ഇന്ത്യയുടെ താല്പര്യങ്ങള് സംരക്ഷിക്കുക;
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പണയപ്പെടുത്തരുത്
അമേരിക്കയുമായി തന്ത്രപരമായ സഖ്യമുണ്ടാക്കി ബന്ധങ്ങളുറപ്പിക്കുവാനുള്ള യു.പി.എ ഗവണ്മെന്റിന്റെ നീക്കം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലും ജനങ്ങളുടെ ക്ഷേമത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളുളവാക്കും. എന്‍.ഡി.എ ഭരണകാലം മുതല്‍ തന്നെ അമേരിക്കയുമായുള്ള സാമ്പത്തികബന്ധങ്ങള്‍ സാധാരണ വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ക്കപ്പുറത്തേക്ക് കടന്നിരുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ അമേരിക്കയുടേതുമായി, വിശേഷിച്ച് ധനമേഖലയില്‍ ഉദ്ഗ്രഥിക്കുന്നതിനും, അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്രകുത്തകകമ്പനികളുടെ സ്വാധീനം കൃഷി, ചില്ലറ വ്യാപാരം എന്നീ നിര്ണ്ണായമേഖലകളില് വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് നടന്നത്. അമേരിക്കയിലെ വന്‍കിട ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തങ്ങളുടെ ആഗോള മോഹങ്ങള്‍ വികസിപ്പിക്കുവാന്‍ ഇന്ത്യയിലെ വന്‍കിട ബിസിനസ് കുടുംബങ്ങളും താല്പര്യം പ്രകടിപ്പിച്ചു. ഇന്ത്യാ-അമേരിക്ക തന്ത്രപരബന്ധത്തിന് പിന്നില്‍ സാധാരണജനങ്ങളുടെ താല്പര്യങ്ങളല്ല മറിച്ച് വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപന താല്പര്യങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെ അതേ ദിശയില്‍ തന്നെ യു.പി.എ ഗവണ്മെന്റും സഞ്ചരിക്കുന്നതിനിടയാക്കുന്നത് ബി.ജെ.പി കോണ്‍ഗ്രസ് പാര്‍ടികള്‍ പങ്കുവെക്കുന്ന പൊതുവായ വന്‍കിട ബിസിനസ് താല്പര്യങ്ങളാണ്.
2006 മാര്‍ച്ചില്‍ ബുഷ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ ബുഷ്-മന്‍മോഹന്‍സിംഗ് സംയുക്ത പ്രസ്താവനയില്‍ സാമ്പത്തികരംഗത്ത് രണ്ട് സുപ്രധാന നടപടികള്‍ പ്രഖ്യാപിക്കപ്പെടുകയുണ്ടായി. അമേരിക്ക-ഇന്ത്യ സി.ഇ.ഒ ഫോറത്തിന്റെ ``അമേരിക്ക-ഇന്ത്യ തന്ത്രപരസാമ്പത്തിക പങ്കാളിത്തം'' എന്ന പേരിലുള്ള റിപ്പോര്‍ട്ട് ബുഷിന്റെ സന്ദര്‍ശനകാലത്താണ് പുറത്തിറക്കപ്പെട്ടത്. അതിലെ `നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാമെന്ന് സമ്മതിക്കുന്നതായി' സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാപനങ്ങളുടെ ഈ സി.ഇ.ഒ ഫോറത്തിന്റെ അദ്ധ്യക്ഷന്മാര് രത്തന്‍ ടാറ്റയും ജെ.