ഇ.എം.എസ്
സ: ഇ.എം.എസ് 1998 മാര്‍ച്ച് 19 ന് നമ്മെ വിട്ടുപിരിഞ്ഞു. മാര്‍ക്സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിന് ഉജ്വല സംഭാവനയാണ് സ: ഇ.എം.എസ് നല്‍കിയത്.
സാമൂഹ്യ നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടാണ് തന്റെ പൊതുപ്രവര്‍ത്തനം ഇ.എം.എസ് ആരംഭിക്കുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ്സുകാരനായി രാഷ്ട്രീയ ജീവിതത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പില്‍ സഖാവും അംഗമായിരുന്നു. 1934 ലും 1938-40 ലും കെ.പി.സി.സി സെക്രട്ടറിയായി. തുടര്‍ന്നാണ് കമ്യൂണിസ്റ്റ് പാര്‍ടി രഹസ്യമായി സംഘടിപ്പിച്ചപ്പോള്‍ അതിലും അംഗമായി ചേരുന്നത്. സി.പി.ഐ (എം) ന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മരണം വരെ പാര്‍ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു.