ഇ.കെ. നായനാര്‍
വളരെ ചെറുപ്പം മുതല്‍ ദേശീയ സ്വാതന്ത്ര്യപ്രക്ഷോഭത്തില്‍ പങ്കെടുത്തുകൊണ്ടാണ് സ:നായനാര്‍ പൊതുജീവിതം ആരംഭിച്ചത്. മലബാര്‍ പ്രദേശത്തെ സാമ്രാജ്യവിരുദ്ധ സമരത്തിലും കര്‍ഷക-കര്‍ഷകതൊഴിലാളി സമരത്തിലും സജീവമായി പങ്കെടുത്ത സഖാവ് 1939ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. ബാലസംഘത്തിന്റെയും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെയുമെല്ലാം പ്രമുഖ സംഘാടകനായിരുന്ന സ:നായനാര്‍ മൊറാഴ, കയ്യൂര്‍ സമരനായകരില്‍ പ്രധാനിയായിരുന്നു. നീണ്ട പതിനൊന്ന് വര്‍ഷത്തെ ഒളിവുജീവിതവും നാലുവര്‍ഷത്തെ ജയില്‍ ജീവിതവുമടക്കം ത്യാഗോജ്ജലമായ ജീവിതത്തിന്റെ ഉടമയാണ് സ:നായനാര്‍.
കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി 1956 മുതല്‍ 1964 വരെ അദ്ദേഹം പ്രവര്‍ത്തിച്ചു. സിപിഐ(എം) രൂപീകൃതമായതുമുതല്‍ 1967 വരെ വീണ്ടും കോഴിക്കോട് ജില്ലാസെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ(എം) രൂപീകരിക്കുന്നതിന് നേതൃത്വം നല്കിയ 32 സഖാക്കളില്‍ ഒരാളായിരുന്നു സ:നായനാര്‍. പാര്‍ടിയുടെ ഏഴാം കോണ്‍ഗ്രസ് മുതല്‍ പാര്‍ടി കേന്ദ്രക്കമ്മിറ്റി അംഗമായും 1992 ലെ 14-ാം കോണ്‍ഗ്രസ് മുതല്‍ പോളിറ്റ്ബ്യൂറോ അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി 1972 മുതല്‍ 1980 വരെയും വീണ്ടും 1992 മുതല്‍ 1996 വരെയും സഖാവ് പ്രവര്‍ത്തിച്ചു.
1967ല്‍ പാലക്കാട് നിന്ന് ആദ്യമായി സഖാവ് പാര്‍ലമെണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1974 ലും തുടര്‍ന്ന് ആറ് പ്രാവശ്യവും സ:നായനാര്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1980-82, 1987-91, 1996-2001 എന്നീ ഘട്ടങ്ങളിലായി 11 വര്‍ഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.
കേരളത്തിലെ സാമൂഹ്യ ജീവിതത്തിലും സംസ്ഥാനത്തിന്റെ വികസനത്തിലും ഒട്ടനവധി മഹത്തായ സംഭാവനകള്‍ നല്കിയ ഭരണകാലമായിരുന്നു സഖാവിന്റേത്. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകതൊഴിലാളിക്ക് പെന്ഷന് പ്രഖ്യാപിച്ചതും, മാവേലി സ്റ്റോറുകള്‍ ആരംഭിച്ചതും സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതും, അധികാരവികേന്ദ്രീകരണത്തിനായുള്ള സുപ്രധാന നടപടികള്‍ കൈക്കൊണ്ടതുമെല്ലാം ഈ ഘട്ടത്തിലായിരുന്നു. പാര്‍ടിയുടെ ആശയ-രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായി ഒട്ടനവധി പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ പത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചു.