ഗാസയെന്ന തടവറ


ഗാസയെന്ന തടവറ

ഗാസയ്‌ക്കുമേല്‍ ഈയിടെ നടന്ന കിരാതാക്രമണങ്ങളില്‍ 1300-ലേറെ പേര്‍ കൊല്ലപ്പെടുകയും അയ്യായിരത്തോളം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. മരിച്ചവരില്‍ മൂന്നൂറിലേറെപേര്‍ സ്‌ത്രീകളും കുട്ടികളും ആയിരുന്നു. ഗാസയിലെ പശ്ചാത്തല സൗകര്യങ്ങളാകെ, സ്‌കൂളുകളും ആശുപത്രികളും ജലസേചന സൗകര്യങ്ങളുമുള്‍പ്പെടെ, തകര്‍ന്ന്‌ ചരല്‍ക്കൂമ്പാരമായിമാറി. ഗാസക്കെതിരായി നടന്ന വിവേചന രഹിതമായ ബോംബാക്രമണത്തിലും ഷെല്‍വര്‍ഷത്തിലും 26000-ല്‍ ഏറെവീടുകള്‍ തകര്‍ക്കപ്പെട്ടു. ഇന്ന്‌ ഗാസയില്‍ വൈദ്യുതിയില്ല; കുടിവെള്ളമില്ല; മുറിവേറ്റവരെക്കൊണ്ട്‌ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു; ഭക്ഷണമോ മരുന്നോ ലഭ്യമല്ലാത്ത സ്ഥിതിയാണ്‌ ആശുപത്രികളില്‍.

18 മാസമായി തുടര്‍ന്നുവരുന്ന ഉപരോധംമൂലം 15 ലക്ഷത്തോളം വരുന്ന ഗാസയിലെ പലസ്‌തീനികള്‍ പട്ടിണിയിലാണ്‌. എല്ലാ സാധനങ്ങളുടെയും വിതരണം തടഞ്ഞുകൊണ്ടുള്ള ഉപരോധം ഇപ്പോഴും തുടരുകയാണ്‌. ഇത്‌ പലസ്‌തീന്‍ ജനതയ്‌ക്കെതിരായ വംശഹത്യയില്‍ കുറഞ്ഞ ഒന്നുമല്ല. ഗാസ ഇന്ന്‌ നേരിടുന്നത്‌ മനുഷ്യത്വത്തിനെതിരായ അതിക്രമമാണ്‌.

പലസ്‌തീനിയന്‍ ജനതയെ കൂട്ടക്കൊല ചെയ്‌തുകൊണ്ട്‌ സ്ഥാപിതമായ ഇസ്രായേല്‍ അതേപാത തുടര്‍ന്നുകൊണ്ട്‌ അതിന്റെ സ്ഥാപനത്തിന്റെ അറുപതാം വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്‌. അമേരിക്കയും യൂറോപ്യന്‍ യൂണിയനും മറ്റുരാജ്യങ്ങളുമൊക്കെ ഗാസക്കെതിരായ ആക്രമണങ്ങളിലും പലസ്‌തീന്‍ഭൂമി തുടര്‍ച്ചയായി കൈവശപ്പെടുത്തിക്കൊണ്ടിരിക്കുന്നതിലുമൊക്കെ ഇസ്രായേലിനൊപ്പം നില്‍ക്കുകയാണ്‌. ഇന്ത്യാഗവണ്‍മെന്റ്‌ പലസ്‌തീന്റെ അവകാശങ്ങള്‍ക്ക്‌ വേണ്ടി അധരവ്യായാമം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഇസ്രായേലില്‍നിന്ന്‌ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യവും ഇസ്രായേലി പട്ടാളത്തെ കുറഞ്ഞചെലവില്‍ സഹായിച്ചുകൊണ്ടിരിക്കുന്ന രാജ്യവുമാണ്‌.

ഇസ്രായേലിന്‌ അവരുടെ എല്ലാ ആക്രമണപ്രവര്‍ത്തനങ്ങളും `സ്വയം പ്രതിരോധിക്കലാ'ണ.്‌ അവര്‍ എല്ലായ്‌പ്പോഴും `ഇര'യാണ്‌, അക്രമണകാരിയല്ല. അവര്‍ `തിരിച്ചടിക്കുക'യാണ്‌; `ആക്രമിക്കുക'യല്ല. അതുകൊണ്ടാണ്‌ അല്‍ഖ്വസേം റോക്കറ്റാക്രമണം മുതല്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലത്തിനിടയില്‍ നടന്ന 20 ഇസ്രായേലി മരണത്തിനുള്ള ന്യായമെന്ന നിലയിലാണ്‌ ആയിരക്കണക്കിനുവരുന്ന പലസ്‌തീനികളെ കൊലപ്പെടുത്തിയത്‌ എന്ന്‌ അവരുടെ രേഖകളില്‍ പറഞ്ഞിരിക്കുന്നത്‌. പ്രമുഖ എഴുത്തുകാരനും കലാനിരൂപകനുമായ ജോണ്‍ ബെര്‍ഗര്‍ `വംശീയതയുടെ വളച്ചൊടിച്ച ന്യായം' എന്നാണ്‌ ഇതിന്‌ പേരിട്ടിരിക്കുന്നത്‌. ``ഗാസക്കെതിരായി ഇസ്രായേലി കടന്നാക്രമണം നടക്കുന്ന ഇന്ന്‌ ഈ ആക്രമണത്തിനുപിന്നില്‍ ഗുപ്‌തമാക്കിവെക്കപ്പെട്ടിരിക്കുന്ന ഈ കണക്കുകൂട്ടല്‍ പരസ്യമായി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഒരു ഇസ്രായേലി ഇരയുടെ മരണം നൂറു പലസ്‌തീനികളെ കൊലപ്പെടുത്തുന്നതിനെ ന്യായീകരിക്കുന്നു. ഒരു ഇസ്രായേലി ജീവന്‌ തുല്യമാണ്‌ നൂറുകണക്കിനുവരുന്ന പലസ്‌തീനികളുടെ ജീവന്‍, ഇതാണ്‌ ഇസ്രായേലി രാഷ്‌ട്രവും ലോകത്തിലെ മിക്കവാറും മാധ്യമങ്ങളും-ഒറ്റപ്പെട്ട ചോദ്യം ചെയ്യലുകളൊഴികെ-ഹൃദയശൂന്യമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌. ഈ അവകാശവാദംതന്നെയാണ്‌ ഇരുപതാംനൂറ്റാണ്ടിലെ യൂറോപ്യന്‍ ചരിത്രത്തില്‍ നീണ്ടകാലം വിദേശരാജ്യങ്ങളെ കയ്യടക്കിവെക്കുന്നതിനുള്ള ന്യായമായി പറഞ്ഞിരുന്നത്‌. ആന്തരികമായി ഇത്‌ വംശീയസ്വഭാവമുള്ളതാണ്‌''.

അവരുടെ വിദേശകാര്യമന്ത്രിയായ ത്‌സിപി ലിവ്‌നി ലോകത്തോട്‌ പറയുന്നത്‌ സിവിലിയന്മാരെ ലക്ഷ്യംവെക്കുന്ന ഹമാസിനെപ്പോലെയല്ല ഇസ്രായേലെന്നും ഇസ്രായേല്‍ ലക്ഷ്യംവെക്കുന്നത്‌ ഹമാസിനെ മാത്രമാണെന്നുമാണ്‌.ശ്രദ്ധിക്കേണ്ടകാര്യം സൈനികര്‍മാത്രമല്ല എല്ലാ ഹമാസുകാരും, അധ്യാപകരും ഡോക്‌ടര്‍മാരുംവരെ, ലക്ഷ്യംവെക്കപ്പെടുന്നുവെന്നതാണ്‌. ഇസ്രായേല്‍ ശ്രമിച്ചിട്ടും ഒഴിവാക്കാനാവാതെ സംഭവിച്ചു പോകുന്നതാണ്‌ സിവിലിയന്മാരുടെ കൂട്ടക്കൊല എന്നാണ്‌ അവകാശപ്പെടുന്നത്‌.