പി.മോര്ഗന് ചേസിന്റെ വില്യം ഹാരിസണുമാണ്. 2005 ജൂലായില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ സന്ദര്ശനകാലത്താണിത് രൂപീകരിച്ചത്. ``വ്യാപാരതലത്തില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കുന്നതിന് മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിന്'' വേണ്ടിയാണ് ഈ ഫോറങ്ങള്‍ രൂപീകരിച്ചത്. രണ്ടാമതായി അമേരിക്ക-ഇന്ത്യ കാര്‍ഷിക വിജ്ഞാനമുന്കൈ എന്ന നിര്‍ദ്ദേശവും മന്‍മോഹന്‍സിംഗിന്റെ സന്ദര്‍ശനകാലത്ത് പ്രഖ്യാപിക്കപ്പെട്ടിരുന്നു. കാര്‍ഷിക വിജ്ഞാനമുന്കൈക്ക് വേണ്ടി രൂപീകരിക്കപ്പെട്ട ബോര്‍ഡില്‍ രണ്ടു രാജ്യങ്ങളുടേയും പ്രതിനിധികളുണ്ടായിരുന്നു. ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും കാര്ഷികപണ്ഡിതന്മാര്ക്കും പുറമെ അമേരിക്കയുടെ പക്ഷത്തുനിന്ന് വാള്‍മാര്‍ട്, മോണ്‍സാന്റോ എന്നിവയുടെ പ്രതിനിധികളും ഇന്ത്യന്‍ പക്ഷത്തുനിന്ന് ഐ.ടി.സിയുടെ പ്രതിനിധിയുമാണ് ഇതില്‍ ചേര്‍ക്കപ്പെട്ടിരുന്നത്. `വിപണി അധിഷ്ഠിത കൃഷി'യെ അടിസ്ഥാനപ്പെടുത്തി ഒരു `നിത്യഹരിത വിപ്ലവ'ത്തിനെ പിന്തുണക്കുന്നതിനാണ് ഇത് ലക്ഷ്യമിട്ടിരുന്നത്. ഈ രണ്ടു നടപടികളും ഇന്ത്യ-അമേരിക്ക വ്യാപാരരംഗത്തെ പങ്കാളിത്തവും സഹകരണവും എന്നതിലുപരി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ മുഖ്യമേഖലകളിലാകെ നയപരമായ ചട്ടക്കൂടുകള്‍ അഴിച്ചു പണിയുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്.
ഇന്ത്യ-അമേരിക്ക സി.ഇ.ഒ ഫോറത്തിന്റെ മറ്റൊരു മുഖ്യനിര്‍ദ്ദേശം ഇന്ത്യ-അമേരിക്ക സ്വതന്ത്രവ്യാപാര കൂടിയാലോചനക്ക് മുന്‍കൈയെടുക്കുക എന്നതായിരുന്നു. ഇന്ത്യ-അമേരിക്ക സമ്പദ്വ്യവസ്ഥകളെ സേവന, ഉല്പാദനമേഖലകളില് കൂടുതല്‍ സ്വാതന്ത്ര്യവ്യാപാരത്തിലേക്ക് നയിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. സി.ഈ.ഒ ഫോറത്തിന്റെ മറ്റു ശുപാര്‍ശകളില്‍ നിന്ന് സ്വതന്ത്രവ്യാപാരത്തില്‍ ഈ രണ്ടുരാജ്യങ്ങളില്‍ ആര്‍ക്കാണ് കൂടുതല്‍ നേട്ടമുണ്ടാവുക എന്ന് മനസ്സിലാക്കാനാവും. സി.ഇ.ഒ ഫോറത്തിന്റെ 30 ശിപാര്‍ശകളില്‍ നാല് എണ്ണം മാത്രമാണ് ഇന്ത്യക്ക് ഗുണം ചെയ്യുന്നത്. ഇന്ത്യയുമായി സിവില്‍ ആണവ സഹകരണം, ഇന്ത്യക്ക് ഇരട്ട ഉപയോഗ സാങ്കേതിക വിദ്യാകൈമാറും, ഐ.ടി രംഗത്ത് സേവന ദാതാക്കള്‍ക്ക് യു.എസ് വിസ നല്കുന്നതില് ഉദാരവല്കൃതസമീപനം (എച്ച്1/ബി/ എന്‍1 വിസകള്‍) ആരോഗ്യമേഖല (ഇ.