1. സ. എ.ജി. വേലായുധന്‍
പാലിയം സമരപ്രക്ഷോഭത്തില്‍ പങ്കെടുത്ത സഖാവിനെ ഭരണാധികാരികളുടേയും, കോവിലകത്തെ തമ്പുരാക്കന്‍മാരുടേയും ഉത്തരവനുസരിച്ച് അന്നത്തെ ഡി.വൈ.എസ്.പി ആയിരുന്ന ഉമ്മര്‍ തെരഞ്ഞുപിടിച്ച് നിഷ്‌കരുണം മര്‍ദ്ദിച്ച് ലോക്കപ്പിലടച്ചു. ഈ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ സ. വേലായുധന്‍ ആശുപത്രി കിടക്കയില്‍ വച്ച് 1948 മാര്‍ച്ച് 10 ന് ധീര രക്തസാക്ഷിത്വം വരിച്ചു.
2. സ. മണ്ണത്തൂര്‍ വര്‍ഗ്ഗീസ്
കൂത്താട്ടുകുളത്തിനടുത്ത് മണ്ണത്തൂരില്‍ ജനിച്ച സഖാവ് മണ്ണത്തൂര്‍ വര്‍ഗ്ഗീസ് 1948 ല്‍ മേമ്മുറിക്കേസില്‍ 13-ാം പ്രതിയായിട്ടാണ് പോലീസ് പിടിയിലാകുന്നത്. ഒളിവില്‍ പോയ സഖാവിനെ വേട്ടയാടിപ്പിടിച്ച പോലീസ് കൂത്താട്ടുകുളം, പാലാ സ്റ്റേഷനില്‍ വച്ച് അതിക്രൂരമായി മര്‍ദ്ദിച്ചു. ആ പീഡനങ്ങള്‍ക്കിടയിലും പാര്‍ട്ടി രഹസ്യങ്ങള്‍ രഹസ്യമായിത്തന്നെ സൂക്ഷിച്ച സഖാവ് മൂന്നുമാസത്തെ തുടര്‍ച്ചയായ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ ലോക്കപ്പില്‍ വച്ച് മരണമടഞ്ഞു.
3. സ. തിരുമാറാടി രാമകൃഷ്‌ണന്‍
തിരുമാറാടിയില്‍ മങ്ങാട്ട് കുടുംബത്തില്‍ ജനിച്ച സ. രാമകൃഷ്‌ണനെ 1948 ല്‍ നിരോധനം ലംഘിച്ച് മെയ്‌ദിനറാലിയില്‍ പങ്കെടുത്തതിനാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. ദരിദ്ര തയ്യല്‍ തൊഴിലാളിയായിരുന്ന സഖാവിനെ അറസ്റ്റ് ചെയ്‌ത് ഒരു വര്‍ഷത്തെ കഠിനതടവിന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു. പുന്നപ്ര-വയലാര്‍ ദിനം ആചരിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ അതിന് നേതൃത്വം കൊടുത്ത സഖാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി.
4. സ. സി. കെ ദാമോദരന്‍
തൃപ്പൂണിത്തുറയ്‌ക്കടുത്ത് ഏരൂര്‍ സ്വദേശിയായിരുന്ന സഖാവ് സ്വാതന്ത്ര്യാനന്തരം തൊഴിലില്ലായ്‌മയ്‌ക്കെതിരെ കേരളത്തിലുണ്ടായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച ആദ്യ കമ്യൂണിസ്റ്റാണ്. 1949 ല്‍ ഏരൂര്‍ ആസാദ് മൈതാനത്ത് വച്ച് രാജാവിനെ വിമര്‍ശിച്ചു പ്രസംഗിച്ചതിന് പിടികൂടി. എറണാകുളം കസബ പോലീസ് സ്റ്റേഷനിലെ ഭീകരപീഡനങ്ങള്‍ക്കൊടുവില്‍ 1949 തുലാം 26 ന് എറണാകുളം ജനറല്‍ ഹോസ്‌പിറ്റലില്‍ വച്ച് മരണമടഞ്ഞു.