എല്ലാവര്‍ക്കും കാണാവുന്നവിധം വസ്‌തുതകള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസപ്രവര്‍ത്തന ഏജന്‍സി (യു എന്‍ ആര്‍ ഡബ്ല്യു എ)യുടെ ഗാസയിലുള്ള ആസ്ഥാനത്തിന്റെ വളപ്പടക്കമുള്ള സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിക്കൊണ്ട്‌ ഇസ്രായേല്‍ വെള്ളഫോസ്‌ഫറസ്‌ ഷെല്ലുകള്‍ ഉപയോഗിക്കുകയുണ്ടായി. ജനീവ കണ്‍വെന്‍ഷന്‍തന്നെ അത്തരം ആയുധങ്ങള്‍ വ്യക്തികള്‍ക്കെതിരായി ഉപയോഗിക്കുന്നത്‌ നിരോധിച്ചിട്ടുള്ളതാണ്‌. പുകമറയുണ്ടാക്കാന്‍ മാത്രമേ അത്‌ ഉപയോഗിക്കാവൂ. വെള്ളഫോസ്‌ഫറസില്‍നിന്നുണ്ടാകുന്ന തീയില്‍നിന്ന്‌ രക്ഷപ്പെടാന്‍ ആവില്ലെന്ന്‌ മാത്രമല്ല, അത്‌ മാരകമായ പൊള്ളലുകള്‍ക്ക്‌ ഇടയാക്കും. ഇസ്രായേല്‍ ഡെന്‍സെ ഈര്‍ട്ട്‌ മെറ്റല്‍ എക്‌സ്‌പ്ലോസീവ്‌സ്‌ (ഡി ഐ എം ഇ)പോലുള്ള പുതിയ ആയുധങ്ങളും ഉപയോഗിച്ചു. അത്‌ അസ്ഥികളില്‍നിന്ന്‌ മാംസം വേര്‍പെടുത്തുകയും ഫ്‌ളെച്ചെറ്റ്‌സ്‌ എന്ന്‌ വിളിക്കപ്പെടുന്ന ലോഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഷെല്ലുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നവയാണ്‌. ഇത്തരം ഷെല്ലുകള്‍ അയ്യായിരത്തോളം വരുന്ന ലോഹശരങ്ങള്‍ വിപുലമായ ഒരു പ്രദേശമാകെ തെറിപ്പിക്കുവാന്‍ പ്രാപ്‌തമാണെന്നതിനാല്‍ വന്‍തോതില്‍ സിവിലിയന്മാര്‍ക്ക്‌ പരിക്കേല്‍പ്പിക്കും.

എന്തായാലും തുടക്കത്തില്‍ വെള്ളഫോസ്‌ഫറസ്‌ ആയുധങ്ങള്‍ ഉപയോഗിച്ചുവെന്നത്‌ നിഷേധിക്കാന്‍ തയ്യാറായി എങ്കിലും ഒരു യു എസ്‌ സ്‌കൂളിനുമേല്‍ ഇത്തരം ആയുധങ്ങള്‍ ഉപയോഗിച്ചതിന്റെ തെളിവ്‌ ഐക്യരാഷ്‌ട്രസഭതന്നെ പുറത്തുവിട്ടതിനെത്തുടര്‍ന്ന്‌ ഇപ്പോള്‍ അത്തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നതായി അവര്‍ സമ്മതിക്കുന്നു.
പുതിയതും പഴയതുമായ നിരോധിത ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ മാത്രമായി ഇസ്രായേലിസേന ഒതുങ്ങിനില്‍ക്കുന്നില്ല. അവര്‍ ആംബുലന്‍സുകള്‍, ആരോഗ്യപ്രവര്‍ത്തനങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവ മന:പൂര്‍വം ലക്ഷ്യമാക്കുന്നു. യു എന്‍ ദുരിതാശ്വാസ പ്രവര്‍ത്തനകേന്ദ്രങ്ങളെയും സമീപപ്രദേശങ്ങളെയും ബോധപൂര്‍വം ആക്രമണലക്ഷ്യമാക്കുന്നു. ഗാസക്കുനേരെ നടക്കുന്ന 23 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ ഇസ്രായേലിസേന യു എന്‍ സംവിധാനങ്ങളെ നേരിട്ട്‌ ലക്ഷ്യമാക്കിയിരുന്നുവെന്ന്‌ യു എന്‍ ആര്‍ ഡബ്ല്യു എയുടെ മാധ്യമ ഡയറക്‌ടറായ ഡോ. സാമി മുഷാസ പരസ്യമായി പ്രസ്‌താവിക്കുകയുണ്ടായി. തന്റെ സ്ഥാപനത്തെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞു. ``ഗാസയിലും പലസ്‌തീനിലും ഞങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുവാന്‍വേണ്ടി ഇസ്രായേല്‍ ലക്ഷ്യംവെക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്‌തു.'' ഐക്യരാഷ്‌ട്രസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തന സ്ഥാപനം സ്ഥാപിച്ചിരുന്ന ആറ്‌ ഹെല്‍ത്ത്‌ സെന്ററുകള്‍, രണ്ട്‌ സംഭരണശാലകള്‍ ഉള്‍പ്പെടെ 37 സ്‌കൂളുകള്‍ അടക്കം 53 കേന്ദ്രങ്ങള്‍ നശിപ്പിക്കാനോ കേടുവരുത്താനോ ഗാസ ആക്രമണകാലത്ത്‌ ഇസ്രായേല്‍ തയ്യാറായതായി അള്‍ജസീറ റിപ്പോര്‍ട്ടുചെയ്യുകയുണ്ടായി.