ബി3 നഴ്സുമാര്‍ക്കുള്ള വിസ )എന്നിവയാണ് ആ നാല് ശിപാര്‍ശകള്‍. ഇന്ത്യാ-അമേരിക്കന്‍ വന്കിടമൂലധനശക്തികളുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ അനന്തരഫലമായ ഇന്ത്യ-അമേരിക്ക ആണവകരാറില്‍ ഇന്ത്യയുടെ സിവില്‍ ആണവ സഹകരണം, അമേരിക്കയുമായി ഇന്ത്യയുടെ വിദേശനയം യോജിച്ചു പോകണമെന്ന കര്ശനനിബന്ധനയുടെ അടിസ്ഥാനത്തില്‍ മാത്രമെ നടപ്പിലാക്കപ്പെടൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യാകൈമാറ്റത്തെ സംബന്ധിച്ചിടത്തോളം പൂര്‍ണ്ണമായ സിവിലിയന്‍ ആണവ സഹകരണം ഹൈഡ് ആക്ട് തള്ളിക്കളയുകയും ഇരട്ട ഉപയോഗ സാങ്കേതികവിദ്യയിന്മേലുള്ള ഉപരോധം തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ പ്രൊഫഷണലുകള്‍ക്കുള്ള വിസ നിയന്ത്രണം എടുത്തു കളയണം, വിശിഷ്യാ ഐ.ടി/ഐ.ടി.ഇ.എസ് മേഖലകളില്‍, എന്ന വാഗ്ദാനം അമേരിക്കയില്‍ രൂക്ഷ വിമര്‍ശനത്തിന് വിധേയമായിരിക്കുകയാണ്. ഇന്ത്യയിലെ സാങ്കേതിക മികവുള്ള തൊഴിലാളികള്‍ വരുന്നതുമൂലം അമേരിക്കയില്‍ വിദഗ്ദര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് നയകര്‍ത്താക്കള്‍ ആക്ഷേപമുന്നയിച്ചിരിക്കുന്നത്. തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഫലമായി ഇന്ത്യക്ക് ഉണ്ടാവുമെന്ന പറയപ്പെട്ടിരുന്ന ഗുണങ്ങളൊക്കെ മായക്കാഴ്ചകള്‍ മാത്രമായി മാറിയിരിക്കുകയാണ്.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തത്തിന്റെ അസന്തുലിത സ്വഭാവം സി.ഇ.ഒ ഫോറത്തിന്റെ ശുപാര്‍ശകളില്‍ നിന്ന് തന്നെ വ്യക്തമാണ്. അവരുടെ 30 ശുപാര്‍ശകളില്‍ 21 എണ്ണവും അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ക്കനുകൂലമായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് നിര്ണ്ണായകമാറ്റങ്ങള്
നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ളതാണ്.
1) അടിസ്ഥാന മേഖലാനിക്ഷേപങ്ങളില് വ്യവസ്ഥകളില്‍ ഉദാരവല്‍ക്കണം നടത്തുക.
2) ഊര്‍ജ്ജ, എണ്ണ, പ്രകൃതി വാതകമേഖലകളില്‍ വിപണി അധിഷ്ഠിത പരിഷ്കാരങ്ങള്‍ വരുത്തുക
3) ടെലികോം മേഖലയില്‍ കൂടുതല്‍ ഉദാരവല്‍ക്കണം വരുത്തുകയും സ്വകാര്യ പൊതുമേഖലാ ടെലികോം കമ്പനികള്‍ക്ക് ഒരേ തരത്തിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്യുക
4) ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ മൂലധനനിക്ഷേപപങ്കാളിത്തം വര്‍ദ്ധിപ്പിക്കുക.
5) ബാങ്കിങ് മേഖലയില്‍ വിദേശ മൂലധനനിക്ഷേപപങ്കാളിത്തം വര്‍ദ്ധിപ്പിക്കുക.
6) അച്ചടി മാധ്യമം, ബ്രോഡ്കാസ്റ്റിങ്ങ്, കേബിള്‍ സാറ്റലൈറ്റ് സിസ്റ്റംസ് എന്നിവയില്‍ പൂര്‍ണ്ണതോതില്‍ വിദേശ മൂലധനനിക്ഷേപം അനുവദിക്കുക
7) റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശ മൂലധന നിക്ഷേപ നിയന്ത്രണം എടുത്തുകളയുകയും നഗരഭൂപരിധി നിയന്ത്രണനിയമം എടുത്തുകളയല്‍, സ്റ്റാമ്പ് ഡ്യൂട്ടി കുറക്കല്‍ മുതലായവ നടപ്പിലാക്കുകയും ചെയ്യുക
8) പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരവല്‍ക്കരിക്കുക
9) ഉന്നത വിദ്യാഭ്യാസമേഖലയില്‍ വിദേശമൂലധന നിക്ഷേപം നടത്താനുള്ള വ്യവസ്ഥകള്‍ ഉദാരവല്‍ക്കരിക്കുക മുതലായവ ഈ നിര്‍ദ്ദേശങ്ങളില്‍ ഉള്‍ക്കൊള്ളുന്നു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ അമേരിക്കന്വല്ക്കരിക്കുന്നതിലേക്ക് നയിക്കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ യു.പി.എ ഗവണ്മെന്റിന്റെ സജീവ പരിഗണനയിലാണ്. ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ പോലും അമേരിക്ക മടിക്കുമ്പോള്‍ സി.ഇ.ഒ ഫോറത്തിലൂടെ അമേരിക്കയിലെ വന്‍കിട മുതലാളിത്ത ശക്തികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുക്കുന്നതിന് വേണ്ടി എന്‍.സി.എം.പി പോലും മറികടക്കുവാനാണ് യു.പി.എ ഗവണ്മെന്റ് തയ്യാറായിരിക്കുന്നത്.
ഇന്ത്യാ-അമേരിക്ക സി.ഇ.ഒ ഫോറം ഇന്ത്യയുടേയും അമേരിക്കയുടേയും ബൗദ്ധിക സ്വത്തവകാശ സംരക്ഷണനിയമങ്ങള്‍ `സൗഹാര്‍ദ്ദ' പരമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ ബഹുരാഷ്ട്രകുത്തകളുടെ താല്പര്യങ്ങള്ക്ക് അനുയോജ്യമായവിധം ഇന്ത്യയിലെ പാറ്റന്റ് നിയമങ്ങളെ പുനഃക്രമീകരിക്കുക എന്നതാണ് അതിന്റെ പിന്നിലുള്ളലക്ഷ്യം. സി.പി.ഐ (എം) ഉം, ഇടതുപാര്‍ടികളും ഇടപെട്ടതിന്റെ ഭാഗമായി ട്രിപ്സ് വ്യവസ്ഥകള്‍ക്കനുസൃതമായി 2005ല്‍ ഇന്ത്യന്‍ പാറ്റന്റ് നിയമത്തില്‍ മൂന്നാമത് ഭേദഗതി വരുത്തിയപ്പോള്‍ ജനതാല്പര്യം സരംക്ഷിക്കാവുന്നവിധം നിരവധി സുരക്ഷാ വകുപ്പുകള്‍ ചേര്‍ക്കാന്‍ തയ്യാറായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വ്യവസ്ഥ വകുപ്പ് 3 (ഡി)-നിലനില്‍ക്കുന്ന മോഡിക്യൂളുകളെ ചെറിയമാറ്റം വരുത്തി