ആണവോര്‍ജ്ജവും വൈദ്യുത മേഖലയും : പൊള്ളയായ വാഗ്ദാനങ്ങള്‍
ഇന്തോ-അമേരിക്കന്‍ ആണവകരാര്‍ ഇന്ത്യയുടെ ഊര്‍ജ്ജസുരക്ഷയെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഗവണ്മെന്റു ഏജന്‍സികളൊക്കെ കരാറിന് ശേഷം ഇന്ത്യയില്‍ എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കാനാവുമെന്ന് വാര്ത്താകുറിപ്പുകളിറക്കുന്നുണ്ട്! എന്താണ് വസ്തുത.
ഇന്ത്യ കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്നുണ്ടെന്നത് സത്യമാണ്. വ്യാപകമായുണ്ടായ പവര്‍കട്ടുമൂലം കൂടുതല്‍ ബുദ്ധിമുട്ടുനുഭവിക്കേണ്ടിവരുന്നത് ഗ്രാമപ്രദേശങ്ങള്‍ക്കാണ്. തങ്ങളുടെ കൃഷിയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടി ഗ്രാമീണകര്‍ഷകര്‍ക്ക് പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് കൃഷിയിടങ്ങളിലേക്ക് പോകേണ്ടിവരുന്നു. ആ സമയത്തേ പമ്പ് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വൈദ്യുതി കിട്ടൂ എന്നതാണിതിന് കാരണം. വ്യവസായസ്ഥാപനങ്ങള്‍ രൂക്ഷമായ പവര്‍കട്ടിനെ നേരിടേണ്ടിവരുന്നു. വ്യവസായശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടി ചെലവേറിയ ഡീസല്‍ ജനറേറ്ററുകളെ ആശ്രയിക്കേണ്ടിവരുന്നു. ഊര്‍ജ്ജമേഖലയിലെ പ്രതിസന്ധി അതിന്റെ കുഴപ്പം കൊണ്ടുണ്ടായതല്ല. തുടര്‍ച്ചയായി വന്ന ഗവണ്മെന്റുകള് ഈ മേഖലയില്‍ പൊതുനിക്ഷേപം നടത്താതിരിക്കുകയും, അതുവഴി ഈ രംഗത്തെ സ്വകാര്യമേഖലയക്ക് കൂടുതല്‍ നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ വേണ്ടി പരിശ്രമിക്കുകയും ചെയ്തതുകൊണ്ടാണ് ഈ സ്ഥിതിയുണ്ടായത്. സ്വകാര്യവല്‍ക്കരിച്ചുകൊണ്ട് ഈ മേഖലയെ കൂടുതല്‍ വില കൊടുക്കേണ്ടതാക്കി മാറ്റുന്നതിനാണ് ഗവണ്മെന്റ് ശ്രമിച്ചത്. അതിന്റെ ഫലമായി സംസ്ഥാനവൈദ്യുതിബോര്ഡുകള് പാപ്പരാവുകയും അതുവഴി തൊണ്ണൂറികളിലുണ്ടായിരുന്ന വൈദ്യുതിക്ഷാമം ഇപ്പോള്‍ രൂക്ഷമായ പ്രതിസന്ധിയായി മാറുകയും ചെയ്തു.
നിലവിലുള്ള നമ്മുടെ ഊര്‍ജ്ജശേഷി വര്‍ദ്ധിപ്പിക്കണമെന്നതില്‍ തര്‍ക്കമില്ല. ചോദ്യം നമ്മുടെ സ്ഥാപിത ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം ആണവോര്ജ്ജമാണോ എന്നതാണ്.
ഇപ്പോള്‍ നമുക്ക് കല്‍ക്കരി, ജലം, പ്രകൃതിവാതകം, ആണവശക്തി എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 1,43,000 മെഗാവാട്ടിന്റെ സ്ഥാപിതശേഷിയാണുള്ളത്. ഒരു മെഗാവാട്ടു കൊണ്ട് 8,000 മുതല്‍ 10,000 വരെ വീടുകള്‍ക്കാവശ്യമായ വൈദ്യുതി നല്‍കാനാവും. നമ്മള് സ്ഥാപിച്ചിട്ടുള്ള 143000 മെഗാവാട്ടില്‍ ആണവോര്‍ജ്ജം ഉപയോഗിക്കുന്നത് 4120 മെഗാവാട്ട്, അതായത് 3 ശതമാനത്തില്‍ താഴെ മാത്രമാണ്. മുഖ്യപങ്ക് കല്‍ക്കരിയുടേതാണ്, 55 ശതമാനം. ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 25 ശതമാനം. എല്ലാ വിധത്തില്‍ നോക്കിയാലും നമുക്ക് ഊര്ജ്ജക്ഷാമമുണ്ട്. അത് നമ്മുടെ വികസനത്തിന് തടസ്സമാവുകയും ജനങ്ങള്‍ക്ക് ദുരിതത്തിന് ഇടയാക്കുകയും ചെയ്യുന്നു.
ഏകദേശം 100 വര്‍ഷത്തോളം കാലം കുഴിച്ചെടുക്കാവുന്ന കല്‍ക്കരി ശേഖരം നമുക്കുണ്ട്. ഇനിയുമുപയോഗപ്പെടുത്താത്ത ജലവൈദ്യുതി ഉല്പാദന സ്രോതസ്സുകളും നമുക്കുണ്ട്. നേപ്പാളുമായി സഹകരിച്ച് ജലവൈദ്യുതി ഉല്പാദിപ്പിക്കുവാനുള്ള സാധ്യതയും നമുക്കുണ്ട്. കാവേരി-ഗോദാവരി തീരങ്ങളില്‍ ഈയടുത്തയിടെ കണ്ടെത്തിയ പ്രകൃതിവാതക ശേഖരം നമ്മുടെ ഊര്‍ജ്ജസ്രോതസ്സുകളെ വൈവിധ്യവല്ക്കരിച്ചിരിക്കുന്നു. അതിനാല്‍ ആണവഊര്‍ജ്ജം വൈദ്യുതി ഉല്പാദിപ്പിക്കുവാനുള്ള നമ്മുടെ ഏകസ്രോതസ്സല്ല; നിരവധി സ്രോതസ്സുകളില്‍ ഒന്നുമാത്രമാണ്. ഇതില്‍ ഏതാണ് നമ്മള് തെരഞ്ഞെടുക്കേണ്ടത് എന്നതിന് അടിസ്ഥാനമാക്കേണ്ടത് വൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കാനാവശ്യമായിവരുന്ന ചെലവിനേയും അതില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വരുന്ന വിലയേയും കണക്കിലെടുത്തുകൊണ്ടായിരിക്കണം.
അമേരിക്ക, ഫ്രാന്‍സ്, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് ആണവകരാറിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുപ്പെടുന്ന ആണവറിയാക്ടറുകള്‍ ഉപയോഗിച്ച് ആണവോര്‍ജ്ജം ഉല്പാദിപ്പിക്കാനാവുമെന്നും അതുവഴി നമ്മുടെ വൈദ്യുതോല്പാദന ശേഷി വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാനാവുമെന്നുമാണ് ഗവണ്മെന്റ് അവകാശപ്പെടുന്നത്. എന്നാല്‍ ഗവണ്മെന്റ് നമ്മളോട് പറയാതിരിക്കുന്നത് ഈ ആണവനിലയങ്ങള്‍ക്ക് നാം എത്രമാത്രം പണം മുടക്കേണ്ടിവരുമെന്നതും അതില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് എന്ത് മാത്രം വിലവരുമെന്നതുമാണ്. കല്‍ക്കരി അധിഷ്ഠിതമായ വൈദ്യുതി നിലയങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ രണ്ടുമടങ്ങ് എങ്കിലും ഇറക്കുമതി ചെയ്ത റിയാക്ടറുകളില്‍ നിന്ന ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വരുമെന്നാണ് നമ്മള് കണക്കാക്കിയിരിക്കുന്നത്. കല്‍ക്കരി അധിഷ്ഠിതവൈദ്യുതി യൂണിറ്റൊന്നിന് നിലയത്തില്‍ 2 രൂപ 50 പൈസ വിലവരുമ്പോള്‍ ആണവോര്‍ജ്ജത്തിന് യൂണിറ്റിന് 5 രൂപ 10 പൈസ മുതല്‍ 5.50 പൈസ വരെ വില വരും.
