പുതിയ കേരളം പടുത്തുയര്ത്താന്
കമ്മ്യൂണിസ്റ്റ് പാര്ടിയുടെ നിര്ദ്ദേശങ്ങള്
1956 ജൂണ് 22, 23, 24 തീയതികളില് തൃശ്ശൂര് വെച്ച് കൂടിയ പാര്ടിയുടെ
കേരള സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം
മിക്കവാറും ഭാഷയുടെ അടിസ്ഥാനത്തില് രൂപമെടുക്കാന് പോകുന്ന പുതിയ കേരളസംസ്ഥാനത്തിന്റെ ആവിര്ഭാവത്തെ കൃതാര്ത്ഥതയോടും പ്രതീക്ഷയോടുംകൂടിയാണ് കമ്മ്യൂണിസ്റ്റ് പാര്ടി സ്വാഗതം ചെയ്യുന്നത്.
വിദേശമേധാവിത്വത്തിന്റെ പിടിയില് നിന്ന് ഇന്ത്യയ്ക്കു പൂര്ണ്ണമായ മോചനം നേടുക; നാട്ടുരാജ്യസ്വേഛാധിപത്യത്തിന്റേയും മറ്റു ജനാധിപത്യവിരുദ്ധ സ്ഥാപനങ്ങളുടേയും വേരറുത്തുകളഞ്ഞ് പരിപൂര്ണ്ണ ജനാധിപത്യം സ്ഥാപിക്കുക; സ്വാതന്ത്ര്യവും ജനാധിപത്യപരവുമായ ഇന്ത്യയെ സോഷ്യലിസത്തിന്റെ അടിസ്ഥാനത്തില് കെട്ടിപ്പടുക്കുക - ഇതിനെല്ലാംവേണ്ടി നമ്മുടെ ജനത നടത്തിയ മഹത്തായ സമരത്തിന്റെ അഭേദ്യഭാഗമായാണു ഭാഷാസംസ്ഥാനങ്ങള് രൂപീകരിയ്ക്കാനുള്ള പ്രസ്ഥാനം വളര്ന്നുവന്നത്. മലയാളികള്, തമിഴര്, ആന്ധ്രാക്കാര് മുതലായ ഇന്ത്യയിലുള്ള വിവിധ ദേശീയജനവിഭാഗങ്ങള്ക്കു അവരുടേതായ സംസ്ഥാനങ്ങള് രൂപീകരിച്ചുകിട്ടുകയും കേരളത്തെപ്പോലുള്ള പിന്നണി പ്രദേശങ്ങള്ക്കു അതിവേഗം വികസിയ്ക്കാനുള്ള സൗകര്യങ്ങളുണ്ടാക്കുകയും ചെയ്താല് മാത്രമേ സാമ്രാജ്യാധിപത്യത്തിന്റേയും ഫ്യൂഡലിസത്തിന്റേയും അവശിഷ്ടങ്ങള് തുടച്ചുനീക്കുന്നതിനും പരിപൂര്ണ്ണജനാധിപത്യത്തിന്റെ അടിസ്ഥാനത്തില് സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും വേണ്ടിയുള്ള സമരത്തില് കൂടി ഇന്ത്യന് ജനതയുടെ ഐക്യം ഉറപ്പിയ്ക്കാന് കഴിയുകയുള്ളു.
ഇന്ത്യയിലാകെ വളര്ന്നുവന്ന ഈ ഭാഷാസംസ്ഥാന രൂപീകരണപ്രസ്ഥാനത്തിന്റെ ഭാഗമായി, മദിരാശി, കൊച്ചി, തിരുവിതാംകൂര് എന്നീ മൂന്നു സംസ്ഥാനങ്ങളിലും ഫ്രഞ്ച് അധീനത്തിലുണ്ടായിരുന്ന മയ്യഴിയിലുമായി ചിന്നിച്ചിതറിക്കിടക്കുന്ന മലയാളജനവിഭാഗത്തെയാകെ ഒന്നിപ്പിച്ചുകൊണ്ടും, മലയാളിജനതയുടെ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക പുരോഗതിയെ ത്വരിതപ്പെടുത്തിക്കൊണ്ടുമുള്ള ഒരു ഐക്യകേരളം സ്ഥാപിക്കാന് കമ്മ്യൂണിസ്റ്റ് പാര്ടി കേരളത്തില് ജന്മമെടുത്ത ദിവസം മുതല്ക്കുതന്നെ പ്രവര്ത്തിച്ചുപോന്നിട്ടുണ്ട്.
1930 നും അതിനുശേഷവും, കേരളത്തിന്റെ നാനാഭാഗങ്ങളിലും പല പല കാലഘട്ടങ്ങളിലായി നടന്ന ദേശീയ-ജനാധിപത്യ സമരങ്ങളില് സജീവമായി പങ്കെടുത്ത അനേകം പ്രവര്ത്തകന്മാരെ ഉള്ക്കൊള്ളുന്ന കമ്മ്യൂണിസ്റ്റ് പാര്ടി, ഉത്തരവാദഭരണത്തിനുവേണ്ടി കൊച്ചി-തിരുവിതാംകൂര് സ്റ്റേറ്റുകളിലും, ദേശീയസ്വാതന്ത്ര്യത്തിനുവേണ്ടി മയ്യഴിയിലും ഉയര്ന്നുവന്ന ബഹുജനപ്രസ്ഥാനങ്ങളെ ഇന്ത്യന് സ്വാതന്ത്ര്യത്തിനും ഐക്യകേരളത്തിനും വേണ്ടിയുള്ള പൊതുപ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് എപ്പോഴും കണക്കാക്കിയിട്ടുള്ളത്. ഈ പ്രസ്ഥാനങ്ങളിലെല്ലാം പങ്കെടുത്ത് ജീവത്യാഗം പോലും വരിച്ച നൂറുകണക്കിനു രക്തസാക്ഷികളും, അടി, ഇടി, ജയില്വാസം, ഒളിവുജീവിതം, സ്വത്തുനാശം, അനാരോഗ്യം മുതലായ പല കഷ്ടതകളുമനുഭിച്ച പതിനായിരക്കണക്കിന് നിസ്വാര്ത്ഥപ്രവര്ത്തകരും കമ്മ്യൂണിസ്റ്റുകാരുടെ ഇടിയില്നിന്നു ഉയര്ന്നുവന്നിട്ടുണ്ടെന്ന പരമാര്ത്ഥം കമ്മ്യൂണിസ്റ്റ് പാര്ടി അഭിമാനത്തോടുകൂടി അനുസ്മരിക്കുന്നു.
ഈ പ്രസ്ഥാനങ്ങള് വളര്ത്തിക്കൊണ്ടുവന്ന് ഐക്യകേരളരൂപീകരണം വരെ അവയെ ഉയര്ത്തുന്നതില് കമ്മ്യൂണിസ്റ്റുകാര് മാത്രമല്ല, മറ്റു പല പാര്ടികളിലും സംഘടനകളിലും പെട്ടവരും ഒന്നിലും പെടാത്തവരുമായ, കേരളത്തിനകത്തും പുറത്തുമുള്ള, രാജ്യസ്നേഹികള് ആയിരക്കണക്കിനു പങ്കെടുത്തിട്ടുണ്ടെന്ന യാഥാര്ത്ഥ്യവും കമ്മ്യൂണിസ്റ്റ് പാര്ടി കൃതജ്ഞതയോടെ സ്മരിക്കുന്നു. ഐക്യകേരള പ്രക്ഷോഭത്തില് മറുനാടന് മലയാളികള് വഹിച്ച മേന്മയേറിയ പങ്കിനേയും പാര്ടി സ്മരിക്കുന്നു. ആശയപരവും രാഷ്ട്രീയവും മറ്റുമായ പല കാര്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്ടിയും മറ്റു രാജ്യസ്നേഹികളും തമ്മില് പലപ്പോഴും അഭിപ്രായവ്യത്യാസങ്ങള് ഉണ്ടായിട്ടുണ്ട്; അത്തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള് പലതും ഇന്നും നിലനില്ക്കുന്നുണ്ട്. പക്ഷെ, വിവിധ വിഭാഗങ്ങളില്പെട്ട ഈ രാജ്യസ്നേഹികള് മുഴുവന് അന്യോന്യാഭിപ്രായവ്യാത്യസങ്ങള് മാറ്റിവെച്ച് യോജിപ്പുള്ള കാര്യങ്ങളില് ഒന്നിച്ചു നില്ക്കാന് തയ്യാറായതിനാലാണ്, മറ്റുപല നേട്ടങ്ങളുമെന്നപോലെ ഐക്യകേരളരൂപീകരണവും നമുക്കു സാധ്യമായിട്ടുള്ളത്.
കമ്മ്യൂണിസ്റ്റുകാരും അല്ലാത്തവരുമായ രാജ്യസ്നേഹികള് യോജിച്ചു നടത്തിയ ഈ ഐക്യകേരളപ്രസ്ഥാനത്തിന് പല എതിര്ശക്തികളേയും നേരിടേണ്ടിവന്നിട്ടുണ്ട്. ഇവയില് പ്രധാനമായ എതിര്ശക്തി, ഭാഷാസംസ്ഥാനരൂപീകരണം സംബന്ധിച്ച് 1947 നുശേഷം കോണ്ഗ്രസ്സ് നേതൃത്വം തുടര്ന്നുപോന്ന ജനാധിപത്യവിരുദ്ധനയം തന്നെയാണ്. അതുപോലെ അക്കാലത്ത് പശ്ചിമതീരസംസ്ഥാനം തുടങ്ങിയ വാദങ്ങളും പൊന്തിവരികയുണ്ടായി. ഇതിനെല്ലാം എതിരായി ഉയര്ന്നു വന്ന, സാധാരണ കോണ്ഗ്രസ്സുകാരെക്കൂടി അണിനിരത്തിയതുമായ ബഹുജനപ്രസ്ഥാനത്തിന് കീഴ്വഴങ്ങി ഭാഷാസംസ്ഥാനങ്ങള് രൂപീകരിക്കാന് തീരുമാനമെടുത്ത് കഴിഞ്ഞതില് പിന്നീടും ദക്ഷിണസംസ്ഥാനമുദ്രാവാക്യവുമായി അവരില് ചിലര് മുന്നോട്ടു വരികയുണ്ടായി. മറ്റു ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെന്നപോലെ കേരളത്തിലും വളര്ന്നുവന്ന ബഹുജനപ്രസ്ഥാനമാണ് ഈ മുദ്രാവാക്യത്തിന്റെ അടിത്തറ തകര്ത്ത് കേരളവും മറ്റു ഭാഷാസംസ്ഥാനങ്ങളും രൂപീകരിക്കാന് ഇടയാക്കിയത്. അതേസമയത്ത്, ഇന്നു അങ്ങിങ്ങു പൊന്തിക്കേള്ക്കുന്ന ദക്ഷിണസംസ്ഥാനവാദത്തിന്റെ ആപത്തിനെപ്പറ്റിയും, സംസ്ഥാനപുനഃസംഘടനാബില്ലില് വ്യവസ്ഥ ചെയ്തിട്ടുള്ള മേഖലാ കൗണ്സിലുകള് പുതിയ സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങളില് കൈകടത്താനിടയുള്ളതിനെപ്പറ്റിയും ജനങ്ങള് തുടര്ന്ന് ജാഗ്രത കാണിക്കേണ്ടതായിട്ടുണ്ട്.
കോണ്ഗ്രസ് നേതൃത്വത്തിന്റെ ഭാഷാസംസ്ഥാനവിരുദ്ധമായ നയത്തിനെതിരായി കമ്മ്യൂണിസ്റ്റുകാരും അല്ലാത്തവരുമായ രാജ്യസ്നേഹികള് യോജിച്ചുനടത്തിയ ഐക്യകേരളപ്രവര്ത്തനത്തിന്റെ ഒരു ഘട്ടം വിജയകരമായി അവസാനിച്ച് പുതിയൊരു ഘട്ടം തുടങ്ങുന്ന ഈ അവസരത്തില് - കേരളസംസ്ഥാനം രൂപീകരിച്ചുകിട്ടാന് വേണ്ടിയുള്ള സംഘടിതപ്രവര്ത്തനം വിജയം വരിക്കുകയും മലയാളി ജനത ആഗ്രഹിക്കുന്ന തരത്തില് ജനാധിപത്യവും ഐശ്വര്യപൂര്ണ്ണവുമായ ഒരു കേരളം കെട്ടിപ്പടുക്കുക എന്ന കടമ ഏറ്റെടുക്കേണ്ട ഘട്ടം വരികയും ചെയ്തിട്ടുള്ളതിന് - കമ്മ്യൂണിസ്റ്റ് പാര്ടി മറ്റു പാര്ടികളോടും വ്യക്തികളോടും അഭ്യര്ത്ഥിക്കുന്നു: ഇതേവരെ എന്നപോലെയും അതിലും കൂടുതലായും, നമുക്കു യോജിപ്പുള്ള കാര്യങ്ങളില് ഒന്നിച്ചുചേര്ന്നു പ്രവര്ത്തിക്കാം; ഐക്യകേരളം രൂപീകരിച്ചുകിട്ടാന് വേണ്ടി നാം കാണിച്ച ഐക്യവും നാം നടത്തിയ നിസ്വാര്ത്ഥ പ്രവര്ത്തനവും നാം ഇതുവരെ സ്വപ്നം കണ്ടുപോന്ന പുതിയ കേരളം കെട്ടിപ്പടുക്കുക എന്ന കടമയിലേക്കു തിരിച്ചുവിടാം; നമുക്കിടയില് ഇന്നുള്ള അഭിപ്രായവ്യത്യാസങ്ങള് അതിനൊരിക്കലും തടസ്സമാകരുത്.
II
പുതിയൊരു കേരളം കെട്ടിപ്പിടുക്കുക എന്ന ഈ കടമ ഏറ്റെടുത്തു നടത്താന് രാജ്യസ്നേഹികളായ മലയാളികളാകെ യോജിക്കുകയാണെങ്കില്, തലമുറകളായി നമ്മുടെ ജനത കണ്ടിരുന്ന സ്വപ്നങ്ങള് പലതും യാഥാര്ത്ഥ്യമാക്കിത്തീര്ക്കാനുള്ള എല്ലാ സാദ്ധ്യതകളും നമ്മുടെ മുമ്പില് ഇന്നു തുറന്നുകിടക്കുകയാണ്. എന്തുകൊണ്ടെന്നാല്, വ്യവസായവല്ക്കരണത്തിന്റെ അടിസ്ഥാനത്തില് ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥയാകെ മാറ്റിപ്പടുക്കണമെന്നും അതിന്റെ ഉന്നം സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥ നിലവില് വരുത്തുകയാണെന്നുമുള്ള ആശയം ഭരണാധികാരിവര്ഗ്ഗത്തിനുപോലും അവഗണിക്കാന് വയ്യാത്തവിധം നാട്ടിലാകെ അതിവേഗത്തില് പരന്നുവരിയാണ്. സ്വന്തം നയങ്ങളുടെ യഥാര്ത്ഥസ്വഭാവത്തെ മറച്ചുവെയ്ക്കാനും ബഹുജനങ്ങളെ വഴിതെറ്റിക്കാനും സ്വന്തം വര്ഗ്ഗഭരണത്തെ ഉറപ്പിക്കാനുമാണ് കോണ്ഗ്രസ്സും ഗവണ്മെന്റും ഇതിനെ ഉപയോഗപ്പെടുത്തുന്നതെങ്കിലും, മൗലികമായ മാറ്റങ്ങള് വരുത്താനുള്ള സാദ്ധ്യതകളും അതുകൊണ്ട് കൂടുതലായിട്ടുണ്ട്.
ഈ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യയുടെ വ്യവസായവല്ക്കരണത്തില് സുപ്രധാനമായ പങ്കുവഹിക്കാന് വേണ്ട എല്ലാ സാഹചര്യങ്ങളും കേരളത്തിലുണ്ട്. എന്തുകൊണ്ടെന്നാല്, മികച്ച ഒരു വനസമ്പത്തും, വിലയേറിയ നിരവധി ധാതുദ്രവ്യങ്ങളും പരന്നുകിടക്കുന്ന ഒട്ടേറെ ജലാശയങ്ങളും, ദീര്ഘവും വിശാലവുമായ കടലും, ഇന്ത്യയുടെ ആകെ വ്യവസായവല്ക്കരണത്തിനു സഹായകമാകുന്ന മറ്റു ഭൗതികസമ്പത്തുകളുമുള്ള ഒരു സംസ്ഥാനമാണ് നമ്മുടേത്. ഇവയും നമ്മുടെ അദ്ധ്വാനശീലരായ ജനങ്ങളുടെ പ്രയത്നശക്തിയും ചേര്ത്ത് അവയെ വഴിയാംവണ്ണം ഉപയോഗിച്ചും വ്യവസായവും കൃഷിയും മറ്റും വളര്ത്തി നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ ജീവിതം നന്നാക്കിത്തീര്ക്കാന് നമുക്കു കഴിയാത്തത്, നമ്മുടെ നാട്ടിലിന്നും നിലവിലുള്ള സാമൂഹ്യവ്യവസ്ഥ (ജന്മിമേധാവിത്വവും, വിദേശമുതലാളിമാരുടെ മേധാവിത്വവും, നാടന് കുത്തകമുതലാളിമാരുടെ കൊള്ളലാഭമെടുക്കലും) മൂലമാണ്. ഈ സാമൂഹ്യവ്യവസ്ഥ അവസാനിപ്പിച്ച്, നമ്മുടെ ഉല്പാദനശക്തികളെ കെട്ടഴിച്ചുവിടുകയാണ്, കേരളത്തിന്റെ സവിശേഷപ്രശ്നങ്ങളായി കണക്കാക്കപ്പെടുന്ന ജനസാന്ദ്രത, തൊഴിലില്ലായ്മ, ഭക്ഷണകമ്മി മുതലായവയ്ക്കെല്ലാം പരിഹാരം കാണാനുള്ള വഴി.
