ക്ലിഫ്‌ ഹൗസ്‌ ഉപരോധം വിജയിപ്പിക്കുക... (കേരള സംസ്ഥാന പ്ലീനം അംഗീകരിച്ച പ്രമേയം)

1. യു.ഡി.എഫ്‌ സര്‍ക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ധാര്‍മ്മിക അധഃപതനത്തിനും ഉത്തമ ദൃഷ്‌ടാന്തമാണ്‌ ഏതാനും മാസങ്ങളായി രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന സോളാര്‍ തട്ടിപ്പ്‌. മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസ്‌, ഒട്ടനവധി യു.ഡി.എഫ്‌ നേതാക്കള്‍ ഇന്ന്‌ ആരോപണവിധേയരായി ജനങ്ങളുടെ മുന്നില്‍ പ്രതിക്കൂട്ടിലാണ്‌. മുഖ്യമന്ത്രി രാജിവച്ചുകൊണ്ടുള്ള ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രക്ഷോഭം ക്ലിഫ്‌ ഹൗസ്‌ ഉപരോധസമരത്തോടെ പുതിയൊരു ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌.

2. സംസ്ഥാന ഖജനാവിന്‌ യാതൊരു നഷ്‌ടവും സൃഷ്‌ടിക്കാത്ത ഏതാനും കോടി രൂപയുടെ ഒരു തട്ടിപ്പ്‌ എന്നു പറഞ്ഞ്‌ ഈ അഴിമതിയെ നിസ്സാരവല്‍ക്കരിക്കാനാണ്‌ യു.ഡി.എഫ്‌ ശ്രമിക്കുന്നത്‌. ഇത്തമൊരു നിലപാട്‌ അഴിമതിയെ വെള്ളപൂശലാണ്‌. സര്‍ക്കാരിന്റെ ഒരു അംഗീകൃത സ്‌കീമിന്റെ മറവിലാണ്‌ ജനങ്ങളെ കൊള്ളയടിക്കുന്നതിന്‌ പരിപാടിയിട്ടത്‌. ഇതിന്‌ ഒത്താശ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ചെയ്‌തുകൊടുത്തു. മുഖ്യമന്ത്രിയും മറ്റു പല മന്ത്രിമാരും തട്ടിപ്പുസംഘവുമായി അടുത്ത ബാന്ധവത്തിലായിരുന്നു. ഇവരുടെ ഗൂഢനീക്കം വിജയം കണ്ടിരുന്നെങ്കില്‍ ആയിരക്കണക്കിന്‌ കോടി രൂപയുടെ അഴിമതിയായി ഇത്‌ വളര്‍ന്നേനെ.

3. യു.ഡി.എഫ്‌ ഭരണം ഉപജാപകരുടെയും ബാഹ്യശക്തികളുടെയും പിടിയിലാണ്‌. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചല്ല മറിച്ച്‌ സ്വകാര്യ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നീക്കുന്ന ശൈലിയാണ്‌ മുഖ്യമന്ത്രിയുടേത്‌. ഇത്‌ ഏതറ്റംവരെ പോകാം എന്നുള്ളതിന്റെ തെളിവാണ്‌ സോളാര്‍ തട്ടിപ്പ്‌. ഒരു ഡസനിലേറെ കേസുകളില്‍ മുഖ്യ പ്രതികളായ സരിതയും ബിജുവും പ്രതികളായിരുന്നു. ഇതിനു പുറമെയാണ്‌ തമിഴ്‌നാട്ടിലെ കേസുകള്‍. ബിജുവാകട്ടെ സ്വന്തം ഭാര്യയെ വധിച്ച കേസില്‍ പ്രതിയായിരുന്നു. ഇങ്ങനെയുള്ളൊരു തട്ടിപ്പുസംഘത്തിന്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രമല്ല, മറ്റു ഭരണതലങ്ങളിലും പിടിമുറുക്കി നാട്ടിലെ പൗരന്മാരെ കബളിപ്പിക്കുകയായിരുന്നു.

