാണ് ഒരുകൂട്ടം ഇന്ത്യാ-അമേരിക്ക നേതാക്കളെ ഇസ്രായേല് സന്ദര്ശനത്തിനായി കൊണ്ടുപോയി ആയുധവ്യാപാരവും നയതന്ത്രബന്ധങ്ങളും ശക്തിപ്പെടുത്താനായി പരിശ്രമിച്ചത്. ഇന്ത്യ, ഇസ്രായേലിന്റെ ഏറ്റവും വലിയ വ്യാപാരപങ്കാളികളില് ഒന്നായി മാറിയിരിക്കുന്നു. റഷ്യ കഴിഞ്ഞാല് ഇന്ത്യക്ക് ഏറ്റവും കൂടുതല് ആയുധം നല്കുന്നത് ഇസ്രായേലാണ്. അതിവേഗം റഷ്യയെ മറികടന്ന് ഒന്നാമതെത്താന് ഇസ്രായേലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈയിടെ സിബാറ്റിന്റെ തലവനായ മേജര് ജനറല് യോസി ബെന്-ഹനാന് ജറുസലേം പോസ്റ്റിന് നല്കിയ ഒരു അഭിമുഖത്തില് `ഇന്ത്യയാണ് ഇസ്രായേലിന്റെ ഏറ്റവും വലിയ ഉപഭോക്താവ്, അവരുടെ വാങ്ങല് 1.5 ബില്യണ് ഡോളറിലേക്കെത്തുന്നു' എന്ന് പറഞ്ഞിരുന്നു. ഇന്ത്യയുള്പ്പെടെയുള്ള വിദേശ രാജ്യങ്ങള്ക്ക് നടത്തുന്ന ഏറ്റവും വലിയ ഒറ്റവില്പ്പന ബരാക് നേവല് ആന്റി മിസൈല് പ്രതിരോധ സംവിധാനത്തിന്റേതാണെന്നും അതിന് 450 മില്യണ് ഡോളര് വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 2002 മുതല് 2005 വരെയുള്ള ഇസ്രായേലിന്റെ ഇന്ത്യയിലേക്കുള്ള മൊത്തം ആയുധകയറ്റുമതി 2.76 ബില്യണ് അമേരിക്കന് ഡോളറിന്റെതാണ്. 2006-ല് മാത്രം ഇസ്രായേലില് നിന്ന് ഇന്ത്യ 1.6 ബില്യണ് അമേരിക്കന് ഡോളറിനുള്ള റെക്കോഡ് ആയുധ ഇറക്കുമതി നടത്തി. കഴിഞ്ഞ 5 വര്ഷങ്ങളില് ഇസ്രായേലില് നിന്ന് ഇന്ത്യ 5 ബില്യണ് അമേരിക്കന് ഡോളറിനുള്ള ആയുധങ്ങള് വാങ്ങിച്ചു. അതുവഴി അവരില്നിന്ന് സൈനികോപകരണങ്ങള് വാങ്ങുന്ന ഏറ്റവും വലിയ രാജ്യമായി ഇന്ത്യമാറി.
ലോകവ്യാപാരകേന്ദ്രത്തിനെതിരെ സെപ്തംബര് 11 ന് നടന്ന ആക്രമണത്തിന് ശേഷം ഇന്ത്യക്ക് ഇസ്രായേല് യുദ്ധോപകരണങ്ങള് വിറ്റുകൊണ്ടിരിക്കുകയായിരുന്നു. ഭീകരവിരുദ്ധ ഓപ്പറേഷനുകളുടെ പേരിലും അതിന്റെ മറവിലുമായിരുന്നു ഇത് ചെയ്തിരുന്നത്. ഇന്ത്യ ഇപ്പോള് ലക്ഷ്യമിടുന്നത് ഇസ്രായേലില്നിന്ന് ആരോ 11 ആന്റി ബാലിസ്റ്റിക് മിസൈല് പ്രതിരോധ സംവിധാനം വാങ്ങുന്നതിനാണ്. ഈ സംവിധാനം വികസിപ്പിച്ചത് അമേരിക്കയുടെ കൂടെ സഹകരണത്തോടെയാണെന്നതിനാല് അവരുടെ കൂടെ അനുമതി ആവശ്യമാണ്. അതുകിട്ടുന്നതിനാണ് കാത്തിരിക്കുന്നത്. 500 കി മീ അകലെനിന്നുതന്നെ ശത്രുമിസൈലുകളെ കണ്ടെത്താനും നശിപ്പിക്കാനുമുതകുന്ന രണ്ട് ഗ്രീന്പൈന് ഏര്ലി വാണിംഗ് ഫയര് കണ്ട്രോള് റഡാറുകള് ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. എന് ഡി എ ഭരണകാലത്തുതന്നെ ഇന്ത്യ ഇസ്രായേലി സ്ഥാപനമായ സോള്ട്ടമുമായി ഒരു കരാര് ഉണ്ടാക്കിയിരുന്നു. 