വിദേശനയപ്രശ്നങ്ങളും സുരക്ഷാ പ്രശ്നങ്ങളും
ഇന്ത്യയെ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയാക്കുക എന്നതാണ്
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റിന്റെ ലക്ഷ്യം
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നതാണ് ഇന്ത്യയുടെ വിദേശ നയം. ചേരിചേരാനയം എന്നതിനര്‍ത്ഥം, സൈനിക ബ്ലോക്കുകളില്‍ നിന്ന് ഒഴിഞ്ഞു നില്ക്കുക എന്നതുമാത്രമായിരുന്നില്ല; ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന കോളണി വിരുദ്ധ സമരങ്ങള്‍ക്ക് ദൃഢമായ പിന്തുണ നല്‍കുക എന്നതുകൂടിയായിരുന്നു. ഇത്തരം നിരവധി കോളണി വിരുദ്ധ സമരങ്ങളില്‍ ചിലതായിരുന്നു വിയത്നാം, പാലസ്തീന്, ദക്ഷിണാഫിക്ക എന്നിവ. സാര്‍വദേശീയ വേദികളിലെല്ലാം ഇന്ത്യയുടെ ശബ്ദം വളരെ പ്രധാനപ്പെട്ട ഒന്നു തന്നെയായിരുന്നു. കാരണം സാമ്രാജ്യത്വത്തില്‍ നിന്ന് വിമുക്തമായ, നീതിയുക്തമായ സാമ്പത്തിക വ്യവസ്ഥയുള്ള ഒരു ലോകത്തിനുവേണ്ടിയാണ് ഇന്ത്യ നില കൊണ്ടത്.
പൊതുമിനിമം പരിപാടിയിലെ ബാധ്യതകളെ വഞ്ചിച്ചു
ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള തുടര്‍ച്ചയായ ഗവണ്മെന്റുകള് ഉപേക്ഷിച്ചത് ഈ വീക്ഷണമാണ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഗവണ്മെന്റ് ഇന്ത്യയുടെ വിദേശനയത്തില്‍ ചേരിചേരായ്മയില്‍ നിന്ന് അകന്നു നില്ക്കുന്നതും അമേരിക്കന്‍ സാമ്രാജ്യത്തോട് ആഭിമുഖ്യമുള്ളതുമായ നിര്‍ണായകമായ ഒരു വ്യതിയാനം വരുത്തി. സ്വതന്ത്രമായ വിദേശനയം അനുവര്‍ത്തിക്കും എന്ന് പൊതുമിനിമം പരിപാടിയില്‍ ആവര്‍ത്തിച്ച് ഉറപ്പിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ ഗവണ്മെന്റ് അമേരിക്കന്‍ അനുകൂലമായ ഈ നയങ്ങള്‍തന്നെ തുടരുകയാണുണ്ടായത്. 2004 ല്‍ തയ്യാറാക്കപ്പെട്ട പൊതുമിനിമം പരിപാടിയില്‍ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു.
``നമ്മുടെ പഴയ കാലപാരമ്പര്യങ്ങള് മനസ്സില്‍ വെച്ചുകൊണ്ട് സ്വതന്ത്രമായ വിദേശനയമാണ് യു.പി.എ ഗവണ്മെന്റ് അനുവര്‍ത്തിക്കുക ആഗോളബന്ധങ്ങളില്‍ ബഹുധ്രുവതയെ പ്രോത്സാഹിപ്പിക്കുവാനും ഏകപക്ഷീയതയ്ക്കുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കുവാനും പരിശ്രമിക്കുന്ന നയമായിരിക്കും അത്.'' അമേരിക്കയുമായുള്ള ബന്ധങ്ങളെക്കുറിച്ച് പൊതുമിനിമം പരിപാടിയില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു. ``അമേരിക്കയുമായി കൂടുതല്‍ അടുത്ത ബന്ധങ്ങളും ഇടപാടുകളും നിലനിര്‍ത്തുമ്പോള്‍ തന്നെ, യു.പി.എ ഗവണ്മെന്റ്, എല്ലാ ആഗോള പ്രശ്നങ്ങളിലും മേഖലാ പ്രശ്നങ്ങളിലും ഇന്ത്യയുടെ വിദേശനയത്തില്‍ സ്വതന്ത്രമായ നിലപാട് നിലനിര്‍ത്തുകയും ചെയ്യും.'' അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധങ്ങളെകുറിച്ച് പൊതുമിനിമം പരിപാടിയില്‍ ഒന്നുംതന്നെ പരാമര്‍ശിക്കുന്നില്ല. കാരണം, പൊതുമിനിമം പരിപാടിയില്‍ നിര്‍ദ്ദേശിക്കപ്പെട്ട സുപ്രധാന വിദേശനയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായിരിക്കും തന്ത്രപരമായ ബന്ധങ്ങള്‍ എന്ന് വളരെ വ്യക്തമായിരുന്നു. എന്നാല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനെ ഇന്ത്യയുടെ വിദേശനയത്തിന്റെ ആണിക്കല്ലായി ഉയര്ത്തിക്കാണിയ്ക്കാനുള്ള യു.പി.എ ഗവണ്മെന്റിന്റെ തുടര്‍ന്നുള്ള തീരുമാനം പൊതുമിനിമം പരിപാടിയെ പൂര്‍ണമായും വഞ്ചിക്കലായിരുന്നു.