ഗാസചീന്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ആരോഗ്യപ്രവര്‍ത്തകരെ ജനീവ കണ്‍വെന്‍ഷന്‍ തീരുമാനങ്ങള്‍ക്കു വിരുദ്ധമായി ആക്രമിച്ചതിന്റെ വിശദാംശങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്കുള്ള പലസ്‌തീന്‍ കേന്ദ്രം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഗാസയിലെ ജനങ്ങള്‍ക്കെതിരായി നടത്തിയ അത്തരമൊരു സൈനികാക്രമണത്തില്‍ 13 ആരോഗ്യപ്രവര്‍ത്തകരെ ഇസ്രായേലിസേന കൊലപ്പെടുത്തുകയും മറ്റു നിരവധിപേര്‍ക്ക്‌ പരിക്കേല്‍പ്പിക്കുകയും ചെയ്‌തു. മരിച്ചവരേയും പരിക്കേറ്റവരേയും ഒഴുപ്പിക്കാനും നീക്കംചെയ്യാനും ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ ഇത്‌ ചെയ്‌തത്‌. നിരവധി ആംബുലന്‍സുകളും ആക്രമണത്തിന്‌ വിധേയമാക്കപ്പെട്ടു. പലസ്‌തീന്‍ റെഡ്‌ക്രോസ്‌ സൊസൈറ്റി പ്രവര്‍ത്തകരും ആക്രമണത്തിന്‌ ഇരയാക്കപ്പെടുകയും ഇസ്രായേലി ആക്രമണകാലത്ത്‌ മരിച്ചവരെയും പരിക്കേറ്റവരെയും നീക്കംചെയ്യുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതില്‍നിന്ന്‌ പി ആര്‍ സി എസ്‌ ആരോഗ്യപ്രവര്‍ത്തകരെ തടയുകയും ചെയ്‌തു. ആവശ്യമായ സമയത്ത്‌ സഹായമെത്തിക്കാത്തതുമൂലം ധാരാളം പേര്‍ പിന്നീട്‌ മരിക്കാനിടയായി.