വ്യാജപാറ്റന്റ് നേടുന്നത് തടയല്‍-സംബന്ധിച്ച് സ്വിസ് ബഹുരാഷ്ട്രകുത്തകയായ നൊവാര്‍ടിസ് ചെന്നൈ ഹൈക്കോടതിയില്‍ പരാതി ബോധിപ്പിക്കുകയുണ്ടായി. ഇന്ത്യന്‍ പാറ്റന്റ് നിയമപ്രകാരം രക്താര്‍ബുദത്തിനുള്ള അവരുടെ ഒരു മരുന്നിന് പാറ്റന്റ് കിട്ടുന്നതിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കോടതിയില്‍ അപേക്ഷ നല്കപ്പെട്ടത്. ചെലവു കുറഞ്ഞ ജൈവമരുന്നുകള്‍ ഉല്പാദിപ്പിക്കുന്നതിന് ഇന്ത്യന്‍ കമ്പനികളെ അനുവദിച്ചുകൊണ്ടുള്ള വിധി നല്‍കിയതിലൂടെ നൊവാര്‍ടിസ് കോടതിയില്‍ പരാജയപ്പെട്ടു. എന്തൊക്കെയായാലും ഇന്ത്യന്‍ പാറ്റന്റ് നിയമത്തില്‍ ബഹുരാഷ്ട്രകുത്തക താല്പര്യങ്ങളില് നിന്ന് ജനതാല്പര്യം സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളൊക്കെ 2006 ഡിസംബറില്‍ ഒപ്പുവെച്ച ബൗദ്ധിക സ്വത്തവകാശരംഗത്തെ പരസ്പരസഹകരണ ധാരണ പത്രത്തിലൂടെ മാറ്റിമറിക്കപ്പെടാന്‍ പോകുകയാണ്. ഈ ധാരണാ പത്രപ്രകാരം അമേരിക്കയിലെ പാറ്റന്റ് ആന്റ് ട്രേഡ് മാര്‍ക്ക് ആഫീസ് (യു.എസ്.പി.ടി.ഒ) ഇന്ത്യയിലെ പാറ്റന്റ് ആന്റ് ട്രേഡ് മാര്‍ക് പരിശോധകരെ പരിശീലിപ്പിക്കുന്നതിനും, പരിശോധനകള്‍ക്കാവശ്യമായ വിദ്യാഭ്യാസ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനും, പരിശോധനകള്‍ക്ക് ജനങ്ങള്‍ക്കു സഹായകരമായ മാന്വല്‍ രൂപപ്പെടുത്തുന്നതിനും സഹായിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്.
യു.എസ്.പി.ടി.ഒ വിനെക്കൊണ്ട്, ഇന്ത്യന്‍ പാറ്റന്റ് ആപ്പീസിനെ പാറ്റന്റുകള്‍ എങ്ങനെ പരിശോധിക്കണമെന്നും പാറ്റന്റ് നിയമത്തെ എങ്ങനെ വ്യാഖ്യാനിക്കണമെന്നും പഠിപ്പിക്കുവാന്‍ അനുവദിക്കുന്നതിലൂടെ സി.ഇ.ഒ ഫോറത്തിന്റെ അജണ്ട പിന് വാതിലിലൂടെ നടപ്പിലാക്കുന്നതിന് അനുവദിക്കുകയാണ് ചെയ്യുന്നത്. യു.എസ്.പാറ്റന്റ് നിയമത്തില്‍ നിന്ന് വ്യത്യസ്തമായി നോവാര്‍ടിസ് കേസിലേതു പോലെ ഇന്ത്യയിലെ ജനങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥകളൊക്കെത്തന്നെ സി.ഇ.ഒ ഫോറത്തിന്റെ ഇന്ത്യ-അമേരിക്ക പാറ്റന്റ് നിയമങ്ങള്‍ സൗഹാര്ദ്ദപരമാക്കണമെന്ന നിര്ദ്ദേകത്തിലൂടെ അട്ടിമറിക്കപ്പെടുവാന്‍ പോകുകയാണ്.