4. ടീം സോളാറിന്റെ മുഖ്യ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു എന്നതിനെക്കുറിച്ച്‌ ഇന്നൊരു സംശയവുമില്ല. സ്വര്‍ണ്ണ കള്ളക്കടത്തുകാരന്‍ ഫയാസിന്റെ കോള്‍ ലിസ്റ്റുകള്‍ കൂടി പുറത്തുവന്നതോടെ തട്ടിപ്പുകാരുമായി ഇടപഴകാത്ത ഒരാള്‍പോലും ആ ഓഫീസിലില്ല എന്ന സ്ഥിതിയായി. എന്നാല്‍, ഈ ബന്ധങ്ങള്‍ മറച്ചുവയ്‌ക്കാനായിരുന്നു മുഖ്യമന്ത്രി തുടര്‍ച്ചയായി ശ്രമിച്ചത്‌. പ്രശ്‌നം വിവാദമായതിനുശേഷമുള്ള ആദ്യത്തെ രണ്ട്‌ നിയമസഭാ ചര്‍ച്ചകളില്‍ സരിതയെയും ബിജുവിനെയും തനിക്കറിയാമെന്ന്‌ സമ്മതിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഗസ്റ്റ്‌ ഹൗസില്‍ വച്ച്‌ താന്‍ മുഖ്യമന്ത്രിയുമായി ദീര്‍ഘസംഭാഷണം നടത്തി എന്ന്‌ ബിജു തന്നെ വെളിപ്പെടുത്തിയപ്പോഴാണ്‌ മുഖ്യന്‍ മൗനം വെടിയാന്‍ തയ്യാറായത്‌. ഇതുപോലെതന്നെ ശ്രീധരന്‍ നായരുമൊത്ത്‌ ഓഫീസില്‍ വച്ചോ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വച്ചോ സരിതയെ കണ്ടിട്ടില്ല എന്നല്ലാതെ ഇവരെ അറിയില്ലെന്നോ ഫോണില്‍ സംസാരിച്ചിട്ടില്ലെന്നോ അദ്ദേഹം ഖണ്ഡിതമായി നിഷേധിക്കാന്‍ തയ്യാറായിട്ടില്ല. പ്രതിപക്ഷ പ്രക്ഷോഭവും മാധ്യമ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലുമാണ്‌ ഗത്യന്തരമില്ലാതെ ചില നടപടികള്‍ തന്റെ വിശ്വസ്‌തര്‍ക്കു നേരെ എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായത്‌.

5. മുഖ്യമന്ത്രിക്കെതിരെ ഏറ്റവും വലിയ തെളിവ്‌ ശ്രീധരന്‍നായരുടെ മൊഴിയാണ്‌. 164-ാം വകുപ്പ്‌ പ്രകാരം മജിസ്‌ട്രേറ്റിനു മുന്നില്‍ അദ്ദേഹം കൊടുത്ത മൊഴി പ്രകാരം സരിതയുമൊത്ത്‌ ഓഫീസില്‍വച്ച്‌ മുഖ്യമന്ത്രിയെ കണ്ടുവെന്നും മുഖ്യമന്ത്രി ടീം സോളാറിന്റെ പദ്ധതിയെ പിന്തുണയ്‌ക്കുന്നതിന്‌ പ്രോത്സാഹിപ്പിച്ചുവെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞതിനെ മുഖ്യമന്ത്രി നിഷേധിച്ചു. പക്ഷെ, ഇത്തരമൊരു കൂടിക്കാഴ്‌ച നടന്നു എന്നതിനുള്ള ഒട്ടനവധി സാഹചര്യ തെളിവുകള്‍ ഉണ്ട്‌. മുഖ്യമന്ത്രിയുമായി അഭിമുഖം ഉറപ്പിച്ചുകൊണ്ടുള്ള സരിതയുടെ ഇ-മെയില്‍, അന്ന്‌ വൈകുന്നേരം മുഖ്യമന്ത്രിയുടെ സഹായിയുടെ മുറിയില്‍ ഇരുവരും ഉണ്ടായിരുന്നു എന്ന പോലീസ്‌ സാക്ഷ്യപത്രം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സരിത നല്‍കിയ സംഭാവന - ഇവയൊക്കെ നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നാണ്‌ പോലീസ്‌ പറയുന്നത്‌. എങ്കില്‍ എന്തുകൊണ്ട്‌ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചുകൂടാ. ശ്രീധരന്‍നായര്‍ തന്നെ കണ്ടത്‌ വലിയൊരു സംഘം ക്വാറി ഉടമകള്‍ക്കൊപ്പമാണെന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌. ഇവരുടെയെല്ലാം ഫോണുകള്‍ അന്ന്‌ വൈകുന്നേരം മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഉള്ള ടവറിനു കീഴിലായിരുന്നുവോ എന്ന ലളിതമായ പരിശോധനയ്‌ക്കുപോലും പോലീസ്‌ തയ്യാറല്ല. ഇതിനു പകരം മുഖ്യമന്ത്രിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയാണ്‌ അന്വേഷണസംഘം ചെയ്യുന്നത്‌.