പേരുവെളിപ്പെടുത്താത്ത ഒരു സൈനികന്‍ ഇസ്രായേലിലെ പ്രമുഖ ദിനപത്രമായ ഹാരെറ്റ്‌സിനോട്‌ ഗാസയില്‍ യുദ്ധംനടത്തിയതെങ്ങനെയെന്നും സിവിലിയന്‍ ജനതക്ക്‌ ഇത്രയേറെ പരിക്കേല്‍ക്കാന്‍ ഇടയായതെങ്ങനെയെന്നും വിശദീകരിക്കുകയുണ്ടായി. `സംശയാസ്‌പദമായ ഒരു വീടി'നെ സമീപിക്കുക; അതിനുനേരെ ആദ്യമൊരു മിസൈല്‍ പ്രയോഗിക്കുക; തുടര്‍ന്ന്‌ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ അതിന്റെ പുറം ചുമര്‍ മാറ്റുക; തുടര്‍ന്ന്‌ അതിനകത്തു കടക്കുക എന്ന തന്ത്രമാണ്‌ സ്ഥിരമായി പ്രയോഗിച്ചുവന്നിരുന്നത്‌. അങ്ങനെയാണ്‌ ഇസ്രായേലിസേന സ്വന്തം നഷ്‌ടം പരമാവധി കുറച്ച്‌ നിരപരാധികളായ സിവിലിയന്‍ ജനതയെ ധാരാളമായി കൊലപ്പെടുത്തിക്കൊണ്ടിരുന്നത്‌.
ഈ കൂട്ടക്കുരുതിക്കിടയിലും രണ്ടു സംഭവങ്ങള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. സാധാരണഗതിയില്‍ വിവാദങ്ങളില്‍ നിന്ന്‌ വിട്ടുനില്‍ക്കാറുള്ള അന്തര്‍ദേശീയ റെഡ്‌ക്രോസ്‌ സംഘടന ഇസ്രായേലി സൈന്യം യുദ്ധക്കുറ്റം ചെയ്‌തുവെന്ന്‌ പരസ്യമായി ആരോപിച്ചതാണ്‌ അതിലൊന്ന്‌. ഗാസ നഗരപ്രാന്തത്തിലുള്ള സൈയ്‌റ്റണിന്റെ അയല്‍ പ്രദേശത്ത്‌ ഇസ്രായേലി ആക്രമണം നടത്തിയ ജനുവരി 3 മുതല്‍ തന്നെ പ്രവേശനം ലഭിക്കുന്നതിനും മുറിവേറ്റവരെ ശുശ്രൂഷിക്കുന്നതിനുമായി റെഡ്‌ക്രോസ്‌ അനുമതി ചോദിച്ചുവരികയായിരുന്നു. എന്നാല്‍ ജനുവരി 7 ന്‌ മാത്രമാണ്‌ പ്രവേശനാനുമതി നല്‍കിയത്‌. സ്വന്തം അമ്മമാരുടെ ശവശരീരത്തില്‍ കെട്ടിപ്പിടിച്ച്‌ അവശരായിക്കിടക്കുന്ന നാല്‌ കുട്ടികളെ അവര്‍ കണ്ടെത്തി. ഈ വീടുകളില്‍ നിന്ന്‌ 80 മുതല്‍ 100 മീറ്റര്‍വരെ മാത്രം അകലെ ക്യാമ്പുചെയ്‌തിരുന്ന ഇസ്രായേലി സൈന്യം റെഡ്‌ക്രോസിനേയോ റെഡ്‌ ക്രസന്റിനേയോ അവിടേക്ക്‌ കടക്കാന്‍ അനുവദിച്ചില്ലെന്ന്‌ മാത്രമല്ല പരിക്കേറ്റവരെയോ കുട്ടികളെയോ സംരക്ഷിക്കുന്നതിനുവേണ്ടി യാതൊന്നും ചെയ്യാന്‍ അവര്‍ സ്വയം സന്നദ്ധമായതുമില്ല. ഐ സി ആര്‍ സിയുടെ ഇസ്രായേലിലേക്കും അധിനിവേശ പലസ്‌തീന്‍ പ്രദേശങ്ങളിലേക്കുമുള്ള പ്രതിനിധി സംഘത്തിന്റെ തലവനായ പിയറി വെറ്റാഷ്‌ പറഞ്ഞു: ``ഇതൊരു ആഘാതമുണ്ടാക്കുന്ന സംഭവമായിരുന്നു'' ജനുവരി 8ന്‌ പുറത്തിറക്കിയ പത്രപ്രസ്‌താവനയില്‍ ഐ സി ആര്‍ സി ഇങ്ങനെ പറഞ്ഞു:

ഈ സംഭവത്തില്‍ ഇസ്രായേലി സൈന്യം അന്തര്‍ദേശീയ മനുഷ്യാവാകാശ നിയമങ്ങളനുസരിച്ച്‌ പരിക്കേറ്റവരെ പരിചരിക്കുവാനോ എടുത്തുമാറ്റുവാനോ ഉള്ള കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടതായാണ്‌ ഐ സി ആര്‍ സി വിശ്വസിക്കുന്നത്‌. രക്ഷാസേവന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതില്‍ ഉണ്ടായ കാലതാമസം അസ്വീകാര്യമാണെന്ന്‌ അതു കരുതുന്നു.

