കേരളത്തിന്റെ കാര്‍ഷികമേഖലയെ സംരക്ഷിക്കുക - (കേരള സംസ്ഥാന പ്ലീനം അംഗീകരിച്ച പ്രമേയം)

കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഗുരുതരമായ പ്രത്യാഘാതമാണ്‌ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്‌. കാര്‍ഷികരംഗത്ത്‌ നിലവിലുണ്ടായിരുന്ന സബ്‌സിഡികള്‍ എല്ലാം വെട്ടിക്കുറയ്‌ക്കുക എന്ന നയമാണ്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌. ആ നയം അതേ പോലെ നടപ്പിലാക്കുന്ന യു.ഡി.എഫ്‌ സര്‍ക്കാര്‍ കേരളത്തിന്റെ കാര്‍ഷികമേഖലയെ മരുപ്പറമ്പാക്കിയിരിക്കുന്നു.

കഴിഞ്ഞ എൽ.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഘട്ടത്തിലാണ്‌ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ നടമാടിയിരുന്ന ആത്മഹത്യ ഇല്ലാതാക്കിയത്‌. കൃഷിക്കാരില്‍ ആത്മവിശ്വാസമുണ്ടാക്കി കാര്‍ഷികമേഖലയെ മുന്നോട്ട്‌ കൊണ്ടുപോയ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നയങ്ങളെ ആകമാനം തകര്‍ക്കുന്ന നടപടിയാണ്‌ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. അതിന്റെ ഏറ്റവും പ്രകടമായ തെളിവാണ്‌ ഈ സര്‍ക്കാരിന്റെ കാലത്ത്‌ അറുപതോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്‌ത സ്ഥിതിയുണ്ടായത്‌.

കൃഷിക്കാര്‍ക്ക്‌ പലിശരഹിത വായ്‌പകള്‍ നല്‍കുന്ന നടപടിയും സര്‍ക്കാര്‍ അവസാനിപ്പിച്ചത്‌ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. കാര്‍ഷിക കടാശ്വാസകമ്മീഷന്റെ പ്രവര്‍ത്തനത്തെ സര്‍ക്കാര്‍ നിര്‍ജ്ജീവമാക്കിയിരിക്കുകയാണ്‌. എൽ.ഡി.എഫ്‌  സര്‍ക്കാര്‍ കൊണ്ടുവന്ന തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്‌. കുട്ടനാട്‌, ഇടുക്കി, വയനാട്‌ പാക്കേജുകളെയും അവതാളത്തിലാക്കിയിരിക്കുകയാണ്‌. മലയോര കര്‍ഷകര്‍ക്ക്‌ ഉപാധിരഹിത പട്ടയം നല്‍കാന്‍ എൽ.ഡി.എഫ്‌  തീരുമാനിച്ചിരുന്നതും യു.ഡി.എഫ്‌ സര്‍ക്കാര്‍ അട്ടിമറിച്ചു കഴിഞ്ഞു.

കാര്‍ഷികമേഖലയ്‌ക്കുള്ള നീക്കിവയ്‌പ്പ്‌ കുറഞ്ഞുവരുന്ന സ്ഥിതിയാണ്‌ നിലനില്‍ക്കുന്നത്‌. ഇത്‌ പടിപടിയായി കുറഞ്ഞ്‌ 12-15 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ്‌. ഈ തുകയില്‍ തന്നെ പകുതിയോളം തുക പഞ്ചായത്ത്‌ പദ്ധതികളുടെ ഭാഗമായാണ്‌ ചെലവാക്കിയിരുന്നത്‌. 30 ശതമാനം പദ്ധതിവിഹിതം ഉത്‌പാദന മേഖലയ്‌ക്കു ചെലവഴിക്കണമെന്നുള്ളത്‌ നിര്‍ബന്ധമായിരുന്നു. ഈ നിബന്ധന എടുത്തു മാറ്റിയതോടെ ഈ വര്‍ഷം ഏതാണ്ട്‌ അഞ്ചുശതമാനം പദ്ധതിപ്പണം മാത്രമാണ്‌ പഞ്ചായത്തുകള്‍ കാര്‍ഷികമേഖലയ്‌ക്കായി മാറ്റിവെച്ചിട്ടുളളത്‌.

കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ടുകൊണ്ടിരിക്കുന്ന ആഗോളകരാറുകള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയാണ്‌. രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക്‌ യാതൊരു നിയന്ത്രണവുമില്ലാതെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുക എന്നതാണ്‌ ആഗോളവല്‍ക്കരണനയത്തിന്റെ മുഖമുദ്ര. നാണ്യവിളകളെ ആസ്‌പദമാക്കി നില്‍ക്കുന്ന കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ആഗോളതലത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്വാധീനിക്കുകയും ചെയ്യുന്നു. ആസിയാന്‍ രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ നമ്മുടെ രാജ്യത്ത്‌ നിയന്ത്രണങ്ങളില്ലാതെ കടന്നുവരുന്നതിന്‌ ഇടയാക്കുന്നതാണ്‌ ആസിയാന്‍ കരാര്‍. ഇത്‌ നമ്മുടെ സമ്പദ്‌ഘടനയില്‍ വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്ന കാര്യം നേരത്തെ തന്നെ പാര്‍ടി മുന്നറിയിപ്പ്‌ നല്‍കിയതാണ്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ ആസിയാന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം മുന്നോട്ട്‌ വെച്ചുകൊണ്ട്‌ സംസ്ഥാനത്ത്‌ മനുഷ്യചങ്ങല സംഘടിപ്പിക്കുന്നതിന്‌ തീരുമാനിച്ചതും അത്തരം പ്രതിഷേധം നടത്തിയതും. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്‌ ഉല്‍പ്പാദനച്ചെലവുമായി താരതമ്യപ്പെടുത്തിനോക്കിയാല്‍ വില ഏറെ കുറവാണെന്നു കാണാം. അതുകൊണ്ടുതന്നെ, കാര്‍ഷികമേഖലയില്‍ നിക്ഷേപം നടത്തുന്നതിന്‌ കുറവുണ്ടാകുന്നത്‌ കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തേയും ബാധിച്ചിരിക്കുകയാണ്‌.

ഇന്ത്യയിലെ മൊത്തം റബര്‍ ഉല്‍പാദനത്തിന്റെ 87.3 ശതമാനവും കേരളത്തില്‍ നിന്നുമാണ്‌. അതുകൊണ്ട്‌ തന്നെ റബറിന്റെ വിലയിടിവ്‌ എന്നപ്രശ്‌നം ഇന്ത്യയില്‍ കേരളത്തിന്റെ തന്നെ ഒരു തനതായ പ്രശ്‌നം എന്ന നിലയിലാണ്‌ രൂപപ്പെട്ട്‌ വരുന്നത്‌. ഈ ഘട്ടത്തിലാണ്‌ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ ഇടപെടലും സമ്മര്‍ദ്ദവും കൂടുതല്‍ ആവശ്യമായി വരുന്നത്‌. ഇക്കാര്യത്തില്‍ അനങ്ങാപാറ നയമാണ്‌ മറ്റു പല കാര്യങ്ങളിലുമെന്നപോലെ റബറിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളത്‌ എന്ന്‌ തിരിച്ചറിയപ്പെടേണ്ടതുണ്ട്‌.