ഇങ്ങനെ നമ്മുടെ വിഷമപ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിനെ ബാധിക്കുന്ന പലേ തടസ്സങ്ങളും നിലനില്ക്കുന്നുണ്ടെന്നും, ആ തടസ്സങ്ങളില് മുഖ്യമായതു ദേശീയനിര്മ്മാണപ്രവര്ത്തനം സംബന്ധിച്ച് ഇന്നത്തെ കോണ്ഗ്രസ്സ് ഗവണ്മെന്റു തുടര്ന്നുപോരുന്ന പലേ നയങ്ങളുമാണെന്നുമുള്ള സംഗതി നമുക്കൊരിക്കലും മറക്കാന് വയ്യ:
(എ) നമ്മുടെ സമ്പത്തുകളാകെ നിര്മ്മാണാത്മകമായി ഉപയോഗിക്കുന്നതിനുള്ള മുഖ്യ തടസ്സം, നമ്മുടെ നാട്ടിലെ ഭൂവുടമ സമ്പ്രദായമാണ്: ഫലഭൂയിഷ്ഠമായ ഭൂമി ആയിരക്കണക്കിനേക്കര് തരിശ്ശായിടാനും, കൃഷിചെയ്യാന് കൊടുക്കുന്നതിനു പ്രതിഫലമായി തലപൊളിക്കുന്ന പാട്ടം കൃഷിക്കാരില് നിന്നു വാങ്ങാനും, കൃഷിചെയ്യുന്നവരെ ഒഴിപ്പിച്ച് തൊഴിലില്ലാത്തവരാക്കി മറ്റാനും ജന്മികള്ക്കു പൂര്ണ്ണമായ അധികാരം കൊടുക്കുന്ന സമ്പ്രദായമാണ് കേരളത്തിന്റെ മുഖ്യഭാഗമായ തിരുവിതാംകൂര് പ്രദേശത്ത് ഇപ്പോഴും നിലവിലുള്ളത്. താരതമ്യേന കൂടുതല് നല്ല ഭൂനിയമങ്ങളുള്ള കൊച്ചി-മലബാര് പ്രദേശങ്ങളില്പോലും ഒന്നാം പഞ്ചവത്സരപദ്ധതിയില് പ്ലാനിംഗ് കമ്മീഷന് നല്കിയ നിര്ദ്ദേശങ്ങള് (ഉദാ: പാട്ടം ഒരു നിലയിലും 25 ശതമാനത്തില് കൂടരുതെന്നും ഭൂമി കൈവശത്തിനു പരിധി നിര്ണ്ണയിക്കണമെന്നുള്ള ശുപാര്ശകള്) നടപ്പില് വരുത്തിയിട്ടില്ല. ഇതാണു കേരളത്തിലെ കോണ്ഗ്രസ് നേതൃത്വം എടുക്കുന്ന നിലപാടെങ്കില്, കേന്ദ്രഗവണ്മെന്റും അഖിലേന്ത്യാ പ്ലാനിംഗ് കമ്മീഷനും തന്നെ, പ്ലാനിംഗ് കമ്മീഷന്റെ ഭൂനയകമ്മിറ്റി നല്കിയ താരതമ്യേന പുരോഗമനപരമായ ശുപാര്ശകള് (ഉദാ: പാട്ടം ഒരു നിലയിലും 16 1/4 ശതമാനത്തില് അധികമാകരുതെന്നും ഒഴിപ്പിക്കല് നടപടികളെ കര്ശനമായി തടയണമെന്നും മറ്റും) തള്ളിക്കളയുകയും, ഈ കാര്യത്തില് സ്റ്റേറ്റ് ഗവണ്മെന്റുകള്ക്കു പൂര്ണ്ണാധികാരം നല്കുകയും ചെയ്തിരിക്കുകയാണ്.
(ബി) ഭൂവുടമസമ്പ്രദായമെന്ന പോലെതന്നെ വിജയകരമായ പ്ലാനിംഗിന് തടസ്സമായി നില്ക്കുന്ന മറ്റൊരു ഘടകമാണ്, നമ്മുടെ ഭൗതികവിഭവങ്ങളുടെ മേല് വിദേശ മുതലാളിമാര്ക്കുള്ള മേധാവിത്വം. ഇത് തികച്ചും അവസാനിപ്പിച്ച് വിദേശ ഉടമയിലുള്ള നമ്മുടെ തോട്ടങ്ങള്, ഖനികള്, മുഖ്യവ്യവസായങ്ങള്, മുതലായവയും, വിദേശവ്യാപാരവും ദേശവല്ക്കരിക്കണമെന്നു ഇന്നാട്ടിലെ ജനാധിപത്യവാദികള് തുടര്ച്ചയായി ആവശ്യപ്പെട്ടുപോന്നിട്ടുണ്ട്. അതനുസരിച്ച് സാമ്പത്തികരംഗത്തുള്ള വിദേശമേധാവിത്വം അവസാനിപ്പിക്കാന് മാത്രമല്ല, വിദേശമുതലാളിമാര് ഇന്നാട്ടില് നിന്ന് കൊല്ലംതോറും വമ്പിച്ച തുകകള് ലാഭമായി കയറ്റി അയക്കുന്നത് നിര്ത്തണമെന്ന നിര്ദ്ദേശമംഗീകരിക്കാന്പോലും ഗവണ്മെന്റ് കൂട്ടാക്കിയിട്ടില്ല.
(സി) വിജയകരമായ പ്ലാനിംഗിന് ഒഴിക്കാന് വയ്യാത്ത മറ്റൊരു ഉപാധിയാണ്, മൗലികവ്യവസായങ്ങള് പൊതുഉടമയിലായിരിക്കുകയെന്നത്. ഒരു തത്വമെന്ന നിലയിലിത് പ്ലാനിംഗ് കമ്മീഷന് തന്നെ അതിന്റെ ആദ്യത്തെ കരടു ചട്ടക്കൂട്ടില് അംഗീകരിച്ചുമിരുന്നു. എന്നാല് വിദേശികളും സ്വദേശികളുമായ വന്കിടമുതലാളിമാരുടെ നിര്ബന്ധത്തിനു കീഴ്വണങ്ങി ഈ തത്വം തള്ളിക്കളയുകയും, മുഖ്യവ്യവസായങ്ങള് പലതും സ്വകാര്യമേഖലയില് പെടുത്തുകയുമാണ് അവസാനം കമ്മീഷന് ചെയ്തത്.
(ഡി) വിജയകരമായ പ്ലാനിംഗിന്നു ഒഴിച്ചുകൂടാന് വയ്യാത്ത മറ്റൊരു ഉപാധി, ജനങ്ങളുടെ സഹകരണമാണ്. പ്ലാന് രൂപീകരിക്കുന്നതിലും നടപ്പില് വരുത്തുന്നതിലും ജനങ്ങളെ - വിശേഷിച്ചും അദ്ധ്വാനിക്കുന്നജനവിഭാഗങ്ങളെ - എല്ലാ നിലവാരത്തിലും സജീവമായും ഫലപ്രദമായും പങ്കെടുപ്പിക്കാതെ, പ്ലാനിംഗ് സാദ്ധ്യമല്ല. എന്നാല് ഭരണാധികാരികള് ജനകീയ സഹകരണത്തെപ്പറ്റി പ്രസംഗിക്കുന്നുണ്ടെങ്കിലും, എല്ലാ അധികാരവും ചുമതലയും ഉദ്യോഗസ്ഥമേധാവികളെ ഏല്പിക്കുന്ന പഴയ സമ്പ്രദായം ഇന്നും തുടരുകയാണ് ചെയ്യുന്നത്.
(ഇ) പ്ലാന് നടപ്പില് വരുത്തുന്നതിനുവേണ്ട പണം ഉണ്ടാക്കുന്നതിന് ഋജുവും പ്രായോഗികവുമായ പല മാര്ഗ്ഗങ്ങളും കമ്മ്യൂണിസ്റ്റ് പാര്ടിയും മറ്റു ജനാധിപത്യവാദികളും നിര്ദ്ദേശിക്കുകയുണ്ടായിട്ടുണ്ട്: ഒരു ക്ലിപ്തമായ തോതില് കവിഞ്ഞ് ലാഭമെടുക്കാന് ഒരു മുതലാളിയേയും അനുവദിക്കാതിരിക്കുക: വിദേശമുതലാളിമാരുടെ അമിതമായ ലാഭം കയറ്റി അയക്കല് തടഞ്ഞ് അവര്ക്കുകിട്ടുന്ന ലാഭത്തില് മുഖ്യഭാഗം ഇവിടെത്തന്നെ നിര്ത്തുക; ഇങ്ങനെ സ്വദേശികളും വിദേശികളുമായ മുതലാളിമാര്ക്ക് അനുവദിക്കുന്ന ക്ലിപ്തലാഭം കഴിച്ചു കൂടുതലുണ്ടാകുന്ന മിച്ച സംഖ്യകള് ദേശീയ പുനര്നിര്മ്മാണത്തിനാവശ്യമുള്ള മൂലധനമായി ഉപയോഗിക്കുക; വിദേശവ്യാപാരം പൊതുഉടമയില് കൊണ്ടുവരിക; പൊതുഉടമയിലുള്ള സ്ഥാപനങ്ങളില് നിന്നു കിട്ടുന്ന ആദായം വര്ദ്ധിപ്പിക്കാന് വേണ്ട നടപടികളെടുക്കുക; ആദായനികുതി; കാര്ഷികാദായനികുതി; നിലനികുതി മുതലായി ഇന്നു നിലവിലുള്ള നികുതിസമ്പ്രദായങ്ങള് വീണ്ടും പരിശോധിച്ച് അവയുടെ ഭാരം പാവപ്പെട്ടവരുടെ തലയില് നിന്നുമാറ്റി പണക്കാരുടെ തലയിലേക്ക് ഇറക്കിവയ്ക്കുക; മറ്റും മറ്റും ഈ നിര്ദ്ദേശങ്ങള് സ്വീകരിക്കുന്നതിനുപകരം പാവപ്പെട്ടവരുടെമേല് ചെന്നു വീഴുന്ന വില്പന നികുതി, എക്സൈസ് നികുതി മുതലായവ വര്ദ്ധിപ്പിക്കുകയും, നിലനികുതി, ജലനികുതി മുതലായവയുടെ ഭാരം പാവപ്പെട്ടവരുടെ തലയില് കൂടുതല് കയറ്റിവെക്കുകയും ചെയ്തുകൊണ്ടാണ് ധനാഗമ മാര്ഗ്ഗങ്ങള് സംബന്ധിച്ച് പ്ലാനിംഗ് കമ്മീഷന് അതിന്റെ നിര്ദ്ദേശങ്ങള് വെച്ചിട്ടുള്ളത്.
(എഫ്) ഈ ഗവണ്മെന്റു നയങ്ങളുടെ ഫലമായി, തൊഴിലാളികള്, കൃഷിക്കാര്, കാര്ഷികതൊഴിലാളികള്, അദ്ധ്വാനിക്കുന്ന ഇടത്തരക്കാര് എന്നിവരുടെ ജീവിതനിലവാരം ക്രമേണ ക്രമേണയായി ഉയരുന്നതിനുപകരം അവര് പാപ്പരാവുകയും, പണക്കാര് കൂടുതല് കൂടുതല് പണക്കാരാവുകയും ചെയ്യാന് പ്രയോജനപ്പെടത്തക്കവിധത്തിലാണ് പ്ലാനിംഗ് നടത്തുന്നത്. വ്യവസായരംഗത്തു ഉല്പാദനം വര്ദ്ധിക്കുന്നുണ്ടെങ്കിലും തൊഴിലില്ലായ്മ കുറയുന്നില്ല; സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെ നിര്ബന്ധം നിമിത്തം പല വ്യവസായങ്ങളിലും ചുരുങ്ങിയകൂലി കൂടുതല് അനുവദിക്കേണ്ടിവരുന്നുണ്ടെങ്കിലും, ഇതിനേക്കാള് എത്രയോ കൂടുതല് ഉയര്ന്നതോതില് അദ്ധ്വാനഭാരം വര്ദ്ധിപ്പിക്കുന്നുണ്ട്; ഇതിന്റെ ഫലമായി, വര്ദ്ധിച്ചുവരുന്ന വ്യാവസായികോല്പാദനം മുതലാളിമാരുടെ ലാഭം വര്ദ്ധിപ്പിക്കാനേ ഉപയോഗപ്പെടുന്നുള്ളു. കാര്ഷികരംഗത്തിലും ഉല്പാദനം വര്ദ്ധിക്കുന്നതിന്റെ ഫലം മുഖ്യമായനുഭവിക്കുന്നത് ഒരു പിടി ജന്മികളും, ധനികകൃഷിക്കാരുമാണ്; അവരുടെ മടിശ്ശീലയിലേയ്ക്കാണ് കാര്ഷിഭിവൃദ്ധിക്കെന്ന പേരില് ചെലവിടുന്ന ഭാരിച്ച സംഖ്യകളില് ഭൂരിഭാഗവും ഒഴുകിപ്പോകുന്നത്; ഭൂരിപക്ഷം കൃഷിക്കാരാകട്ടെ, നികുതി വര്ദ്ധനവും, കടഭാരവും കാര്ഷികോല്പന്നങ്ങളുടെ വിലയിടിവും നിമിത്തം കഷ്ടപ്പെടുകയാണ്; ജന്മികള് നടത്തുന്ന ഒഴിപ്പിക്കല് നടപടികളുടെ ഫലമായി അവരിലൊരു വിഭാഗം കാര്ഷികത്തൊഴിലാളികളായി അധഃപതിച്ചിച്ചുവരുന്നുമുണ്ട്. ഇടത്തരക്കാരടക്കമുള്ള മറ്റു അദ്ധ്വാനിക്കുന്ന ബഹുജനങ്ങള്ക്കും ഭാരിച്ച നികുതികളുടേയും, നിത്യോപയോഗസാധനങ്ങളുടെ വിലനിരക്കില് അടുത്ത മാസങ്ങളില് വന്ന വര്ദ്ധനവിന്റെയും ഫലമായി ഒട്ടേറെ കഷ്ടതകളനുഭവിക്കേണ്ടിവരുന്നുണ്ട്.
(ജി) ഇങ്ങനെ അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെ ജീവിതനിലവാരം കൂടുതല് കൂടുതല് അധഃപതിച്ചുവരുമ്പോള് അവരുടെ ഇടയില് അതൃപ്തി പടന്നുപിടിക്കുകയും സംഘടിതമോ, അസംഘടിതമോ, ആയ സമരങ്ങള് പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നത് സ്വാഭാവികം മാത്രമാണ്. ഇങ്ങനെ വരുമ്പോഴെല്ലാം ബഹുജനങ്ങളെ അക്രമാസക്തരെന്നും, അവരുടെ ഇടയില് പ്രവര്ത്തിച്ച് അവരുടെ സമരങ്ങള്ക്ക് രൂപം കൊടുക്കുന്ന പ്രവര്ത്തകരെ അട്ടിമറിക്കാരെന്നും മുദ്രകുത്തി അടിച്ചമര്ത്താനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ഇയ്യിടെ കാസിപ്പെട്ടിലും, ഖരഗ്പൂരിലും, കല്ക്കത്തയിലും മറ്റും നടന്നത്. ഇന്ത്യയുടെ മറ്റുഭാഗങ്ങളിലെന്നപോലെയോ അതിലുമധികമോ ആയ തോതില് ഇതെല്ലാം കേരളത്തിലും നടക്കുന്നുണ്ട്.
(എച്ച്) അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഇടയില് മാത്രമല്ല ഉയര്ന്ന വര്ഗ്ഗങ്ങളില്പെട്ട ചില വിഭാഗങ്ങളില്പോലും, അതൃപ്തിയും പ്രക്ഷോഭവും പൊന്തിവരത്തക്ക നിലയിലാണ് ഗവണ്മെന്റ് അതിന്റെ രാഷ്ട്രീയ-സാമ്പത്തിക നയങ്ങള് രൂപീകരിച്ച് നടപ്പില്വരുത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഉത്തമോദാഹരണമാണ്, മഹാരഷ്ട്ര സംസ്ഥാനത്തില് അവിടത്തെ പ്രാദേശിക കോണ്ഗ്രസ്സ്കമ്മിറ്റി പോലും ഒരതിര്ത്തിവരെ പങ്കുകൊണ്ടതും, ഇന്നും തുടര്ന്നുവരുന്നതുമായ പ്രക്ഷോഭം. ഇത്തരത്തില് എല്ലാ ജനവിഭാഗങ്ങളേയും ഉള്ക്കൊള്ളുന്ന പ്രക്ഷോഭത്തിന്റെ ഫലമായാണ് അടുത്ത അവസരത്തില് പുറത്തുവന്ന ബംഗാള്-ബീഹാര് ലയനനിര്ദ്ദേശം പിന്വലിക്കാന് ഭരണകക്ഷി നിര്ബന്ധിക്കപ്പെട്ടത്. രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി നടത്തുന്ന ദേശീയ പുനര്നിമ്മാണപദ്ധതികളില് ചില പ്രത്യേക പ്രദേശങ്ങള്ക്ക് അവ അര്ഹിക്കുന്ന സ്ഥാനം കിട്ടാത്തതും, അതാതു പ്രദേശത്തെ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിപ്പിക്കുന്ന പ്രക്ഷോഭങ്ങള്ക്ക് ഇടയാക്കുന്നുണ്ട്. ഇതിന്റെ അല ഈയിടെ നടന്ന ദേശീയ വികസനകൗണ്സിലിന്റെ യോഗത്തിലും (തെക്കെ ഇന്ത്യയില് പൊതുവിലും രണ്ടു സ്റ്റേറ്റിനു പ്രത്യേകിച്ചും രണ്ടാം പഞ്ചവത്സരപദ്ധതിയില് വളരെ ചുരുങ്ങിയ പങ്കേ കിട്ടിയിട്ടുള്ളു എന്ന ഹനുമന്തയ്യയുടെ പ്രസംഗത്തിന്റെ രൂപത്തില്) ചെന്നടിക്കുകയുണ്ടായി. ഇത്തരം പ്രക്ഷോഭണങ്ങളോടൊപ്പംതന്നെ പോലീസ് മര്ദ്ദനങ്ങള്ക്കെതിരായും, കൈക്കൂലിയും, അഴിമതികളും തടഞ്ഞുകിട്ടാനും മറ്റുമുള്ള പ്രക്ഷോഭങ്ങളിലും വിവിധ ജനവിഭാഗങ്ങള് പങ്കെടുത്തുവരുന്നുണ്ട്.
(ഐ) ഒരു തരത്തിലല്ലെങ്കില് മറ്റൊരു തരത്തില് ഇന്ത്യയിലെല്ലായിടത്തുമുള്ള ഈ സ്ഥിതിവിശേഷങ്ങള് അതിന്റെ മൂര്ദ്ധന്യത്തിലെത്തിയ ഒരു സംസ്ഥാനമാണ് കേരളം. ബ്രിട്ടീഷ്ഭരണത്തിനും, നാട്ടുരാജ്യ സ്വേച്ഛാധിപത്യത്തിനുമെതിരായിട്ടെന്നപോലെതന്നെ, പരിപൂര്ണ്ണസ്വാതന്ത്ര്യലബ്ധിക്കുശേഷം കോണ്ഗ്രസ്സ് ഭരണത്തിനെതിരായിട്ടും, പോരാടിയ ഒരു ജനതയാണ് കേരളത്തിലുള്ളത്. കൂലിക്കും, ജോലിക്കും, ഭൂമിക്കും നല്ലൊരു ജീവിതത്തിനും വേണ്ടി ബ്രിട്ടീഷ് ഭരണകാലത്തുതന്നെ നടത്തിയ സമരങ്ങള് കോണ്ഗ്രസ് ഭരണത്തിന്കീഴിലും അവര് തുടര്ന്നു. പക്ഷെ, സ്വാതന്ത്ര്യലബ്ധിയുടെ ഫലമായി തങ്ങള്ക്കുണ്ടായിരിക്കുമെന്ന് അവര് പ്രതീക്ഷിച്ച അഭിവൃദ്ധിയൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല അവരുടെ സ്ഥിതി കൂടുതല് വഷളായിത്തീരുകപോലും ചെയ്തു. ഇത് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്ക്കിടയില് മാത്രമല്ല, ഉയര്ന്ന വര്ഗ്ഗക്കാരുടെ ഇടയില്പ്പോലും അതൃപ്തിക്കിടയാക്കി.