അമേരിക്കയുടെ ഈ നയപരപങ്കാളിയാക്കി ഇന്ത്യയെ കൂടുതല്‍ മാറ്റിത്തീര്‍ക്കുന്ന വിദേശനയമാണ് ഇന്ന് ഇന്ത്യയുടേത്. പാലസ്തീനുമേല് ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന പൈശാചികമായ അധിനിവേശത്തിനെതിരായി പാലസ്തീന് ജനതയ്ക്ക് പിന്തുണ നല്കിക്കൊണ്ടിരുന്ന ഇന്ത്യ, ആ നയത്തില്‍ നിന്ന് എത്രമാത്രം മാറിയിരിക്കുന്നുവെന്ന്, ഇന്ത്യയും ഇസ്രയേലും തമ്മില്‍ വളര്‍ന്നുവരുന്ന സൈനിക ബന്ധങ്ങള്‍ കാണിച്ചു തരികയും ചെയ്യുന്നുണ്ട്.
അമേരിക്കയും ഇസ്രയേലുമായുള്ള കൂടുതല്‍ ദൃഢമായ സഖ്യത്തിലേക്ക് ഇന്ത്യയെ കൊണ്ടുവരിക എന്ന ഈ വീക്ഷണം, എല്ലായ്പ്പോഴും ജനസംഘത്തിന്റെയും ആര്.എസ്.എസിന്റേയും തന്ത്രപരമായ വീക്ഷണത്തിന്റെ ഭാഗമായിരുന്നു. അവരുടെ ലോക വീക്ഷണം അനുസരിച്ച്, മുസ്ലീം ലോകത്തിനും സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കും എതിരായി ഹിന്ദുക്കളും ജൂതന്മാരും, ക്രിസ്ത്യാനികളും ഒന്നിച്ചു നില്‍ക്കണം. അതുകൊണ്ട് അമേരിക്കയുമായും നാറ്റോയുമായും ഇസ്രയേലുമായും ഇന്ത്യ കൂട്ടുകൂടണമെന്ന് അവര്‍ എല്ലായ്പ്പോഴും വാദിച്ചുകൊണ്ടിരുന്നു. തങ്ങളുടെ ആദ്യകാലത്തെ ചേരിചേരാനയം വലിച്ചെറിഞ്ഞ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ബി.ജെ.പിയുടെ അതേ വിദേശനയം തന്നെയാണ് അനിവാര്യമായും അനുവര്‍ത്തിക്കുന്നത്.
അമേരിക്കയുമായി ഉണ്ടാക്കിയിട്ടുള്ള പ്രതിരോധ കരാറുകളുടെ നീണ്ട പരമ്പര, ഇസ്രയേലുമായുണ്ടാക്കിയിട്ടുള്ള വിവിധ ആയുധക്കച്ചവടക്കരാറുകള്‍, ഇറാന്റെ കാര്യത്തില്‍ ഇന്ത്യ അമേരിക്കയുടെ ഒപ്പം നിന്നത്, നാറ്റോ സൈന്യങ്ങളുമായും അമേരിക്കന്‍ സൈന്യങ്ങളുമായും ചേര്‍ന്ന് നടത്തിയ നിരവധി സംയുക്തസൈനിക അഭ്യാസങ്ങള്‍-ഇതില്‍ നിന്നെല്ലാം, വിദേശനയത്തിന്റെ കാര്യത്തിലുള്ള ഇന്ത്യയുടെ വ്യതിയാനം വ്യക്തമാണ്.