180 എം-46 130എം എം ഫീല്ഡ് ഗണ്ണുകളെ 155 എം എം/39 കാലിബ്രയും 155 എം എം/45 കാലിബ്രയും ശേഷിയുള്ളതാക്കി മെച്ചപ്പെടുത്തുന്നതിനുള്ള കരാറുകളാണ് ഉണ്ടാക്കിയത്. അതിന് ഓരോന്നിനും 250,000 ഡോളര് മതിപ്പ് ചെലവ് വരും. അതിനുപുറമെ ഇന്ത്യന് യുദ്ധോപകരണ നിര്മാണ ബോര്ഡിന് 220-250എം-46 ഗണ്ണുകള് ഉണ്ടാക്കുന്നതിനുള്ള കിറ്റുകള് നല്കാമെന്നും സമ്മതിച്ചിട്ടുണ്ട്. ഇത് 25-ഓളം കരസേന റെജിമെന്റുകളെ ആയുധവല്ക്കരിക്കുന്നതിന് സഹായിക്കും. ഏതാണ്ട് 4.30 മില്യണ് ഡോളര് വിലമതിക്കുന്നതും ദ്രുതവേഗ ആക്രമണത്തിന് ഉതകുന്നതുമായ സൂപ്പര് ഡി വോറ എം കെ 11 വിമാനങ്ങള് ഇന്ത്യന് നാവികസേന ഇതിനകംതന്നെ വാങ്ങിയിട്ടുണ്ട്. 2001-ല് കാര്ഗില് യുദ്ധകാലത്ത് ഇന്ത്യ 155 എം എം വലിപ്പമുള്ള 40000 വെടിയുണ്ടകള് വാങ്ങിയിരുന്നു. ഇതിന് ഒന്നിന് ഏതാണ്ട് 1200 ഡോളര് വിലവരും. 160 എം എം മോര്ട്ടാറുകള് 30000 എണ്ണം ഇസ്രായേലില്നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. ഇതിന് ഒന്നിന് 400 ഡോളര് വിലവരും. ഇസ്രായേലി സ്ഥാപനം തന്നെ ഐ എന് എസ് വിരാടിന്റെ ഇലട്രോണിക് നിയന്ത്രണ സംവിധാനം പുതുക്കിയിരുന്നു. അതിനു ചെലവായ തുകയെത്രയെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യന് കരസേനയ്ക്ക് 50 ഹെറോണ്സ് ബ്രോണ്സ് നല്കുന്നതിനായി 2006-ല് ഇസ്രായേലുമായി 220 മില്യണ് ഡോളറിന്റെ ഒരു കരാറില് ഇന്ത്യാഗവണ്മെന്റ് ഏര്പ്പെട്ടിരുന്നു. മനുഷ്യന് കയറാതെ പറത്താന് കഴിയുന്ന ഈ ആകാശനൗകകള്ക്ക് 30,000 അടി ഉയരത്തില് പറക്കാനാവുമെന്നും അതിനു സ്വന്തമായ സുരക്ഷാ സംവിധാനമുണ്ടെന്നും സ്വയം പ്രവര്ത്തനക്ഷമമായ നിലത്തിറക്കല് സംവിധാനവും പറത്തല് സംവിധാനവും ഉണ്ടെന്നുമാണ് ഇസ്രായേല് അവകാശപ്പെടുന്നത്. 2004-ല് നാല് ഫാള്ക്കന് നിര്മിതമായ ആധുനിക എയര്ബോണ് ഏര്ലി വാണിംഗ് സംവിധാനങ്ങള് ഇസ്രായേലില് നിന്ന് വാങ്ങുന്നതിന് 1.1 ബില്യണ് ഡോളറിന്റെ കരാറില് ഇന്ത്യ ഒപ്പിട്ടു. അതേവര്ഷംതന്നെ 130 ബില്യണ് ഡോളറിന്റെ ആകര്ഷകമായ ഒരു പ്രതിരോധ കരാറും ഇന്ത്യയില്നിന്ന് നേടിയെടുക്കാന് കഴിഞ്ഞതായി ഇസ്രായേലി മിലിറ്ററി ഇന്റസ്ട്രീസ് അവകാശപ്പെട്ടു. ഇന്ത്യന് വായുസേനയ്ക്കുവേണ്ടി 126 മള്ട്ടി-റോള് കോംബാറ്റ് എയര് ക്രാഫ്റ്റ് വാങ്ങിയ 6.5 ബില്യണ് ഡോളറിന്റെ കരാറിലും ഇസ്രായേല്മുദ്ര പതിഞ്ഞുകിടക്കുന്നു.