5. സ. കെ.യു. ദാസ്
വടക്കേക്കരക്കടുത്ത് വാവക്കാട് പാല്യാത്തുരുത്തു വീട്ടിലാണ് സഖാവ് ജനിച്ചത്. ഇടപ്പള്ളിക്കേസില്‍ പ്രതിയാക്കപ്പെട്ട് പോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ അവശനായ സഖാവിന് ചികിത്സ നിഷേധിച്ചു. 1950 മാര്‍ച്ച് മാസം 23 ന് നിര്‍ഭയനായ ആ പോരാളി രക്തസാക്ഷിയായി.
6. സ. പാമ്പാക്കുട അയ്യപ്പന്‍
പാമ്പാക്കുടയില്‍ കോമത്തടത്തില്‍ ഇട്ട്യാതിയുടേയും ചേരുമ്മയുടേയും മകനാണ് സഖാവ് അയ്യപ്പന്‍. 1949 ജൂലൈ ഒന്നിന് കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലേക്കു നടന്ന വൈക്കം ജാഥയില്‍ പങ്കെടുത്ത അയ്യപ്പനെ 1950 ല്‍ ഒളിവില്‍ നിന്നും പോലീസ് പിടികൂടി. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ കടുത്ത ജ്വരം ബാധിച്ച് മൂവാറ്റുപുഴ ഗവണ്‍മെന്റ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
7. സ. വിട്ടപ്പ നായിക്
വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ കൊലക്കത്തിക്കിരയായ സഖാവ് വിട്ടപ്പ നായിക് മട്ടാഞ്ചേരിയില്‍ പുരോഗമന യുവജനപ്രസ്ഥാനത്തിന്റെ മുന്‍നിരപ്പോരാളിയായിരുന്നു. കെ.എസ്.വൈ.എഫില്‍ അണിചേര്‍ന്നു സവര്‍ണ്ണ മേല്‍ക്കോയ്‌മയെ ചോദ്യം ചെയ്‌ത സഖാവിന് 1976 നവംബര്‍ 12 ന് ആര്‍എസ്സ്‌എസ്സുകാര്‍ പതിയിരുന്നാക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
8. സ: ചന്ദ്രന്‍, (9) സ: രവി, (10) സ: അഷറഫ്
കെ.എസ്.വൈ.എഫ് 1977 ഒക്‌ടോബര്‍ 9-ന് ആരംഭിച്ച അവകാശപ്രഖ്യാപന റാലിയില്‍ പങ്കെടുക്കുവാന്‍ ആലപ്പുഴയ്‌ക്ക് പോകുകയായിരുന്ന സഖാക്കള്‍ ചന്ദ്രന്‍, രവി, അഷറഫ് എന്നിവര്‍ എതിരെ വന്ന ലോറിയിടിച്ച് മരിക്കുകയായിരുന്നു. ആലുവ, കടുങ്ങല്ലൂര്‍ പ്രദേശത്ത് പാര്‍ട്ടിയുടെയും യുവജനപ്രസ്ഥാനത്തിന്റെയും സജീവപ്രവര്‍ത്തകരായിരുന്ന സഖാക്കള്‍ ചന്ദ്രനും, രവിയും, അഷറഫും.
11. സ. പി.കെ. രാജന്‍
തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജില്‍ സെക്രട്ടറി ആയിരിക്കെ 1979 ഫെബ്രുവരി 24-നാണ് സഖാവ് പി.കെ.രാജനെ കെ.എസ്.യു.കാര്‍ ക്ലാസ്സ് മുറിയില്‍ കയറി കുത്തി കൊലപ്പെടുത്തിയത്. പാലക്കാട് പട്ടാമ്പി സ്വദേശിയായ സഖാവിന്റെ ധീരരക്തസാക്ഷിത്വം ഇന്നും ജില്ലയിലെ വിദ്യര്‍ത്ഥി പ്രസ്ഥാനത്തിന് കരുത്ത് പകരുന്നു.
12. സ. സുരേഷ്
കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് (ഐ), ഐ.എന്‍.ടി.യു.സി ഗുണ്ടകള്‍ നടത്തിയ അക്രമ തേര്‍വാഴ്‌ചക്കെതിരെ കൊച്ചി കരിപ്പാലത്ത് സ: ഇ.കെ.നയനാര്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുക്കുവാനായി പോകുമ്പോള്‍ 1979 ഒക്‌ടോബര്‍ 18-ന് കോമ്പാറമുക്കില്‍ വച്ച് ഇരുട്ടിന്റെ മറവില്‍ ക്രിമിനല്‍സംഘം സ: സുരേഷിനെ ആക്രമിച്ച് വീഴ്‌ത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഖാവ് ഒക്‌ടോബര്‍ 18-ന് രക്തസാക്ഷിയായി.