2005 ജൂണ്‍ 28 ന് വാഷിങ്ടണില്‍ വെച്ച് ``ഇന്ത്യ-യു.സ് പ്രതിരോധ ബന്ധങ്ങളിലെ പുതിയ ചട്ടക്കൂട്'' എന്ന പേരില്‍ അറിയപ്പെടുന്ന പത്തുവര്‍ഷ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചത്, അമേരിക്കയുമായുള്ള ഈ ബന്ധത്തിലെ ഒരു പ്രധാന കാല്‍വെപ്പായിരുന്നു. 2005 ജൂലൈ 18 ന് ഒപ്പു വെച്ച മന്മോഹന്സിങ്ങ്-ബുഷ് കരാറിന് തൊട്ടുമുമ്പാണിത്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന എന്‍.ഡി.എഫ് ഗവണ്മെന്റ് 2001 ല്‍ ഒപ്പുവെച്ച ``തന്ത്രപരമായ പങ്കാളിത്തത്തിലെ അടുത്ത ചുവടുവെപ്പുകള്‍'' എന്ന കരാറിന്റെ തുടര്‍ച്ചയായിരുന്നു ഇത്. ആ കരാറില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. ``സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും നിയമവാഴ്ചയിലും ഉള്ള പൊതുവായ വിശ്വാസത്തില്‍ നിന്ന് രൂപം കൊണ്ടതാണ് ഇന്ത്യാ-അമേരിക്ക പ്രതിരോധ ബന്ധം; സുരക്ഷാതാല്പര്യങ്ങളുടെ കാര്യത്തിലുള്ള പങ്കാളിത്തം ആണ് അത് മുന്നോട്ട് വെയ്ക്കുന്നത്.'' പശ്ചിമേഷ്യയിലേക്ക് ജനാധിപത്യം ഇറക്കുമതി ചെയ്യുന്നുഎന്ന കള്ള അവകാശവാദം ഉന്നയിച്ചുകൊണ്ടാണ് അമേരിക്ക നിയമവിരുദ്ധമായി ഇറാക്കിനെ കടന്നാക്രമിച്ചത്. ``ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും'' കാര്യത്തിലുള്ള വിശ്വാസം പങ്ക് വെയ്ക്കുന്നതിനെ''ക്കുറിച്ച് സംസാരിക്കുന്ന ഒരു കരാറില്‍ ഇന്ത്യ ഏര്‍പ്പെട്ടത്, ഇന്ത്യയുടെ വിദേശനയത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നതിന്റെ സൂചനയാണ്.
ഈ കരാറോടുകൂടി, അമേരിക്കയുടെ ആഗോളതന്ത്രവുമായി ഇന്ത്യയെ ദൃഢമായി ബന്ധിപ്പിക്കുന്നതിനുള്ള നാല് നടപടികള്‍ കൈക്കൊണ്ടു.
അമേരിക്കയുമായുള്ള സൈനിക സഖ്യം
പ്രതിരോധചട്ടക്കൂട് കരാറിന്റെ പരിധി വളരെ വിപുലമാണ്. മറ്റ് രാജ്യങ്ങളില്‍ വെച്ചു നടത്തുന്ന സംയുക്ത സൈനിക അഭ്യാസങ്ങളിലൂടെയും സംയുക്ത ആസൂത്രണങ്ങളിലൂടെയും സംയുക്ത സൈനിക നടപടികളിലൂടെയും പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിലൂടെയും ഇന്ത്യയെ അമേരിക്കയുമായി കൂടുതല്‍ ദൃഢമായി ബന്ധിപ്പിക്കുന്നതാണ് ആ കരാര്‍. ``ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രതിരോധരംഗത്ത് കൈമാറ്റങ്ങള്‍ നടത്തുന്നത്. അത് ആ കൈമാറ്റത്തില്‍ മാത്രമായി ഒതുക്കി നിര്ത്തുന്നതിനുവേണ്ടിയല്ല; മിറച്ച് നമ്മുടെ തന്ത്രപരമായ പങ്കാളിത്തം കൂടൂതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗം എന്ന നിലയ്ക്കാണ്.'' എന്ന് ഈ പ്രതിരോധകരാര്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. എഫ്-16 ലും എഫ്-18 ലും പെട്ട ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനുള്ള ഇന്ത്യയുടെ നിര്‍ദേശം ഈ കരാറിന്റെ അനന്തരഫലമാണ്. ചൈനയെ വളഞ്ഞു നിര്‍ത്തുക എന്ന അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗമായും ഏഷ്യയിലെ പൊതുവായ തന്ത്രത്തിന്റെ ഭാഗമായും ആണ്, അമേരിക്കയോടും ജപ്പാനോടും ആസ്ട്രേലിയയോടും ഇന്ത്യ ഫലത്തില്‍ കൂട്ടുകൂടിയിട്ടുള്ളത്.