കേരളത്തില് തൊഴിലില്ലായ്മ, അദ്ധ്വാനിയ്ക്കുന്ന ജനവിഭാഗങ്ങളുടെയിടയില് മാത്രമല്ല, എല്ലാ വിഭാഗക്കാരുമായ അഭ്യസ്തവിദ്യരുടെയിടയിലും ഏറ്റവും ഉല്ക്കടമായ രൂപം കൈക്കൊണ്ടിട്ടു എത്രയോ വര്ഷങ്ങളായി. ഈ തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണാനുള്ള പ്രത്യേക നടപടികളുള്ക്കൊള്ളാത്ത യാതൊരു പ്ലാനിംഗും കേരളത്തിന്റെ ദേശീയപുനര് നിര്മ്മാണത്തിനു വഴി തെളിയിക്കുകയില്ല. കൂടാതെ തൊഴിലില്ലായ്മ, ഭക്ഷണകമ്മി, കൃഷിസൗകര്യങ്ങളുടെ കുറവ് മുതലായി കേരളത്തിനു സവിശേഷമായ പല വിഷമപ്രശ്നങ്ങളുമുള്ളവയ്ക്കു പരിഹാരം കാണാന് വ്യാവസായികമായും, കാര്ഷികാഭിവൃദ്ധി സംബന്ധിച്ചുമുള്ള പ്രത്യേക നടപടികളെടുത്തില്ലെന്നു മാത്രമല്ല, മറ്റു സംസ്ഥാനങ്ങള്ക്കു കിട്ടുന്ന തോതിലുള്ള സഹായം പോലും കേന്ദ്രത്തില്നിന്നു തിരു-കൊച്ചിക്കോ, മദിരാശി സംസ്ഥാനത്തില് നിന്നു മലബാര്-കാസര്ഗോഡ് പ്രദേശങ്ങള്ക്കോ കിട്ടുകയുണ്ടായില്ല.
ഇതും, കോണ്ഗ്രസ് ഗവണ്മെന്റിന്കീഴില് വളര്ന്നുവന്ന അഴിമതികളും നിമിത്തം ഉയര്ന്ന വര്ഗ്ഗക്കാരിലും, ഇടത്തരക്കാരിലും തന്നെ അതൃപ്തി പരന്നുപിടിക്കാന് തുടങ്ങി. അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെ ഇടയില് മുമ്പുതന്നെയുള്ള പ്രസ്ഥാനവും, ഉയര്ന്ന വര്ഗ്ഗക്കാരിലും, ഇടത്തരക്കാരിലും പടര്ന്നുപിടിച്ച ഈ അതൃപ്തിയും ചേര്ന്നാണ് 1952 ല് കേരളത്തിലാകെയും, 1954 ല് തിരു-കൊച്ചിയിലും നടന്ന പൊതുതെരഞ്ഞെടുപ്പുകളില് കോണ്ഗ്രസ്സിന്റെ പരാജയത്തിനിടയാക്കിയത്. എന്നാല് ഇങ്ങനെ പരാജയമടഞ്ഞിട്ടും ആ പരമാര്ത്ഥം മര്യാദയായി അംഗീകരിച്ച് എതിര്പക്ഷപാര്ടികള്ക്ക് അവരുടേതായ ഗവണ്മെന്റ് രൂപീകരിക്കാന് സൗകര്യം കൊടുക്കുന്നതിനുപകരം ഒന്നിനുമീതെ മറ്റൊന്നായി കുതന്ത്രങ്ങളെടുത്തു ഉപയോഗിച്ച് അധികാരത്തില് ചടഞ്ഞുകൂടാന് തന്നെയാണ് കോണ്ഗ്രസ് ശ്രമിച്ചത്. കോണ്ഗ്രസിന്റെ ഈ ജനാധിപത്യവിരുദ്ധനയത്തിന്റെ ഫലമായി വളരെ ഗൗരവമായ ഒരു രാഷ്ട്രീയ അസ്ഥിരത്വം നമ്മുടെ സംസ്ഥാനത്തെ നേരിട്ടുകഴിഞ്ഞിരിക്കുന്നു. ഈ അസ്ഥിരത്വത്തില് നിന്നുള്ള യഥാര്ത്ഥ പ്രതിവിധി കോണ്ഗ്രസ്സ് അതിന്റെ പരാജയം സമ്മതിച്ച് എതിര് പക്ഷപാര്ടികളുടേതായ ഗവണ്മെന്റ് രൂപീകരിക്കാന് അവസരം കൊടുക്കുകയാണ്. ഇതിനുപകരം കോണ്ഗ്രസ് ചെയ്യുന്നതാകട്ടെ, ഉപദേശകഭരണം സ്ഥാപിച്ച് ആ രൂപത്തില് കോണ്ഗ്രസ് ഭരണം തന്നെ തുടരുകയാണ്.
III
ഈ പശ്ചാത്തലത്തിലാണ് കേരളസംസ്ഥാനം ഉടലെടുക്കുന്നതെന്നതിനാല്, ജനാധിപത്യപരവും, ഐശ്വര്യപൂര്ണ്ണവുമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കുന്നതിനു കോണ്ഗ്രസ് ഗവണ്മെന്റ് അനുസരിച്ചുവരുന്നതും മുകളില് വിവരിച്ചതുമായ ജനദ്രോഹനയങ്ങള്ക്കെതിരായി രാജ്യസ്നേഹികളായ മലയാളികളാകെ യോജിച്ചണിനിരക്കണം. ഇങ്ങനെ യോജിച്ച് അണിനിരക്കുന്ന രാജ്യസ്നേഹികളെല്ലാം ചേര്ന്ന്:
- തിരു-കൊച്ചിയിലെ ഉപദേശകഭരണത്തിന്കീഴില് നടക്കുന്ന അക്രമങ്ങള്ക്കും, അഴിമതികള്ക്കും, ജനാധിപത്യവിരുദ്ധനടപടികള്ക്കും എതിരായി ഉറച്ചുനിന്നു പോരാടണം.
- ഒക്ടോബര് 1 നു കേരളസംസ്ഥാനം രൂപമെടുക്കുന്ന അവസരത്തില് ഇന്നത്തെ മലബാര്-കാസര്ഗോഡ് എം.എല്.എമാരും തിരു-കൊച്ചിയിലെ തമിഴ്നാട് പ്രദേശമൊഴിച്ച് മറ്റു പ്രദേശത്തുള്ള എം.എല്.എമാരും ചേര്ന്നു ഒരു കേരളസംസ്ഥാന നിയമസഭ നിലവില് വരുത്തണമെന്ന് കേന്ദ്രഗവണ്മെന്റിനോട് ആവശ്യപ്പെടണം.
- ഈ കേരളസംസ്ഥാന നിയമസഭയോട് ഉത്തരവാദപ്പെട്ട ഒരു ഗവണ്മെന്റ് ഒക്ടോബര്
1 നു തന്നെ നിലവില് വരുത്താന് വേണ്ട നടപടികള് കേന്ദ്രഗവണ്മെന്റിനെക്കൊണ്ട് എടുപ്പിക്കണം.
- കഴിഞ്ഞ നാലഞ്ചുകൊല്ലമായി തിരു-കൊച്ചിയില് തുടര്ന്നു പോന്നതും, കേരളസംസ്ഥാനത്തില് തുടരുമോയെന്നു ഭയപ്പെടുന്നതുമായ മന്ത്രിസഭാകുഴപ്പങ്ങള് കൂടാതെ കഴിച്ച്, ജനാധിപത്യപരവും ഐശ്വര്യപൂര്ണ്ണവുമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കാന് വേണ്ട ഒരു മിനിമം പരിപാടി നടപ്പിലില് വരുത്താന് കെല്പ്പുള്ള ഉറച്ച ഒരു ഗവണ്മെന്റുണ്ടാക്കുന്നതിന്, അങ്ങനെയൊരു പരിപാടിയുടെ അടിസ്ഥാനത്തില് കേരളത്തിലെ ഇടതുപക്ഷപാര്ടികള്, ജനാധിപത്യവാദികളായ വ്യക്തികള്, കോണ്ഗ്രസ്സിന്റെ പിന്തിരിപ്പന് യനങ്ങള്ക്കെതിരായി പോരാടാന് തയ്യാറുള്ള കോണ്ഗ്രസ്സുകാര് എന്നിവര് തമ്മിലൊരു തെരഞ്ഞെടുപ്പു സംഖ്യമുണ്ടാക്കി. അവര്ക്കു നിയമസഭയില് ഭൂരിപക്ഷം സമ്പാദിച്ച്, അവരുടെ കൂട്ടുകെട്ടിന്റേതായ ഒരു ഗവണ്മെന്റ് രൂപീകരിക്കാന് വേണ്ട സാഹചര്യം സൃഷ്ടിക്കണം.
- നിത്യോപയോഗ സാധനങ്ങളുടെ വിലവര്ദ്ധനവ് തടയുന്നതിനും; തൊഴിലാളികളുടെയും, ഇടത്തരക്കാരുടേയും കൂലി-ശമ്പളനിരക്കുകള് വര്ദ്ധിപ്പിച്ചു കിട്ടുന്നതിനും; കാര്ഷികോല്പന്നങ്ങള്ക്ക് ന്യായമായ വിലകിട്ടുന്നതിനും; ഒഴിപ്പിക്കല് തടയുന്നതിനും; ബഹുജനങ്ങളുടെ മറ്റ് അടിയന്തരാവശ്യങ്ങള് നേടിയെടുക്കുന്നതിനും വേണ്ടി ഇടതുപക്ഷപാര്ടികളും, ജനാധിപത്യവാദികളായ വ്യക്തികളും, രാജ്യസ്നേഹികളായ കോണ് ഗ്രസ്സുകാരും യോജിച്ചു പോരാടണം. ഇന്നുതന്നെ കേരളത്തിന്റെ പലഭാഗത്തും പ്രാദേശികമായി ജനങ്ങളുടെ അടിയന്തരാവശ്യങ്ങള് നേടിയെടുക്കാനുള്ള പ്രക്ഷോഭങ്ങളില് വിവിധ പാര്ടികളില്പെട്ടവര് ഒന്നിച്ചുചേരാന് തുടങ്ങിയിട്ടുണ്ട്. അത്തരം ഐക്യത്തെ ഇനിയും വിപുലപ്പെടുത്തുകയും വളര്ത്തുകയും വേണം.
ഇവയെല്ലാമാണു പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്ത്തനത്തിന്റെ പ്രാരംഭമെന്ന നിലയ്ക്കു പുരോഗമനവാദികളായ പാര്ടികളുടെയും ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും മുമ്പില് കമ്മ്യൂണിസ്റ്റ് പാര്ടി സമര്പ്പിക്കുന്ന അടിയന്തരകടമകള്. ഈ കടമകള് നിറവേറ്റുന്നതില് അവരുടെയെല്ലാം സഹായസഹകരണങ്ങള്ക്കായി പാര്ടി അവരോട് അഭ്യര്ത്ഥിക്കുന്നു.
ഈ അഭ്യര്ത്ഥനയുടെ കൂട്ടത്തില് പി.എസ്.പിയെ പ്രത്യേകിച്ച് സംബോധനചെയ്യാന് കമ്മ്യൂണിസ്റ്റ് പാര്ടി ആഗ്രഹിക്കുന്നു. 1951-52 ലെ പൊതുതെരഞ്ഞെടുപ്പില് മലബാറില് കമ്മ്യൂണിസ്റ്റ് പാര്ടിയും പ്രജാപാര്ടിയും തമ്മിലുണ്ടാക്കിയ ഐക്യമുന്നണിയും, 1954 ലെ തിരു-കൊച്ചിയിലെ പൊതുതിരഞ്ഞെടുപ്പുകാലത്ത് കമ്മ്യൂണിസ്റ്റ് പാര്ടിയും പി.എസ്.പിയും മറ്റിടതുപക്ഷപാര്ടികളും ചേര്ന്നുണ്ടാക്കിയ ഐക്യമുന്നണിയും നാട്ടുകാരിലുണ്ടാക്കിയ ആവേശവും, തിരഞ്ഞെടുപ്പിനുശേഷം ആ ഐക്യമുന്നണി പൊളിഞ്ഞപ്പോള് നാട്ടുകാരിലുളവായ നിരാശയും വീണ്ടും ഒന്നോര്ത്തുനോക്കാന് പി.എസ്.പിയോടു കമ്മ്യൂണിസ്റ്റ്പാര്ടി അപേക്ഷിക്കുന്നു.
1954 ല് മാത്രമല്ല അതിന്നുമുമ്പും, കേരളത്തിലെ ജനാധിപത്യശക്തികളെ ഏകോപിപ്പിച്ച്, കോണ്ഗ്രസ് ഗവണ്മെന്റിന്റെ ജനാധിപത്യവിരുദ്ധനയങ്ങളെ എതിര്ത്ത്, അവയ്ക്കു പകരം ജനസേവനപരമായ നയങ്ങള് നടപ്പില്വരുത്തുന്ന ഒരു ഗവണ്മെന്റ് നിലവില്വരുത്താന് കഴിയാതെ വന്നത് പി.എസ്.പി നേതൃത്വമനുസരിച്ച കമ്മ്യൂണിസ്റ്റ് വിരോധനയം മൂലമാണെന്നതു ഒരാള്ക്കും നിഷേധിയ്ക്കാന് വയ്യാത്തൊരു ചരിത്രസത്യമാണ്. ഈ നയം തന്നെ ഒരു രൂപത്തിലല്ലെങ്കില് മറ്റൊരു രൂപത്തില് അവര് ഇനിയും തുടരുമോ; കേരളത്തിലെ പൊതുജീവിതത്തില് കമ്മ്യൂണിസ്റ്റുകാര് നേടിക്കഴിഞ്ഞ സ്ഥാനം അവര്ക്കു നിയമസഭയിലും മന്ത്രിസഭയിലും കിട്ടാതിരിക്കണമെന്ന ഉദ്ദേശത്തോടെ, അതു സാധിക്കാന് പറ്റുന്ന തന്ത്രങ്ങള് അവര് തുറന്നെടുക്കുമോ; കമ്മ്യൂണിസ്റ്റുകാരെ ഒഴിച്ചുനിര്ത്തിക്കൊണ്ടും അവര്ക്കെതിരായും മറ്റു പാര്ടികളും ഗ്രൂപ്പുകളുമായി ഒത്തുതീര്പ്പുണ്ടാക്കാന് അവര്ശ്രമിക്കുമോ - നാട്ടുകാരുടെയിടയില് നിന്നു പൊന്തിവരുന്ന ചോദ്യങ്ങളാണിവ. ഇവയ്ക്കെല്ലാം ന്യായമായ മറുപടി നല്കത്തക്കവിധം തങ്ങളുടെ നയമാകെ പുനഃപരിശോധിയ്ക്കാന് പി.എസ്.പിയോടു മൊത്തത്തില് അഭ്യര്ത്ഥിക്കുന്നതോടൊപ്പം, ഇത്തരത്തില് സ്വന്തം നയം പുനഃപരിശോധിച്ച് ഐക്യത്തിനുവേണ്ട അടിസ്ഥാനമിടാന് ശ്രമിക്കുന്ന പി.എസ്.പി. സുഹൃത്തുക്കളെയെല്ലാം കമ്മ്യൂണിസ്റ്റ് പാര്ടി അഭിവാദ്യം ചെയ്യുന്നു.
പി.എസ്.പിയെക്കൊണ്ട് ശരിയായ ഒരു നയം അംഗീകരിപ്പിക്കുന്ന കാര്യത്തില് ആര്.എസ്.പിയും അതിന്റേതായ പങ്കുവഹിയ്ക്കേണ്ടതുണ്ടെന്ന് അവരെ ഓര്മ്മപ്പെടുത്താന് കമ്മ്യൂണിസ്റ്റ് പാര്ടി ആഗ്രഹിക്കുന്നു. 1952 മുതല്ക്കിന്നേവരെ തിരു-കൊച്ചിയിലെ പി.എസ്.പി അനുസരിച്ചുപോന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധനയത്തിനുള്ള ഉത്തരവാദിത്വത്തിലൊരു പങ്ക് ആര്.എസ്.പിയും വഹിക്കേണ്ടതുണ്ട്. എന്തുകൊണ്ടെന്നാല്, കമ്മ്യൂണിസ്റ്റ്കാര്ക്ക് അവര് അര്ഹിക്കുന്ന സ്ഥാനം നല്കാതിരിയ്ക്കുകയെന്ന പി.എസ്.പി നയത്തെ ഒരു തരത്തിലല്ലെങ്കില് മറ്റൊരു തരത്തില് ആര്.എസ്.പി കഴിഞ്ഞ കാലത്തു ചെയ്തുപോന്നിട്ടുള്ളത്.
മറ്റിടതുപക്ഷപാര്ടികള്, ജനാധിപത്യവാദികളായ വ്യക്തികള്, കോണ്ഗ്രസിന്റെ ജനവിരുദ്ധനയങ്ങള്ക്കെതിരായി പോരാടുന്ന കോണ്ഗ്രസ്സുകാര് എന്നിവരോടും കമ്മ്യൂണിസ്റ്റ് വിരോധനയത്തിന്റെ കണികപോലും വളരാന് അനുവദിയ്ക്കരുതെന്നു പാര്ടി അഭ്യര്ത്ഥിക്കുന്നു. പാര്ടിയെ സംബന്ധിച്ചു പറയുകയാണെങ്കില്, സ്വന്തം സങ്കുചിതസ്വാര്ത്ഥങ്ങളല്ല, പൊതുപ്രസ്ഥാനത്തിന്റെ വിജയമാണ്, പാര്ടിയുടെ പ്രവര്ത്തനങ്ങള്ക്കെല്ലാം കേന്ദ്രലക്ഷ്യമായിരിയ്ക്കേണ്ടതെന്നു മനസ്സിലാക്കി, ഇടതുപക്ഷപാര്ടികള്, ജനാധിപത്യവാദികളായ വ്യക്തികള്, കോണ്ഗ്രസ്സ് ഗവണ്മെന്റിന്റെ ജനാധിപത്യവിരുദ്ധനയങ്ങള്ക്കെതിരായി പോരാടുന്ന കോണ്ഗ്രസ്സുകാര് എന്നിവര് ചേര്ന്ന ഒരു ഗവണ്മെന്റ് കേരളത്തില് ഉണ്ടാക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും തട്ടിനീക്കാന് വേണ്ട നടപടികള് പാര്ടി എടുക്കുന്നതായിരിക്കും.
ഇങ്ങനെ ഇടതുപക്ഷപാര്ടികള്, ജനാധിപത്യവാദികളായ വ്യക്തികള്, കോണ്ഗ്രസ്സിന്റെ ജനാധിപത്യവിരുദ്ധനയങ്ങള്ക്കെതിരായി പോരാടുന്ന കോണ്ഗ്രസ്സുകാര് എന്നിവരെയെല്ലാം യോജിപ്പിച്ച് ജനാധിപത്യപരവും ഐശ്വര്യപൂര്ണവുമായ പുതിയൊരു കേരളം കെട്ടിപ്പടുക്കാന് ശ്രമിക്കുന്നതിനു അടിസ്ഥാനമായി താഴെകൊടുക്കുന്ന മിനിമം പരിപാടി കമ്മ്യൂണിസ്റ്റ്പാര്ടി ജനങ്ങളുടെ മുമ്പാകെ സമര്പ്പിക്കുന്നു.