13. സ. കെ.കെ. കൃഷ്‌ണന്‍കുട്ടി
1980 നവംബര്‍ ഒന്നിന് കോണ്‍ഗ്രസ് ഗുണ്ടയുടെ കഠാരക്കിരയായി സഖാവ് രക്തസാക്ഷിയാകുന്നത്. പാവപ്പെട്ട തൊഴിലാളി കുടുംബത്തില്‍ ജനിച്ചു. പാര്‍ട്ടിയുടെ മുന്നേറ്റത്തിനും വളര്‍ച്ചയിലും അസൂയപൂണ്ട് കോണ്‍ഗ്രസ് പിന്തിരിപ്പന്മാര്‍ സഖാവിനെ ഇല്ലായ്‌മ ചെയ്യുവാന്‍ തക്കംപാര്‍ത്തിരുന്നു. ഒടുവില്‍ 1980 നവംബര്‍ 1 ന് സഖാവിനെ കുത്തികൊലപ്പെടുത്തി.
14. സ. അബ്‌ദുള്‍ റസാഖ്
ഏലൂര്‍ വടക്കുംഭാഗത്താണ് സഖാവ് ജനിച്ചത്. 1982 ജനുവരി 19-ന് നടന്ന അഖിലേന്ത്യാ പണിമുടക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് (ഐ) കാപാലികരുടെ കൊലക്കത്തിക്കിരയായാണ് സ:അബ്‌ദുള്‍ റസാഖ് ധീരരക്തസാക്ഷിത്വം വരിച്ചത്. ആദ്യത്തെ അഖിലേന്ത്യാ പണിമുടക്കിന്റെ രക്തസാക്ഷിയാണ് സ:അബ്‌ദുള്‍ റസാഖ്.
15. സ. ശശി, (16)ജയന്‍
വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ അരുംകൊലചെയ്‌ത വിട്ടപ്പനായിക്കിന്റെ രക്തസാക്ഷി ദിനാചരണം കഴിഞ്ഞശേഷം കൊടിതോരണങ്ങള്‍ അഴിക്കുന്ന സന്ദര്‍ഭത്തിലാണ് ഡി.വൈ.എഫ്.ഐ-യുടെ ഉശിരനായ പ്രവര്‍ത്തകരായ ശശിയേയും ജയനേയും കോണ്‍ഗ്രസ് (ഐ) ഐ.എന്‍.ടി.യു.സി ഗുണ്ടകള്‍ അക്രമിച്ച് കൊലക്കത്തിക്ക് ഇരയാക്കിയത്. 1982 നവംബര്‍ 13-നായിരുന്നു സംഭവം.
17. സ. പോള്‍സണ്‍
യുവജനപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി വളരെ ചുരുങ്ങിയ കാലംകൊണ്ട് മുളവുകാട് മേഖലയുടെ ആദരവും സ്‌നേഹവും പിടിച്ചുപറ്റിയ സഖാവ് പോള്‍സണ്‍ 1986 മെയ്‌മാസം 9-ന് കോണ്‍ഗ്രസ് അക്രമികളുടെ കൊലക്കത്തിക്കിരയാവുകയായിരുന്നു.
18. സ. മുരളി
കൊടുങ്ങല്ലൂരില്‍ ഡി.വൈ.എഫ്.ഐ-യുടെ യൂണിറ്റ് പ്രസിഡന്റായിരിക്കെ ആര്‍.എസ്.എസ് കാപാലിക സംഘം 1986 ജനുവരി 21-ന് സഖാവ് മുരളിയെ കൊലപ്പെടുത്തി. മുരളിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുണ്ടായ മുന്നേറ്റത്തില്‍ അസൂയ പൂണ്ട കാപാലിക സംഘം സഖാവിനെ വകവരുത്തുകയായിരുന്നു.