അമേരിക്കയുമായി ഇന്ത്യാഗവണ്മെന്റ് ഒരു ``ലോജിസ്റ്റിക് സപ്പോര്‍ട്ട് കരാര്‍'' ഉണ്ടാക്കുന്നതിനും ശ്രമിക്കുകയുണ്ടായി. ഈ കരാറില്‍ ഒപ്പുവെയ്ക്കുന്നതില്നിന്ന് ഇന്ത്യാഗവണ്മെന്റിനെ തടഞ്ഞത്, ഇടതുപക്ഷത്തിന്റെ എതിര്‍പ്പാണ്. അമേരിക്കയുടെ എല്ലാ യുദ്ധക്കപ്പലുകള്‍ക്കും വ്യോമസേനയ്ക്കും ഇന്ത്യയിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് ഈ കരാര്‍ വഴി അനുവാദം ലഭിക്കുമായിരുന്നു. ഏതുരാജ്യത്തിലും ബോംബ് വര്‍ഷിച്ചതിനുശേഷം അമേരിക്കന്‍ വിമാനങ്ങള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും ഇന്ത്യയിലെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വന്ന് വിശ്രമിയ്ക്കാം, വിനോദങ്ങളില്‍ ഏര്‍പ്പെടാം; വീണ്ടും ഇന്ധം നിറയ്ക്കാം; പിന്നെ വീണ്ടും പോയി അടുത്ത ഘട്ടം ആക്രമണം നടത്താം - അതായിരുന്നു പദ്ധതി.
അമേരിക്കയുടെ എഫ്.ബി.ഐയ്ക്കും സി.ഐ.എയ്ക്കും നമ്മുടെ രാജ്യത്ത് ഇഷ്ടംപോലെ പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം ഒരുക്കി കൊടുക്കുന്നതാണ്, അമേരിക്കയുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ ബന്ധങ്ങള്‍. ഭീകരപ്രവര്‍ത്തനത്തെ ചെറുക്കുന്നതിന്റെ മറവില്‍, ദക്ഷിണേഷ്യയില്‍ അമേരിക്ക നടത്തുന്ന രഹസ്യാന്വേഷണപ്രവര്ത്തനങ്ങളിലും മറ്റ് രഹസ്യപ്രവര്‍ത്തനങ്ങളിലും ഇന്ത്യയും പങ്കുചേരാന്‍ സന്നദ്ധമായിരിക്കുകയാണ്. ഇന്ത്യയുടെ ``റോ''യെ അമേരിക്ക പരസ്യമായി അട്ടിമറിച്ചു കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഇത് ചെയ്യുന്നത് എന്ന് നാം ഓര്‍ക്കണം. ``റോ''യിലെ ഒരു സീനിയര്‍ ഓഫീസറായ രവീന്ദര്‍ സിങ്ങ് സുപ്രധാന ഇന്റലിജന്‍സ് വിവരങ്ങളുമായി അമേരിക്കയിലേക്ക് കടന്നതില്‍ നിന്ന്, അമേരിക്കയുടെ ഈ അട്ടിമറി ശ്രമങ്ങള്‍ വ്യക്തമാവുന്നുണ്ട്.
ഇറാനെതിരായ നിലപാട്
ഇന്ത്യ-അമേരിക്ക ആണവകരാര്‍ ഒപ്പുവയ്ക്കപ്പെട്ടതിനുശേഷം ഇന്ത്യാ ഗവണ്മെന്റ് തകിടം മറിയുകയും 2005 സെപ്തംബറില്‍ ഐ.എ.ഇ.എ യില്‍ ഇറാനെതിരായി വോട്ടു ചെയ്യുകയും ഉണ്ടായി. ഇറാനെ ഒറ്റപ്പെടുത്തുന്നതിനായി അമേരിക്കയുമായി ഇന്ത്യ സഹകരിക്കുന്നതിനുള്ള തെളിവായിട്ടാണ് അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിക്കൊണ്ട്, ഇന്ത്യാ ഗവണ്മെന്റ് ഫലത്തില്‍ ഇറാനുമായുള്ള നല്ല ബന്ധം ഉപേക്ഷിക്കുകയാണുണ്ടായത്.
അഫ്ഗാനിസ്ഥാന്
അഫ്ഗാനിസ്ഥാന്റെ കാര്യത്തില്‍ അവിടത്തെ അമേരിക്കന്‍, നാറ്റോ അധിനിവേശത്തിന് യു.പി.എ ഗവണ്മെന്റ് പിന്തുണ നല്കിക്കൊണ്ടിരിക്കുകയാണ്. പൂര്‍ണമായും അഴിമതിയില്‍ മുങ്ങിക്കുളിച്ച, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട കര്‍സായി ഗവണ്മെന്റിന് യു.പി.എ ഗവണ്മെന്റ് പൂര്‍ണ പിന്തുണ നല്കിക്കൊണ്ടിരിക്കുന്നു.