അതോടൊപ്പംതന്നെ, ഈപരിപാടി മുഴുവന് അംഗീകരിക്കാത്തവരോ, മുഴുവന് അംഗീകരിക്കുന്നുണ്ടെങ്കില്പോലും അതു കോണ്ഗ്രസ്സിനെക്കൊണ്ടു നടപ്പില്വരുത്തിക്കാമെന്ന് വിശ്വസിക്കുന്നവരോ ആയ കോണ്ഗ്രസ്സുകാര് ഉണ്ടായേക്കുമെന്ന് പാര്ടി മനസ്സിലാക്കുന്നു. അത്തരം കോണ്ഗ്രസ്സുകാരോടും കമ്മ്യൂണിസ്റ്റ് പാര്ടി അഭ്യര്ത്ഥിക്കുന്നു: ഇതിലേതിനും നിങ്ങള് സ്വീകരിക്കുന്നുവോ അതിനുവേണ്ടി നമുക്കു യോജിച്ചു പ്രവര്ത്തിയ്ക്കുക.
ഈ പരിപാടി പൂര്ണ്ണമാണെന്നോ മാറ്റേണ്ടതില്ലാത്തതാണെന്നോ പാര്ടി കരുതുന്നില്ല. രാജ്യസ്നേഹികളായ മുഴുവന് മലയാളികളുടേയും പരിഗണനയ്ക്കും അംഗീകാരത്തിനും വേണ്ടിയാണ് പാര്ടി ഈ പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ഇതേപ്പറ്റി ജനങ്ങളുടെ അഭിപ്രായങ്ങളാരാഞ്ഞശേഷം മറ്റു പാര്ടികളുമായി നടത്തുന്ന കൂടിയാലോചനകളുടെ ഫലമായി ആവശ്യമായ മാറ്റങ്ങള് വരുത്താന് പാര്ടി തയ്യാറാണെന്നും പ്രഖ്യാപിച്ചുകൊള്ളുന്നു.
നമുക്ക് ഇന്ന് ആവശ്യമായിട്ടുള്ള യോജിപ്പ് രാഷ്ട്രീയപാര്ടികള് തമ്മിലുണ്ടാക്കുന്ന സഖ്യത്തിലോ ഒത്തുതീര്പ്പുകളിലോ ഒതുങ്ങി നില്ക്കേണ്ട ഒന്നല്ല. ജനാധിപത്യപരവും ഐശ്വര്യപൂര്ണ്ണമായ ഒരു പുതിയ കേരളം പടുത്തുയര്ത്തുകയെന്ന ജോലി മലയാളി ജനതയാകെ ഏറ്റെടുത്തു നിറവേറ്റേണ്ട ഒന്നാണ്. അതുകൊണ്ട് ആ ജോലി ഏറ്റെടുക്കാന് കഴിയുന്ന തരത്തില് സ്വന്തം സംഘടനകളെ ശക്തിപ്പെടുത്തിയും ഏകോപിപ്പിച്ചും കരുത്തേറിയ ഒരു ബഹുജനപ്രസ്ഥാനം വളര്ത്തിക്കൊണ്ടുവരാന് കേരളത്തിലെ തൊഴിലാളികളോടും കൃഷിക്കാരോടും ഇടത്തരവിഭാഗക്കാരോടും ബുദ്ധിജീവികളോടും സ്ത്രീകളോടും യുവജനങ്ങളോടും സാഹിത്യ-കലാ-സാംസ്കാരിക പ്രവര്ത്തകരോടും കമ്മ്യൂണിസ്റ്റ് പാര്ടി അഭ്യര്ത്ഥിക്കുന്നു.
IV
മിനിമം പരിപാടി
പദ്ധതിയുടെ വലുപ്പം
തിരു-കൊച്ചിക്കും മലബാറിനും പ്ലാനിംഗിന്റെ കാര്യത്തില് ഇന്നേവരെ അവഗണനയാണ് കേന്ദ്രത്തില് നിന്നും ലഭിച്ചിട്ടുള്ളത്. രണ്ടാം പഞ്ചവല്സരപദ്ധതിയിലും അതു തുടരുന്നു. തിരു-കൊച്ചിയില് എല്ലാ പാര്ടികളുടെയും പ്രതിനിധികളടങ്ങുന്ന പ്ലാനിംങ്ങ് അഡൈ്വസറിബോര്ഡ് 139 കോടി രൂപയുടെ പദ്ധതിയാണ് ഏകകണ്ഠമായി ശിപാര്ശ ചെയ്തത്. അതുപോലെതന്നെ മലബാറിലെ എല്ലാ കക്ഷികളുമടങ്ങുന്ന ഡിസ്ട്രിക് പ്ലാനിംഗ് ബോര്ഡ് 75 കോടി രൂപയുടെ പദ്ധതി ശിപാര്ശചെയ്യുകയുണ്ടായി. ഇതെല്ലാം ഇന്ന് വെട്ടിക്കുറച്ചിരിക്കുകയാണ്. എല്ലാ കക്ഷികളും ഏകകണ്ഠമായി ശിപാര്ശ ചെയ്യുകയുണ്ടായി. ഇതെല്ലാം ഇന്ന് വെട്ടിക്കുറച്ചിരിക്കുകയാണ്. എല്ലാ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടതനുസരിച്ചു കേരളസംസ്ഥാനത്തിനു അര്ഹതപ്പെട്ട 200 കോടി രൂപയെങ്കിലും അനുവദിക്കേണ്ടതാണ്.
കേന്ദ്രത്തില് നിന്നു പൊതുമേഖലയില് തുടങ്ങുന്ന വന്കിടവ്യവസായങ്ങളില് ചിലതും കേരളത്തില് തുടങ്ങണം.
ഖനിജങ്ങള്
ഇല്മനൈറ്റ്, മോണോസൈറ്റ്, റൂട്ടയില്, സിലിമിനൈറ്റ്, സീര്ക്കണ്, ശാര്ണെറ്റ്, ഗ്രാഫൈറ്റ് (കാരിയം), മൈക്ക,(അഭ്രം), ചീനക്കളിമണ്ണ് (കെയോലിന്), ലിഗ്നൈറ്റ് തുടങ്ങി കേരളത്തിന്റെ മണ്ണില് കണ്ടുവരുന്ന അപൂര്വ്വഖനിജങ്ങളെ സംബന്ധിച്ചു കേന്ദ്ര ഗവണ് മെന്റിനെക്കൊണ്ടു സത്വരമായി ഒരു സര്വ്വെ നടത്തിച്ചു ഇവയില് ഏതെങ്കിലും ആദായകരമായി ഖനനം ചെയ്യാന് കഴിയുമെന്നും ഓരോന്നും ഏത്രയുണ്ടാകുമെന്നും തിട്ടപ്പെടുത്തണം.
മാത്രമല്ല, ഇവയെ ഉപയോഗപ്പെടുത്തിയുള്ള വ്യവസായങ്ങള് ഇവിടെത്തന്നെ തുടങ്ങണം. ഇല്മനൈറ്റ് ഉപയോഗിച്ചുകൊണ്ടുള്ള തിരുവനന്തപുരത്തെ ടൈറ്റാനിയം ഫാക്ടറിയും, മോണസൈറ്റ് സംസ്കരിക്കുന്ന ആലുവയിലെ റെയര് എര്ത്തും മാത്രമാണ് നമ്മുടെ ഖനിജങ്ങള് ഉപയോഗിച്ചുകൊണ്ട് ഇവിടെ നടത്തുന്ന വ്യവസായങ്ങള് - ഇതില് ടൈറ്റാനിയം ഫാക്ടറി ബ്രിട്ടീഷ് ടൈറ്റാനിയം പ്രോഡക്ട്സ് എന്നൊരു കുത്തകക്കമ്പനിയുടെ പിടിയിലാണ്; അതുകൊണ്ട് നമുക്ക് അതില്നിന്നു ശരിയായ ലാഭം കിട്ടുന്നില്ലെന്നു മാത്രമല്ല വ്യവസായം തന്നെ വികസിക്കുന്നുമില്ല. ഇന്ത്യാഗവണ്മെന്റ് വകയായ റെയര് എര്ത്ത് ഫാക്ടറിയില് (തിരു-കൊച്ചി ഗവണ്മെന്റിനും ഇതില് ഓഹരിയുണ്ട്) മോണോസൈറ്റ് പാകപ്പെടുത്തി അയക്കുന്നതല്ലാതെ മറ്റൊരു വ്യവസായവും നടക്കുന്നില്ല. ഈ സമ്പ്രദായം അവസാനിപ്പിച്ചു പ്രസ്തുത പദാര്ത്ഥങ്ങള് കൊണ്ടു നടത്താവുന്ന വ്യവസായങ്ങള് ഇവിടെ നടത്തണം.
ആലുവയില് ഉള്ള റെയര് എര്ത്ത് ഫാക്ടറിയോട് അനുബന്ധിച്ചു തോറിയം ബാര് ഫാക്ടറി സ്ഥാപിക്കണം. അതു ബോംബെയില് സ്ഥാപിക്കാനുള്ള കേന്ദ്രഗവണ്മെന്റിന്റെ തീരുമാനം ഒരു വിധത്തിലും ന്യായീകരിച്ചുകൂടാ.
ചവറയില് നിന്ന് ധാതുദ്രവ്യങ്ങളല്ലാതെ മണല് തന്നെ സംസ്കരിക്കാതെ കയറ്റി അയയ്ക്കുന്നതു നിര്ത്തണം. കാരിയവും അഭ്രവും അതുപോലെ ഉപയോഗപ്പെടുത്തണം.
ജലസേചനവും വിദ്യുച്ഛക്തിയും
ഏറ്റവും ചുരുങ്ങിയ ചിലവില് ഏറ്റവും കൂടുതല് വിദ്യുച്ഛക്തി ഉല്പാദിപ്പിക്കാവുന്ന ഒട്ടനവധി ചെറുപദ്ധതികള് കേരളത്തില് നടപ്പാക്കാന് കഴിയും. കേരളത്തിലെ ഒരൊറ്റ പുഴയെങ്കിലും ഈ വിഷയത്തില് നിരുപയോഗമാകുമെന്നു തോന്നുന്നില്ല. ജലസേചനപദ്ധതികളുടെ കാര്യത്തില് ചിലവു താരതമ്യേന കൂടുതലാണെന്നു പറയുന്നുണ്ട്. എന്നാല് പല പദ്ധതികളും രണ്ടുദ്ദേശവും ഒന്നിച്ചു നടക്കുന്ന പദ്ധതികളായിരിക്കും - അതായതു വൈദ്യുതോല്പാദനവും ജലസേചനവും, ജലസേചനപദ്ധതികള് എന്ന നിലയ്ക്കുമാത്രം നോക്കിയാല് പോലും ഈ എല്ലാ പദ്ധതികളും ഏറ്റെടുക്കേണ്ടതുണ്ട്. കാരണം, ഭക്ഷ്യോല്പാദനവിഷയത്തില് ഒരു കമ്മിപ്രദേശമായ കേരളത്തില് കൃഷിവികസനത്തിനു കൂടുതല് ഭൂമി ലഭിക്കുക എന്നതു കേവലം അസാദ്ധ്യമായിരിക്കെ ജലസേചനംകൊണ്ട് ഉള്ള ഭൂമിയിലെ വിളവു വര്ദ്ധിപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്. അതുകൊണ്ട് കേരളത്തിലെ എല്ലാ നദികളുടെയും സാധ്യതകളെ പറ്റി സെന്ട്രല് വാട്ടര് ആന്റ് പവര്കമ്മീഷനെക്കൊണ്ടു സര്വ്വെ നടത്തി ഒരു പദ്ധതി തയ്യാറാക്കിക്കണം. ഈ പദ്ധതികള് മുഴുവന് ഒരൊറ്റ പഞ്ചവത്സരപദ്ധതി കൊണ്ടു പൂര്ത്തിയാക്കുവാന് കഴിയുകയില്ല. അതുകൊണ്ട് ഒരു 15 വര്ഷത്തെ പദ്ധതിയായി ഇതു ആവിഷ്ക്കരിക്കണം.
എന്നാല് രണ്ടാം പഞ്ചവത്സരപദ്ധതിയില് തന്നെ അടിയന്തിരമായി ഏറ്റെടുക്കേണ്ട പദ്ധതികള് ഉണ്ട്. അവയില് കേരളത്തിനു മാത്രമല്ല മറ്റു സംസ്ഥാനങ്ങള്ക്കുകൂടി ഉപയോഗപ്പെടുന്ന ബരാപ്പുഴയും, വള്ളുവനാട്ടിലെ കാഞ്ഞിരിപ്പുഴയും, മധ്യതിരുവിതാംകൂറിലെ പമ്പാപദ്ധതിയും, നെന്മാറിലെ പോത്തുണ്ടി പദ്ധതിയും ഏറ്റെടുക്കണം. മീങ്കരപദ്ധതിയുടെ അണക്കെട്ടിന്റെ ഉയരം കൂട്ടണം.
വടക്കേമലബാറും കാസര്ഗോഡും ജലസേചനത്തിന്റെ കാര്യത്തില് ഇതേവരെ തീരെ അവഗണിയ്ക്കപ്പെട്ടിരിക്കുകയാണ്. ജലസേചനത്തിനും വിദ്യുച്ഛക്തിനിര്മ്മാണത്തിനും അവിടത്തെ പലേ പുഴകളും ഉപയോഗപ്പെടുത്താന് കഴിയും. അതിനുവേണ്ട നടപടികളെടുക്കണം.
വന്കിട പദ്ധതികളൊന്നും തുടങ്ങാന് സൗകര്യമില്ലാത്ത പ്രദേശങ്ങള് ജലസേചനത്തിന്റെ കാര്യത്തില് കേവലം അവഗണിയ്ക്കപ്പെട്ടുപോകാനിടയാകാതെ ചെറുകിടജലസേചനപദ്ധതികള് അത്തരം പ്രദേശങ്ങളില് നടപ്പാക്കണം. പൊതുവെ ചെറുകിട പദ്ധതികള്ക്കു ആവശ്യമായ തുക നീക്കിവെക്കണം.
വ്യവസായങ്ങള്
മൂലധനമുടക്കു കൂടുതല് വേണ്ടിവരുന്നതും അതിനനുസരിച്ചു തൊഴില് സൗകര്യം നല്കാന് സാധിക്കാത്തതുമാണ് ഘനവ്യവസായങ്ങളടക്കമുള്ള വന്കിട വ്യവസായങ്ങളെന്നും, അതുകൊണ്ടുകേരളത്തെപ്പോലെ ജനപ്പെരുപ്പമുള്ള ഒരു സംസ്ഥാനത്തിനു പറ്റിയതല്ല അവയെന്നും ഒരു ധാരണയുണ്ട്. ഇതു ശരിയല്ല. ഈ വാദം സ്വീകരിച്ചാല് കേരളം എന്നെന്നും ഒരു പിന്നണിപ്രദേശമായി കിടക്കേണ്ടിവരും. ഇന്നുള്ള കുടില്വ്യവസായങ്ങള്പോലും നശിച്ച്, തികച്ചും ഒരു മരുഭൂമിയായി രൂപാന്തരപ്പെടും. അതുകൊണ്ട് ധാരാളം തൊഴില് നല്കുന്ന ചെറുകിടവ്യവസായങ്ങളേയും കുടില്വ്യവസായങ്ങളേയും കൈത്തൊഴിലുകളേയും സംരക്ഷിക്കുന്നതോടൊപ്പംതന്നെ ഘനവ്യവസായങ്ങളുള്പ്പെടെയുള്ള ആധുനിക വന്കിട വ്യവസായങ്ങള് കേരളത്തില് വളര്ത്തണം.
ഇന്ന് അടിയന്തിരമായി നാം പ്രാധാന്യം നല്കേണ്ടത് ഇന്ത്യയിലെ രണ്ടാമത്തെ കപ്പല് നിര്മ്മാണ കേന്ദ്രം കൊച്ചിയില് സ്ഥാപിച്ചുകിട്ടുന്നതിനുവേണ്ടിയാണ്. കപ്പല് നിര്മ്മാണത്തിനു ആവശ്യമായ അസംസ്കൃതസാധനങ്ങളും മറ്റെല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്നു മനുസുബേദാര് കമ്മിറ്റി പണ്ടേ റിപ്പോര്ട്ട് ചെയ്തിട്ടുള്ളതാണ്.
ഇതിനുപുറമെ കേരളത്തില് സ്ഥാപിക്കാവുന്നതും അടിയന്തിരമായി സ്ഥാപിക്കാവുന്നതും അടിയന്തിരമായി സ്ഥാപിക്കേണ്ടതുമായ പ്രധാനപ്പെട്ട വ്യവസായങ്ങളില് ചിലതു താഴെകാണിക്കാം:
(എ) കോച്ച് ഫാക്ടറി - ഇന്ന് ഇന്ത്യയിലുള്ള കോച്ച് ഫാക്ടറികള് ഒക്കെയുണ്ടായിട്ടും വര്ഷം പ്രതി 30,000 കോച്ചുകള് ഇന്ത്യന് റെയില്വെകള് ഇറക്കുമതി ചെയ്യുന്നു. അതുകൊണ്ട് കോച്ച് നിര്മ്മാണത്തിനാവശ്യമായ തടിയും മറ്റും സുലഭമായിട്ടുള്ള കേരളത്തില് ഏതെങ്കിലും സൗകര്യമുള്ള കേന്ദ്രത്തില് ഒരു കോച്ച് ഫാക്ടറി തുടങ്ങണം.
(ബി) ഹെവി എഞ്ചിനീയറിങ്ങിനാവശ്യമായ തരത്തില് സ്റ്റീല് റോളിങ്ങ്മില് ഒരെണ്ണം സ്ഥാപിക്കണം. ഇന്ത്യക്കാവശ്യമായ ഉരുക്കില് ഒരു ഭാഗം ഇന്നും ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നതിനാലും കൊച്ചിതുറമുഖം സൗകര്യപ്രദമായിട്ടുള്ളതിനാലും ഈ വ്യവസായത്തിനു നമുക്കു സാദ്ധ്യതയുണ്ട്.
(സി) ഒരു മെഷീന് ടൂള് ഫാക്ടറി
(ഡി) അലൂമിനിയം - അലൂമിനിയം നിര്മ്മാണത്തിനാവശ്യമായ അസംസ്കൃതപദാര്ത്ഥം- ബോക്സൈറ്റ്-കേരളത്തില് ഇല്ലെങ്കിലും അതുപോലെതന്നെ കൂടുതലോ ഈ വ്യവസായത്തില് പ്രാധാന്യമുള്ളതാണ് ഇലക്ട്രിസിറ്റി. ഇക്കാരണം കൊണ്ടാണ് ആലുവയില് ഒരു ഫാക്ടറി സ്ഥാപിച്ചത്. ഈ ഫാക്ടറിയുടെ ഉല്പാദനം വികസിപ്പിക്കുകയോ മറ്റൊന്നുകൂടി സ്ഥാപിക്കുകയോ ചെയ്യാം. ബോക്സൈറ്റ് സേലത്തുനിന്നു കിട്ടും.
(ഇ) കടലാസ് നിര്മ്മാണം - മദ്രാസ് സംസ്ഥാനത്തു തുടങ്ങാന് പ്ലാനിട്ടിരുന്ന കടലാസ്സ് മില് ആദ്യം നിലമ്പൂരാണ് പ്ലാന് ചെയ്തിരുന്നത്. എന്നാല് സംസ്ഥാനവിഭജനത്തിന്റെ ഫലമായിരിക്കാം, മദ്രാസ് ഗവണ്മെന്റ് അതു നീലഗിരിയില് സ്ഥാപിക്കാനാണ് ഒടുവില് തീരുമാനിച്ചിരിക്കുന്നത്. എന്നാല് നിലമ്പൂര് ഒരു പേപ്പര് മില് തുടങ്ങാന് കേരള സംസ്ഥാന ഗവണ്മെന്റിനു അതൊരു തടസ്സമാവുകയില്ല.
(എഫ്) ടയര് ഫാക്ടറി - ഇന്ത്യയിലെ റബ്ബറിന്റെ 97 ശതമാനം ഉല്പാദിപ്പിക്കുന്ന കേരളത്തില് തന്നെയാണ് റബ്ബര്ഫാക്ടറി സ്ഥാപിക്കാന് അര്ഹതയുള്ളത്. പൊതുമേഖയില് 75 ലക്ഷം രൂപ മുടക്കി തിരുവനന്തപുരത്തെ റബ്ബര്ഫാക്ടറി വികസിപ്പിച്ച് ടയര് നിര്മ്മാണം കൂടി അവിടെ തുടങ്ങാന് തിരു-കൊച്ചിസര്ക്കാരിന്റെ കരടു പഞ്ചവത്സരപദ്ധതിയില് പ്ലാന് ചെയ്തിരുന്നു. എന്നാല് ആ നിര്ദ്ദേശം തള്ളപ്പെട്ടിരിക്കുകയാണിപ്പോള്. പൊതുമേഖലയില് തന്നെ കേരളത്തില് എവിടെയെങ്കിലും ഒരു റബ്ബര്-ടയര് ഫാക്ടറി സ്ഥാപിക്കണം.
(ജി) ഗ്ലൂക്കോസും സ്റ്റാര്ച്ചും - മരച്ചീനിമാവില് നിന്ന് ഇവ ഉണ്ടാക്കാന് കഴിയും. ഇത്തരം ഒരു ഫാക്ടറി തിരുവല്ലയിലെ പമ്പാ റിവര് ഫാക്ടറിയോടു അനുബന്ധിച്ചു തുടങ്ങാനുദ്ദേശിക്കുന്നതായി അറിയുന്നുണ്ട്. അതില്ലെങ്കില് സൗകര്യമുള്ള മറ്റേതെങ്കിലും സ്ഥലത്തു ഇതു തുടങ്ങണം.
(എച്ച്) ഹാര്ഡ് ബോര്ഡ് ഫാക്ടറി - ഈര്ച്ചപ്പൊടിയാണ് ഇതിന്റെ അസംസ്കൃത വസ്തു. അതുകൊണ്ടു ഈര്ച്ചക്കമ്പനികള് ഉള്ള ഏതെങ്കിലും കേന്ദ്രത്തില് ഇതു തുടങ്ങാം. ആവശ്യവും ചിലവും നോക്കി ഒന്നിലധികം വേണമെങ്കില് തുടങ്ങണം.
(ഐ) മണല് ഇഷ്ടികയും ഷീറ്റ് ഗ്ലാസും - അമ്പലപ്പുഴ ചേര്ത്തല താലൂക്കുകളിലെ വെണ്മയേറിയ മണലാണ് ഈ വ്യവസായങ്ങളുടെ അസംസ്കൃതവസ്തു. ചേര്ത്തല മണല് ആലുവയില് കൊണ്ടുവന്നാണ് ഒഗലേ ഗ്ലാസ് ഫാക്ടറി നടത്തുന്നത്. പ്രസ്തുത താലൂക്കുകളില് പതിനായിരക്കണക്കിനു ടണ് ഈ മണല് ലഭിക്കുമെന്നു മാത്രമല്ല, ഈ മണല് നിരങ്ങിക്കിട്ടിയാല് തരിശായി കിടക്കുന്ന പല പ്രദേശങ്ങളും ഫലപൂയിഷ്ടമാവുകയും ചെയ്യും. ക്ഷാമപീഡയുള്ള അമ്പലപ്പുഴ-ചേര്ത്തല താലൂക്കുകളില് നിന്ന് വ്യവസായങ്ങള് തുടങ്ങണം.
(ജെ) സിമന്റ് - കോട്ടയത്തെ സിമന്റ് ഫാക്ടറി കക്ക ഉപയോഗിച്ചു കൊണ്ടുള്ളതാണ്. എന്നാല് മറ്റു സ്ഥലങ്ങളിലെപ്പോലെ മണ്ണും കല്ലും ഉപയോഗിച്ചുതന്നെ ഒരു സിമന്റുഫാക്ടറികൂടി കേരളത്തില് എവിടെയെങ്കിലും തുടങ്ങാന് കഴിയും.
(കെ) സള്ഫ്യൂറിക്ക് ആസിഡ് - തിരുവനന്തപുരത്തു ഇതിനൊരു ഫാക്ടറി സ്ഥാപിക്കുമെന്നു രണ്ടാംപഞ്ചവത്സരപദ്ധതിയുടെ കരടു തയ്യാറാക്കിക്കൊണ്ടിരുന്ന അവസരത്തില് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പക്ഷെ ഇന്നതു കാണുന്നില്ല.
(എല്) കാസ്റ്റക് സോഡ
(എം) പഞ്ചസാര ഫാക്ടറി - ജലസേചനസൗകര്യം വര്ദ്ധിച്ചിട്ടുള്ള സ്ഥിതിക്ക് കരിമ്പ് കൃഷിചെയ്യാനും അതിന്റെ കൂടെ പഞ്ചസാരഫാക്ടറികള് സ്ഥാപിക്കാനും സാധ്യതയുളവായിട്ടുണ്ട്. പഞ്ചസാരയ്ക്ക് മാര്ക്കറ്റു കിട്ടാതെ വിഷമിക്കുകയുമില്ല.
(എന്) ടെക്സ്റ്റൈയില് മില്ലുകള്-പരുത്തി ഇവിടെയില്ലെങ്കിലും, വിദേശത്തുനിന്നുവരുന്ന നീണ്ട ഇഴയുള്ള പഞ്ഞിയുടെ കാര്യത്തില് മറ്റേതു സംസ്ഥാനത്തെക്കാളും കൂടുതല് സൗകര്യം നമുക്കുണ്ട്. അതുപയോഗിച്ചു നേരിയ വസ്ത്രങ്ങല് നെയ്യുന്ന മില്ലുകള് സ്ഥാപിക്കാം. ഇവിടത്തെ നനവുള്ള കാലാവസ്ഥ അതിനു അനുകൂലവുമാണ്. അതിനും പുറമെ ഇവിടെയുള്ള കൈത്തറികള്ക്ക് നൂല് കിട്ടാന് ഇന്നുള്ളതിലും എത്രയോ മില്ലുകള് ആവശ്യമാണ്.
(ഒ) കണ്ട്രി ക്രാഫ്ട് - പത്തേമാരി മുതലായവ ഉണ്ടാക്കുന്ന വ്യവസായം കേരളത്തില് പണ്ടേയുള്ളതാണ്. എന്നാല് ഇന്നും അതു പഴഞ്ചന് രീതിയില് നടത്തുകയാണ്. അതു പരിഷ്ക്കരിച്ച് യന്ത്രങ്ങള് ഘടിപ്പിച്ച പത്തേമാരികളും മറ്റും ഉണ്ടാക്കുവാന് ആവശ്യമായ സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങള് പ്രസ്തുത വ്യവസായ ഉടമകള്ക്ക് നല്കണം.
(പി) മോട്ടോര് വാഹനങ്ങള്ക്കാവശ്യമായ പല ഭാഗങ്ങളും ഇന്നു ഇന്ത്യയില് ഉണ്ടാക്കിവരുന്നുണ്ട്. സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് വര്ക്ക്ഷോപ്പിലും മറ്റ് മോട്ടോര് വര്ക്ക് ഷോപ്പുകളിലും ഇവ ഇവിടെയും ഉണ്ടാക്കാന് കഴിയും. അതു തുടങ്ങണം.
(ക്യു) കേന്ദ്രഗവണ്മെന്റ് തെക്കേ ഇന്ത്യയില് തുടങ്ങാനുദ്ദേശിക്കുന്ന ഗവണ്മെന്റ് പ്രസ്സ് കേരളത്തില് വേണം.
(ആര്) വടക്കേമലബാറില് ഉപ്പുപടന്ന (ഉപ്പളം) തുടങ്ങാനുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തണം.
ഇതിനു പുറമെ ഇന്നു നടക്കുന്ന എത്രയോ വ്യവസായങ്ങള് വികസിപ്പിക്കാന് കഴിയും. ഉദാ:- തീപ്പെട്ടി, പ്ലൈവുഡ്, ഫര്ണ്ണീച്ചര്, ഫ്രൂട്ട് കാനിങ്, പോട്ടറി, സിറാമിക്, കുടനിര്മ്മാണം, ചെറുകിട എന്ജിനീയറിങ്ങ്, സോപ്പ്, പണിയായുധനിര്മ്മാണം, ബോഡി ബില്ഡിംഗ്, തോല് ഊറയ്ക്കിടല് എന്നിങ്ങനെ പലതും അക്കൂട്ടത്തിലുണ്ട്.
തുറമുഖങ്ങള്
കൊച്ചിതുറമുഖം ഇന്ത്യയിലെ മേജര് തുറമുഖങ്ങളിലൊന്നാണെങ്കിലും മറ്റു തുറമുഖങ്ങള് വികസിപ്പിക്കാന് ചിലവു ചെയ്യുന്നതിനു അനുസരിച്ചു കൊച്ചി തുറമുഖത്തില് ചിലവിടുന്നില്ല. ഈ അവഗണന മാറ്റി ആവശ്യമായ തുക അനുവദിക്കണം.
ഇതിനു പുറമെ വിഴിഞ്ഞം, ബേപ്പൂര്, ചിറക്കല് താലൂക്കിലെ അഴീക്കല്, എട്ടിക്കുളം മുതലായ തുറമുഖങ്ങള് വികസിപ്പിക്കുന്നതില് പ്രത്യേകം ശ്രദ്ധിക്കണം. വലിയ സാദ്ധ്യതകളുള്ളതാണ് അവ. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ തുറമുഖങ്ങളുടെ സൗകര്യങ്ങള് കൂടുതല് വര്ദ്ധിപ്പിക്കുകയും വേണം.
റെയില്വെ
രണ്ടാം പഞ്ചവത്സരപദ്ധതിയില് കൊല്ലം-എറണാകുളം റെയില്വെ പൂര്ത്തിയാക്കുന്നതു മാത്രമേ ഉള്പ്പെടുത്തിയിട്ടുള്ളു. എന്നാല് അഖിലേന്ത്യാപദ്ധതിയിലാകട്ടെ ഏറ്റവും കൂടുതല് തുക നീക്കിവെച്ചിരിക്കുന്ന ഇനം റെയില്വേയുമാണ്. എന്നിട്ടും കേരളത്തിന്റെ ആവശ്യം അനുസരിച്ചും, കേരളത്തില് റെയില്വേകളുടെ വിരളത കണക്കിലെടുത്തുകൊണ്ടും കൂടുതല് ലൈനുകള് അനുവദിക്കാന് കേന്ദ്രഗവണ്മെന്റിനു സന്മനസ്സുണ്ടായിട്ടില്ല.
ജനങ്ങളാണെങ്കിലോ കൂടുതല് കൂടുതല് റെയില്വെകള് ആവശ്യപ്പെട്ടുകൊണ്ടിരിക്കുയാണ്. ബോഡിനായ്ക്കന്നൂര്-കൊച്ചി, കൊല്ലം-ആലപ്പുഴ-എറണാകുളം, പുനലൂര്-കായംകുളം, തൃശ്ശൂര്-കൊല്ലങ്കോട്, ചാലക്കുടി-പൊള്ളാച്ചി, തലശ്ശേരി-കുടക്-മൈസൂര് എന്നിങ്ങിനെ പലതും. ഇവയെല്ലാംകൂടി ഒരു പഞ്ചവത്സരപദ്ധതിയില് നടപ്പാക്കാന് സാദ്ധ്യമല്ല. അതുകൊണ്ട് കേരളത്തില് റെയില്വേവികസനത്തിന്നു ഒരു 15 വര്ഷപദ്ധതിയുണ്ടാക്കണം. അതില് മേല്പ്പറഞ്ഞതില് ഏതേതു ആദ്യമാദ്യം എടുക്കണമെന്നു തീരുമാനിക്കണം.
എന്നാല് കൊല്ലം-ആലപ്പുഴ-കൊച്ചി റെയില്വെയും തലശ്ശേരി-കുടക്-മൈസൂര് റെയില്വെയും രണ്ടാം പഞ്ചവത്സരപദ്ധതിയില്ത്തന്നെ ഉള്പ്പെടുത്തണം.
ജലഗതാഗതം
തിരുവനന്തപുരത്തുനിന്നു കാസര്ഗോഡ് ചന്ദ്രഗിരിപ്പുഴവരെ തുടര്ച്ചയായി ജലമാര്ഗ്ഗം ഗതാഗതം ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കാന് കഴിയും. ഇന്നുതന്നെ അതില് കുറെയുണ്ട്. ചില സ്ഥലങ്ങളില് തോടുകള് വീതികൂട്ടിയും ആഴം വെപ്പിച്ചും ഇതു പൂര്ത്തിയാക്കണം.
മോട്ടോര് ട്രാന്സ്പോര്ട്ട്
കന്യാകുമാരി മുതല് ഗുരുവായൂര് വരെയുള്ള സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് കേരളത്തിന്റെ വടക്കേയറ്റം വരെ നീട്ടുക. ഇതിന്റെ ആവശ്യത്തിന് പാപ്പനംകോട്ടുള്ള കേന്ദ്രവര്ക്ക് ഷാപ്പിനുപുറമേ വടക്കുഭാഗങ്ങളിലും ഒന്നോ അതിലധികമോ കേന്ദ്രങ്ങളില് വര്ക്ക്ഷാപ്പും ബോഡി ബില്ഡിങ്ങും തുടങ്ങുക.
കയര് വ്യവസായം
കയര്പിരി വ്യവസായത്തിന്റേയും ഫാക്ടറി വ്യവസായത്തിന്റേയും പ്രശ്നം രണ്ടും രണ്ടാണ്. അതില് ആദ്യത്തേതിന്റെ പ്രശ്നം തൊണ്ടിനു വില നിയന്ത്രിച്ചു ന്യായമായ വിലക്കു അതു ഉല്പാദകര്ക്കു കിട്ടാറാക്കുക എന്നതാണ്. അങ്ങനെ ലഭിച്ചാല് ന്യായമായ മിനിമം കൂലി തൊഴിലാളികള്ക്കു ലഭിക്കുകയും കയറിന്റെ വില ശരിയായ തോതില് നില്ക്കുകയും ചെയ്യും. കയറിനു ചിലവില്ല എന്ന പ്രശ്നം ഇന്നില്ല. മറ്റൊരു പ്രശ്നം, കയര് സഹകരണപ്രസ്ഥാനത്തില് കടന്നുകൂടിയിട്ടുള്ള ഇടത്തട്ടുകാരെയും അഴിമതിക്കാരെയും പുറത്താക്കി പ്രസ്ഥാനം ചെറുകിട ഉല്പാദകരുടേയും തൊഴിലാളികളുടേയും ആക്കിത്തീര്ക്കുക എന്നതാണ്.
കയറ്റുപായ, തടുക്ക് മുതലായവയുടെ പ്രശ്നമാണെങ്കില് കപ്പല്ക്കൂലി നിരക്കിലുള്ള വിവേചനം നിമിത്തവും പല യൂറോപ്യന് രാജ്യങ്ങളും ഇത്തരം കയറുല്പന്നങ്ങള്ക്കെതിരായി നികുതിയും നിരോധനവും മറ്റും ഉപയോഗിക്കുന്നതുകൊണ്ടും ഉള്ളതാണ്. ഇത് മാറ്റിക്കിട്ടാന് വേണ്ടി ആ വക രാജ്യങ്ങളുമായുള്ള കച്ചവടക്കരാറുകളില് പ്രത്യേക നിബന്ധനകള് എഴുതിച്ചേര്ക്കാന് ഇന്ത്യാഗവണ്മെന്റിനെ പ്രേരിപ്പിക്കണം.
വിദേശ കുത്തകകമ്പനികള് കുതന്ത്രങ്ങള് ഉപയോഗിച്ച് ഈ വ്യവസായത്തില് നിന്നുള്ള ലാഭം കടല് കടത്തിക്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ ജീവിതത്തെ പരിഗണിക്കാതെ വെറും ലാഭത്തെ മാത്രം ഉദ്ദേശിച്ച് കയറും ചകിരിയും കയറ്റുമതി ചെയ്യുന്നതുമൂലം കയറുല്പന്നങ്ങളുടെ മാര്ക്കറ്റ് വിദേശക്കമ്പോളങ്ങളില് ദിനംപ്രതി കുറഞ്ഞുവരുന്നു. ഇതിന്ഫലമായി കയര്ഫാക്ടറി തൊഴിലാളികളുടെ ഇടയില്, അഞ്ചുകൊല്ലത്തിലധികമായി നീണ്ടുനില്ക്കുന്ന തൊഴിലില്ലായ്മയും പട്ടിണിയും ഉണ്ടായികഴിഞ്ഞിരിക്കുന്നു. കയറുല്പന്നങ്ങള്ക്കു മാര്ക്കറ്റുണ്ടാക്കുക, ആഭ്യന്തരകമ്പോളം വികസിപ്പിക്കുക, കൂലി ഏകീകരിക്കുക, വ്യവസായം പുനഃസംഘടിപ്പിക്കുക, വ്യവസായത്തില് നിന്നുള്ള ലാഭം നമ്മുടെ രാജ്യത്തുതന്നെ ഉപയോഗപ്പെടുത്തുക എന്നിവയ്ക്കുവേണ്ടി കയര് വ്യവസായത്തില് വിദേശമൂലധനത്തിനു പിടിയുള്ള എല്ലാ വ്യവസായശാലകളും ദേശവല്ക്കരിക്കാനുള്ള അടിയന്തരനടപടികള് രണ്ടാം പഞ്ചവത്സരപദ്ധതിയില്പ്പെടുത്തുവാന് കേന്ദ്രഗവണ്മെന്റ് മുതിരേണ്ടതാകുന്നു.
കൈത്തറി
ഇന്ത്യാഗവണ്മെന്റിന്റെ കൈത്തറി സഹായപദ്ധതി ഈ വ്യവസായത്തിനു കുറേ സഹായകമായിട്ടുണ്ട്. നെയ്ത്തുകാര് സഹകരണാടിസ്ഥാനത്തില് സംഘടിച്ച് പല ആനുകൂല്യങ്ങളും നേടുന്നുണ്ട്. എന്നാല് ഇതിലും കൊള്ളകളും അട്ടിമറികളും ഉണ്ട്. അവയെ ഇല്ലാതാക്കുകയും മുഴുവന് നെയ്ത്തുകാരേയും സഹകരണസംഘങ്ങളില് ഉള്പ്പെടുത്തിയും സംഘങ്ങളുടെ പ്രവര്ത്തനമൂലധനം വര്ദ്ധിപ്പിച്ചും പ്രാഥമിക-കേന്ദ്രസംഘങ്ങളുടെ പ്രവര്ത്തനം ജനാധിപത്യപരമാക്കാന് ആവശ്യമായ ഭേദഗതികള് നിയമനത്തില് വരുത്തിയും പദ്ധതിയുടെ മുഴുവന് ഗുണവും കൈത്തറി നെയ്ത്തുകാര് ലഭിക്കാറാക്കുകയും വേണം. കൈത്തറികള്ക്ക് ആവശ്യമുള്ള സാമഗ്രികള് നിര്മ്മിക്കാനുള്ള ഫാക്ടറി, ബ്ലീച്ചിങ്ങ് ആന്റ് കലണ്ടറിങ്ങ് പ്ലാന്റ് മുതലായവ സ്ഥാപിച്ചു കൊടുക്കണം. ഉല്പാദനച്ചിലവു മാത്രം കണക്കാക്കി ആ വിലയ്ക്ക് നെയ്ത്തുകാര്ക്കു നൂല് കിട്ടത്തക്കവണ്ണം സര്ക്കാര് സഹായിക്കണം. ഗവണ്മെന്റാവശ്യങ്ങള്ക്കു കൈത്തറി വസ്ത്രങ്ങള് വാങ്ങുന്നതിനു ശ്രദ്ധിക്കണം. നെയ്ത്ത് സഹായസഹകരണസംഘങ്ങളുടെ കേന്ദ്രസംഘടനയുടെ വകയായി സ്പിന്നിങ്ങ് മില്ലുകള് സ്ഥാപിക്കണം.
കശുവണ്ടി
കശുവണ്ടി ഫാക്ടറികള് ആണ്ടുമുഴുവന് പ്രവര്ത്തിക്കത്തക്കവണ്ണം അവയെ പുനഃസംഘടിപ്പിക്കണം. കശുവണ്ടി ഉല്പാദനം വര്ദ്ധിപ്പിയ്ക്കാനായി കേരളത്തില്ത്തന്നെ, മലകളില് കശുമാവുതോട്ടങ്ങള് വളര്ത്തണം.
നാം കയറ്റി അയയ്ക്കുന്ന കശുവണ്ടി എണ്ണയില് നിന്നു കിട്ടുന്ന സാധനങ്ങള് കൊണ്ടു മറ്റു രാജ്യങ്ങളില് പല വ്യവസായങ്ങളും നടത്തുന്നതായി അറിയുന്നു. അതു നാമും കണ്ടുപിടിച്ചു ഇവിടെ ആരംഭിയ്ക്കണം.
മത്സ്യം
പ്രധാനകേന്ദ്രങ്ങളില് ട്രോളര് മുതലായവ ഉപയോഗിച്ചു പുറംകടലില് നിന്നു മത്സ്യം പിടിക്കുന്ന സമ്പ്രദായം ഏര്പ്പെടുത്തുക. അവിടെ കോള്ഡ് സ്റ്റോറേജുകള് ഉണ്ടായിരിക്കണം.
മീന്പിടുത്തക്കാരെ മുഴുവന് സഹകരണാടിസ്ഥാനത്തില് സംഘടിപ്പിക്കുക. വല, വഞ്ചി മുതലായ ഉപകരണങ്ങള് വാങ്ങിക്കാന് കടംകൊടുക്കുക, പിടിച്ച മീന് ഉള്നാട്ടിലേയ്ക്കുകൊണ്ടുപോകാന് ഐസ്വാന് ഏര്പ്പെടുത്തുക, മീന് പിടുത്തക്കാരുടെ കേന്ദ്രങ്ങളില് ഭവനനിര്മ്മാണപദ്ധതി തുടങ്ങുക, അവര്ക്ക് വിദ്യാഭ്യാസത്തിനും വൈദ്യസഹായത്തിനും മറ്റും വേണ്ട സൗകര്യങ്ങള് ചെയ്തു കൊടുക്കുക.
ഉള്നാടുകളിലെ കുളങ്ങളിലും, കായലുകളിലും, അണക്കെട്ടുകളുടെ തടാകങ്ങളിലും നല്ലതരം മീനുകളെ വളര്ത്താനുള്ള പദ്ധതി ഉണ്ടാക്കുക.
കുടില് വ്യവസായങ്ങള്
ഓട്ടുപാത്രം, മണ്പാത്രം, തഴപ്പായ നെയ്ത്ത്, പുല്പായനെയ്ത്ത്, പനമ്പും ഈറ്റകൊണ്ടുള്ള സാധനങ്ങളും, ചൂരല്, കളിക്കോപ്പു നിര്മ്മാണം, ദന്തവേലകള്, മറ്റു കൊമ്പുകളെ കൊണ്ടുള്ള പണികള്, ഇങ്ങനെ ഒട്ടനവധി കുടില്വ്യവസായങ്ങള് കേരളത്തില് അവിടവിടെയുണ്ട്. അവയ്ക്കാവശ്യമായ അസംസ്കൃതസാധനങ്ങള് കുറഞ്ഞവിലയ്ക്കു വാങ്ങിക്കൊടുക്കുന്നതിനും അവയുടെ ഉല്പന്നങ്ങള്ക്കു ശരിയായ വില കിട്ടുന്നതിനും സഹകരണസംഘങ്ങളില് ഈ കൈത്തൊഴില്ക്കാരെ സംഘടിപ്പിക്കുകയും സര്ക്കാര് സഹായം നല്കുകയും വേണം.
വിദ്യാഭ്യാസം
തിരു-കൊച്ചിയില് ഡിഗ്രികോളേജുകള് ഇന്നു വേണ്ടവോളമുണ്ട്. പ്രൈവറ്റ് ഏജന്സികള് ആണ്ടുതോറും പുതിയ കോളേജുകള് തുറന്നുകൊണ്ടിരിക്കുന്നുമുണ്ട്. അതുകൊണ്ട് അത്തരം കോളേജുകള് കൂടുതല് തുടങ്ങുകയെന്നത് അവിടെ ഒരു വലിയ പ്രശ്നമല്ല. എന്നാല് മലബാറില് ചില കേന്ദ്രങ്ങളില് സര്ക്കാര് തന്നെ കോളേജുകള് സ്ഥാപിക്കണം.
ഏറ്റവും പ്രധാനസംഗതി സാങ്കേതികവിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളുടെ കുറവാണ്. തിരു-കൊച്ചിയില് ഒരു എഞ്ചിനീയറിങ്ങ് കോളേജും ഒരു മെഡിക്കല് കോളേജും രണ്ടു സാങ്കേതികവിദ്യാലയങ്ങളും (കളമശ്ശേരിയിലും തൃശ്ശൂരും) മാത്രമാണിന്നുള്ളത്. ഈ ആണ്ടില് കൊല്ലത്തും ചങ്ങനാശ്ശേരിയിലും ആമ്പല്ലൂരും ഓരോ പോളിടെക്നിക്ക് സ്വകാര്യഏജന്സികള് തുടങ്ങുന്നുണ്ട്. കൂടാതെ രണ്ടാം പഞ്ചവത്സരപദ്ധതിയില് തൃശൂരില് ഒരു എഞ്ചിനീയറിംങ് കോളേജും സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ട്.
മലബാറില് ആകെയുള്ളതു കോഴിക്കോട്ട് ഒരു പോളിടെക്നിക്ക് മാത്രമാണ്.
(എ) രണ്ടാം പഞ്ചവത്സരപദ്ധതിയില്തന്നെ മലബാറില് ഒരു എഞ്ചിനീയറിംങ് കോളേജും ഒരു മെഡിക്കല് കോളേജും സ്ഥാപിക്കണം. കേരളത്തിലെ എല്ലാ ഡിസ്ട്രിക്ടുകളിലും ഓരോ പോളിടെക്നിക്കെങ്കിലും ഉണ്ടായിരിക്കണം. വെറും ആര്ട്സ് കോളേജുകള് മാത്രം സ്ഥാപിക്കാന് പണവും പ്രയത്നവും ചിലവിടുന്നതിനുപകരം കുറെയെങ്കിലും സാങ്കേതികവിദ്യാലയങ്ങള് സ്ഥാപിക്കാന് സ്വകാര്യ ഏജന്സികളെ പ്രോത്സാഹിപ്പിക്കുകയും വേണം.
(ബി) തിരുവിതാംകൂര് സര്വ്വകലാശാല, തിരുവിതാംകൂര് മഹാരാജിവിന്റെ രക്ഷാധികാരത്വത്തില് നിന്നു വിടുര്ത്തുകുയും കേരളസര്വ്വകലാശാലയായി രൂപാന്തരപ്പെടുത്തുകയും ചെയ്യുക.
(സി) സര്വ്വകലാശാലാവിദ്യാഭ്യാസം ഉള്പ്പെടെ അദ്ധ്യായനഭാഷ മലയാളമാക്കിത്തീര്ക്കുവാന് ക്രമീകൃതമായ ഒരു പദ്ധതിയനുസരിച്ചു നടപടികള് എടുക്കുക.
(ഡി) പ്രൈവറ്റ് കോളേജുകളുടെ നടത്തിപ്പില് സര്വകലാശാല കൂടുതല് നിയന്ത്രണം ഏര്പ്പെടുത്തണം.
(ഇ) എല്ലാ കുട്ടികള്ക്കും 14 വയസ്സുവരെ സൗജന്യവും നിര്ബന്ധവുമായ വിദ്യാഭ്യാസം ഏര്പ്പെടുത്തുക.
(എഫ്) ഗ്രാമങ്ങളില് സാക്ഷരത്വം നടപ്പിലാക്കാന് വയോജനവിദ്യാഭ്യാസകേന്ദ്രങ്ങളും കൂടുതല് വായനശാലകളും മറ്റും തുടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുക.
(ജി) ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ-അടിസ്ഥാനവിദ്യാഭ്യാസമുള്പ്പെടെ-രാജ്യത്തിന്റെ അടിയന്തരമായ വ്യവസായവല്ക്കരണമെന്ന ലക്ഷ്യത്തിനു അനുയോജ്യമായ തരത്തില്, ശാസ്ത്രീയവും സാങ്കേതികവുമായ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്കികൊണ്ട് പുനഃസംഘടിപ്പിക്കാന് വേണ്ട നടപടികളെടുക്കുക.
(എച്ച്) വിദ്യാര്ത്ഥി-അദ്ധ്യാപക സംഘടനകള്ക്ക് പ്രവര്ത്തനസ്വാതന്ത്ര്യം അനുവദിക്കുകയും വിദ്യാഭ്യാസപുനഃസംവിധാനത്തില് ഈ സംഘടനകള്ക്ക് പങ്ക് അനുവദിക്കുകയും വേണം.
ജനങ്ങളുടെ ജനാധിപത്യാവകാശങ്ങള് വിപുലപ്പെടുത്തുക
നാം ആവിഷ്ക്കരിച്ചു നടപ്പിലാക്കാനുദ്ദേശിക്കുന്ന അഭിവൃദ്ധിപദ്ധതികളുടെ വിജയം വാസ്തവത്തില് ആശ്രയിച്ചിരിയ്ക്കുന്നതു അവ നടപ്പിലാക്കുന്നതില് ജനങ്ങള് എത്രത്തോളം സജീവമായും ഹൃദയംഗമമായും മുന്കയ്യെടുത്തും സഹകരിച്ച് പ്രവര്ത്തിയ്ക്കുന്നുവെന്നതിനെയാണ്. നിയമസമാധാനപാലനത്തിന്റെ പേരില് ജനങ്ങളെ അടിച്ചമര്ത്തി നിര്ത്താനുള്ള പഴയ ഭരണകൂടത്തെ നിലനിര്ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട്, വികസനപദ്ധതികളുടെ നടത്തിപ്പിന്റെ ചുമതലയെല്ലാം കുറെ ഉദ്യോഗസ്ഥമേധാവികളെ ഏല്പിച്ചുകൊണ്ട്, ജാതി, അയിത്തം മുതലായ സമുദായ ദുരാചാരങ്ങള് സൃഷ്ടിച്ചിട്ടുള്ള അസമത്വങ്ങള് നീക്കാന് ഫലപ്രദമായ നടപടികളെടുക്കാതെ കണ്ട്, ജനങ്ങളുടെ നിര്മ്മാണാത്മാകമായ കഴിവുകളെയാകെ അഴിച്ചുവിടാനോ അവരുടെ സഹകരണം നേടാനോ സാദ്ധ്യമല്ല. അതുകൊണ്ട്,
1. പുതിയ കേരള സംസ്ഥാനത്തില് മലബാറിലിന്നുള്ളപോലെ എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് ബോര്ഡുകള് രൂപീകരിക്കുകയും അതാതു ജില്ലകളിലെ വികസനപരിപാടികള് നടപ്പിലാക്കാനുള്ള പരിപൂര്ണ്ണമായ അധികാരവും, വികസനവുമായി ബന്ധപ്പെട്ട ഭരണവകുപ്പുകളുടെ ജില്ലാനിലവാരത്തിലുള്ള നിയന്ത്രണവും ഈ ഡിസ്ട്രിക്ട് ബോര്ഡുകള്ക്കു നല്കുകയും വേണം. ജില്ലാബോര്ഡുകള്, പഞ്ചായത്തുകള്, മുന്സിപ്പാലിറ്റികള് എന്നിവ വഴിയായിരിക്കണം ഈ വികസനപരിപാടികള് നടപ്പിലാക്കുന്നത്.
2. ഇതനുസരിച്ച് പഞ്ചായത്തുകളുടേയും മുന്സിപ്പാലിറ്റികളുടേയും ഡിസ്ട്രിക്ട് ബോര്ഡുകളുടേയും അധികാരങ്ങള് വിപുലപ്പെടുത്തണം; അവയ്ക്കു കൂടുതല് ഗ്രാന്റ് അനുവദിക്കണം; ഇവയില് പ്രവര്ത്തിക്കുന്ന എക്സിക്യൂട്ടീവ് ആഫീസര്മാരുടെ മേല് അച്ചടക്കനിയന്ത്രണം ഈ സ്ഥാപനങ്ങള്ക്കായിരിക്കണം.
3. പഞ്ചായത്ത്, മുന്സിപ്പാലിറ്റി, ഡിസ്ട്രിക്ട് ബോര്ഡ് നിലവാരത്തില് വികസനപദ്ധതികള് നടപ്പാക്കുന്നതിനെപ്പറ്റി നിര്ദ്ദേശങ്ങള് നല്കാനും മേല്നോട്ടം വഹിക്കാനും കൃഷിക്കാരുടേയും തൊഴിലാളികളുടേയും മറ്റു ജനവിഭാഗങ്ങളുടെയും പ്രതിനിധികളടങ്ങുന്ന ഉപദേശകകൗണ്സിലുകള് രൂപീകരിക്കണം.
4. സര്ക്കാര് നടത്തുന്നതോ സര്ക്കാരിന് ഷെയറുള്ളതോ ആയ വ്യവസായങ്ങളിലും ഫാക്ടറികളും മാനേജിമെന്റല്-ഡയറക്ടര് ബോര്ഡിലും മറ്റും - തൊഴിലാളികളുടെ പ്രതിനിധികളെക്കൂടി തുല്യാധികാരത്തോടുകൂടി പങ്കെടുപ്പിക്കണം.
5. ജാതിയും അയിത്തവും മറ്റനാചാരങ്ങള് സൃഷ്ടിച്ചിട്ടുള്ള അസമത്വങ്ങള് അവസാനിപ്പിക്കാന്വേണ്ടി, വിദ്യാഭ്യാസകാര്യത്തില് ഉദ്യോഗനിയമനങ്ങളിലും മറ്റും ഈ അസമത്വങ്ങള് കൊണ്ട് കഷ്ടതയനുഭവിക്കുന്ന സമൂദായങ്ങള്ക്കും ന്യൂനപക്ഷസമുദായങ്ങള്ക്കും പ്രത്യേകാനുകൂല്യവും സംരക്ഷണവും നല്കാന് നടപടികളെക്കണം; ഈ അനാചാരങ്ങള്ക്കെതിരായും സര്വ്വസമൂദായ മൈത്രിക്കുവേണ്ടിയും നാട്ടുകാരെയാകെ അണിനിരത്തി പ്രവര്ത്തിക്കുകയും വേണം.
6. മുസ്ലീം ന്യൂനപക്ഷത്തിനുള്ള ആശങ്കകള് തീര്ക്കത്തക്കവിധം അവരുടെ അവകാശങ്ങള്ക്ക് മതിയായ സംരക്ഷണം നല്കുകയും മതവിശ്വാസം, സംസ്കാരം മുതലായവയ്ക്കു ഉറപ്പു നല്കുകയും വിദ്യാഭ്യാസപരമായി അവരുടെ സ്ഥിതി ഉയര്ത്താന് നടപടികളെടുക്കുകയും ചെയ്യുക.
7. ആദിവാസികള്, ഹരിജനങ്ങള് മുതലായ പിന്നോക്കസമുദായക്കാരുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉന്നതിക്കു പ്രത്യേകം ശ്രദ്ധ ചെലുത്തുക.
8. എല്ലാ സമുദായങ്ങളിലും വിഭാഗങ്ങളിലുംപെട്ട സ്ത്രീകള്ക്കു തുല്യാവകാശത്തിന് ഉറപ്പു നല്കാന്, പിന്തുടര്ച്ചാവകാശം, തുല്യവേലയ്ക്കു തുല്യകൂലി, പ്രസവകാലാവധി, പ്രസവ ശ്രുശ്രൂഷാ സൗകര്യങ്ങള്, ശിശുസംരക്ഷണകേന്ദ്രങ്ങള് എന്നിവയ്ക്കു വ്യവസ്ഥ ചെയ്യുക. ജോലികൊടുക്കുന്ന കാര്യത്തില് സ്ത്രീയോ വിവാഹിതയോ ആണെന്ന കാരണത്തില് യാതൊരു വിവേചനവും പാടില്ല. ഗവണ്മെന്റിന്റെ സാമൂഹ്യസുരക്ഷാപദ്ധതികളില് സ്ത്രീകളുടെയും കുട്ടികളുടേയും ക്ഷേമത്തിനും രക്ഷയ്ക്കും പുരോഗതിക്കും പ്രത്യേക തുക നീക്കിവെക്കണം.
വൈദ്യസഹായം
മലബാറിലായാലും തിരു-കൊച്ചിയിലായാലും ഗ്രാമങ്ങളില് വൈദ്യസഹായം വേണ്ടത്ര ലഭിക്കുന്നില്ല. വൈദ്യസഹായം വികസിപ്പിയ്ക്കുന്നതില് നാട്ടുവൈദ്യത്തെയും പ്രയോജനപ്പെടുത്തണം. നാട്ടുവൈദ്യത്തെ ആധുനിക ശാസ്ത്രപുരോഗതിയ്ക്കൊത്തു വളര്ത്തിക്കൊണ്ടുവരണം. അതിനു ഒരു ആയുവേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കണം.
എല്ലാ ജില്ലാതലസ്ഥാന ആശുപത്രികളിലും എക്സ്-റേ മുതലായ ആധുനിക സജ്ജീകരണങ്ങള് സ്ഥാപിക്കുക.