രണ്ടാമത്തെ സംഭവം 40പേരെ കൊല്ലുകയും 55 പേര്‍ക്ക്‌ പരിക്കേല്‍ക്കാന്‍ ഇടയാവുകയും ചെയ്‌ത ജബാലയ അഭയാര്‍ഥിക്യാമ്പിലുള്ള അല്‍ഫക്കൗറി യു എന്‍ സ്‌കൂളിന്‌ നേരെ നടന്ന ഇസ്രായേലി ഷെല്ലാക്രമണമാണ്‌. യു എന്നിന്റെ രക്ഷാകവചം തങ്ങളെ ഇസ്രായേലി ആക്രമണത്തില്‍ നിന്ന്‌ രക്ഷിക്കുമെന്ന്‌ കരുതി ഈ സ്‌കൂളില്‍ നൂറു കണക്കിന്‌ പലസ്‌തീനികള്‍ അഭയം തേടിയിരുന്നു. ഇസ്രായേലി സൈന്യത്തിന്‌ ഈ കെട്ടിടത്തിന്റെ ഏകോപനം സംബന്ധിച്ച വിവരങ്ങളും യു എന്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും സഹായിച്ചില്ല. ഈ ഷെല്ലാക്രമണത്തിനെ ന്യായീകരിക്കുന്നതിനുവേണ്ടി ഇസ്രായേലികളുടെ പ്രചാരണയന്ത്രം ആദ്യം പുറത്തുവിട്ടത്‌ സ്‌കൂള്‍കെട്ടിടത്തില്‍ നിന്ന്‌ റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിന്റെ ഒരു വീഡിയോ ചിത്രമായിരുന്നു. ഈ വീഡിയോ ചിത്രത്തിനുള്ള ഒരൊറ്റ പ്രശ്‌നം അത്‌ 2007�ലേതായിരുന്നുവെന്നതും അന്ന്‌ ആ സ്‌കൂള്‍ ശൂന്യമായിരുന്നു എന്നതുമാണ്‌. സ്‌കൂളിനകത്തുനിന്ന്‌ ഹമാസ്‌ മോര്‍ട്ടാര്‍ ഷെല്ലുകള്‍ വര്‍ഷിക്കുന്നുവെന്നതായിരുന്നു അടുത്തതായി മുന്നോട്ടുവെച്ച വാദം. അതാകട്ടെ, രോഷത്തോടെ ഐക്യരാഷ്‌ട്രസഭ തള്ളിക്കളയുകയും ചെയ്‌തു.

ഇസ്രായേലി സായുധസേന അവരുടെ മതപ്രവര്‍ത്തകരാല്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നതിനുവേണ്ടി പ്രേരിപ്പിക്കപ്പെടുന്നതായി ഇപ്പോള്‍ തെളിവുകള്‍ ലഭ്യമായിട്ടുണ്ട്‌. മുഖ്യ സൈനിക ജൂതഗുരുവായ ബ്രിഗേഡിയര്‍ ജനറല്‍ അവിറോണ്‍സ്‌കി ഗാസയില്‍ പൊരുതിക്കൊണ്ടിരിക്കുന്ന സൈനികര്‍ക്ക്‌ നല്‍കിയ ലഘുലേഖകളില്‍ ഗാസയിലെ ജനങ്ങളോട്‌ യാതൊരു ദയവും കാണിക്കേണ്ടതില്ലെന്ന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ലഘുലേഖ പറയുന്നു:

ക്രൂരനായ ഒരു ശത്രുവിനോട്‌ നിങ്ങള്‍ ദയവുകാണിക്കുമ്പോള്‍ വിശ്വസ്‌തരും പരിശുദ്ധരുമായ സൈനികരോട്‌ നിങ്ങള്‍ ക്രൂരതകാണിക്കുകയാണ്‌. ഇത്‌ അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകളിലെ കളിയല്ല. അവിടെയാണ്‌ സ്‌പോര്‍ട്‌സ്‌മാന്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ ഇളവുകള്‍ നല്‍കുന്നത്‌. ഇത്‌ കൊലയാളികള്‍ക്ക്‌ നേരെയുള്ള യുദ്ധമാണ്‌.
ഇതും ഇതുപോലെ പലസ്‌തീനി സൈനികര്‍ക്കിടയില്‍ വിതരണം ചെയ്‌തിട്ടുള്ള ലഘുലേഖകളിലും പലസ്‌തീനികള്‍ക്കെതിരെ വംശീയമായ പ്രസ്‌താവങ്ങള്‍ നടത്തുകയും അവര്‍ക്ക്‌ ഭൂമിക്കുമേലുള്ള അവകാശത്തെ നിഷേധിക്കുകയും ചെയ്യുന്നു.
ഇസ്രായേലിസേന, ആസൂത്രകര്‍ നടത്തുന്ന പരസ്യപ്രസ്‌താവനകളില്‍ ഗാസയിലെ സിവിലിയന്‍ പശ്ചാത്തല സൗകര്യങ്ങള്‍ക്കും അതോടൊപ്പംതന്നെ സിവിലിയന്‍ ജനതക്കുമെതിരായി നീങ്ങുകയെന്ന ആലോചിച്ചുറപ്പിച്ച ഒരു തീരുമാനമുള്ളതായി കാണാന്‍ കഴിയും.