ഇസ്രയേലുമായി തന്ത്രപരമായ സഖ്യം
വിദേശനയത്തിന്റെ കാര്യത്തില്‍ അമേരിക്കക്ക് അനുകൂലമായ വ്യതിയാനം വരുത്തുന്നതോടൊപ്പം തന്നെ, ഇന്ത്യാഗവണ്മെന്റ്, പശ്ചിമേഷ്യയില്‍ ഇസ്രയേലുമായി കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ഇസ്രയേലില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. മാത്രമല്ല ഇസ്രയേലിലെ പ്രതിരോധ വകുപ്പില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ ആയുധങ്ങള്‍ ഇന്ത്യ, ഇസ്രയേലിലെ ആയുധ വ്യവസായത്തില്‍ നിന്ന് വാങ്ങിയ്ക്കുന്നുമുണ്ട്. ഇസ്രയേലില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന ആയുധങ്ങള്‍ ഇങ്ങനെ വര്‍ദ്ധിക്കുന്നതു കാരണം ആ രാജ്യത്തിന്റെ ആയുധ വ്യവസായം വികസിക്കുന്നു. പാലസ്തീനിലെ ഇസ്രയേലിന്റെ അധിനിവേശത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് ഈ പണം ഉപയോഗിച്ചാണ്. ഇസ്രയേലിലെ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്മാരും ``മൊസ്സാദി''ന്റെ ആളുകളും കാശ്മീര്‍ സന്ദര്‍ശിക്കുന്നതായി നാം ഈയിടെ കണ്ടുവരുന്നുണ്ട്. ഭീകരപ്രവര്ത്തനത്തിനെതിരെയുള്ള യുദ്ധത്തില്‍ ഇന്ത്യയെ സഹായിക്കുന്നതിനുവേണ്ടിയാണത്രെ ഇത്! ഇന്ത്യയും ഇസ്രയേലും ചേര്‍ന്ന് സംയുക്തമായി പലതരം മിസ്സൈലുകളും ഉണ്ടാക്കുന്നുണ്ട്. പാലസ്തീനില്‍ ആളുകളെ കൊല്ലുന്നതിനുവേണ്ടി അവ പതിവായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇസ്രയേലിനുവേണ്ടി ഇന്ത്യ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നുമുണ്ട്. ഗാസയില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിനും ഇറാനും സിറിയയ്ക്കും മേലെ ചാര നിരീക്ഷണം നടത്തുന്നതിനും ആണ് ഈ ഉപഗ്രഹങ്ങളെ ഇസ്രയേല്‍ ഉപയോഗപ്പെടുത്തുന്നത്.
ബാരക്ക് മിസ്സൈല്‍ ഇടപാടിലെ അഴിമതി സംബന്ധിച്ച കേസില്‍ ഇസ്രയേല്‍ എയര്‍ക്രാഫ്ട് ഇന്‍ഡസ്ട്രീസ് ഇപ്പോള്‍ അന്വേഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതേ കക്ഷിയുമായി 10,000 കോടി രൂപയുടെ മറ്റൊരു ഇടപാടിന് ഇന്ത്യാഗവണ്മെന്റ് ഇപ്പോള്‍ നീക്കം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ പ്രതിരോധ ഉപകരണസംഭരണ സംവിധാനങ്ങളില്‍ ഇസ്രയേലിലെ ആയുധ ദല്ലാളന്മാര് എത്രമാത്രം ആഴത്തില്‍ വേരുറപ്പിച്ചിരിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
ഇറാനെതിരായ ഒരു വോട്ടില്‍ നിന്ന് തുടങ്ങി, ഇസ്രയേലുമായുള്ള കൂടുതല്‍ അഗാധമായ സൈനികബന്ധങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യ, പശ്ചിമേഷ്യയിലെ അമേരിക്കയുടേയും അമേരിക്ക-ഇസ്രയേല്‍ കൂട്ടുകെട്ടിന്റേയും സൈനിക തന്ത്രങ്ങളില്‍ പടിപടിയായ പങ്കാളിയായിത്തീര്ന്നുകൊണ്ടിരിക്കുകയാണ്.
സി.പി.ഐ (എം) ന്റെ നിലപാട്
താഴെ പറയുന്ന കാര്യങ്ങള്‍ക്കായി സി.പി.ഐ (എം) പ്രവര്‍ത്തിക്കുന്നതാണ്:
1. സ്വതന്ത്രമായ വിദേശനയം പുനഃസ്ഥാപിക്കുക; ദക്ഷിണ-ദക്ഷിണ സഹകരണം ശക്തിപ്പെടുത്തുക.
2. ചൈനയുമായും റഷ്യയുമായും അതുപോലെ തന്നെ ബ്രസീലിനേയും ദക്ഷിണാഫ്രിക്കയേയും പോലുള്ള പ്രമുഖ വികസ്വര രാജ്യങ്ങളുമായും നല്ല ബന്ധം വളര്‍ത്തിക്കൊണ്ടുവരിക.
3. ഇന്ത്യയുടെ പാകിസ്ഥാനും തമ്മില്‍ ജനങ്ങള്‍ തമ്മില്‍ത്തമ്മിലുള്ള ബന്ധങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരിക; യുക്തമായ സമയത്ത് ഇന്ത്യാ-പാക് ചര്‍ച്ചകള്‍ പുനരാരംഭിക്കുക.