താലൂക്ക് തോറുമുള്ള ഗവണ്മെന്റാശുപത്രിക്കു പുറമെ ലോക്കല് ഫണ്ട് ഡിസ്പെന്സറികള് ഗവണ്മെന്റ് ഏറ്റെടുക്കുകയും കിടത്തി ചികിത്സിപ്പിക്കാനുള്ള സൗകര്യങ്ങളോടുകൂടി അവയെ വികസിപ്പിക്കുകയും ചെയ്യുക.
പരിയാരം സാനിറ്റോറിയം ഗവണ്മെന്റു ഏറ്റെടുക്കുക.
മലമ്പനി, മന്ത് മുതലായ രോഗങ്ങളെ സംബന്ധിച്ച ഗവേഷണവും നിവാരണനടപടികളും വികസിപ്പിക്കുക.
ആയുര്വേദ വൈദ്യന്മാര്ക്ക്, മരുന്നുണ്ടാക്കുകയും വില്ക്കുകയും ചെയ്യുന്ന കാര്യത്തില് ഇന്നുള്ള വിഷമതകള് നീക്കുക.
ഭാഷ, കല, സംസ്കാരം
കേരളത്തില് അടുത്ത കാലത്തായി അന്യാദൃശമായ ഒരു സാംസ്കാരിക മുന്നേറ്റമുണ്ട്. അതിനെ എല്ലാ വിധത്തിലും പ്രോത്സാഹിപ്പിയ്ക്കുകയും, കേരളത്തിന്റേതായ കലകളും സംസ്കാരവും കാത്തുരക്ഷിക്കാനും വളര്ത്താനും നടപടികളെടുക്കുകയും ചെയ്യണം.
(എ) സര്ക്കാര് എഴുത്തുകുത്തുകളും നടപടികളുമെല്ലാം മലയാളത്തിലാക്കുക.
(ബി) മലയാളത്തില് ഒരു വിജ്ഞാനകോശം നിര്മ്മിയ്ക്കുന്നതിനുള്ള നടപടികളെടുക്കുക.
(സി) കേരളത്തിലെ കലാ-സാഹിത്യസംഘടനകള്ക്കു പ്രാതിനിധ്യം നല്കികൊണ്ട്, സാഹിത്യഅക്കാദമിയുടേയും ലളിതകലാ അക്കാദമിയുടേയും ഓരോ ശാഖകള് സ്ഥാപിക്കുക; കേന്ദ്രത്തില് നിന്നു ഇവയ്ക്ക് ജനസംഖ്യാനുപാതികമായിട്ടെങ്കിലും സഹായധനം നല്കണമെന്ന് ആവശ്യപ്പെടുക.
തൊഴിലാളികളുടെ സ്ഥിതി നന്നാക്കാന്
1. തൊഴിലില്ലായ്മ
കേരളത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് തൊഴിലില്ലായ്മയാണ്. കഴിഞ്ഞ പത്തുകൊല്ലത്തിനുള്ളില് കയര്വ്യവസായത്തില് ഒട്ടധികം ഫാക്ടറികള് പൂട്ടുകയും പതിനായിരക്കണക്കിനു തൊഴിലാളികള് തെരുവുതെണ്ടികളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്നു പ്രവര്ത്തിക്കുന്ന കയര് ഫാക്ടറികളില്തന്നെ ആഴ്ചയില് ശരാശരി 3 ദിവസത്തിലധികം ജോലിയില്ല. ഇപ്പോഴും ഫാക്ടറികളോരോന്നായി പൂട്ടിക്കൊണ്ടിരിക്കുന്നു. കശുവണ്ടി ഫാക്ടറികളില് ആണ്ടുതോറും 3-4 മാസം ജോലിയില്ലാത്ത സ്ഥിതിയാണ്. ഓയില്, ഓട്, കൈത്തറി തുടങ്ങിയ വ്യവസായങ്ങളിലും ഭാഗികമായ തൊഴിലില്ലായ്മ തുടരുകയാണ്.
തൊഴിലില്ലാത്തവര്ക്കു പുതിയ തൊഴിലുണ്ടാക്കിക്കൊടുക്കുന്നതിനും അതുവരെ മറ്റ് ആശ്വാസനടപടികളെടുക്കുന്നതിനും പദ്ധതി തയ്യാറാക്കി നടപ്പിലാക്കണം.
(1) പൂര്ണ്ണമായും ഭാഗികമായും തൊഴിലില്ലാത്തവരുടെയും തൊഴിലില്ലാതാകുന്നവരുടേയും രജിസ്റ്റര് സൂക്ഷിയ്ക്കാന് നടപടികളെടുക്കുക.
(2) തീരെ തൊഴിലില്ലാത്തവര്ക്കു പുതിയ വ്യവസായങ്ങള് തുടങ്ങുമ്പോഴും വികസനപരിപാടിയനുസരിച്ച നിര്മ്മാണപ്രവര്ത്തനങ്ങളിലും ജോലി കൊടുക്കുന്നതില് മുന്ഗണന നല്കുക.
(3) ഭാഗികമായി തൊഴിലില്ലാത്തവര്ക്ക് റിലീഫ് നല്കാന് തൊഴിലില്ലായ്മ ഇന്ഷ്വറന്സ് പദ്ധതിയും കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ ആഭിമുഖ്യത്തില് റിലീഫ് ഫണ്ടും ആരംഭിയ്ക്കുക.
(4) തൊഴിലില്ലായ്മാവേതനം കിട്ടുന്നതിനും പിരിച്ചുവിടല് കൂടാതെ ``ലേ-ഓഫ്- കോമ്പന്സേഷന്'' ലഭിക്കുന്നതിനും വ്യവസ്ഥ ചെയ്യുക.
2. ട്രേഡ് യൂണിയന് അവകാശങ്ങള്
തൊഴിലാളികളുടെ ട്രേഡ് യൂണിയനവകാശങ്ങള്ക്കു ഉറപ്പു നല്കാന്:
(1) രജിസ്റ്റര് ചെയ്ത എല്ലാ ട്രേഡ് യൂണിയനുകള്ക്കും അംഗീകരണം നല്കേണ്ടതു നിര്ബന്ധമാക്കുക.
(2) ഏതെങ്കിലും വ്യവസായസ്ഥാപനത്തില് ഒന്നിലധികം യൂണിയനുകളുണ്ടെങ്കില്, പ്രാതിനിധ്യകാര്യത്തില് അവ തമ്മില് കൂടിയാലോചിച്ച് ഒരു യോജിപ്പുണ്ടാക്കുന്നതിനെ പ്രോത്സാപ്പിക്കുക: അല്ലെങ്കില് രഹസ്യവോട്ടെടുപ്പ് നടത്തി ഭൂരിപക്ഷാഭിപ്രായം അറിയുക.
(3) തൊഴില്ത്തര്ക്കങ്ങളില് പോലീസ് ഇടപെടരുത്. തൊഴില്ത്തര്ക്കങ്ങള് കൂടിയാലോചിച്ച് ഫലപ്രദമായി തീര്ക്കാന് എല്ലാ നിലവാരത്തിലും അനുരഞ്ജനസമിതികള് ഏര്പ്പെടുത്തുക.
(4) തൊഴിലാളി-മുതലാളി പ്രതിനിധികള് ഒന്നിച്ചിരുന്നു ചര്ച്ച ചെയ്ത് അംഗീകരിക്കുന്ന ``സ്റ്റാന്റിങ്ങ് ചട്ടങ്ങള്'' ഉണ്ടാക്കാന് വ്യവസ്ഥ ചെയ്യുക.
(5) ട്രേഡ് യൂണിയന് പ്രവര്ത്തനത്തിനുള്ള എല്ലാ സൗകര്യങ്ങളും നിയമപ്രകാരം അനുവദിയ്ക്കുക.
3. കൂലിയും ബോണസ്സും
രാജ്യത്തിന്റെ വ്യവസായവല്ക്കരണത്തിലും ദേശീയ പുനര്നിര്മ്മാണത്തിലും തൊഴിലാളികള് ആവോശത്തോടും ആത്മാര്ത്ഥയോടുംകൂടി പങ്കെടുക്കണമെങ്കില്, അതുകൊണ്ട് അവരുടെ ജീവിതസ്ഥിതിയും അഭിവൃദ്ധിപ്പെടുന്നുണ്ടെന്നു അവര്ക്കു അനുഭവബോധ്യമാകേണ്ടതു അനിവാര്യമാണ്. അതിനു അവര്ക്കു അവകാശമുണ്ടുതാനും. ഒന്നാം പഞ്ചവത്സരപദ്ധതിക്കാലത്തുണ്ടായതുപോലെ വ്യവസായങ്ങളില് ഉല്പാദനവും, തൊഴിലാളികളുടെ ഉല്പാദന ക്ഷമതയും വര്ദ്ധിപ്പിക്കുക. എന്നാല് കൂലിയും മറ്റും വര്ദ്ധിക്കാതിരിക്കുകയെന്ന സ്ഥിതി തുടരാന് പാടില്ല.
(1) എല്ലാ വ്യവസായങ്ങളിലും എല്ലാ വിഭാഗങ്ങളിലുംപെട്ട തൊഴിലാളികള്ക്കും ഉടന്തന്നെ 25 ശതമാനം കൂലിക്കൂടുതല് അനുവദിയ്ക്കണം.
(2) ദേശീയ മിനിമം കൂലി നിജപ്പെടുത്താന് നടപടികളെടുക്കണം. കേരളത്തില് തോട്ടങ്ങള്, അലുമിനിയം, റയോണ്സ്, പേപ്പര്, തുണി-നൂല് മില്ലുകള്, മോട്ടോര് ട്രാന്സ്പോര്ട്ട്, തുറമുഖം, മിനറല്സ് മുതലായ വ്യവസായങ്ങളില് ഒട്ടും താമസിയാതെ ദേശീയ മിനിമം നിജപ്പെടുത്തേണ്ടതാണ്.
(3) എല്ലാ തൊഴിലാളികള്ക്കും ``മാറ്റിവെയ്ക്കപ്പെട്ട കൂലി'' എന്ന നിലയ്ക്ക് വാര്ഷികബോണസ്സ് കിട്ടാനുള്ള അവകാശം അംഗീകരിക്കണം. അങ്ങനെ കിട്ടാനവകാശപ്പെട്ട ബോണസ്സ് ചുരുങ്ങിയത് കൂലിയുടെ 12.5 ശതമാനമായിരിക്കണമെന്നു നിശ്ചയിക്കുകയും ആദായമനുസരിച്ചു പ്രത്യേക വ്യവസായങ്ങളിലും വര്ഷങ്ങളിലും കൂടുതല് അനുവദിക്കുകയും വേണം.
(4) മലബാറിലും തിരു-കൊച്ചിയിലും പലേ വ്യവസായങ്ങളിലും മിനിമം കൂലി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല് നിരക്കില് വ്യത്യാസമുണ്ട്. ഇരുഭാഗത്തും നിജപ്പെടുത്തിയ വ്യവസായങ്ങളൊന്നല്ലതാനും. അതുകൊണ്ട് കേരള സ്റ്റേറ്റില്, മലബാറിലോ തിരു-കൊച്ചിയിലോ മിനിമം കൂലി നിജപ്പെടുത്തിട്ടുള്ള എല്ലാ വ്യവസായങ്ങള്ക്കും നിലവിലുള്ള കൂടുതല് ഉയര്ന്ന നിരക്കില് അത് ഒരുപോലെ ബാധകമാക്കുകയും കര്ശനമായി നടപ്പിലാക്കുകയും വേണം.
കാര്ഷികപരിഷ്കാരങ്ങളും കൃഷിക്കാരുടെ ആവശ്യങ്ങളും
പരിധി നിര്ണ്ണയം
ഒരാള്ക്കോ കുടുംബത്തിനോ കൈവശം വെക്കാവുന്ന ഭൂമിയുടെ പരമാവധി പരിധി നിര്ണ്ണയിച്ചു മിച്ചഭൂമി എടുത്ത് ഭൂമിയില്ലാത്ത കര്ഷകര്ക്കോ കാര്ഷികത്തൊഴിലാളികള്ക്കോ നല്കുന്ന ഭൂപരിഷ്കാരം നടപ്പിലാക്കേണ്ടത് കേരളത്തെ സംബന്ധിച്ചിടത്തോളം സര്വ്വപ്രധാനമാണ്. അതുകൊണ്ടു ഭൂമിയുടെ പരിധി നിര്ണ്ണയിയ്ക്കണമെന്ന പ്ലാനിംഗ് കമ്മീഷന്റെ ശുപാര്ശ തികച്ചും സ്വാഗതാര്ഹമാണ്. പ്ലാനിംഗ് കമ്മീഷന്റെ ഭൂനയപാനലിന്റെ നിര്ദ്ദേശം, അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിനു കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി 3600 ഉറുപ്പിക അറ്റാദായം കിട്ടാന് വേണ്ടത്രയായിരിയ്ക്കണമെന്നാണ്. ഇന്ത്യക്കു മൊത്തത്തിലുള്ള ഒരു നിര്ദ്ദേശമാണിത്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൃഷിചെയ്യാവുന്ന ഭൂമിയുടെ വിസ്തീര്ണ്ണത്തിലുള്ള കുറവും, ജനബാഹുല്യവും, തൊഴിലില്ലായ്മയുടെ വൈപുല്യവും എല്ലാം പരിഗണിക്കുമ്പോള് മറ്റു സ്റ്റേറ്റുകള്ക്കു നിശ്ചയിക്കുന്നതിലും കുറഞ്ഞ ഒരു പരിധിയേ ഇവിടെ നിശ്ചയിച്ചുകൂടുവെന്നതു തീര്ച്ചയാണ്. പരിധി നിര്ണ്ണയിക്കുന്നതുകൊണ്ട് കുറേ ഭൂമിയെങ്കിലും ഭൂമിയില്ലാത്ത കര്ഷകര്ക്കു എടുത്തു വിതരണം ചെയ്യുന്നതിനു കിട്ടാനുണ്ടായിരിയ്ക്കണം.
എന്നാല് ഭൂപ്രഭുത്വവര്ഗത്തിന്റെ സമ്മര്ദ്ദത്തിന് കീഴ്വഴങ്ങിയ കേരളത്തിലെ കോണ് ഗ്രസ്സ് നേതൃത്വം ഭൂനയപാനല് വെച്ചിട്ടുള്ള ഈ നിര്ദ്ദേശത്തെപ്പോലും അംഗീകരിക്കാന് സന്നദ്ധമായിട്ടില്ല. ഈ സാഹചര്യത്തില് ഭൂനയപാനലിന്റെ നിര്ദ്ദേശപ്രകാരമുള്ള ഈ പരിധി നിര്ണ്ണയമെങ്കിലും നടപ്പില് വരുത്തുന്നതിനു കേരളത്തിലെ കോണ്ഗ്രസുകാരടക്കമുള്ള മുഴുവന് ജനാധിപത്യവാദികളേയും ഏകോപിപ്പിക്കുകയെന്നത് അത്യാവശ്യമായിത്തീര്ന്നിരിയ്ക്കുന്നു. അതുകൊണ്ട് ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന ഭൂമിയുടെ പരമാവധി പരിധി 3600 ഉറുപ്പിക അറ്റാദായം കിട്ടാന് വേണ്ടത്രയെന്നു നിശ്ചയിച്ചു മിച്ചഭൂമി മുഴുവന് എടുത്തു ഭൂമിയില്ലാത്തവര്ക്കു നല്കുന്ന നിയമം നടപ്പില് വരുത്തുവാനുള്ള പ്രക്ഷോഭണം രാജ്യവ്യാപകമായ തോതില് സംഘടിപ്പിയ്ക്കണം.
ഇങ്ങനെ പരിധി നിര്ണ്ണയിക്കുമ്പോള് ഭൂമി പാട്ടത്തിനു കൊടുത്തിട്ടുള്ള ജന്മികള്ക്ക് കുടയാന്മാരുടെ കൈവശമുള്ള ഭൂമി നിശ്ചിത പരിധിവരെ ഒഴിപ്പിച്ചെടുക്കാന് അവകാശമുണ്ടായിരിക്കുന്നതല്ല. ഈ പരിധി റബ്ബര്, തേയില, കാപ്പി, ഏലം എന്നിവ കൃഷിചെയ്യുന്ന എസ്റ്റേറ്റുകള്ക്കൊഴിച്ചു മറ്റെല്ലാ ഭൂമികള്ക്കും ബാധകമാക്കണം. എന്നാല് ഇത്തരം എസ്റ്റേറ്റുകളുടെ ഭാഗമായി വളരെയധികം ഭൂമി പല സ്ഥലങ്ങളിലും തരിശായി ഇന്നു കിടക്കുന്നുണ്ട്. ഇതില് പല ഭൂമിയും എസ്റ്റേറ്റിനു പറ്റാത്തതും നല്ല നിലമാക്കി രൂപാന്തരപ്പെടുത്താവുന്നതുമായ കൊല്ലി പ്രദേശങ്ങളും ചതുപ്പിനിലങ്ങളുമാണ്. ഇങ്ങനെയുള്ള തരിശുഭൂമികള്ക്കു പരിധി നിര്ണ്ണയം ബാധകമാക്കണം: പരിധി നിര്ണ്ണയിച്ചതിനുശേഷമുള്ള മിച്ചഭൂമി എടുത്ത് വിതരണം ചെയ്യുന്നത് ഭൂമിയില്ലാത്ത കൃഷിക്കാര്ക്കും കാര്ഷികത്തൊഴിലാളികള്ക്കുമായിരിക്കണം.
സ്ഥിരാവകാശവും മര്യാദപാട്ടവും
കൃഷിക്കാര്ക്ക് കൈവശഭൂമിയില് സ്ഥിരാവകാശവും നിലവിലുള്ള അക്രമപ്പാട്ടവ്യവസ്ഥയില് നിന്നു ആശ്വാസവും നല്കുന്നതിനു എല്ലാവിധ പാട്ടമൊഴിപ്പിക്കലുകളും നിരോധിക്കുന്നതും മര്യാദപ്പാട്ടം നിജപ്പെടുത്തുന്നതുമായ നിയമം അടിയന്തരമായി നടപ്പില് വരുത്തണം. മര്യാദപ്പാട്ടത്തിന്റെ കാര്യത്തില് പ്ലാനിംഗ് കമ്മീഷന്റെ ഭൂനയപാനല് വെച്ചിട്ടുള്ള നിര്ദ്ദേശം എല്ലാ ഭൂമികള്ക്കും മൊത്തം വിളവിന്റെ ആറിലൊന്നില് കൂടാത്തവിധം പാട്ടം നിശ്ചയിക്കണമെന്നാണ്. ഈ നിര്ദ്ദേശം കേരളത്തിന്റെ കാര്യത്തല് സ്വീകരിക്കാവുന്നതാണ്. എന്നാല് നിലവിലുള്ള പാട്ടം ഈ തോതനുസരിച്ചുള്ള മര്യാദപ്പാട്ടത്തേക്കാള് കുറവാണെങ്കില് അതായിരിക്കണം മര്യാദപ്പാട്ടം.