അതേ രീതിയില്‍ അമേരിക്കന്‍ കുത്തകകള്‍ക്ക് പാദസേവ ചെയ്യുന്നത് ഇന്ത്യ-അമേരിക്ക കാര്‍ഷിക വിജ്ഞാന മുന്‍കൈ (അഴൃശരൗഹൗേൃമഹ ഗിീംഹലറഴല കിശശേമശേ്ല (അഗക)യിലും വ്യക്തമാണ്. ഇതിന്റെ കീഴില്‍ നാല് മേഖലകളിലെ സഹകരണമാണ് ലക്ഷ്യമിടുന്നത്. അവ ഭക്ഷ സംസ്കരണവും വിപണനവും, ജൈവ സാങ്കേതികവിദ്യ (ബയോടെക്നോളജി) ജലവിഭവമാനേജ്മെന്റ്, സര്‍വ്വകലാശാല കാര്യക്ഷമതാ കെട്ടിപ്പടുക്കല്‍ എന്നിവയാണ്. ഇന്ത്യയിലെ കാര്‍ഷിക രംഗത്തെ കീഴ്പ്പെടുത്തിയിരിക്കുന്ന പ്രതിസന്ധി ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി `രണ്ടാം ഹരിതവിപ്ലവം' വേണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നത് അമേരിക്കന്‍ പിന്തുണയോടെയുള്ള കാര്‍ഷിക വിജ്ഞാന മുന്‍കൈ സാധനങ്ങള്‍ വിതരണം ചെയ്യുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നിരുന്നാലും മൊണ്‍സാന്റോ പോലുള്ള കാര്‍ഷിക വ്യവസായസ്ഥാപനങ്ങളുടെ കീഴില്‍ കാര്‍ഷിക ഗവേഷണത്തിനും ജൈവ സാങ്കേതിക വിദ്യയ്ക്കും രാഷ്ട്രീയമായി മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. എങ്കിലും കര്‍ശന പേറ്റന്റ് വ്യവസ്ഥയിലൂടെ അവരുടെ കുത്തകാവകാശം ഉറപ്പാക്കുന്നുണ്ട്. ശാസ്ത്രീയ അറിവുകള്‍ ഇന്ത്യയിലെ പൊതുസമൂഹത്തിനു കൈമാറുന്നതിനോ, കര്‍ഷകര്‍ക്കു ഗുണകരമാക്കുന്നതിനോ പകരം എ.കെ.ഐയുടെ ഒരു ബോര്‍ഡ് അംഗമായ മൊണ്‍സാന്റോ ഇന്ത്യയിലെ കാര്‍ഷിക ഗവേഷണവ്യവസ്ഥയും പേറ്റന്റ് വ്യവസ്ഥയും മാറ്റിമറിക്കുകയും ബഹുരാഷ്ട്രകുത്തകകളെ കര്‍ഷകര്‍ക്കു ദോഷകരമായ രീതിയില്‍, വിത്തുവിപണിയിലൂടെ ശ്വാസം മുട്ടിക്കാനും അവസരമൊരുക്കുന്നു. സ്വകാര്യ കമ്പനികളുടെ താല്പര്യം സംരക്ഷിക്കുന്നതിനാലും വിത്തുകളുടെ മേലുള്ള കര്‍ഷകരുടെ അവകാശങ്ങള്‍ ഹനിക്കുന്നതിനാലും വ്യാപകമായ പ്രതിഷേധം നേരിട്ട യു.പി.എ ഗവണ്മെന്റ് അവതരിപ്പിച്ച വിത്ത് ബില്‍ ഈ അപകടങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
`വിപണി അധിഷ്ഠിതമായ കൃഷി' എന്ന എ.കെ.ഐയുടെ കാഴ്ചപ്പാട് ഇന്ത്യന്‍ കാര്‍ഷികരംഗത്തിനും കര്‍ഷകരുടെ ദൈനംദിന ജീവിതത്തിനും കടുത്ത ആഘാതം ഏല്‍പ്പിക്കുന്നതാണ്. വാള്‍മാര്‍ട്ട് പ്രതിനിധി ഉള്‍പ്പെടുന്ന എ.കെ.ഐ ബോര്‍ഡിലെ ഭക്ഷ്യ സംസ്കരണവും വിപണനവും സംബന്ധിച്ചുള്ള വര്‍ക്ക് പ്ലാനിന്റെ ചര്‍ച്ച അഗ്രി ബിസിനസ്സിനുവേണ്ടി ഇന്ത്യയില്‍ നിക്ഷേപ സൗകര്യമൊരുക്കുക; കരാര്‍ കൃഷിയില്‍ അമേരിക്കയുടെ അനുഭവം പിന്തുടരുക; അമേരിക്കയിലെ കോള്‍ഡ് ചെയിന്‍ വികസനത്തെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയില്‍ സഖ്യകക്ഷികളെ കണ്ടെത്താനായി നിക്ഷേപകരുടെ ഇന്ത്യയിലേക്കുള്ള യാത്ര; നിലവിലുള്ള പശ്ചാത്തല സൗകര്യങ്ങളെപ്പറ്റി സര്‍വ്വേ നടത്തുക; കോള്‍ഡ് ചെയ്ന്‍ പ്രയോഗത്തിലെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്തുക; കമ്പോള സ്ഥിതി വിവരകണക്കുകളുടെ ശേഖരണം, സംസ്കരണം, വിശകലനം, കര്‍ഷകര്‍ക്കും അഗ്രിബിസിനസിനും നയം രൂപീകരിക്കുന്നവര്‍ക്കും ക്യത്യസമയത്ത് വിവരങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനെയും കേന്ദ്രീകരിച്ചായിരുന്നു. എ.കെ.ഐ മുന്നോട്ടുവെക്കുന്ന വിദേശ, സ്വദേശ അഗ്രിബിസിനസ്സുകാരാല് നയിക്കപ്പെടുന്ന കൃഷിക്കാരുടെ ചര്‍ച്ചകളില്‍ നിന്നും ഇത് വ്യക്തമാണ്. യു.പി.എ ഗവണ്മെന്റിന്റെ ദേശീയ പൊതുമിനിമം പരിപാടി, എന്തായിരുന്നാലും വളരെ വ്യത്യസ്തമായൊരു കൃഷി മാതൃകയെപ്പറ്റിയാണ് സംസാരിക്കുന്നത്. ``കാര്‍ഷിക ഗവേഷണത്തിലും വ്യാപനത്തിലും ഗ്രാമീണ പശ്ചാത്തല സൗകര്യത്തിനും ജലസേചനത്തിനും ഉയര്‍ന്ന നിലയില്‍ കാലതാമസമുണ്ടാവാതെ പുരോഗമനം ഉണ്ടാവുന്നതിനുവേണ്ടിയുള്ള യു.പി.എ ഗവണ്മെന്റ് പൊതുനിക്ഷേപം ഉറപ്പു വരുത്തും.... പിന്നോക്കം നില്ക്കുന്ന സംസ്ഥാനങ്ങളിലേയും ജില്ലകളിലെയും കര്‍ഷകര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കികൊണ്ട് സംഭരണത്തിന്റേയും വിപണനത്തിന്റേയും ഉത്തരവാദിത്വം ഗവണ്മെന്റ് ഏജന്‍സികള്‍ നിര്‍വ്വഹിക്കുന്നുണ്ടെന്ന് യു.പി.എ ഗവണ്മെന്റ് ഉറപ്പുവരുത്തും. രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും ആകര്‍ഷവും ന്യായവുമായ വില ലഭിക്കും.'' ഈ വ്യത്യസ്തമായ രണ്ടു കാഴ്ചപ്പാടുകള്‍ തമ്മിലുള്ള വൈരുദ്ധ്യം പതിനൊന്നാം പഞ്ചവല്‍സര പദ്ധതിയുടെ പശ്ചാത്തലത്തില്‍ കൃഷിയെപ്പറ്റി ചര്‍ച്ച ചെയ്യാനായി പ്രത്യേകമായി വിളിച്ചു ചേര്‍ത്ത ദേശീയ വികസന കൗണ്‍സിലിന്റെ 53-ാം വട്ട മീറ്റീംഗില്‍ വ്യക്തമാക്കിയിരുന്നു. എന്‍.