4. സാര്‍ക്ക് രാജ്യങ്ങളുമായുള്ള സഹകരണത്തിന് പ്രത്യേക ഊന്നല്‍ നല്‍കുക; ദക്ഷിണേഷ്യയിലെ, അയല്‍ രാജ്യങ്ങളുമായും ബന്ധം മെച്ചപ്പെടുത്തുക; ഭീകരപ്രവര്‍ത്തനവും തീവ്രവാദപ്രവര്‍ത്തനവും തടയുന്നതിനായി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായി സംയോജിച്ച് പ്രവര്‍ത്തിക്കുക.
5. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കുക; അമേരിക്കന്‍ സമ്മര്‍ദ്ദങ്ങളെ ചെറുത്തുകൊണ്ട്, ഇറാന്-പാകിസ്താന്-ഇന്ത്യ വാതകപൈപ്പ് ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോവുക.
6. അമേരിക്കയുമായി ഉണ്ടാക്കിയിട്ടുള്ള പ്രതിരോധ ചട്ടക്കൂട് കരാര്‍ റദ്ദാക്കുക.
7. ഇസ്രയേലുമായി ഉണ്ടാക്കിയിട്ടുള്ള സൈനിക ബന്ധങ്ങളും സുരക്ഷാ ബന്ധങ്ങളും റദ്ദാക്കുക; ഇസ്രയേല്‍ എയര്‍ക്രാഫ്റ്റ് ഇന്ഡസ്ട്രീസുമായിട്ടുള്ള 10,000 കോടി രൂപയുടെ കരാര്‍ റദ്ദാക്കുക; പാലസ്തീന് ജനതയ്ക്ക് പിന്തുണ നല്‍കുക.
ഇന്ത്യാ-അമേരിക്ക ആണവ കരാര്‍
അമേരിക്കയുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെട്ടുവരുന്നതിന്റെ ഭാഗമാണ് ഇന്ത്യാ-അമേരിക്ക ആണവകരാര്‍ എന്ന രീതിയിലാണ് അന്താരാഷ്ട്രതലത്തില്‍ കരാര്‍ വീക്ഷിയ്ക്കപ്പെടുന്നത്. 2005 ജൂലായ് മാസത്തില്‍ മന്‍മോഹന്‍സിങ്ങും ബുഷും ഒപ്പുവെച്ച സിവില്‍ ആണവകരാര്‍, യു.പി.എ ഗവണ്മെന്റ് അവകാശപ്പെടുന്നപോലെ, വെറുമൊരു ഇന്ധനകരാര് മാത്രമല്ല; ഇന്ത്യയെ അമേരിക്കന്‍ ക്യാമ്പിലേക്ക് കൊണ്ടുവരുന്നതിനുള്ള തന്ത്രത്തിന്റെ ആണിക്കല്ലാണത്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയില്‍ (ഐ.എ.ഇ.എ) ഇറാനെതിരായി ഇന്ത്യ രണ്ടു തവണ വോട്ടു ചെയ്തത് ഇതിനുതൊട്ടുപിന്നാലെയാണ്. ഇറാനെതിരായ സംഘത്തില്‍ അങ്ങനെ ഇന്ത്യയും പങ്കാളിയാക്കപ്പെട്ടു. അമേരിക്കയില്‍ ഉണ്ടാക്കപ്പെട്ട ആണവ റിയാക്ടറുകളില്‍ നിന്നു കിട്ടിയേയ്ക്കാവുന്ന വളരെ ചെലവേറിയ ആണവ വൈദ്യുതി ലഭിക്കുന്നതിനുവേണ്ടി, ഇറാനില്‍ നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് കിട്ടുമായിരുന്ന വാതകം ഉപേക്ഷിക്കാന്‍ യു.പി.എ ഗവണ്മെന്റ് തയ്യാറായി.
ഇന്ത്യയുടെ വിദേശനയം ഇനിത്തൊട്ട് അമേരിക്കന്‍ വിദേശനയത്തിന് എല്ലാ അര്‍ത്ഥത്തിലും അനുഗുണമായിരിക്കണം എന്ന്, ഇന്ത്യ-അമേരിക്ക, ആണവകരാറിന് അടിസ്ഥാനമായ ഹൈഡ് നിയമം അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്. ഇറാന്റെ ആണവ പരിപാടിയുടെ കാര്യത്തില്‍ ഇന്ത്യാ ഗവണ്മെന്റ് അമേരിക്കയുടെ ഒപ്പം നില്‍ക്കണമെന്നും ഹൈഡ് നിയമം നിബന്ധന വെയ്ക്കുന്നുണ്ട്. ഹൈഡ് നിയമവും ആണവകരാറും ഇന്ത്യയുടെ വിദേശനയത്തിനുമേല്‍ ചെലുത്തിയ ആഘാതം പരിശോധിച്ചാല്‍, ഈ രണ്ടു കാര്യത്തിലും ഉള്ള ഇന്ത്യയുടെ റെക്കോര്‍ഡ് വ്യക്താവും.