ഇപ്പോഴത്തെ കടന്നാക്രമണത്തിനുമുമ്പ്‌ ഒക്‌ടോബര്‍ മാസത്തില്‍ യദിയോത്ത്‌ അഹ്‌റോനോത്തുമായി നടത്തിയ ഒരു അഭിമുഖസംഭാഷണത്തില്‍ ഇസ്രായേലിസൈന്യത്തിന്റെ മേജര്‍ജനറലായ ഗാദി ഈസന്‍കോത്ത്‌ പറഞ്ഞതിങ്ങനെയാണ്‌:

``ഇസ്രായേലിനുനേരെ വെടിയുതിര്‍ക്കുന്ന എല്ലാ ഗ്രാമങ്ങള്‍ക്കുമെതിരെ ആനുപാതികമല്ലാത്ത ശക്തി ഞങ്ങള്‍ പ്രയോഗിക്കും. ഞങ്ങളുടെ കാഴ്‌ചപ്പാടില്‍ ഇത്‌ (ഈ ഗ്രാമങ്ങള്‍) സൈനിക കേന്ദ്രങ്ങളാണ്‌.''

``ഇതൊരു നിര്‍ദേശമല്ല. മുന്‍കൂട്ടി അംഗീകരിക്കപ്പെട്ട ഒരു പദ്ധതിയുടെ ഭാഗമാണിത്‌.''
കലിഫോര്‍ണിയ സര്‍വകലാശാലയിലെ മധ്യപൂര്‍വ ചരിത്ര പ്രൊഫസറായ മാര്‍ക്ക്‌ ലെവിന്‍ ഈയിടെ എഴുതിയ ഒരു ലേഖനത്തില്‍ പറഞ്ഞു:

ധാരാളം നഷ്‌ടവും നാശവും ഉണ്ടാക്കുകയും മൊത്തമായി ഗ്രാമങ്ങളെ സൈനികകേന്ദ്രങ്ങളായി കാണുകയും ചെയ്യുന്നത്‌ അന്താരാഷ്‌ട്ര നിയമങ്ങളാല്‍ പൂര്‍ണമായും നിരോധിക്കപ്പെട്ടിട്ടുള്ളതാണ്‌. ഈസന്‍കോത്തിന്റെ ആസൂത്രണത്തെക്കുറിച്ചുള്ള ഈ വിശദീകരണവും ഗാസയിലിപ്പോള്‍ ചുരുളഴിയുന്ന സംഭവവികാസങ്ങളും യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നതിനുള്ള ലക്ഷ്യവും ഗൂഢാലോചനയും വ്യക്തമായി അംഗീകരിക്കുന്നതാണ്‌. സിവിലിയന്‍മാരെ സംരക്ഷിക്കുമെന്നും അവിശ്വസനീയമായ തോതില്‍ ശക്തിപ്രകടനം നടത്തുന്നില്ലെന്നുമുള്ള മട്ടില്‍ ഇസ്രായേല്‍ നടത്തുന്ന അവകാശവാദങ്ങളെ അത്‌ ഖണ്ഡിക്കുന്നു.

