സി.എച്ച്.കണാരന്
കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ ഒരു ചെറിയ കച്ചവടക്കാരനായിരുന്ന ശ്രീ. അനന്തന്റെയും പുന്നോലിലെ ശ്രീമതി ചീക്കോളിക്കാരായി നാരായണിയുടെയും മകനായാണ് സി.എച്ച് ജനിച്ചത്. 1929-ല്‍ തലശ്ശേരി ബി.ഇ.എം.പി ഹൈസ്ക്കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസായ ഉടനെ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തു.
ഗാന്ധിജിയുടെ നേതൃത്വത്തില്‍ രണ്ടാം നിയമലംഘനം ആരംഭിച്ചപ്പോള്‍ 1932-ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി പ്രസംഗിച്ചതിന് സി.എച്ച് അറസ്റ്റ് ചെയ്യപ്പെട്ട് 13 മാസം തടവിന് ശിക്ഷിക്കപ്പെട്ടു. ജയിലില്‍ വച്ച് യുക്തിവാദ ചിന്തയുമായി ബന്ധപ്പെടാനും ഇടയായി. പിന്നീട് അധ്യാപകനായി ജോലി ചെയ്തു. തലശ്ശേരിയില്‍ ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും ഇടപെട്ടു. 1936-37 കാലത്ത് കുറ്റിയാടിയിലെ പുനംകൃഷിക്കാരുടെ സമരം നടന്നപ്പോള്‍ തലശ്ശേരിയിലെ ബീഡി തൊഴിലാളികളുടെ ഒരു വളണ്ടിയര്‍ സേനയെ നയിച്ചുകൊണ്ട് അവിടെ എത്തിയ സി. എച്ച് കര്‍ഷക തൊഴിലാളി ഐക്യം എന്ന ആശയം പ്രായോഗികമാക്കുകയായിരുന്നു. മട്ടന്നൂര്‍, മുഴക്കുന്ന്, പിണറായി, കുറ്റിയാടി, നാദാപുരം, മൊകേരി, കല്യാട് അങ്ങനെ നീണ്ടുപോകുന്ന മലബാറിലെ കര്‍ഷക പ്രക്ഷോഭങ്ങളുടെ രണഭൂമികളില്‍ സാരഥിയായിരുന്നു സി.എച്ച്.
1938-ല്‍ തിരുവിതാകൂറില് ഉത്തരവാദഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി സ: എ.കെ.ജി-യുടെ നേതൃത്വത്തില്‍ ജാഥ പോയതിനുശേഷം തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമായി ബന്ധം വെക്കുവാന്‍ അയച്ചതും സി.എച്ചിനെയായിരുന്നു.
1939 നവംബര്‍ മാസത്തില്‍ ആരംഭിച്ച തലശ്ശേരി ന്യൂ-ഡര്‍ബാര്‍ ബീഡിക്കമ്പനി പണിമുടക്കിനോടനുബബന്ധിച്ച് സി.എച്ചിനെ നവംബര്‍ 14-ന് അറസ്റ്റ് ചെയ്ത് ഒരു കൊല്ലത്തെ തടവിന് ശിക്ഷിച്ചു. ജയിലില്‍ നിന്ന് പുറത്തുവന്ന സി.എച്ച് നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടിയെ സംഘടിപ്പിക്കാന്‍ ഒളിവിലിരുന്നുകൊണ്ട് നേതൃത്വം കൊടുത്തു. 1942 സെപ്തംബര്‍ 15 മുതല്‍ 9 ദിവസം നീണ്ടുനിന്ന ബോംബെ പ്ലീനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് സ: കൃഷ്ണപിള്ളയോടൊപ്പം സി.എച്ചും പങ്കെടുത്തു.
1952-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു. 1957-ല്‍ നാദാപുരം മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി.എച്ച് കേരള ഭൂപരിഷ്കരണ ബില്ലിന്റെ ശില്പികളില് പ്രമുഖനാണ്. 1965-ല്‍ രാജ്യരക്ഷാ ചട്ടത്തിന്റെ പേരില്‍ തടവിലിരിക്കെ നാദാപുരത്ത് നിന്ന് എം.എല്‍.എ ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ടിക്കകത്ത് പ്രത്യക്ഷപ്പെട്ട ഇടത്-വലത് വ്യതിയാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് വിപ്ലവ പാതയിലൂടെ പാര്‍ടിയെ നയിക്കുന്നതിന് നേതൃത്വം നല്കി.
സി.പി.ഐ (എം) രൂപംകൊണ്ട 1964 മുതല്‍ 1972-ല്‍ മരിക്കുന്നതുവരെ പാര്‍ടിയുടെ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായിരുന്നു. നിര്‍ഭയനായ വിമര്‍ശകനും സ്നേഹസമ്പന്നനായ സഖാവും സമര്‍ഥനായ സംഘാടകനും ആയിരുന്നു സി.എച്ച്.
1982-ല്‍ രോഗബാധിതനായി കിടക്കുമ്പോള്‍, തന്റെ സഹപ്രവര്‍ത്തകനായ അഴീക്കോടന്‍ രാഘവന് കൊല്ലപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്ത സി.എച്ചിന് ഹൃദയഭേദകമായിരുന്നു. പിന്നീട് ഒരുമാസമേ സഖാവ് സി.എച്ച് ജീവിച്ചുള്ളൂ. 1972 ഒക്ടോബര്‍ 20-ന് സ: സി.എച്ച് കണാരന് നമ്മെ വിട്ടുപിരിഞ്ഞു.