ഇന്ത്യയുടെ ഇന്ധന ആവശ്യം നിറവേറ്റുന്നതിന് ആണവകരാര്‍ അനിവാര്യമായിരുന്നുവെന്ന വാദം ഉന്നയിച്ചുകൊണ്ടാണ്, ഈ കരാറിനെ സര്‍ക്കാര്‍ പരസ്യമായി ന്യായീകരിക്കുന്നത്. എന്നാല്‍ ഇന്ത്യയ്ക്ക് ആകെ ആവശ്യമായ ഇന്ധനത്തിന്റെ അഞ്ചോ ആറോ ശതമാനത്തിലധികം ആണവ ഇന്ധനം ഇതുവഴി ലഭിക്കാന്‍ പോകുന്നില്ല എന്ന് ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. ആസൂത്രണകമ്മീഷന് അതിന്റെ സമഗ്രഇന്ധന പദ്ധതിയില്‍ ഉയര്‍ത്തികാണിക്കുന്നതും ഇതേ ലക്ഷ്യം തന്നെയാണ്. യുറേനിയം ലഭ്യത കുറവാണ്, ഈ കരാര്‍ ഉണ്ടാക്കുന്നതിനുള്ള ന്യായീകരണമായി ഗവണ്മെന്റ് ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ യുറേനിയത്തിന്റെ ലഭ്യതകുറവ് ഗവണ്മെന്റുതന്നെ വരുത്തി വെച്ചതാണെന്നും രാജ്യത്ത് യുറേനിയം നിക്ഷേപം ഇല്ലാത്തതുകൊണ്ടല്ല അതെന്നും സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
അമേരിക്കയുമായി ഇന്ത്യ ഉണ്ടാക്കിയിട്ടുള്ള കരാര്‍ പൂര്‍ണമായും ഏകപക്ഷീയമായ കരാര്‍ ആണെന്ന കാര്യം സി.പി.ഐ (എം) ഉം മാറ്റി ഇടതുപക്ഷകക്ഷികളും എടുത്തുകാണിച്ചിട്ടുണ്ട്. എന്നുമാത്രമല്ല, കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്ന പ്ലാന്റുകളില്‍ നിന്നും ഇന്ത്യയിലെ ആണവ പ്ലാന്റുകളില്‍ നിന്നു തന്നെയും ലഭിക്കുന്ന വൈദ്യുതിയുടെ വിലയേക്കാള്‍ മുന്നോ നാലോ ഇരട്ടി വിലക്കൂടുതലുള്ളതായിരിക്കും ഇറക്കുമതി ചെയ്യപ്പെടുന്ന ആണവ പ്ലാന്റുകളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി എന്ന കാര്യവും ഇടതുപക്ഷകക്ഷികള്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. അമേരിക്കയും ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ച 123 കരാര്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നല്കിയ നിര്‍ണായകമായ ഉറപ്പുകളെ ലംഘിക്കുന്ന വ്യവസ്ഥകളോടുകൂടിയ കരാറാണെന്ന് (യു.പി.എ ഗവണ്മെന്റിന്റെ അവകാശവാദം നേരെ മറിച്ചാണെങ്കില്തന്നെയും) യു.എസ് കോണ്‍ഗ്രസില്‍ അന്നത്തെ പ്രസിഡന്റ് ബുഷ് സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ധനം മുടക്കമില്ലാതെ ലഭിക്കും എന്നതിന് യാതൊരു ഉറപ്പുമില്ല; അമേരിക്കയ്ക്ക് തന്നിഷ്ടം പോലെ എപ്പോള്‍ വേണമെങ്കിലും കരാര്‍ അവസാനിപ്പിക്കാം; അങ്ങനെ ഇന്ത്യയെ കുഴപ്പത്തിലാക്കാം; ഇന്ത്യയ്ക്കു നല്കുന്ന ആണവ ഇന്ധനത്തിന്റെ കാര്യത്തില്‍ അമേരിക്ക കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നുമുണ്ട്. ഇന്ത്യയിലെ ഉന്നത സാങ്കേതിക വിദ്യ മേഖലയില്‍ അമേരിക്ക ചുമത്തിയിരുന്നു ഉപരോധം പിന്‍വലിക്കാനും അവര്‍ തയ്യാറില്ല. അവയ്ക്ക് ``ഇരട്ട ഉപയോഗം'' ഉണ്ടാകുമത്രേ! വെസ്റ്റിങ് ഹൗസ്, ജി.ഇ - തുടങ്ങിയ അമേരിക്കന്‍ പ്ലാന്റുകളുമായിട്ടാണ് ഇന്ത്യ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചെലവേറിയ പ്ലാന്റുകളാണവ. അതായത് മെഗാവാട്ടിന് ഏതാണ്ട് 28 കോടി രൂപ ചെലവ് വരും.