വില ഇങ്ങനെ വര്ദ്ധിക്കുമെന്നുമാത്രമല്ല. കല്‍ക്കരി അധിഷ്ഠിത വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന്റെ മൂന്നുമടങ്ങ് പണം ചെലവഴിച്ചാലെ ഇറക്കുമതി ചെയ്യുന്ന ആണവ റിയാക്ടര്‍ ഉപയോഗിച്ചുള്ള നിലയം സ്ഥാപിക്കാനാവൂ. ഇറക്കുമതി ചെയ്ത റിയാക്ടറുപയോഗിച്ചുള്ള 30000 മെഗാവാട്ട് ആണവ നിലയം നിര്‍മ്മിക്കാനാവശ്യമായി വരുന്ന പണം കൊണ്ട് നമുക്ക് ആവശ്യമെന്ന് വൈദ്യുതി മന്ത്രാലയം പറയുന്ന 100,000 മെഗാവാട്ട് നിലയം നിര്‍മ്മിക്കാമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എന്റോണ്‍ കേസിനെക്കുറിച്ച് ഓര്‍ക്കുന്നവര്‍ക്ക് ഇപ്പോള്‍ ചരിത്രം ആവര്‍ത്തിക്കുന്നതായി അനുഭവപ്പെടും. ആ സമയത്ത് ചെലവേറിയ സ്വകാര്യമേഖലാ ഊര്‍ജ്ജത്തെ നാം സ്വീകരിക്കാന്‍ നിര്‍ബന്ധിതമായത് എന്റോണിനെ സഹായിക്കുവാന്‍ മാത്രമാണ്. എന്റോണ്‍ വൈദ്യുതി ഉല്പാദിപ്പിക്കാന് തുടങ്ങിയപ്പോള്‍ അത് യൂണിറ്റൊന്നിന് 5.7 രൂപ വരെയെത്തുകയും മഹാരാഷ്ട്ര വൈദ്യുതി ബോര്‍ഡിനെ മുക്കിത്താഴ്ത്തുകയും ചെയ്തു. ഇപ്പോഴും ഊര്‍ജ്ജ സുരക്ഷയുടെ പേരു പറഞ്ഞുകൊണ്ടാണ് ഇറക്കുമതി ചെയ്ത റിയാക്ടറുകളില്‍ നിന്ന ഉല്പാദിപ്പിക്കുന്ന വൈദ്യുതിയ്ക്കുള്ള വഴിയൊരുക്കുന്നത്. 2000 മെഗാവാട്ടിന്റെ എന്റോണ്‍ നിലയം രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ബോര്‍ഡിനെ മുക്കിക്കളഞ്ഞുവെങ്കില് 40,000 മെഗാവാട്ട് വിലകൂടിയ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആണവനിലയങ്ങളുണ്ടാക്കുന്ന പ്രത്യാഘാതമെന്ത് എന്ന് ആലോചിക്കുന്നത് നന്നായിരിക്കും.
ആണവോര്‍ജ്ജ നിലയങ്ങളില്‍ കുറച്ചുപണം മുടക്കണമെന്നതിനോട് ഞങ്ങള്‍ യോജിക്കുന്നു. നമ്മളിപ്പോള്‍ ഉപരോധിക്കപ്പെട്ടിരിക്കുകയാണ്. നമുക്ക് ലോകത്തില്‍ എവിടെ നിന്നും ആണവോര്‍ജ്ജ നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമല്ല. നമ്മുടെ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദരും സ്വദേശി ആണവ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുവേണ്ടിയുള്ള അശ്രാന്തപരിശ്രമത്തിലാണ്. 1974 ല്‍ പൊക്രാന്‍ ക നുശേഷം ആണവ ഒറ്റപ്പെടുത്തല്‍ അനുഭവിച്ചു വരുന്ന കാലം മുതല്‍ ഈ സ്ഥിതി തുടരുകയാണ്. അതിനാല്‍ ഈ സാങ്കേതിക വിദ്യ നാം പരിപോഷിപ്പിക്കുകയും വളര്ത്തിയെടുക്കുകയു വേണം. ഇന്ന് ആണവോര്‍ജ്ജം ലാഭകരമല്ലെങ്കിലും കല്‍ക്കരി, എണ്ണ ശേഖരം തീര്‍ന്നു പോകുമ്പോള്‍ ആണവോര്‍ജ്ജത്തിന്റെ പ്രധാന്യം വര്‍ധിക്കും. എന്നാല്‍ ഇപ്പോള്‍ തന്നെ നമ്മുടെ കൈയ്യിലുള്ള സമ്പത്തിന്റെ ഭീമഭാഗവും ആണവോര്‍ജ്ജത്തില്‍, അതും ഇറക്കുമതി റിയാക്ടറുകളില്‍ നിക്ഷേപിക്കണമെന്ന് പറയുന്നത് ദീര്‍ഘവീക്ഷണമില്ലായ്മയാണ്. കല്‍ക്കരി, ജലഅധിഷ്ഠിത വൈദ്യുതി ഉല്പാദനരംഗത്ത് നടത്തേണ്ട നിക്ഷേപം വെട്ടിക്കുറച്ചോ, റോഡ്, റെയില്‍വെ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലെ നിക്ഷേപം വഴി തിരിച്ചുവിട്ടോ മാത്രമെ നമുക്ക് ഇപ്പോഴിത് ചെയ്യാനാവൂ.
ഇറക്കുമതി റിയാക്ടറുകള്‍ക്ക് മറ്റൊരു പ്രശ്നമുണ്ട്. ഹോമിഭാഭയുടെ കാലത്ത് ആരംഭിച്ച ത്രിമുഖ ഇന്ത്യന്‍ പദ്ധതി, എന്ന ഏകസ്വദേശി പദ്ധതിയില്‍ നിന്ന് വ്യത്യസ്തമായി ഇവക്ക് വന്‍തോതില്‍ യുറേനിയം ഇറക്കുമതി ആവശ്യമായി വരും. ഈ ത്രിമുഖ ചക്രം (3 ുവമലെ ര്യരഹല) ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ ഉപയോഗിക്കുകയും അവയ്ക്ക് ഉപയോഗിച്ച ഇന്ധനത്തെ തന്നെ പുനഃസംസ്കരിച്ച് അതേ യുറേനിയത്തില്‍ നിന്ന് 50 ഇരട്ടി ഊര്‍ജ്ജം വീണ്ടും ഉല്പാദിപ്പിക്കാന് കഴിയുകയും ചെയ്യും. ഫാസ്റ്റ് ബ്രീഡര്‍ സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ലോകത്ത് തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇന്ത്യയാണ്. അതാവട്ടെ വളരെവേഗം തന്നെ വ്യാപാരവല്ക്കരിക്കാവുന്ന അവസ്ഥയിലുമാണ്.
കൂടുതല്‍ വികസിതമായ രാജ്യങ്ങളിലൊന്നും തന്നെ ആണവോര്‍ജ്ജം മുഖ്യ ഊര്‍ജ്ജസ്രോതസ്സായി കണക്കാക്കപ്പെടുന്നില്ല. അമേരിക്ക തന്നെ അതിന്റെ അവസാനത്തെ റിയാക്ടര്‍ സ്ഥാപിച്ചത് 1996 ലാണ്. അതിന് ശേഷം പുതിയ റിയാക്ടര്‍ സ്ഥാപിക്കുന്നതിന് അനുമതി കൊടുത്തിട്ടില്ല.
മറ്റു മേഖലകളില്‍ നിന്ന് ആണവോര്ജ്ജമേഖലയിലേക്ക് നമ്മുടെ നിക്ഷേപം തിരിച്ചു വിടുകയാണെങ്കില്‍ നമ്മുടെ മൊത്തം ഊര്‍ജ്ജമേഖലയുടെ സ്ഥിതിയെന്തായിരിക്കും. ഏറ്റവും ശുഭാപ്തി വിശ്വാസികളായ ഗവണ്മെന്റ് വക്താക്കള്‍ പോലും അത് മൊത്തം വൈദ്യുതി സ്ഥാപിത ശേഷിയുടെ 9 ശതമാനത്തിലേറെ വരുമെന്ന് പറയുന്നില്ല.