പങ്കുപാട്ടം, വാരം, ശമ്പളപാട്ടം എന്നിവയുള്പ്പടെ എല്ലാത്തരം കുടിയാന്മാര്ക്കും ഭൂമിയില് സ്ഥിരാവകാശമുണ്ടായിരിക്കുന്നതാണ്.
ഭൂമിയില് അധ്വാനിക്കുന്ന കര്ഷകനെ, സ്വന്തം കൃഷിക്കെന്ന പേരിലോ മറ്റെന്തെങ്കിലും പേരിലോ ഒഴിപ്പിക്കാന് ജന്മിക്ക് അവകാശമുണ്ടായിരിക്കുന്നതല്ല. എന്നാല് ഭൂമി പാട്ടത്തിനു കൊടുത്തിട്ടുള്ളവരും ഭൂമിയില് നിന്നുള്ള ആദായമല്ലാതെ മറ്റു ജീവിതമാര്ഗ്ഗങ്ങളൊന്നും ഇല്ലാത്തവരുമായ ഇടത്തരം ഭൂവുടമകളുടെ കാര്യത്തില് ചില വിട്ടുവീഴ്ചകള് ചെയ്യാവുന്നതാണ്.
ഒരു കൊല്ലത്തിനുമേലുള്ള മുഴുവന് പാട്ടക്കുടിശ്ശികയും റദ്ദ് ചെയ്യണം.
കുടികിടപ്പുകാരേയും ഉള്ക്കുടിക്കാരേയും ഒരു കാരണവശാലും ഒഴിപ്പാക്കാന് പാടില്ല.
മര്യാദ പാട്ടത്തിന്റെ ഒരു നിശ്ചിത ഇരട്ടി പ്രതിഫലം ജന്മികള്ക്കു നല്കി, അവര്ക്കു ഭൂമിയിലുള്ള എല്ലാ അവകാശങ്ങളും അവസാനിപ്പിച്ച് കുടിയാന്മാരുടെ ഭൂമിയുടെ യഥാര്തഥ ഉടമകളാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. കൃഷിക്കാരില്നിന്ന് വസൂലാക്കാന്ന വാര്ഷിക പ്രതിഫലസംഖ്യ അയാള് ജന്മിക്കു കൊടുക്കാന് ബാദ്ധ്യതപ്പെട്ട മര്യാദപാട്ടത്തിലും കൂടുതലാകാന് പാടില്ല.
ജന്മിക്കര-കാണസമ്പ്രദായങ്ങള്
തിരു-കൊച്ചിയിലെ ജന്മിക്കരവ്യവസ്ഥയും മലബാറിലെ കാണസമ്പ്രദായവും ചുരുങ്ങിയ പ്രതിഫലം നല്കിയും, തിരുവിതാംകൂറിലെ മണിയംകരം, ശ്രീപാദം വ്യവസ്ഥകള് യാതൊരുവിധ പ്രതിഫലവും നല്കാതെയും നിര്ത്തലാക്കണം.
ഈ കാര്ഷികപരിഷ്കാരങ്ങളെല്ലാം നടപ്പില് വരുത്തുന്നത്, വില്ലേജ് പഞ്ചായത്തുകളും കര്ഷകരുടേയും കാര്ഷികത്തൊഴിലാളികളുടേയും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളും അടങ്ങുന്ന ട്രൈബൂണലുകള് മുഖേനയായിരിക്കണം.
കാര്ഷികത്തൊഴിലാളികള്
(1) മേഖലാടിസ്ഥാനത്തിലും തൊഴിലിന്റെ അടിസ്ഥാനത്തിലും എല്ലാ വിഭാഗത്തിലുംപെട്ട കാര്ഷികത്തൊഴിലാളികള്ക്കും മര്യാദക്കൂലിയും വേലസമയവും നിയമം മൂലം നിശ്ചയിക്കണം.
(2) കാര്ഷികത്തൊഴിലാളികള്ക്കു പണിയായുധങ്ങള് വാങ്ങാനും മറ്റാവശ്യങ്ങള്ക്കും ചുരുങ്ങിയ പലിശക്ക് കടം കിട്ടാന് ഏര്പ്പാടുകളുണ്ടാക്കുക.
(3) കാര്ഷികതൊഴിലാളികളെ - വിശേഷിച്ചും ഹരിജനങ്ങളെ - ജന്മികളും നാട്ടുപ്രമാണികളും അടിമകളാക്കി വയ്ക്കുന്നതും പാട്ടത്തിനു കൊടുക്കുന്നതുമായ സമ്പ്രദായത്തെ അതിന്റെ എല്ലാ രൂപത്തിലും നിയമം മൂലം നിരോധിക്കുക.
(4) പരസ്പര സഹായാടിസ്ഥാനത്തില് കാര്ഷികതൊഴിലാളികളുടെയിടയില് പരമ്പരയായിട്ടുള്ള കുടില്വ്യവസായങ്ങളെ പുനഃസംഘടിപ്പിക്കാന് സഹായിക്കുക.
(5) കാര്ഷികതൊഴിലാളികള്ക്കുവേണ്ടി ഭവന നിര്മ്മാണപദ്ധതി കൂടുതല് വിപുലമായി നടപ്പിലാക്കുക.
കാര്ഷികകടവും കടംവായ്പയും
കൃഷിക്കാര്ക്കു വായ്പ നല്കുന്നതിനു 25 കോടി രൂപ രണ്ടാം പഞ്ചവത്സരപദ്ധതിയില് കേരളാസ്റ്റേറ്റിനു നീക്കിവെക്കണം. ഈ വായ്പ അര്ഹതയും ആവശ്യകതയുമുള്ള മുഴുവന് കര്ഷകര്ക്കും വില്ലേജുതോറും കടവായ്പാ സഹകരണസംഘങ്ങള് സംഘടിപ്പിച്ച്, അവയില് കൂടി നല്കാന് വ്യവസ്ഥ ചെയ്യണം. സഹകരണ സംഘങ്ങളുടെ പ്രവര്ത്തനം തികച്ചും ജനാധിപത്യപരമാക്കുന്നതിന് ആവശ്യമായ ഭേദഗതികള് കോ-ഓപ്പറേറ്റീവ് ആക്ടിലും മറ്റു വരുത്തണം.
ഹുണ്ടികവ്യാപാരികള് കൃഷിക്കാരില് നിന്നു അക്രമമായ പലിശനിരക്ക് വസൂലാക്കിവരുന്നതിനെ നിയമനിര്മ്മാണം മൂലം കര്ശനമായി തടയുകയും, ഹുണ്ടികവ്യാപാരം നടത്തുന്നതിനു ലൈസന്സ് ഏര്പ്പെടുത്തുകയും ചെയ്യുക.
ഹുണ്ടികവ്യാപാരികളുടെ കൈവശമുള്ള പണം കൃഷിവായ്പക്ക് പ്രയോജനപ്പെടത്തക്കവണ്ണം കടംവായ്പാ സഹകരണങ്ങളില് നിക്ഷേപിക്കുന്നതിനു ആവശ്യമായ പ്രേരണ അവര്ക്കു നല്കണം.
വില്ലേജ് തോറും ധാന്യബാങ്കുകളും കാര്ഷികോല്പന്നങ്ങള് വിനിമയം ചെയ്യുന്ന മാര്ക്കറ്റിങ്ങ് സൊസൈറ്റികളും സ്ഥാപിക്കണം.
ഭൂപണയ ബാങ്കില് നിന്നു സാധാരണ കര്ഷകനു വായ്പ ലഭിക്കാന് ഇന്നുള്ള ബുദ്ധിമുട്ടുകള് നീക്കം ചെയ്യത്തക്കവിധം അതിന്റെ നിയമങ്ങളില് ഭേദഗതി വരുത്തുകയും നടത്തിപ്പ് കാര്യക്ഷമമാക്കുകയും ചെയ്യണം.
നിലവിലുള്ള കാര്ഷികകടങ്ങളുടെ കാര്യത്തില് കര്ഷകര്ക്കു ആശ്വാസകരമായ നടപടികള് സ്വീകരിക്കണം. കൃത്രിമകടങ്ങളും, കാര്ഷികത്തൊഴിലാളികള്, ദരിദ്രകര്ഷകര് എന്നിവരുടെ കടങ്ങളും റദ്ദു ചെയ്യണം. മറ്റു കടങ്ങളില് വെട്ടിക്കുറയ്ക്കേണ്ടവ വെട്ടിക്കുറക്കുകയും ബാക്കിയുള്ളതു ദീര്ഘകാല ഗഡുക്കളായി അടച്ചു തീര്ക്കാന് വ്യവസ്ഥ ചെയ്യുകയും വേണം. ഈ കാര്യങ്ങള്ക്കു കര്ഷകപ്രതിനിധികള്കൂടി ഉള്പെടുന്ന ഋണരഞ്ജന ബോര്ഡുകള് രൂപീകരിക്കണം. ഈ കാര്യങ്ങളെല്ലാം നടപ്പില് വരുത്തുന്നതുവരെ കാര്ഷികകടം സംബന്ധിച്ചുള്ള എല്ലാ കോടതി നടപടികളും നിര്ത്തിവെക്കേണ്ടതാണ്.
കാര്ഷികോല്പ്പന്നങ്ങള്ക്ക് അടിസ്ഥാനവില
തേങ്ങ, നെല്ല്, കുരുമുളക്, അടയ്ക്ക, പുല്തൈലം, ചുക്ക്, കപ്പ, കശുവണ്ടി എന്നിങ്ങനെയുള്ള കേരളത്തിലെ പ്രധാനപ്പെട്ട കാര്ഷികോല്പന്നങ്ങള്ക്കു അടിസ്ഥാനവില സര്ക്കാര് നിശ്ചയിക്കണം. ഏതെങ്കിലും ഉല്പന്നത്തിന്റെ കമ്പോളനിലവാരം ഈ അടിസ്ഥാനവിലയേക്കാള് ഇടിഞ്ഞു പോകുന്ന അവസരത്തില് ഗവണ്മെന്റു നേരിട്ടു ആ അടിസ്ഥാനവിലയ്ക്ക് ഉല്പന്നം വാങ്ങി ശേഖരിക്കണം. ഉല്പാദനച്ചിലവും ഉല്പാദകനു ന്യായമായ ഒരു ആദായവും ലഭിക്കാന് വേണ്ട വരുമാനം കിട്ടത്തക്കവിധമായിരിക്കണം ഓരോ ഉല്പന്നത്തിനും അടിസ്ഥാനവില നിശ്ചയിക്കുന്നത്. കാര്ഷികോല്പ്പന്നങ്ങള്ക്ക് ഇന്ത്യയ്ക്കകത്തും പുറത്തും ശരിയായ കമ്പോളം കണ്ടുപിടിക്കുന്ന ചുമതല ഗവണ്മെന്റിന്റേതായിരിക്കണം.
കുത്തക മുതലാളി മാരുടെ അമിതമായ ചൂഷണം തടയുന്നതിനു സ്റ്റേറ്റ് ട്രേഡിംഗ് സിസ്റ്റം ഏര്പ്പെടുത്തണം.
തരിശുഭൂമി
കൃഷിചെയ്യാവുന്ന തരിശു-പുറമ്പോക്കു ഭൂമികളും, വനഭൂമികളും, (സര്ക്കാര് വകയും, സ്വകാര്യ ജന്മികളുടെ വകയും) ഭൂമിയില്ലാത്ത കര്ഷകര്ക്കും കാര്ഷികത്തൊഴിലാളികള്ക്കുമായി കുടുംബമൊന്നിനു അഞ്ചേക്കറില് കൂടാത്തവിധം കൃഷിക്കു നല്കണം. ഭൂമിയില്ലാത്ത കര്ഷകര് കൈവശംവെച്ചുവരുന്ന അത്തരം ഭൂമികളില് നിന്ന് അവരെ ഒഴിപ്പിക്കാനുള്ള എല്ലാ നടപടികളും ഉപേക്ഷിക്കണം. സര്ക്കാര്ഭൂമി വിപുലമായ തോതില് കൈവശം വെച്ചുവരുന്ന ധനാഢ്യന്മാരില് നിന്നു ആവക ഭൂമികള് ഒഴിപ്പിച്ചെടുത്തു ഭൂമിയില്ലാത്തവര്ക്കു നല്കണം.
തരിശുഭൂമി കൃഷിക്കു നല്കുന്നതിനു അടിസ്ഥാനനികുതിയില് കൂടാത്ത കരം മാത്രമേ കൃഷിക്കാരില് നിന്നു വസൂലാക്കിക്കൂടൂ. വിളവിറക്കുന്നതിനു കര്ഷകര്ക്കു ആവശ്യമായ സാമ്പത്തികസഹായം ഗവണ്മെന്റു നല്കണം.
ജലസേചന പദ്ധതികള്
ഒന്നാം പഞ്ചവത്സരപദ്ധതിയില് ഉള്പ്പെടുത്തിയിരുന്ന ജലസേചന പദ്ധതികളില് പൂര്ത്തിയാവാതെ കിടക്കുന്നവയുടെ പണി ഉടന് പൂര്ത്തിയാക്കുകയും രണ്ടാം പഞ്ചവത്സരപദ്ധതിയുടെ പ്രവര്ത്തനം എത്രയും വേഗം ആരംഭിയ്ക്കുകയും ചെയ്യണം.
മൈനര് ജലസേചന പദ്ധതിക്കു രണ്ടാം പഞ്ചവത്സരപദ്ധതിയില് കേരളത്തിലേക്കു 10 കോടി രൂപ നിരക്കി വെക്കണം. മൈനര് ജലസേചനപദ്ധതികളുടെ പ്രവര്ത്തനം വില്ലേജ് പഞ്ചായത്തുകളെ ഏല്പിക്കണം.
ജലനികുതി വെട്ടിക്കുറയ്ക്കുകയും അതു വസൂലാക്കുന്നതിനുള്ള ക്രമക്കേടുകള് അവസാനിപ്പിക്കുകയും ചെയ്യണം. അഭിവൃദ്ധിനികുതി ഈടാക്കാനുള്ള നടപടികള് ഉപേക്ഷിക്കണം.
കുടില്വ്യവസായങ്ങള്
കാര്ഷികത്തൊഴിലാളികളുടേയും ചെറുകര്ഷകരുചേയും ഇടയിലുള്ള തൊഴിലില്ലായ്മ താല്ക്കാലികമായ പരിഹാരമുണ്ടാക്കുന്നതിനായി തഴപ്പായ, പനമ്പ് നെയ്ത്ത്, ചൂരല്, രാമച്ചം, മണ്പാത്രം, ചൂടി തുടങ്ങിയ കുടില് വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവ സംഘടിപ്പിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം ഗവണ്മെന്റ് നല്കുകയും ചെയ്യണം.
കൃഷിവികസനം
പഞ്ചായത്തുതോറും കൃഷി ഡിപ്പോകള് സ്ഥാപിക്കുകയും കര്ഷകര്ക്കു ആവശ്യമുള്ള വിത്ത്, വളം, പണിയായുധങ്ങള് മുതലായവ ചുരുങ്ങിയ വിലക്കു ആള്ജാമ്യത്തിന്മേല് കടമായി ലഭിക്കാന് സൗകര്യപ്പെടുത്തുകയും ചെയ്യണം.
സര്ക്കാര് ജീവനക്കാരുടേയും മറ്റും സ്ഥിതി നന്നാക്കാന്
(1) കേരള സ്റ്റേറ്റ് രൂപീകരിയ്ക്കപ്പെടുമ്പോള് തിരു-കൊച്ചിയിലേയും മലബാറിലെയും സര്ക്കാര് ജീവനക്കാരുടേയും അദ്ധ്യാപകര്, ബാങ്ക് ജീവനക്കാര് മുതലായവരുടേയും ശമ്പളനിരക്കും മറ്റു ജോലിസൗകര്യങ്ങളും ഏകീകരിക്കുന്നതിന്റെ പ്രശ്നം ഉത്ഭവിക്കും. ഒരു വിഭാഗത്തിന്റേയും ഇന്നത്തെ സ്ഥിതി ഇടിയാന് ഇടയാകാത്തവിധത്തില്, അവരുടെ പ്രതിനിധികളുമായി ആലോചിട്ട് ഈ സംയോജനം നടത്താന് വേണ്ട നടപടികളെടുക്കണം.
(2) സര്ക്കാര് ജീവനക്കാരുടേയും അദ്ധ്യാപകരുടേയും മറ്റു ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും അനുവദിക്കണം.
പൗരസ്വാതന്ത്ര്യങ്ങള്
എല്ലാ രാഷ്ട്രീയത്തടവുകാരേയും മോചിപ്പിക്കണം. രാഷ്ട്രീയ കേസ്സുകള് കാരണം ഇന്നും ഒളിവില് കഴിയേണ്ടിവരുന്നവരുടെ പേരിലുള്ള വാറണ്ടുകള് പിന്വലിക്കണം.
പത്രങ്ങളുടേയും മറ്റും മേലുള്ള നിരോധനങ്ങള് റദ്ദു ചെയ്യണം.
കരുതല് തടങ്കല് നിയമം, പത്രമാരണനിയമം, നാടകാഭിനയനിയമം മുതലായവ റദ്ദാക്കണം.
നികുതികളും ധനാഗമമാര്ഗ്ഗങ്ങളും
(1) മലബാറിലെ ഇന്നത്തെ നിലനികുതി സമ്പ്രദായം മാറ്റി തിരു-കൊച്ചിയിലെപ്പോലെ അടിസ്ഥാന നികുതിയും കാര്ഷികാദായ നികുതിയും നടപ്പാക്കുക. തിരു-കൊച്ചിയില് ഇന്നു നിലനികുതി 35 ലക്ഷം രൂപയോളവും കാര്ഷികാദായനികുതി ഒരു കോടി രൂപയോളവും ലഭിക്കുന്നു. മലബാറിലെ നികുതി സമ്പ്രദായം മേല്പറഞ്ഞവിധം മാറ്റുന്നതുകൊണ്ട് ഉണ്ടാകുന്ന കുറവ് കാര്ഷികാദായനികുതി ചുമത്തുന്നതുകൊണ്ടു നികത്തപ്പെടും.
(2) ട്രാന്സ്പോര്ട്ട് ദേശസാല്ക്കരണം: സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് മലബാറിലേയ്ക്കുകൂടി വ്യാപിപ്പിക്കുകയും എല്ലാ പ്രധാന ലൈനുകളും ദേശസാല്ക്കരിക്കുകയും ചെയ്യുക.
(3) ബ്രിട്ടീഷ് ഉടമയിലുള്ളതോട്ടം വ്യവസായം ദേശസാല്ക്കരിക്കുക.
(4) മലബാറിലെ സ്വകാര്യ വനങ്ങള് ദേശസാല്ക്കരിക്കുക.
(5) മലബാറിലെ വിദ്യാഭ്യാസ സൗകര്യങ്ങള്, യാത്രാസൗകര്യങ്ങള്, വൈദ്യസഹായ സൗകര്യങ്ങള് മുതലായ സാമൂഹ്യ സര്വ്വീസുകള് അതിവേഗത്തില് തിരു-കൊച്ചിയുടേതിനോടു തുല്യമാക്കുന്നതിന് ഒരു നിശ്ചിത പദ്ധതിയനുസരിച്ച് കേരളത്തിന് കേന്ദ്രത്തില് നിന്നു പ്രത്യേക ഗ്രാന്റ് അനുവദിക്കണം.