ചേരാനെല്ലൂര്‍ രക്തസാക്ഷികള്‍
19. സ. മോഹനന്‍, (20) സ: ബഷീര്‍
1988 മാര്‍ച്ച് 15-ന് അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി സംഘടിപ്പിച്ച ഭാരത് ബന്ദ് ദിനത്തിലാണ് സഖാക്കള്‍ മോഹനനും ബഷീറും രക്തസാക്ഷികളാകുന്നത്. ഒരു പ്രകോപനവും ഇല്ലാതെ തന്നെ ചേരാനെല്ലൂരിലെ മില്ലുടമയായ അഴിക്കത്ത് സേവ്യറും മകനും ചേര്‍ന്ന് സഖാക്കളെ വെടിവെച്ച് കൊല്ലുകയായിരുന്നു.
21. സ. കെ.പി ചന്ദ്രബാബു
ഡി.വൈ.എഫ്.ഐ. ചെറായി വില്ലേജ് സെക്രട്ടറി, സി.പി.ഐ.(എം) ബ്രാഞ്ച് അംഗം സി.പി.ഐ (എം) ചെറായി ലോക്കല്‍ കമ്മറ്റി ആഫീസ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സ:ചന്ദ്രബാബുവിനെ സാമൂഹിക ദ്രോഹികളുടെ സംഘം ഡി.വൈ.എഫ്.ഐ. വില്ലേജ് കമ്മറ്റിയോഗം കഴിഞ്ഞ് വരവെ കുത്തികൊലപ്പെടുത്തുകയായിരുന്നു.
22. സ. എ.എം. കുഞ്ഞുബാവ
മൂവാറ്റുപുഴയിലെ സി.പി.ഐ(എം) പായിപ്ര സൊസൈറ്റിപ്പടി ബ്രാഞ്ച് സെക്രട്ടറിയും പായിപ്ര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റും കെ.എസ്.വൈ.എഫി-ന്റെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്ന സ: എ.എം.കുഞ്ഞുബാവ 1990 ഏപ്രില്‍ 25-ന് സി.പി.ഐ അക്രമിസംഘത്തിന്റെ കൊലക്കത്തിക്കിരയായി ധീരരക്തസാക്ഷിത്വം വരിച്ചു.
23. സ. ദിനേശ് കുമാര്‍
വടക്കേടത്ത് ലക്ഷ്‌മണന്റേയും സരസ്വതിയുടേയും മകനായി കാലടിക്കടുത്തുള്ള കൈപ്പട്ടൂരില്‍ ജനിച്ചു. സഖാവിന്റെ പൊതുപ്രവര്‍ത്തന രംഗത്തെ അടിയുറച്ച നിലപാടുകള്‍ മൂലം വിളറിപൂണ്ട സാമൂഹ്യവിരുദ്ധരായ അക്രമിസംഘം കാലടി ടൗണിനടുത്തുവച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. 2001 ഡിസംബര്‍ 1-ന് സഖാവ് 20-ാമത്തെ വയസ്സില്‍ ധീരരക്തസാക്ഷിയായി.
24. സ. എം.ആര്‍. വിദ്യാധരന്‍
സി.പി.ഐ (എം) തെക്കന്‍ പറവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ-യുടെ മേഖലാ പ്രസിഡന്റുമായിരിക്കെ 2003 സെപ്‌തംബര്‍ 13-നാണ് സഖാവ് എം.ആര്‍. വിദ്യാധരന്‍ കൊല്ലപ്പെടുന്നത്. വ്യാജമദ്യ ഗുണ്ടാ മാഫിയകള്‍ക്കെതിരെ ചെറത്തു നില്‍പ്പ് സംഘടിപ്പിച്ച സഖാവിനെ പുലര്‍ച്ചെ ജോലിക്കുപോകുമ്പോള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു.
25. സ. സി.ആര്‍. രതീഷ്
തത്തംപ്പിള്ളി ആനച്ചല്‍ കിഴക്കേപ്രം നെല്ലിപ്പിള്ളിപറമ്പില്‍ രവീന്ദ്രന്റെയും, സുശീലയുടേയും മകനായ സി.ആര്‍. രതീഷ് മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. 2009 ജനുവരി 12-ാം തീയതി രാത്രി പത്തുമണിയോടെ മാരുതി ജിപ്‌സി വാനില്‍ മാരകായുധങ്ങളുമായി എത്തിയ സംഘമാണ് അക്രമണം നടത്തിയത്. 2009 ജനുവരി 13 ന് പുലര്‍ച്ചെ 4.15-ന് സഖാവ് മരണപ്പെട്ടു.