കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന രണ്ടാം യു.പി.എ സര്‍ക്കാര്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങളെ അവഗണിക്കുകയും സംസ്ഥാനത്തോട് കടുത്ത വിവേചനം കാണിക്കുകയുമാണ്. രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്കെതിരായ ശുപാര്‍ശകള്‍ മുതല്‍ ദീര്‍ഘകാലമായി സംസ്ഥാനം കാത്തിരിക്കുന്ന വികസന പദ്ധതികളോടുള്ള നിഷേധാത്മക സമീപനം വരെ കേന്ദ്ര അവഗണനയുടെ ഉദാഹരണങ്ങള്‍ നിരവധിയാണ്.
കേരളം കൈവരിച്ച സാമൂഹ്യക്ഷേമ നേട്ടങ്ങളുടെ പേരില്‍ സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്‌ക്കണമെന്ന രഘുറാം രാജന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കാനാവില്ല. ഒരു സംസ്ഥാനത്തിന്റെ സാമൂഹിക വികസന സൂചിക അതിന് അര്‍ഹമായ വിഭവങ്ങള്‍ വെട്ടിക്കുറയ്‌ക്കുന്നതിനുള്ള മാനദണ്ഡമായിക്കൂടാ. സാമൂഹിക വികസന നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാനത്തിന് ഈ മേഖലയില്‍ വന്‍തോതില്‍ പൊതുനിക്ഷേപം തുടര്‍ന്നും നടത്തേണ്ടതുണ്ട് എന്ന വസ്‌തുത രഘുറാം രാജന്‍ കമ്മിറ്റി കണക്കിലെടുക്കുന്നില്ല. ഈ വികലമായ ശുപാര്‍ശ അംഗീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടും പ്രതിഷേധാര്‍ഹമാണ്.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡങ്ങള്‍ കേരളത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല എന്ന വിമര്‍ശനം ഏറെക്കാലമായി ഉയര്‍ന്നിരുന്നു. ഈ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. ഇതുമൂലം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രയോജനം കേരളത്തിന് ലഭ്യമാകുന്നില്ല. മാനദണ്ഡങ്ങള്‍ കേരളത്തിന്റെ കൂടി സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടു.
കേരളം മൂന്നു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്നതാണ് പാലക്കാട് കോച്ച് ഫാക്‌ടറി. കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുകയും കേന്ദ്രത്തില്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ ഇടതുപക്ഷ പിന്തുണ നല്‍കുകയും ചെയ്‌ത ഘട്ടത്തിലാണ് കോച്ച് ഫാക്‌ടറി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ 2010-ല്‍ത്തന്നെ ഭൂമി ഏറ്റെടുത്ത് റെയില്‍വേക്ക് ലഭ്യമാക്കുകയുണ്ടായി. 2012 ഫെബ്രുവരിയില്‍ പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരക്കിട്ട് തറക്കല്ലിടല്‍ നടത്തിയെങ്കിലും പദ്ധതി ഇതുവരെ എങ്ങുമെത്തിയിട്ടില്ല. പൊതു-സ്വകാര്യ പങ്കാളിത്തപ്രകാരം ഇതുവരെ സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. എന്നാല്‍, പൊതുമേഖലാ സ്ഥാപനമായ `സെയില്‍' പദ്ധതിയില്‍ 74 ശതമാനം വരെ ഓഹരി പങ്കാളിത്തം വഹിക്കാന്‍ തയ്യാറാണെന്ന് രേഖാമൂലം അറിയിച്ചിട്ടും സ്വീകരിക്കാന്‍ തയ്യാറാകാത്ത റെയില്‍വേ നിലപാട് ദുരൂഹമാണ്. സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ യോഗ്യതാപത്രം ക്ഷണിച്ചിട്ടും ആരും മുന്നോട്ടുവരാത്ത സാഹചര്യത്തില്‍ `സെയിലു'മായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കണം. `സെയില്‍' പങ്കാളിത്തത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം കുറ്റകരമാണ്.
12-ാം പദ്ധതിയില്‍ കേരളത്തിന് ഐ.ഐ.ടി അനുവദിക്കുമെന്നത് പ്രധാനമന്ത്രി പരസ്യമായി നടത്തിയ പ്രഖ്യാപനമാണ്. എന്നാല്‍, ആസൂത്രണക്കമ്മീഷന്‍ അംഗീകരിച്ച പന്ത്രണ്ടാം പദ്ധതി രേഖയില്‍ കേരളത്തിന് ഐ.ഐ.ടി ഇല്ല. മാത്രമല്ല, 13-ാം പദ്ധതിയിലും ഐ.ഐ.ടി ഉണ്ടാകില്ല എന്നാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്. ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടികളൊന്നുമില്ല. വിഴിഞ്ഞം തുറമുഖപദ്ധതി അനന്തമായി വൈകിപ്പിക്കുന്നു. തിരുവനന്തപുരത്ത് പ്രഖ്യാപിച്ച റെയില്‍വേ മെഡിക്കല്‍ കോളേജ്, ബോട്ട്‌ലിംഗ് പ്ലാന്റ്, ചേര്‍ത്തല വാഗണ്‍ ഫാക്‌ടറി എന്നീ പദ്ധതികളെല്ലാം അനിശ്ചിതത്വത്തിലാണ്.
എന്നാല്‍ കഴിഞ്ഞ എൽ.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ധാരാളം കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈ മൂലം കഴിഞ്ഞിരുന്നു. ബ്രഹ്മോസ്, പാലക്കാട് ബെവല്‍, തിരുവനന്തപുരം ഐ.എസ്.ഇ.ആര്‍, കേന്ദ്ര സര്‍വ്വകലാശാല എന്നിങ്ങനെ ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.
കേന്ദ്രത്തിലും കേരളത്തിലും ഒരേ പാര്‍ടി ഭരിച്ചാല്‍ വികസനത്തില്‍ കുതിപ്പുണ്ടാകുമെന്ന അവകാശവാദത്തിന്റെ പൊള്ളത്തരമാണ് ഇവിടെ വ്യക്തമാകുന്നത്. കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് എട്ട് മന്ത്രിമാരുടെ റെക്കോര്‍ഡ് പ്രാതിനിധ്യമുണ്ടായിരിക്കുകയും ഒരേ പാര്‍ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാരുകള്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരിക്കുകയും ചെയ്യുമ്പോഴാണ് ഈ അവഗണനയും വിവേചനവും. ഇതിന് കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും സംസ്ഥാന സര്‍ക്കാരും ഉത്തരവാദികളാണ്. സംസ്ഥാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇക്കൂട്ടര്‍ തീര്‍ത്തും പരാജയപ്പെട്ടപ്പോള്‍തന്നെ കേന്ദ്രത്തിന്റെ ജനവിരുദ്ധ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതില്‍ ഇരുകൂട്ടരും നിഷ്‌കര്‍ഷ പുലര്‍ത്തുകയും ചെയ്യുന്നു.
കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനത്തിനും അവഗണനയ്‌ക്കും എതിരായും സംസ്ഥാനത്തിന് നീതി ലഭിക്കുന്നതിനും വേണ്ടി എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ കെട്ടഴിച്ചുവിടാന്‍ സി.പി.ഐ (എം) സംസ്ഥാന പ്ലീനം ആഹ്വാനം ചെയ്യുന്നു.
സ: ഇ.എം.എസ് നഗർ, പാലക്കാട്
29.11.2013
* * *