കഴിഞ്ഞ 15 വര്‍ഷമായി ഊര്‍ജ്ജമേഖലയില്‍ മുടക്കുന്നതിന് പണം കണ്ടെത്താന്‍ കേന്ദ്രഗവണ്മെന്റിന് കഴിഞ്ഞില്ല. ഏഴാം പദ്ധതിയില്‍ നമ്മള് കൂട്ടി ചേര്‍ത്തത് 21,000 മെഗാവാട്ടാണ്. കഴിഞ്ഞ 3 പദ്ധതികളിലും ഗവണ്മെന്റിന് പണമില്ലെന്നതിന്റെ പേരില്‍ ആകെ കൂട്ടിച്ചേര്‍ക്കാനായത് 20,000 ല്‍ താഴെ മെഗാവാട്ട് മാത്രമാണ്. പെട്ടെന്ന് ഇപ്പോഴിതാ ഊര്‍ജ്ജമേഖലയ്ക്ക് മാറ്റിവെക്കാന്‍ പണമുണ്ടായിരിക്കുന്നു; അതും ഏറ്റവും ചെലവേറിയ മാര്‍ഗ്ഗത്തിലൂടെ. ആണവോര്‍ജ്ജത്തോട് ഇപ്പോള്‍ തോന്നുന്ന ഈ പുത്തന്‍ പ്രേമം വൈദ്യുതി ഉല്പാദിപ്പിക്കാനല്ല മറിച്ച് ഇന്ത്യ-അമേരിക്ക ആണവകരാറിനുള്ള നീതീകരണം കണ്ടെത്താന്‍ മാത്രമാണ്.
നമ്മുടെ മൊത്തം ഊര്‍ജ്ജോപഭോഗത്തിന്റെ ഒരു ഭാഗം മാത്രമാണ് വൈദ്യുതി. വള നിര്‍മ്മാണം, പ്ലാസ്റ്റിക്, പെട്രോ-കെമിക്കല്‍ ഉല്പന്നങ്ങള്, ഗതാഗതമേഖല എന്നിവക്ക് നമുക്ക് എണ്ണയും പ്രകൃതി വാതകവും ആവശ്യമാണ്. എണ്ണക്കും പ്രകൃതിവാതകത്തിനുമുള്ള ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വൈദ്യുതി കൂട്ടാതെ മറ്റുള്ള പ്രാഥമിക ഊര്ജ്ജങ്ങളാകെയെടുത്താല് നമ്മുടെ ഊര്‍ജ്ജാവശ്യത്തിന്റെ 40 ശതമാനം വരുന്നത് എണ്ണയും പ്രകൃതി വാതകവുമാണ്. അതില്‍ 3.5 ശതമാനം മാത്രമേ ആണവോര്‍ജ്ജം വരുന്നുള്ളൂ. ജനറല്‍ ഇലക്ട്രിക്കലില്‍ നിന്നോ, വെസ്റ്റിങ്ങ് ഹൗസില്‍ നിന്നോ റിയാക്ടറുകള്‍ ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ നമ്മുടെ ഊര്‍ജ്ജ സുരക്ഷയ്ക്ക് അത്യാവശ്യമായത് എണ്ണയും പ്രകൃതി വാതകവും ലഭ്യമാക്കലാണ്. എന്നിട്ടും എന്തിനാണ് നമ്മുടെ ഗവണ്മെന്റ് മുന്‍ഗണന കൊടുക്കുന്നത്? പശ്ചിമേഷ്യയില്‍ സ്ഥിരമായ ഒരു സംവിധാനം നിലനില്‍ക്കുന്നതാണോ, പശ്ചിമേഷ്യയെ അസ്ഥിരീകരിക്കാന്‍ ശ്രമിക്കുന്ന യുദ്ധിക്കൊതിയനായ അമേരിക്കയുടെ കൂടെ നില്‍ക്കുന്നതിനാണോ നാം പ്രാധാന്യം കൊടുക്കേണ്ടത്? പശ്ചിമ-മധ്യ ഏഷ്യയിലെ ഇറാനടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഭാവിയിലും എണ്ണകിട്ടുമെന്ന് ഉറപ്പാക്കുന്നതാണോ ശതകോടിക്കണക്കിന് ഡോളര്‍ കൊടുത്ത് ചെലവാകാതെ അമേരിക്കയില്‍ കെട്ടിക്കിടക്കുന്ന ആണവ റിയാക്ടര്‍ വാങ്ങുന്നതാണോ നമുക്ക് അഭികാമ്യമായിട്ടുള്ളത്?