വിമാന സര്‍വ്വീസുകള്‍ കൂട്ടത്തോടെ റദ്ദു ചെയ്‌തതിനെതിരെ സംസ്ഥാന സെക്രട്ടറി പുറപ്പെടുവിക്കുന്ന പ്രസ്‌താവന

തിരുവനന്തപുരം
23.09.2012

എയര്‍ ഇന്ത്യ കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ കൂട്ടത്തോടെ റദ്ദു ചെയ്‌തതിനെത്തുടര്‍ന്നുള്ള അസാധാരണ പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേര്‍ക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേന്ദ്ര വ്യോമയാനമന്ത്രി, എയര്‍ ഇന്ത്യ മാനേജിംഗ്‌ ഡയറക്‌ടര്‍, വ്യോമയാനവകുപ്പ്‌ മേധാവികള്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ യോഗം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത്‌ കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക്‌ പരിഹാരം കാണണം. ഇതിന്‌ സംസ്ഥാന സര്‍ക്കാരും കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാരും പ്രധാനമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തോടും കാണിക്കാത്ത അവഗണനയും ക്രൂരതയുമാണ്‌ കേരളത്തോട്‌ എയര്‍ ഇന്ത്യ പുലര്‍ത്തുന്നത്‌. ഈ നയം തിരുത്തിക്കുകയാണ്‌ ആവശ്യം. കേരള സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന `എയര്‍ കേരള' എന്ന ആശയം പ്രാവര്‍ത്തികമാക്കുകയാണ്‌ പ്രശ്‌ന പരിഹാരമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം അനവസരത്തിലുള്ളതും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ വെള്ളപൂശുന്നതുമാണ്‌. ബഹുജനാഭിപ്രായം ശക്തിപ്പെട്ടതിനെത്തുടര്‍ന്ന്‌ മുന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ എയര്‍ ഇന്ത്യ കേരളത്തിലെ ഗള്‍ഫ്‌ യാത്രക്കാരെ പ്രധാനമായി ഉദ്ദേശിച്ച്‌ ആരംഭിച്ചതാണ്‌ ബജറ്റ്‌ എയര്‍ലൈനായ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌. കൂടുതല്‍ സര്‍വ്വീസുകള്‍ ഓപ്പറേറ്റ്‌ ചെയ്യുന്ന സംസ്ഥാനമെന്ന പരിഗണനയില്‍ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്സിന്റെ ഓഫീസ്‌ കൊച്ചിയില്‍ തുറക്കുക പോലും ചെയ്‌തു. എന്നാല്‍, ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ ആ ഓഫീസ്‌ പൂട്ടി. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കേരളത്തിലെ 168 വിമാന സര്‍വ്വീസുകളാണ്‌ എയര്‍ ഇന്ത്യ റദ്ദാക്കിയത്‌. ഒക്‌ടോബര്‍ അവസാനം വരെ സര്‍വ്വീസ്‌ റദ്ദാക്കല്‍ തുടരും എന്നാണ്‌ വ്യക്തമാകുന്നത്‌. എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്സിന്റെ കേരളത്തില്‍നിന്നും ഗള്‍ഫിലേക്കുള്ള 9 സര്‍വ്വീസുകളും കൊച്ചിയില്‍ നിന്നും റിയാദിലേക്കുള്ള രണ്ട്‌ ജംബോ വിമാനങ്ങളും റദ്ദാക്കി. യു.പിയില്‍ നിന്നുള്ള ഹജ്ജ്‌ സര്‍വ്വീസിനുവേണ്ടി കൂടിയാണ്‌ വിമാനങ്ങള്‍ കേരളത്തില്‍നിന്നും പിന്‍വലിച്ചിരിക്കുന്നത്‌. യു.പി.കാരനായ വ്യോമയാനമന്ത്രിയുടെ താല്‍പ്പര്യവും കേരളത്തിനെതിരായ ഈ കടന്നുകയറ്റത്തിന്‌ കാരണമാണ്‌. പൊടുന്നനവെ സര്‍വ്വീസുകള്‍ റദ്ദാക്കുന്നതിന്റെ ഫലമായി കേരളീയരായ യാത്രക്കാര്‍ വിവരണാതീതമായ ക്ലേശങ്ങള്‍ക്ക്‌ വിധേയരാവുകയാണ്‌. ഇന്ത്യക്ക്‌ വിദേശനാണ്യം നേടിക്കൊടുക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്ന പ്രവാസി കേരളീയരെ ദ്രോഹിക്കുന്ന വിമാനം റദ്ദാക്കല്‍ അടിയന്തരമായി പിന്‍വലിക്കണം. കേന്ദ്രസര്‍ക്കാരിന്റെയും എയര്‍ ഇന്ത്യയുടെയും ദ്രോഹനയത്തില്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ എല്ലാ വിഭാഗം ജനങ്ങളോടും പിണറായി വിജയന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.
* * *