ഇന്ത്യയുടെ പ്രതിരോധ വൃത്തങ്ങളില്നിന്ന് മനസിലാക്കാന് കഴിഞ്ഞത് ഏതുതരം യുദ്ധവിമാനം-എഫ് 16, എഫ്/എ18 റഫാല്, ടിഫൂണ് അല്ലെങ്കില് മിഗ് 35-തെരഞ്ഞെടുത്താലും അതൊക്കെ കൂട്ടിയോജിപ്പിക്കുന്നത് ഇസ്രായേലി എവിയോണിക്സിന്റെ സഹായത്തോടെയായിരിക്കുമെന്നാണ്.
ഇതൊക്കെ നടക്കുമ്പോള്ത്തന്നെ രണ്ടുരാജ്യങ്ങളുടെയും ഉന്നതതല സൈനിക സന്ദര്ശനങ്ങള്, സംയുക്ത പ്രവര്ത്തന ഗ്രൂപ്പുകള് എന്നിവയുടെ പ്രവര്ത്തനങ്ങള് ശക്തമായി നടക്കുകയും തുടരുകയും ചെയ്യുന്നുണ്ട്. 2006-ല് ഇസ്രായേലി പ്രതിരോധസേനയുടെ കീഴില് നടക്കുന്ന പരിശീലനത്തിനായി സൈനികോദ്യോഗസ്ഥരും കമാന്റോകളും തുടര്സന്ദര്ശനം നടത്തുന്നതിനു പുറമെ രണ്ട് ഉന്നതതല സൈനിക പ്രതിനിധിസംഘങ്ങള് അവിടം സന്ദര്ശിക്കുകയുണ്ടായി. വായുസേനാമേധാവി എയര് ചീഫ് മാര്ഷല് എസ് പി ത്യാഗിയുടെയും നാവികസേന ഉപമേധാവി വൈസ് അഡ്മിറല് വെങ്കട് ഭരതന്റെയും നേതൃത്വത്തിലുള്ള സംഘവും 2005-ല് ലെഫ്റ്റനന്റ് ജനറല് ശന്തനുചൗധരിയും വൈസ് അഡ്മിറല് അരുണ് പ്രകാശുമാണ് ഇസ്രായേല് സന്ദര്ശിച്ചത്. കരസേനാധിപന് ജെ ജെ സിംഗ് ഇസ്രായേലില് പത്ത് ദിവസത്തെ സന്ദര്ശനം നടത്തി. ഇതിലാദ്യത്തേത് കരസേനാ മേധാവി എന്ന നിലയില് 300 ടി 72 എം ഐ ടാങ്കുകള്, ബി എം പി 2 ഇന്ഫെന്ററി കോംബാറ്റ് വാഹനങ്ങള്, യു എ വി ഇന്സക്ഷന് എന്നിവയുടെ ശേഷി വര്ധിപ്പിക്കല് പരിശോധിക്കുന്നതിനുവേണ്ടിയായിരുന്നു. ഇതിനുപുറമെ 2006-ല് ഇസ്രായേലി തുറമുഖമായ ഹൈഫയില് രണ്ട് ഇന്ത്യന് യുദ്ധ ക്കപ്പലുകള് നങ്കൂരമിട്ടു. നയതന്ത്ര ബന്ധങ്ങള് വികസിപ്പിക്കുന്നതിനുള്ള ഒരു ക്ഷേമസന്ദര്ശനമായാണ് ഇത് വിശദീകരിക്കപ്പെട്ടത്. 2008 ജനുവരിയിലാണ് ഇന്ത്യന് നാവികസേനാധിപന് അഡ്മിറല് സുരേഷ് മേത്ത ഇസ്രായേലില് അഞ്ചു ദിവസത്തെ സന്ദര്ശനം നടത്തിയത്. കഴിഞ്ഞ രണ്ടുവര്ഷത്തിനിടയില് ഇന്ത്യയുടെ മൂന്ന് സേനാധിപന്മാരും ഇസ്രായേല് സന്ദര്ശനം നടത്തുകയുണ്ടായി.