6. മൂന്നാംതവണയാണ്‌ ശ്രീ. ഉമ്മന്‍ചാണ്ടി അഴിമതിയുടെ പേരില്‍ പോലീസിനാല്‍ ചോദ്യം ചെയ്യപ്പെടുന്നത്‌. പാമോയില്‍ കേസ്‌ അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങള്‍ അവസാനം ഫലവത്തായത്‌ സ്വന്തം വിജിലന്‍സ്‌ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട്‌ നല്‍കിയപ്പോഴാണ്‌. ടൈറ്റാനിയം കേസില്‍ പ്രതികൂല പരാമര്‍ശം നടത്തിയ വിജിലന്‍സ്‌ ജഡ്‌ജിയെ ഭീഷണിപ്പെടുത്തിയും അപഹസിച്ചും കോടതി മാറ്റി. എന്നിട്ട്‌ ഇപ്പോള്‍ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കിക്കൊണ്ട്‌ വിജിലന്‍സിനെക്കൊണ്ട്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുകയാണ്‌. ഇതേ അടവാണ്‌ സോളാര്‍ തട്ടിപ്പിലും സ്വീകരിച്ചിരിക്കുന്നത്‌. ജുഡീഷ്യറിയെപ്പോലും എങ്ങനെയാണ്‌ കേസ്‌ അട്ടിമറിക്കാന്‍ ഉപയോഗപ്പെടുത്തുന്നത്‌ എന്ന്‌ സരിതയുടെ മൊഴി രേഖപ്പെടുത്താതെ മൊഴിമാറ്റാന്‍ സന്ദര്‍ഭമൊരുക്കിയ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ പ്രവര്‍ത്തിയിലൂടെ തെളിഞ്ഞു. ഹൈക്കോടതിക്കുപോലും മജിസ്‌ട്രേറ്റിന്റെ ക്രമവിരുദ്ധമായ പ്രവര്‍ത്തനത്തെ വിമര്‍ശിക്കേണ്ടിവന്നു. സരിതയാവട്ടെ തന്നെ ലൈംഗികമായി പീഡിപ്പിച്ച മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തും എന്ന ഭീഷണിയുടെ മുള്‍മുനയില്‍ ഭരണകക്ഷി പ്രമുഖരെ നിര്‍ത്തി കേസുകള്‍ ഓരോന്നായി ഇല്ലാതാക്കുകയാണ്‌.