ഡി.സി മീറ്റിംഗില്‍ അവതരിപ്പിച്ച ഔദ്യോഗിക പ്രമേയം പൊതുനിക്ഷേപം വര്ദ്ധിപ്പിക്കേണ്ടതിനെപ്പറ്റിയും ഭക്ഷ്യധാന്യ ഉത്പാദനം ലക്ഷ്യം കൈവരിക്കുന്നതിനെപ്പറ്റിയും സംസാരിക്കുമ്പോള്‍ തന്നെ കുത്തകകള്‍ നടത്തുന്ന കരാര്‍ കൃഷിക്ക് സൗകര്യമൊരുക്കുന്നതിനായി സംസ്ഥാന തലത്തില്‍ എ.പി.എം.സി നിയമം ഭേദഗതി വരുത്തണമെന്നും നിര്‍ദ്ദേശിക്കുന്നു. ഇടതുപക്ഷം നേതൃത്വം നല്കുന്ന പശ്ചിമബംഗാളിലെയും കേരളത്തിലെയും ത്രിപുരയിലെയും ഗവണ്മെന്റുകളുടെ ശക്തമായ പ്രതിഷേധത്തില്‍ കരാര്‍ കൃഷിക്കനുകൂലമായ പരാമര്‍ശങ്ങള്‍ വെളിച്ചത്തു വരികയും എന്‍.ഡി.എം.പിയും അമേരിക്കന്‍ പിന്തുണയുള്ള എ.കെ.ഐ.യും തമ്മിലുള്ള വൈരുദ്ധ്യം സമൂഹമദ്ധ്യത്തിലെത്തുകയും ചെയ്തു.
ഇന്ത്യോ-അമേരിക്ക സാമ്പത്തിക ബന്ധത്തിന്റെ സമതുലിതമല്ലാത്തതും തലതിരിഞ്ഞതുമായ പ്രകൃതം WTO യില്‍ വ്യക്തമാണ്. ദോഹവട്ടം ഒരു `വികസന' വട്ടമാണെങ്കിലും ഇന്ത്യയും മറ്റ് വികസ്വരരാജ്യങ്ങളും വ്യവസായത്തിലും കൃഷിയിലും കൂടുതലായി തീരുവ വെട്ടികുറയ്ക്കുകയും സേവനങ്ങള്‍ കൂടുതലായി തുറന്നു കൊടുക്കുകയും ചെയ്യേണ്ടിവരുന്നു. എന്നിരുന്നാലും, വലിയ തോതിലുള്ള കാര്‍ഷിക സബ്സിഡി കുറയ്ക്കില്ല, വികസ്വര രാഷ്ട്രങ്ങള്‍ക്ക് വിപണി പ്രവേശം അനുവദിക്കില്ല എന്നിങ്ങളെയുള്ള അമേരിക്കയുടെ കടുത്ത നിലപാടുകള്‍ കാരണം ദോഹവട്ടം ഫലത്തില്‍ തകര്‍ന്നിരിക്കുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള `വീതം വെയ്പു ചുമതലകള്‍' ദോഹവട്ടചര്ച്ചകള്ക്കും 2006 അവസാനിക്കുന്നതിനു മുന്‍പായി തീര്‍ക്കണമെന്ന് മാര്‍ച്ച് 2006 ല്‍ ബുഷ്-മന്മോഹന് സംയുക്ത പ്രസ്താവനയിലും ഉറപ്പിച്ചിരുന്നു. അമേരിക്കയിലെ കര്‍ഷകര്‍ക്കുവേണ്ടി 11,000 കോടി ഡോളര്‍ സബ്സിഡി നല്കുമ്പോള് തന്നെ, ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ സ്വതന്ത്ര വ്യാപാരത്തിനും സ്വതന്ത്ര വിപണിക്കുമായി അവര്‍ മുറവിളി കൂട്ടുന്നു. അത്തരമൊരു രാജ്യവുമായുള്ള തന്ത്രപ്രധാനബന്ധം വികസ്വര രാജ്യമായ ഇന്ത്യയെപ്പോലുള്ളവയ്ക്ക് എന്തെങ്കിലും ഗുണം ചെയ്യുമോ?