2013 ജൂലായ്‌ മാസം വരെ എന്നാല്‍ 1,60,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്‌തുകഴിഞ്ഞു. ഉല്‍പാദനകുറവിന്റെ പേരില്‍ തീരുവ കുറച്ച്‌ റബര്‍ ഇറക്കുമതിയല്ല മറിച്ച്‌ കര്‍ഷക താല്‍പര്യം മാനിച്ച്‌ ഉയര്‍ന്ന തീരുവ നടപ്പാക്കലാണ്‌ വേണ്ടത്‌. 2013 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി ചുങ്കം 13.5 ശതമാനമാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ഉയര്‍ന്നുവന്ന കര്‍ഷകരോഷത്തിന്റെ ഫലമായി 20 ശതമാനമോ അല്ലെങ്കില്‍ ഇരുപത്‌ രൂപയോ ഇതിലേതാണ്‌ കൂടുതലെങ്കില്‍ അത്‌ ഒരു കിലോയ്‌ക്ക്‌ ചുമത്തുമെന്ന്‌ പ്രഖ്യാപിച്ചതാണ്‌. എന്നാല്‍ സര്‍ക്കാര്‍ ഇത്‌ 20 രൂപയാക്കി നിജപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. 20 ശതമാനമാണെങ്കില്‍ അത്‌ 34 രൂപയായിരിക്കും. ഇതിലൂടെ ഇന്ത്യാഗവണ്‍മെന്റ്‌ ടയര്‍ലോബിക്ക്‌ വിടുപണിയും റബര്‍ കര്‍ഷകര്‍ക്ക്‌ ഇരുട്ടടിയുമാണ്‌ നല്‍കിയത്‌.

വന്‍കിട ടയര്‍ കമ്പനികള്‍ ചുരുങ്ങിയ ചുങ്കത്തില്‍ റബര്‍ ഇറക്കുമതി ചെയ്‌ത്‌ ഡബ്‌ ചെയ്‌തിന്റെ ഫലമായി ചെറുകിട ഇടത്തരം വ്യാപാരികളില്‍ നിന്ന്‌ വന്‍കിട വ്യാപാരികള്‍ റബര്‍ സംഭരിക്കുന്നില്ല. ഇത്‌ ഗുരുതരമായ പ്രത്യാഘാതം റബര്‍ കര്‍ഷകരില്‍ ഉണ്ടാക്കും. ആസിയാന്‍ കരാര്‍ വന്നാലും റബറിനെ സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ റബര്‍ കര്‍ഷകരെ സംരക്ഷിക്കുമെന്നാണ്‌ കോണ്‍ഗ്രസ്‌ എം.പിമാര്‍ പ്രഖ്യാപിച്ചിരുന്നത്‌. എന്നാല്‍ ഇന്ന്‌ വ്യവസായ പ്രമുഖരെയും ടയര്‍ ലോബികളെയും പ്രീണിപ്പിക്കുന്ന നയമാണ്‌ നടത്തുന്നത്‌.

അതുകൊണ്ട്‌ ഇന്നത്തെ പ്രതിസന്ധി മറികടക്കാന്‍ റബര്‍ ബോര്‍ഡും സംസ്ഥാനസര്‍ക്കാരും അടിയന്തിരമായി ഇടപെടണം. റബറിന്റെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കണം. വ്യാപാരികള്‍ റബര്‍ സംഭരിക്കാത്ത സ്ഥിതിക്ക്‌ മാന്യമായ വിലക്ക്‌ റബര്‍ ബോര്‍ഡ്‌ ആര്‍.പി.എസ്‌ മുഖേന സംഭരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണം. വ്യവസായ ലോബികളുടെ താല്‍പര്യത്തിനുവേണ്ടി കര്‍ഷകരെ കണ്ണീര്‌ കുടിപ്പിക്കുന്ന നയമാണ്‌ കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്‌ എന്ന്‌ വളരെ വ്യക്തമാണ്‌.

വ്യാവസായിക വളര്‍ച്ച ഉണ്ടാക്കുന്നതിന്‌ വേണ്ടിയാണ്‌ സ്വതന്ത്രവ്യാപാര കരാറുകള്‍ ഉണ്ടാക്കുന്നത്‌. എന്നാല്‍ അതിന്റെ പേരില്‍ പ്രതികൂല പ്രത്യാഘാതം നേരിടുന്നത്‌ കാര്‍ഷികമേഖലയാണ്‌. ഇവ പരിഹരിക്കുന്നതിന്‌ അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്‌ കുറ്റമറ്റ വിലസ്ഥിരതാ സമ്പ്രദായം ഏര്‍പ്പെടുത്തുക എന്നതാണ്‌. ഇക്കാര്യത്തില്‍ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന കമ്മോണിറ്റി ബോര്‍ഡുകള്‍ക്ക്‌ വളരെ ശക്തമായി ഇടപെടാന്‍ സാധിക്കും.

വാണിജ്യവിളകളെ ആഗോളമല്‍സരത്തിന്‌ തയ്യാറാക്കുന്ന വിധത്തില്‍ അവരെ സഹായിക്കാത്ത സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്‌. റീ പ്ലാന്റ്‌ ചെയ്യുന്നതിനും മറ്റും വലിയ നിക്ഷേപം ഈ മേഖലയില്‍ ആവശ്യമായിട്ടുണ്ട്‌. എന്നാല്‍ അത്‌ മനസിലാക്കി ഇടപെടുന്ന കാര്യത്തില്‍ വലിയ പോരായ്‌മയാണ്‌ നിലനില്‍ക്കുന്നത്‌. ആദ്യവിളവിനെ കാത്തിരിക്കുന്ന കാലത്ത്‌ കൃഷിക്കാര്‍ക്ക്‌ സഹായം ആവശ്യമാണ്‌. മൂലധനനിക്ഷേപത്തിനായി പണം കണ്ടെത്തുന്നതിനും കുറഞ്ഞ ചിലവില്‍ വായ്‌പ ലഭ്യമാക്കണം. ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കാതെ കര്‍ഷകര്‍ക്ക്‌ നവീകരണം അസാധ്യമാവുകയും ചെയ്യും. ആഗോള മല്‍സരത്തില്‍ വിജയിക്കുന്നതിന്‌ ശാസ്‌ത്ര-സാങ്കേതിക പരിജ്ഞാനവും ആവശ്യമാണ്‌. എന്നാല്‍ അതിനുള്ള സംവിധാനങ്ങളും നിലനില്‍ക്കുന്നില്ല എന്ന പ്രശ്‌നവും പ്രധാനമായി തീരുന്നുണ്ട്‌.

കാര്‍ഷികമേഖല ശക്തിപ്പെടണമെങ്കില്‍ കാര്‍ഷികോല്‍പന്ന സംസ്‌കരണത്തിനും സംഭരണത്തിനുമുള്ള സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്‌. എന്നാല്‍ അക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ യാതൊരു ഇടപെടലും ഉണ്ടാകുന്നില്ല എന്നതാണ്‌ വ്യക്തമാകുന്നത്‌. രാജ്യത്തിനകത്തും പുറത്തുമുള്ള ഗവേഷണകേന്ദ്രങ്ങള്‍ കണ്ടെത്തുന്ന പുതിയ അറിവുകള്‍ ഈ രംഗത്തെ സംരംഭകര്‍ക്ക്‌ ലഭ്യമാക്കുകയാണ്‌ വേണ്ടത്‌. എന്നാല്‍ അതിനുവേണ്ടിയുള്ള പരിശ്രമങ്ങളും നടക്കുന്നില്ല എന്നതാണ്‌ വസ്‌തുത.

കേരളത്തിന്റെ കാര്‍ഷികമേഖലയെ ശക്തിപ്പെടുത്താന്‍ ഉതകുന്ന നടപടി സ്വീകരിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്‌. അതോടൊപ്പം തന്നെ നമ്മുടെ കാര്‍ഷികമേഖലയുടെ അടിത്തറ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സി.പി.ഐ (എം) സംസ്ഥാന പ്ലീനം ആവശ്യപ്പെടുന്നു.

സ: ഇ.എം.എസ്‌ നഗർ, പാലക്കാട്‌
29.11.2013

* * * *