സിവിലിയന്‍ ആണവ ഇന്ധനത്തെ സംബന്ധിച്ചടത്തോളം ഇന്നിപ്പോള്‍ ഇന്ത്യ വിവിധ കക്ഷികളോട് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. അതെന്തായാലും റഷ്യയുമായും ഫ്രാന്‍സുമായും ഉള്ള കരാറുകളെക്കുറിച്ച് ഈയിടെ നടത്തിക്കൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ പൂര്‍ണമായും രഹസ്യമായി വെച്ചിരിക്കുകയാണ്. അത്തരം പ്ലാന്റുകളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ ചെലവിനെക്കുറിച്ച് സര്‍ക്കാര്‍ ഒന്നുംതന്നെ സൂചിപ്പിക്കുന്നില്ല.
ആണവ പ്രശ്നത്തില്‍ താഴെ പറയുന്ന നടപടികള്‍ കൈക്കൊള്ളണമെന്ന് സി.പി.ഐ (എം) വിശ്വസിക്കുന്നു.
(എ) ഏകപക്ഷീയമായ 123 കരാര്‍ മാറ്റി എഴുതുകയും ഇന്ത്യയുടെ താല്പര്യങ്ങള്ക്ക് ഹാനികരമായ വകുപ്പുകള്‍ എടുത്തുകളയുകയും ചെയ്യുന്നതുവരെ,
(ബി) കഴിഞ്ഞ 40 കൊല്ലക്കാലമായി ഇന്ത്യ സംഭരിച്ചു വെച്ചുവരുന്ന താരാപ്പൂറില്‍ ഒരിക്കല്‍ ഉപയോഗിച്ച ഇന്ധനം പുനഃസംസ്കരിക്കുന്നതിനുള്ള അനുവാദം ലഭിക്കുന്നതുവരെ,
(സി) ഉന്നത സാങ്കേതികവിദ്യാ പദ്ധതികള്‍ ഇറക്കുമതി ചെയ്യുന്നതിനുമേലുള്ള എല്ലാ ഉപരോധങ്ങളും വിവേചനങ്ങളും അമേരിക്ക എടുത്തുകളയും വരെ,
1. അമേരിക്കയിലെ ഒരു കമ്പനിയുമായും വ്യാപാര കരാര്‍ ഉണ്ടാക്കുന്നതല്ല.
2. ഈയിടത്തെ റഷ്യന്‍ കരാറും ഫ്രഞ്ച് കരാറും അടക്കം ഏതുകക്ഷിയുമായും ഉണ്ടാക്കുന്ന എല്ലാ സിവിലിയന്‍ കരാറുകളും; പൂര്‍ണമായ സുതാര്യതയോടുകൂടി മാത്രമേ നടത്തുകയുള്ളൂ.
3. 2003 ലെ വൈദ്യുതി നിയമത്തില്‍ പറഞ്ഞു വെച്ചിട്ടുള്ള നടപടിക്രമങ്ങള്‍, ഈ കരാറുകളില്‍ പൂര്‍ണമായും പാലിച്ചിരിക്കണം. അതില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയുടെ നിരക്ക്, മറ്റ് വിധത്തിലുള്ള വൈദ്യുതി ഉല്പാദനനിലയങ്ങളില് നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ നിരക്കിനോട് വാണിജ്യപരമായി മത്സരിക്കാന്‍ കഴിവുള്ളതാകണം. അത്തരം കരാറുകള്‍ അംഗീകരിക്കപ്പെടും മുമ്പ്, ഇന്ധനം നല്‍കുന്നതുസംബന്ധിച്ച ഉറപ്പുകള്‍ പരസ്യമാക്കപ്പെടുകയും വേണം.
4. അത്തരം പ്ലാന്റുകളുടെ സുരക്ഷാ പ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും മറ്റും പൂര്‍ണമായും പരിഹരിക്കപ്പെട്ടിരിക്കണം. അതിനായി ആറ്റോമിക് എനര്‍ജി റഗുലേഷന് ബോര്‍ഡ് പരസ്യമായി അഭിപ്രായ രൂപീകരണം ഉണ്ടാക്കണം.
5. പൊതുമേഖലയ്ക്കും വിദേശപ്രത്യക്ഷ മൂലധനത്തിനും ആണവ ഇന്ധനമേഖലയിലേക്ക് പ്രവേശിക്കാന്‍ കഴിയത്തക്കവിധത്തില്‍ ആറ്റോമിക് എനര്‍ജി നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം.