പലസ്തീന് ഐക്യദാര്ഢ്യം പ്രകടിപ്പിക്കുക
ഇന്ത്യയുടെ ദേശീയ പ്രസ്ഥാനം എക്കാലവും പലസ്തീനിന്റെ ആവശ്യങ്ങളെ പിന്തുണയ്ക്കുകയും അവര്ക്കെതിരായി സയണിസ്റ്റുകള് നടത്തുന്ന കൈയേറ്റ ശ്രമങ്ങളെ എതിര്ക്കുകയും ചെയ്തിട്ടുണ്ട്. 1938ല് ഹരിജനില് എഴുതിയ പ്രശസ്തമായ മുഖപ്രസംഗത്തില് മഹാത്മാഗാന്ധി തനിക്ക് സയണിസത്തോടുള്ള എതിര്പ്പ് വ്യക്തമാക്കുകയും പലസ്തീന് പലസ്തീനികളുടേതാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം അധികാരത്തില് വന്ന ഗവണ്മെന്റുകളുടെയും ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളുടെയും നിലപാട് ഇതുതന്നെയായിരുന്നു. പലസ്തീന് ലിബറേഷന് ഓര്ഗനൈസേഷനെ (പി എല് ഒ) പലസ്തീന് ജനതയുടെ നിയമാനുസൃത പ്രതിനിധിയായി 1974ല് അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാജ്യമായിരുന്നു ഇന്ത്യ. 1988ല് പലസ്തീനെ ഒരു സ്വതന്ത്രരാജ്യമായി അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാജ്യവുമാണ് ഇന്ത്യ. വെസ്റ്റ്ബാങ്കിലും ഗാസയിലും ഇസ്രായേല് നടത്തിക്കൊണ്ടിരുന്ന നിയമവിരുദ്ധ കൈവശപ്പെടുത്തലിനെ തുടക്കംമുതലേ നിശ്ചയദാര്ഢ്യത്തോടെ എതിര്ത്തുവന്നിരുന്ന രാജ്യമായിരുന്നു ഇന്ത്യ.
എന് ഡി എ ഗവണ്മെന്റ് വന്നതോടെ പലസ്തീന് ജനതയെ പിന്തുണക്കുക എന്നതില്നിന്ന് മാറാന് തുടങ്ങുകയും ഇസ്രായേലുമായി തന്ത്രപരബന്ധങ്ങള് ഉണ്ടാക്കുന്നതിന് ശ്രമങ്ങള് ആരംഭിക്കുകയും ചെയ്തു. ഇത് യു പി എ ഗവണ്മെന്റിനു കീഴിലും തുടര്ന്നുകൊണ്ടിരുന്നു. പശ്ചിമേഷ്യയില് സമാധാനം നിലനില്ക്കേണ്ടത് ദക്ഷിണേഷ്യന് മേഖലയ്ക്ക് ആവശ്യമാണെന്നും പശ്ചിമേഷ്യയിലെ ഏറ്റുമുട്ടലിന്റെ കേന്ദ്രം പലസ്തീനാണെന്നും തിരിച്ചറിയാന് ഇന്ത്യ തയ്യാറാവണം. തുടര്ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധ അധിനിവേശത്തിന് എതിരെ ആഗോളാടിസ്ഥാനത്തില് മൗനം അവലംബിക്കുന്നത് എല്ലാവര്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള് ഉളവാക്കും. അതുകൊണ്ട് ഇന്ത്യ അത്തരം ആഗോള നേതാക്കളെ കാത്തുനില്ക്കേണ്ടതില്ല; പലസ്തീന് പ്രശ്ന പരിഹാരത്തിന് മുന്കൈയെടുക്കുകയാണ് ചെയ്യേണ്ടത്. സുരക്ഷിതത്വവും സമാധാനവും നേടിയെടുക്കാനാവണമെങ്കില് ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കുകയും എല്ലാ ഇസ്രായേലി കുടിയേറ്റവും ഒഴിപ്പിക്കുകയും ഒരു സ്വതന്ത്ര പലസ്തീന് രാഷ്ട്രം സ്ഥാപിക്കുകയും ചെയ്യണമെന്നതിന് ഇന്ത്യ ഊന്നല് നല്കണം. ഈ കാഴ്ചപ്പാടോടെ നടക്കുന്ന ചര്ച്ചയുടെ ഭാഗമായി ഉണ്ടാകുന്ന സമാധാനത്തിനു മാത്രമെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവൂ. ഗാസക്കും മറ്റ് അധിനിവേശ പ്രദേശങ്ങള്ക്കും നേരെ ഇസ്രായേല് ആവര്ത്തിച്ച് അടിച്ചേല്പ്പിച്ചുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്കൊണ്ട് പ്രശ്നപരിഹാരമുണ്ടാക്കാനാവില്ല.
പലസ്തീനുമേല് നടക്കുന്ന കൈയേറ്റം ഒഴിവാക്കുന്നതിന് അന്തര്ദേശീയ സമ്മര്ദം സംഘടിപ്പിക്കാന് ഇന്ത്യാഗവണ്മെന്റ് മുന്കൈയെടുക്കണം. ജറുസലേം തലസ്ഥാന ഒരു പരമാധികാര പലസ്തീന് രൂപീകരിക്കാന് പലസ്തീനികളെ അനുവദിക്കണം. ഇസ്രായേലുമായി ഇന്ത്യ ഉണ്ടാക്കിയിട്ടുള്ള എല്ലാ സൈനിക സുരക്ഷാബന്ധങ്ങളും വിച്ഛേദിക്കണം. അത്തരം പ്രവര്ത്തനങ്ങളിലൂടെ മാത്രമെ ഇന്ത്യക്ക് പലസ്തീനോട് ഐക്യദാര്ഢ്യം പ്രഖ്യാപിക്കാനാവൂ. അമേരിക്കയും ഇസ്രായേലുമായി തന്ത്രപരസഖ്യമുണ്ടാക്കുകയും പലസ്തീന്റെ ആവശ്യങ്ങള്ക്കനുകൂലമായി അധരവ്യായാമം നടത്തുകയും ചെയ്യുന്നത് ഇന്ത്യയുടെ ദേശീയ താല്പ്പര്യങ്ങള്ക്കും ധാര്മികതയ്ക്കും യോജിച്ചതല്ല.
ഒരു പരമാധികാര രാഷ്ട്രമായി തീരുന്നതിനുവേണ്ടി നടത്തുന്ന പലസ്തീന് പ്രസ്ഥാനത്തോട് ശക്തമായ ബന്ധങ്ങള് വളര്ത്തിയെടുക്കാന് സി പി ഐ എം എന്നും ശ്രമിച്ചിട്ടുണ്ട്. പലസ്തീനിയന് ജനതയോട് ഐക്യദാഢ്യം പ്രകടിപ്പിക്കാന് അത് എന്നും മുന്പന്തിയില് നിന്നിട്ടുണ്ട്. ഇന്ത്യാഗവണ്മെന്റ് ഇസ്രായേലുമായി ഉണ്ടാക്കിയിട്ടുള്ള എല്ലാത്തരത്തിലുള്ള സുരക്ഷാബന്ധങ്ങളും വിച്ഛേദിക്കണമെന്ന ആവശ്യമാണ് ഇന്ന് പലസ്തീന് ഐക്യദാഢ്യപ്രസ്ഥാനം മുന്നോട്ട് വെക്കുന്നത്. ഈ ആവശ്യം നേടിയെടുക്കുന്നതിന് ഞങ്ങളോടൊപ്പം അണിനിരക്കാനും ശക്തമായ ഒരു പ്രസ്ഥാനം കെട്ടിപ്പടുത്ത് ഇസ്രായേലുമായുള്ള അതിന്റെ നാണംകെട്ട നയം തിരുത്തുവാന് ഗവണ്മെന്റില് സമ്മര്ദം ചെലുത്താനും മുഴുവന് ജനങ്ങളോടും ആഹ്വാനം ചെയ്യുന്നു.