സൈനിക രഹസ്യങ്ങള്, ഉപകരണങ്ങള്, സംയുക്തപരിശീലനംനടത്തല്, സംയുക്താഭ്യാസം, `പരസ്പരമുള്ള സൗകര്യങ്ങള് ഉപയോഗപ്പെടുത്തല്' എന്നിവയ്ക്കായി ഇസ്രായേലി കരസേനാമേധാവി ബ്രിഗേഡിയര് ജനറല് എ മിസ്റാഹി കഴിഞ്ഞവര്ഷം ഫെബ്രുവരിയില് ഇന്ത്യയില് വന്നിരുന്നു. ഇസ്രായേലി ഉപസേനാമേധാവി മേജര് ജനറല് മോഷെ കപിലിന്സ്കി ജമ്മു-കാശ്മീര് സന്ദര്ശിച്ചു. നഗ്രോത്തയിലെ പതിനാറ് സേനാ തലസ്ഥാനങ്ങളും സന്ദര്ശിച്ചു. ഇന്ത്യയെ `കലാപവിരുദ്ധ' പ്രവര്ത്തനങ്ങളില് സഹായിക്കുന്നതിനായിരുന്നു സന്ദര്ശനം. രണ്ടുകൂട്ടരുടെയും `സുരക്ഷാ കാഴ്ചപ്പാടുകളെ' കുറിച്ച് അദ്ദേഹവും പ്രതിനിധി സംഘാംഗങ്ങളും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുമായും ഉന്നതസൈനികോദ്യോഗസ്ഥരുമായും സംസാരിക്കുകയും ചെയ്തു.
ഭീകരവിരുദ്ധ ഇന്തോ-ഇസ്രായേലി സംയുക്ത പ്രവര്ത്തക ഗ്രൂപ്പ് രൂപീകരിക്കുകയും നിരവധി തവണ യോഗങ്ങള് നടത്തുകയും ചെയ്തു. 2008 ജനുവരിയില് ഇസ്രായേലി പ്രതിരോധ മന്ത്രാലയ മേധാവിയായ ബ്രിഗേഡിയര് ജനറല് (റിട്ട) പിഞ്ചാസ് ബക്രീസ് ഇന്ത്യ സന്ദര്ശിക്കുകയും ദേശീയ സുരക്ഷാ ഉപദേഷ്ടാവായ എം കെ നാരായണന്, പ്രതിരോധ സെക്രട്ടറി വിജയ് സിംഗ്, കരസേനാ മേധാവി ജനറല് ദീപക് കപൂര്, നാവികസേനാ മേധാവി അഡ്മിറല് സുരേഷ് മേത്ത, വായുസേനാ മേധാവി ഫാലി ഹോമി മേജര് എന്നിവരുമായി ചര്ച്ച നടത്തുകയും ചെയ്തു. ഈ ചര്ച്ചകളില് രഹസ്യവിവരങ്ങള് കൈമാറുന്നതിനുള്ള സംവിധാനം രൂപപ്പെടുത്തല് കൂടെ ഉള്പ്പെടുത്തിയിരുന്നു.
ഇസ്രായേലി രഹസ്യാന്വേഷണ ഏജന്സികളും ഇന്ത്യന് ഏജന്സികളും തമ്മില് ഇപ്പോള്ത്തന്നെ ഒരു ബന്ധം നിലവിലുണ്ട്. `സൗഹൃദ'രഹസ്യാന്വേഷണ ഏജന്സികളില്പ്പോലും മൊസാദ് സ്ഥിരമായി നുഴഞ്ഞുകയറുന്നതും ഇസ്രായേലിന് സഹായകരമായ വിവരങ്ങള് കിട്ടുന്നതിന് അവരെ ഉപയോഗപ്പെടുത്തുന്നതും പരക്കെ അറിയപ്പെടുന്ന കാര്യമാണ്. അത്തരത്തിലുള്ള പ്രവര്ത്തനങ്ങള് ഇറാന്, സിറിയ തുടങ്ങി ഇന്ത്യക്ക് സൗഹൃദബന്ധമുള്ളതും എന്നാല് ഇസ്രായേലിന് ഇല്ലാത്തതുമായ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ദോഷകരമായി ബാധിക്കും.