ഇസ്രായേല്‍ വാദിക്കുകയും അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഏറ്റുപാടുകയും ചെയ്യുന്നത്‌ ഡിസംബറിലെ വെടിനിര്‍ത്തല്‍ ലംഘിച്ചത്‌ ഹമാസാണെന്നും അവരാണ്‌ ഇസ്രായേലിനെതിരായി ആദ്യമായി റോക്കറ്റ്‌ ആക്രമണം നടത്തിയത്‌ എന്നുമാണ്‌. ഈ കാഴ്‌ചപ്പാടനുസരിച്ച്‌ ഇപ്പോഴത്തെ രക്തച്ചൊരിച്ചിലിനിടയാക്കിയത്‌ ഈ സംഭവമാണ്‌. അവര്‍ അവഗണിക്കുന്നത്‌ പരിമിതമായ ഈ ഗാസായുദ്ധത്തിലടക്കം ഇസ്രായേലാണ്‌ ആദ്യമായി വെടിനിര്‍ത്തല്‍ ലംഘിച്ചത്‌ എന്ന കാര്യമാണ്‌. 2008 നവംബര്‍ 4ന്‌ അവര്‍ ഗാസയില്‍ ലക്ഷ്യമിട്ട്‌ കൊലപാതകങ്ങള്‍ നടത്തുകയും ആറ്‌ ഹമാസ്‌ പ്രവര്‍ത്തകരെ വധിക്കുകയും ചെയ്‌തു. അപ്പോള്‍ മാത്രമാണ്‌ ഹമാസ്‌ വെടിനിര്‍ത്തല്‍ ലംഘിച്ചത്‌.
വെടിനിര്‍ത്തലിന്റേതായ ആറുമാസക്കാലത്തിനിടയില്‍ റോക്കറ്റുകള്‍ തീകൊളുത്തപ്പെട്ടത്‌ നാടകീയമായാണ്‌. അവിടവിടെയായി ചില റോക്കറ്റുകളാണ്‌ പതിച്ചത്‌. ഏതായാലും ഇസ്രായേല്‍ ഗാസക്കെതിരായ ഉപരോധം പിന്‍വലിക്കാന്‍ തയ്യാറായില്ല. ഈജിപ്‌തിന്റെ മധ്യസ്ഥതയില്‍ എത്തിച്ചേര്‍ന്ന ആറുമാസം പഴക്കമുള്ള വെടിനിര്‍ത്തലിന്റെ മുഖ്യഘടകങ്ങളിലൊന്ന്‌ അതായിരുന്നു. ഇതെല്ലാം കാണിക്കുന്നത്‌ ഇസ്രായേലിന്‌ വെടിനിര്‍ത്തല്‍ നീട്ടിക്കൊണ്ടുപോകാന്‍ താല്‍പ്പര്യമില്ലായിരുന്നുവെന്നും അവര്‍ക്കാവശ്യം ഗാസക്കെതിരായി ഒരു വട്ടംകൂടി യുദ്ധം ചെയ്യുകയായിരുന്നുവെന്നുമാണ്‌.

എന്നാല്‍ ഇതും വെറുമൊരു ഭാഗികചിത്രം മാത്രമാണ്‌. ഒരു പ്രവര്‍ത്തനക്ഷമമായ സമ്പദ്‌വ്യവസ്ഥയുടെ ബാഹ്യരൂപം പോലും പ്രകടിപ്പിക്കാന്‍ ഗാസാജനതയെ അനുവദിക്കില്ലെന്നതായിരുന്നു ഇസ്രായേലിന്റെ നിലപാട്‌. കഴിഞ്ഞ പതിനെട്ട്‌ മാസക്കാലമായി അവര്‍ സമ്പൂര്‍ണമായ സാമ്പത്തിക ഉപരോധത്തിലായിരുന്നു. ഈ ഉപരോധം ചിലസമയങ്ങളില്‍ മനുഷ്യജീവിതത്തിന്‌ അത്യന്താപേക്ഷിതമായ മരുന്നുകള്‍, ഭക്ഷണം, ഇന്ധനം എന്നിവ നിഷേധിക്കുന്നേടത്തോളംവരെ ചെന്നെത്തി. ഗാസയിലേക്കും ഗാസയില്‍നിന്ന്‌ പുറത്തേക്കുമുള്ള എല്ലാവഴികളും-കരമാര്‍ഗവും ജലമാര്‍ഗവും-നിയന്ത്രിക്കുന്നത്‌ ഇസ്രായേലാണ്‌. ഗാസതുറമുഖത്തേക്ക്‌ വരാന്‍ കപ്പലുകളെ അനുവദിക്കുന്നില്ല. ഗാസയുടെ ഈ സ്ഥിതി അവിടെ താമസിക്കുന്ന ജനങ്ങളെയാകെ തടവറയില്‍ പാര്‍പ്പിച്ചിരിക്കുന്നതിന്‌ തുല്യമാണ്‌. ഇതാണ്‌ ഇപ്പോള്‍ ഗാസയിലുണ്ടായ സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണം.