പട്ടിണി മാര്‍ച്ച്
1936 ജൂലായ് 1 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട കാല്‍നടജാഥയുടെ ക്യാപ്റ്റന്‍ എ.കെ.ജിയായിരുന്നു. പട്ടിണിയും ദാരിദ്ര്യവും നടമാടുന്ന കാലത്ത് അതില്‍ നിന്നുള്ള മോചനത്തിന്റെ സന്ദേശമാണ് ജാഥയിലൂടെ മുഴക്കിയത്.
"പട്ടിണിയായ് പട്ടിണിയായ്
മുറുമുറെ പട്ടിണിയായ്
പട്ടണത്തിലുള്ളവരും ഉള്‍നാട്ടുകാരും"
ഗ്രാമഗ്രാമാന്തരങ്ങളില്‍ ആ പാട്ട് അലയടിച്ചു. ജനങ്ങളത് ഏറ്റുപാടി.
"വിശപ്പിന്റെയും പട്ടിണിയുടെയും കാരണങ്ങള്‍ എന്താണെന്നു ജനങ്ങളെ പഠിപ്പിക്കുകയും ആ മഹാമാരി തുടച്ചുനീക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും അവരെ മനസ്സിലാക്കിക്കുകയും ആയിരുന്നു ജാഥയുടെ ലക്ഷ്യം. മറ്റു വിധത്തില്‍ പറഞ്ഞാല്‍ അത് സോഷ്യലിസത്തിന്റെ പുതിയ രീതിയിലുള്ള പ്രചാരണമായിരുന്നു. ഗവണ്മെന്റ് ഇത് വളരെ നന്നായി മനസ്സിലാക്കി. ഒരു വലിയ സംഘം പോലീസുകാരും കാല്‍നടയായി ഞങ്ങളെ അനുഗമിച്ചു. ഓരോ സ്ഥലത്തും ഓരോ പുതിയ സംഘം പോലീസ് ഞങ്ങളോട് ചേരും. ഒരു പോലീസ് ജാഥ ഞങ്ങളെ പിന്തുടരുന്നതുപോലെയായിരുന്നു."(എ.കെ.ജി)
വളരെയേറെ പ്രയാസങ്ങള്‍ സഹിച്ചാണ് ജാഥ മുന്നോട്ടുനീങ്ങിയത്. ജാഥ ഒരു പുതിയ സംരംഭമായിരുന്നതുകൊണ്ടും പല സ്ഥലത്തും പ്രസ്ഥാനം ഇല്ലാതിരുന്നതും ഈ പ്രയാസങ്ങള്‍ വര്‍ധിപ്പിച്ചു. എന്നാലും പാട്ടും മുദ്രാവാക്യം വിളിയും അവരില്‍ വീണ്ടും ആവേശമുണര്‍ത്തി.
750 നാഴിക നടന്നാണ് അവര്‍ മദിരാശിയിലെത്തിയത്. അതിനിടയ്ക്ക് 500 പൊതുയോഗങ്ങള്‍. അവയില്‍ രണ്ടു ലക്ഷം ആളുകളോട് പ്രസംഗിച്ചു. 25000 ലഘുലേഖകള്‍ വിറ്റു. ചില്ലറതുട്ടുകളായി 500 രൂപ പിരിച്ചെടുത്തു.
ഈ ജാഥയിലെ അനുഭവം എല്ലാ താലൂക്കുകളിലും ചെറിയ ജാഥകള്‍ നടത്താനുള്ള ആവേശം അവര്‍ക്കുണ്ടായി. പട്ടിണിക്കും തൊഴിലില്ലായ്മയ്ക്കുമെതിരായി ഈ ജാഥകളിലൂടെ ഉയര്‍ത്തിയ ശക്തമായ പ്രചാരണം സാമാന്യജനങ്ങളില്‍ വലിയ തോതില്‍ പടര്‍ന്നു പിടിച്ചു.
ധാരാളം പുതിയ പ്രവര്‍ത്തകര്‍ ഇതുവഴി രംഗത്തു വരികയും ചെയ്തു.
1940 സെപ്തംബര്‍ 15
രണ്ടാം ലോകയുദ്ധകാലം
നാല്പതുകോടി ഇന്ത്യക്കാരുടെ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ട്, അവരുടെ അഭിപ്രായമാരായാതെ ഇന്ത്യാ സ്റ്റേറ്റ് സെക്രട്ടറി ലിയോപ്പോള്‍ഡ് ആമറി ഇന്ത്യയേയും യുദ്ധത്തില്‍ പങ്കാളിയായി പ്രഖ്യാപിച്ചുകൊണ്ടു ബ്രിട്ടീഷ് കോമണ്‍സഭയില്‍ പ്രസംഗിച്ചു.
ഇന്ത്യയുടെ അനുമതിയോ, അറിവോ കൂടാതെ, നാല്‍പ്പതുകോടി ജനതയെ നിര്‍ബന്ധപൂര്‍വ്വം യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നതില്‍ പ്രതിഷേധിക്കുവാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിററി ഇന്ത്യന്‍ ജനതയോടഭ്യര്ത്ഥിച്ചു.
അന്നു ഇടതുപക്ഷത്തിന്റെ കൈയിലായിരുന്ന കെ പി സി സിയും പ്രതിഷേധത്തിനാഹ്വാനം ചെയ്തു. കേരളം ആവേശപൂര്‍വ്വം ആഹ്വാനം ഏറ്റെടുത്തു. 1940 സെപ്തംബര്‍ 15 ന് മട്ടന്നൂരിലും മൊറാഴയിലും തലശ്ശേരി കടപ്പുറത്തും പോലീസും പ്രകടനക്കാരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് നിറയൊഴിച്ചു. തലശ്ശേരി കടപ്പുറത്ത് അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷികളായി.
മൊറാഴ
1940 സെപ്തംബര്‍ 15
കെ പി സി സിയുടെ പ്രതിഷേധാഹ്വാനത്തിനു മുമ്പു തന്നെ കര്‍ഷകസംഘം വിലവര്‍ദ്ധന പ്രതിഷേധ ദിനമാചരിക്കുവാന്‍ ആഹ്വാനം നടത്തിയിരുന്നു.
ചിറയ്ക്കല്‍ താലൂക്കിലെ കീച്ചേരിയിലാണ് കര്‍ഷകസംഘം സമ്മേളനം നടത്താന്‍ തീരുമാനിച്ചത്.
സെപ്തംബര്‍ 15 ന് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നിരവധി കര്ഷകജാഥകളും ആറോണ്‍ മില്‍ തൊഴിലാളികളും കീച്ചേരിയിലേക്ക് പുറപ്പെട്ടു. ഒരു സംഘം പോലീസ് എത്തി അവിടെ 144 പ്രഖ്യാപിച്ചതായി അറിയിച്ചു.
ഉടനെ നിരോധനമില്ലാത്ത മൊറാഴ വില്ലേജിലെ അഞ്ചാംപീടികയിലേക്ക് സമ്മേളനം മാറ്റാന്‍ സംഘാടകര്‍ നിശ്ചയിച്ചു.
എല്ലാ ജാഥകളും അഞ്ചാംപീടികയിലേക്ക് നീങ്ങി. പോലീസ് അവിടെയും എത്തി. നിരോധനാജ്ഞ അവിടെയും പ്രഖ്യാപിച്ചു. അതു വകവെയ്ക്കാന്‍ കൃഷിക്കാര്‍ തയ്യാറായില്ല. പോലീസു ലാത്തിച്ചാര്‍ജ്ജ് തുടങ്ങിയപ്പോള്‍ ജനക്കൂട്ടം കൈയില്‍ കിട്ടിയതൊക്കെ പോലീസിനെ നേരിടാന്‍ ഉപയോഗിച്ചു. ശക്തമായ കല്ലേറില്‍ ഇന്‍സ്പെക്ടര്‍ കുട്ടികൃഷ്ണമേനോന് മരിച്ചു. ഹെഡ്കോണ്‍സ്റ്റബിള്‍ ഗോപാലന് നമ്പ്യാര്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. പിന്നീട് പോലീസിന്റെ ഭീകരവാഴ്ചയായിരുന്നു. 38 പേരെ പ്രതികളാക്കി കേസ് ചാര്‍ജ്ജ് ചെയ്തു. ഈ കേസില്‍ കെ പി ആറിനെ വധശിക്ഷക്ക് വിധിച്ചു. മറ്റുള്ളവരെ വിവിധകാലത്തേക്കും. ശക്തമായ ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്നു 1942 മാര്‍ച്ച് 24-ാം തീയതി മദിരാശി ഗവണ്മെന്റ് കെ പി ആറിന്റെ വധശിക്ഷ ഇളവു ചെയ്തു.
കയ്യൂര്‍
1943 മാര്‍ച്ച് 29
കയ്യൂരില്‍ നടന്ന പോലീസ് മര്‍ദ്ദനത്തില്‍ പങ്കെടുത്ത സുബരായന്‍ എന്ന പോലീസുകാരന് പിറ്റേന്നു മര്ദ്ദനപ്രതിഷേധക്കാരുടെ കൈകളില്‍ ചെന്നുപെട്ടു. അയാളെ കൈകാര്യം ചെയ്യാന്‍ ജാഥാംഗങ്ങള്‍ ആവേശം കാട്ടിയെങ്കിലും നേതാക്കള്‍ ഇടപെട്ടു സംഘര്‍ഷം ഒഴിവാക്കി. പോലീസുകാരന് കൊടിയും പിടിച്ചു ജാഥക്കു മുമ്പില്‍ നടക്കണം എന്ന വ്യവസ്ഥയില്‍ വേറെ വഴിയില്ലാതെ അയാളതു ചെയ്തു. തഞ്ചം കിട്ടിയപ്പോള്‍ അയാള്‍ കൊടി വലിച്ചെറിഞ്ഞു പുഴയില്‍ ചാടി രക്ഷപ്പെടാന്‍ നോക്കി. പക്ഷേ പുഴയില്‍ മുങ്ങി മരിച്ചു.
അന്നു കയ്യൂരും പരിസരങ്ങളിലും കര്‍ഷകപ്രസ്ഥാനവും കോണ്‍ഗ്രസും ശക്തമായിരുന്നു. വിപ്ലവപ്രസ്ഥാനത്തെ അടിച്ചൊതുക്കാനുള്ള ഒരവസരമായി പോലീസും സ്ഥാപിതതാല്‍പ്പര്യക്കാരും കയ്യൂര്‍ സംഭവം എടുത്തു. കയ്യൂരും ചുറ്റുപാടുമുള്ള 61 പേരെ പ്രതികളാക്കി അവര്‍ കേസെടുത്തു.
അതില്‍ അഞ്ചുപേരെ തൂക്കിക്കൊല്ലാന്‍ കോടതി വിധിച്ചു.
മഠത്തില്‍ അപ്പു
കോയിത്താറ്റില്‍ ചിരുകണ്ടന്
പൊടോര കുഞ്ഞമ്പു നായര്‍
പള്ളിക്കല്‍ അബൂബക്കര്‍
ചൂരിക്കാടന്‍ കൃഷ്ണന് നായര്‍
മറ്റുള്ളവരെ വിവിധ കാലത്തേക്കു ശിക്ഷിച്ചു. ചൂരിക്കാടന്‍ മൈനര്‍ ആയിരുന്നതുകൊണ്ട് തൂക്കിക്കൊലില് നിന്നു ഒഴിവാക്കി ജീവപര്യന്തം തടവാക്കി. മറ്റുളളവരെ രക്ഷപ്പെടുത്തുവാന്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ആ നാലു പേരെ 1943 മാര്‍ച്ച് 29 ന് തൂക്കിക്കൊന്നു.
ഇന്ത്യയില്‍ കര്‍ഷകപ്രസ്ഥാനത്തിന്റെ ആദ്യത്തെ രക്തസാക്ഷികള്‍.
ഒഞ്ചിയം
ഒഞ്ചിയത്തു വെച്ചു നടന്ന താലൂക്ക് പാര്‍ടി കമ്മിറ്റി യോഗത്തില്‍ സ. പി ആര് നമ്പ്യാര്‍, പി.പി ശങ്കരന് തുടങ്ങിയവരുണ്ടായിരുന്നു. ഭക്ഷ്യക്ഷാമത്തിനെതിരായും കൃഷിഭൂമിക്കുവേണ്ടിയുമുള്ള സമരം സ. മണ്ടൊടി കണ്ണന്റെ നേതൃത്വത്തില്‍ ശക്തിയായി നടന്നുകൊണ്ടിരുന്ന സന്ദര്‍ഭമായിരുന്നു അത്. എം എസ് പിക്കാര്‍ ഏതു സമയവും റോന്തുചുറ്റി സഖാക്കന്മാരെ വേട്ടയാടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. വസൂരി, കോളറ, ദാരിദ്ര്യ്യം തുടങ്ങിയവയ്ക്കെതിരായി ജനങ്ങള്‍ക്കിടയില്‍ രാവും, പകലും പ്രവര്‍ത്തിച്ചു പ്രശസ്തിയാര്‍ജ്ജിച്ച സ. മണ്ടോടി കണ്ണന് ഒഞ്ചിയക്കാരുടെ കണ്ണിലുണ്ണിയായിരുന്നു. കണ്ണനെ അന്വേഷിക്കാനെന്ന പേരില്‍ 1948 ഏപ്രില്‍ 30ന് എം എസ് പിക്കാര്‍ മുക്കാളിയില്‍ കൂടി കണ്ണനെ അന്വേഷിച്ചു. വീട്ടില്‍ ചെന്നു. കണ്ണനെ കണ്ടില്ല. പുളിയുള്ളതില്‍ എന്ന വീട്ടില്‍ വന്ന് എം കെ കേളുവുണ്ടോ, പി ആര് നമ്പ്യാരുണ്ടോ എന്നൊക്കെ അന്വേഷിച്ചു. ആളില്ലെന്നു പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി. അവിടെയുണ്ടായിരുന്ന വീട്ടുടമസ്ഥന് ചോയിക്കാരണവരേയും മകന് കണാരനേയും അറസ്റ്റ് ചെയ്തു. അറസ്റ്റ് വിവരം മെഗഫോണില്‍ നാടു മുഴുവന്‍ അറിയിക്കപ്പെട്ടു.
അറസ്റ്റ് ചെയ്യപ്പെട്ട ചോയിക്കാരണവരേയും മകന് കണാരനേയും വിട്ടുതരണമെന്നും പറയുന്ന സ്ഥലത്ത് ഹാജരാക്കാമെന്നും പറഞ്ഞപ്പോള്‍ വിട്ടുതരാമെന്ന മറുപടിയുണ്ടായി. സ. അളവക്കല്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ ജനങ്ങളും ഇവരെ അനുഗമിച്ചു. വയല്‍ വിട്ട് ഇടവഴിയിലേക്ക് കയറിയപ്പോള്‍ പോലീസ് ജനക്കൂട്ടത്തിനു നേരെ തുരുതുരാ വെടിവച്ചു. സഖാക്കള്‍ മേനോന് കണാരന്, അളവക്കല്‍ കൃഷ്ണന്, പുറയില്‍ കണാരന്, പാറൊള്ളതില് കണാരന്, വി കെ ചാത്തു, കെ പി രാവുട്ടി, കെ എം ശങ്കരന്, വി പി ഗോപാലന് എന്നിങ്ങനെ എട്ടുപേര്‍ വെടിവെപ്പിലും പോലീസിന്റെയും എം എസ് പിയുടേയും മര്‍ദ്ദനഫലമായി സഖാക്കള്‍ മണ്ടോടി കണ്ണന്, കൊല്ലനിച്ചേരി കുമാരന് എന്നിവര്‍ ആശുപത്രിയിലും വെച്ച് മരിച്ചു. അങ്ങനെ ഒഞ്ചിയം രക്തസാക്ഷികള്‍ പത്തായി. വെടിവെപ്പില്‍ മരിച്ച എട്ടുപേരെ വടകര പുറങ്കര എന്ന ഗവണ്മെന്റ് സ്ഥലത്ത് ഒരു കുഴി വെട്ടി മറവു ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ആ പ്രദേശത്തുകാര്‍ ശക്തിയായി എതിര്‍ത്തു. അതിന്റെ ഫലമായി ഓരോരുത്തരെയായി മറവു ചെയ്യാന്‍ ഏര്‍പ്പാടു ചെയ്തു.
രക്തസാക്ഷികളെ മറവ് ചെയ്ത സ്ഥലത്ത് ഒരു രക്തസാക്ഷി സ്തംഭം നിര്‍മ്മിച്ച് രക്തസാക്ഷികളുടെ നാമം കുറിച്ചുവെച്ച് രക്തസാക്ഷികളെ അനശ്വരരാക്കിയിരിക്കുന്നു.
പുന്നപ്ര - വയലാര്‍
കേരളത്തില്‍ സമരഭരിതമായ ഓര്‍മകളിലെ കുതിപ്പാണ് പുന്നപ്ര - വയലാര്‍. ചോരയുടേയും കണ്ണീരിന്റേയും കനല്‍വഴികളിലൂടെ മുന്നേറിയ മലയാളമണ്ണിന്റെ ചരിത്രത്തിലെ ഒരു ചുവന്നപൊട്ട്. തെലങ്കാന പോലെ - തൊഴിലാളി വര്‍ഗ മുന്നേറ്റങ്ങള്‍ക്കു തിലകക്കുറിയായി മാറിയസമരം. മര്‍ദ്ദക - ചൂഷണ ഭരണകൂടത്തിന്റെ എല്ലാ നെറികേടുകള്‍ക്കുമെതിരെ അഭിമാനബോധമുള്ള തൊഴിലാളികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സമരം. അത് ചരിത്രഗതി നിര്‍ണയിക്കാന്‍ പ്രാപ്തമായ അത് ചരിത്രഗതിമുന്നേറ്റം കൂടിയായിരുന്നു.
ദാരിദ്ര്യത്തിലും പട്ടിണിയിലും ജന്മി - ഗുണ്ടാവര്ഗത്തിന്റെ പീഡനങ്ങളിലും ഹോമിക്കപ്പെടുന്ന ജീവിതമായിരുന്നു അമ്പലപ്പുഴ - ചേര്‍ത്തല താലൂക്കുകള്‍ ഉള്‍പ്പെടുന്ന വടക്കുപടിഞ്ഞാറന്‍ തിരുവിതാംകൂറിലെ തൊഴിലാളികളുടേത്. ഈ കാലഘട്ടത്തിലാണ് ഇന്നും തിരുവിതാംകൂറില്‍ ആദ്യമായി വ്യവസായവത്കരിക്കപ്പെട്ട അമ്പലപ്പുഴ - ചേര്‍ത്തല താലൂക്കുകളിലെ തൊഴിലാളികള്‍ സംഘടനാപ്രവര്‍ത്തനത്തിലൂടെ ഉന്നതമായ രാഷ്ട്രീയബോധം സ്വന്തമാക്കിയത്.
ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടന ആലപ്പുഴയില്‍ രൂപമെടുത്തത് - 1097 മീനം 18ന് (1922 മാര്‍ച്ച് 31) രൂപം കൊണ്ട തിരുവിതാംകൂര്‍ ലേബര്‍ അസ്സോസിയേഷന്. എമ്പയര്‍ കയര്‍ വര്‍ക്സ് തൊഴിലാളികളുടേതായ ഈ സംഘടന തികച്ചും തൊഴില്‍പരമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു രൂപംകൊണ്ടത്.
തങ്ങളുടെ ജീവിതാവശ്യങ്ങള്‍ രാജാവിനെ നേരിട്ടു ബോധ്യപ്പെടുത്തുവാന്‍ ലേബര്‍ അസോസിയേഷന് തീരുമാനിച്ചു. കൊട്ടാരവാതില്ക്കലേക്ക് ജാഥ നടത്താനുള്ള തൊഴിലാളികളുടെ തീരുമാനം തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ ഒരു സിംഹഗര്‍ജ്ജനമായിരുന്നു. രാജഭരണത്തിനു ഇത് ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ജാഥ നിരോധിച്ചു. ജാഥയുടെ നിര്‍ദ്ദിഷ്ട ക്യാപ്റ്റന്‍ കൊല്ലം ജോസഫ് അറസ്റ്റിലുമായി.
1113 കുംഭം 24 ആലപ്പുഴ, ചേര്‍ത്തല, മുഹമ്മ, അരൂര്‍ മേഖലകളിലെ കയര്ഫാക്ടറിതൊഴിലാളികള് തുടര്‍ച്ചയായ കൂലികുറയ്ക്കലിനെതിരെ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. പണിമുടക്കിന് മുമ്പേതന്നെ നേതാക്കള്‍ അറസ്റ്റിലായി. ആലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് ചെയ്തു. തൊഴിലാളികളെ പോലീസ് ഭീകരമായി ലാത്തിച്ചാര്‍ജ്ജ് ചെയ്തു. ലാത്തിച്ചാര്‍ജ്ജില്‍ ബാവ മരിച്ചു. തിരുവിതാംകൂറിലെ ആദ്യത്തെ തൊഴിലാളി രക്തസാക്ഷി.
1114 തുലാം 5 (1938 ഒക്ടോബര്‍ 22) അമ്പലപ്പുഴ - ചേര്‍ത്തല താലൂക്കുകളില്‍ കയര്‍ഫാക്ടറി തൊഴിലാളികള്‍ അനിശ്ചിതകാലപണിമുടക്ക് ആരംഭിച്ചു. കൂലിവര്‍ദ്ധന നടപ്പാക്കുന്നതോടൊപ്പം ദേശീയനേതാക്കളെ മോചിപ്പിക്കുക, ഉത്തരവാദഭരണം അനുവദിക്കുക എന്നീ ആവശ്യങ്ങളും സമരം ഉന്നയിച്ചു.
1946 ആയപ്പോള്‍ ദിവാന് സര്. സി.പി. രാമസ്വാമി അയ്യര്‍ അമേരിക്കന്‍ മോഡല്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഉത്തരവാദഭരണം നല്‍കും. പ്രായപൂര്‍ത്തിവോട്ടവകാശം വിനിയോഗിച്ച് തെരഞ്ഞെടുക്കുന്ന നിയമസഭയെയും അംഗീകരിക്കും. പക്ഷേ രാജഭരണം തുടരും. ദിവാന്റെ നേതൃത്വത്തിലുള്ള മാറ്റാനാവാത്ത ഉന്നതഭരണമണ്ഡലവും നിലനില്ക്കും. ഇതായിരുന്നു ''''അമേരിക്കന്‍ മോഡല്‍'''' എന്ന കുപ്രസിദ്ധ ഭരണരീതിയുടെ ചുരുക്കം.
ഇതിനെതിരെ നീങ്ങാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വവും കമ്യൂണിസ്റ്റുകാരും തീരുമാനിച്ചു. ഇതിനിടയിലാണ് 1122 കന്നി 27ന് (1946) തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്, മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്, ചേര്‍ത്തല കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന് എന്നീ സംഘടനകളുടെ സംയുക്തയോഗം ചേര്‍ന്ന് 27 ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യാന്‍ തീരുമാനിച്ചത്. ദിവാന് ഭരണം അവസാനിപ്പിക്കുക, ഉത്തരവാദഭരണം അനുവദിക്കുക തുടങ്ങിയ രാഷ്ട്രീയാവശ്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടു. ടി.വി. തോമസ് കണ്‍വീനറായി സമരസമിതി രൂപീകരിക്കുകയും ചെയ്തു. ഈ പ്രക്ഷോഭമാണ് പുന്നപ്ര - വയലാര്‍ സമരമായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്.
പുന്നപ്ര - വയലാര്‍ സമരമുന്നേറ്റത്തിലെ ആദ്യസംഭവം പുന്നപ്രയിലെ വെടിവെയ്പ്പായിരുന്നു. 1122 തുലാം ഏഴിന് (1946 ഒക്ടോബര്‍ 24) പുന്നപ്ര കടപ്പുറത്ത് സായുധരായ പോലീസുകാര്‍ എത്തി. തൊഴിലാളികളും പോലീസിനെ നേരിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. പുന്നപ്ര കടപ്പുറത്ത് ആയിരത്തോളം വരുന്ന തൊഴിലാളികളോട് മുഖാമുഖം ഏറ്റുമുട്ടാനെത്തിയ പോലീസ് പൊടുന്നനെ വെടിവയ്പ്പിനുള്ള ഒരുക്കത്തിലായിരുന്നു.