7. മുഖ്യമന്ത്രിയുടെ പേര്‌ ഉപയോഗപ്പെടുത്തി തന്റെ പണം തട്ടിയെടുത്തതു സംബന്ധിച്ച്‌ മുഖ്യമന്ത്രിയോട്‌ നേരിട്ട്‌ പരാതിപ്പെട്ട ടി.സി. മാത്യുവിനോട്‌ സരിതയെ അറിയില്ല എന്നു പറഞ്ഞും തന്റെ ഓഫീസിലുള്ളവരെ ന്യായീകരിച്ചും നടപടിയെടുക്കാന്‍ വിസമ്മതിച്ചു. പോരാഞ്ഞിട്ട്‌ പരാതി പറഞ്ഞതിന്റെ പിറ്റേന്ന്‌ സരിത തന്നെ ശ്രീ. മാത്യുവിനെ വിളിച്ച്‌ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയും മാത്യുവും തമ്മില്‍ നടന്ന സംഭാഷണ വിഷയം എങ്ങനെയാണ്‌ സരിത അറിഞ്ഞത്‌? വിഷയം എങ്ങനെയാണ്‌ സരിത അറിഞ്ഞത്‌? പരാതിയെക്കുറിച്ച്‌ അന്വേഷിക്കുവാനല്ല പരാതിക്കാര്‍ക്കെതിരെ നടപടിയെടുക്കാനാണ്‌ പലപ്പോഴും മുഖ്യമന്ത്രി ശ്രമിച്ചത്‌ എന്നതിന്‌ ബാബുരാജ്‌ എന്ന ഇരയുടെ അനുഭവവും സാക്ഷ്യപത്രമാണ്‌.

8. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലീം രാജിനെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ഓഫീസില്‍നിന്ന്‌ ഒഴിവാക്കിയെങ്കിലും കേസ്സെടുക്കാന്‍ തയ്യാറായില്ല. എന്നാല്‍, ഇപ്പോള്‍ അയാള്‍ 400 കോടിയുടെ ഭൂമി തട്ടിപ്പിന്റെ സൂത്രധാരകനാണെന്ന്‌ തെളിഞ്ഞിരിക്കുന്നു. വ്യാജ തണ്ടപ്പേരില്‍ രേഖകള്‍ ചമയ്‌ക്കുക, ഈ ഭൂമി പോക്കുവരവ്‌ നടത്തുക, യഥാര്‍ത്ഥ ഉടമകളെ ഭീഷണിപ്പെടുത്തുക, ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍ മുക്കുക എന്നു തുടങ്ങി കേട്ടുകേള്‍വിയില്ലാത്ത ക്രമക്കേടുകളും അധികാര ദുര്‍വിനിയോഗവുമാണ്‌ നടന്നത്‌. സലിംരാജിന്റെ തീവ്രവാദ ബന്ധങ്ങളും ഗുണ്ടാബന്ധങ്ങളും പുറത്തുവന്നിരിക്കുന്നു. കള്ളക്കടത്തുകാരന്‍ ഫയാസും മുഖ്യമന്ത്രിയുമായുള്ള സൗഹൃദബന്ധങ്ങളും വെളിപ്പെട്ടിരിക്കുന്നു. കേരള ചരിത്രത്തില്‍ ഇതുപോലൊരു അവസ്ഥാവിശേഷം ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല.

9. സത്യസന്ധമായ ഒരു അന്വേഷണത്തിലൂടെ ഈ തട്ടിപ്പ്‌ പരമ്പരകളുടെ സത്യം പുറത്തുകൊണ്ടുവരുന്നതിനായി മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന ആവശ്യം ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയര്‍ത്തി. ഇതിനായി നിയമസഭ കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി എല്ലാ ജില്ലകളിലും രാപ്പകല്‍ സമരം നടന്നു. ഈ സമരവേലിയേറ്റത്തിലെ ഏറ്റവും ഉജ്ജ്വലമായ മുഹൂര്‍ത്തമായിരുന്നു സെക്രട്ടേറിയറ്റ്‌ ഉപരോധം. ഒരുലക്ഷത്തോളം സമരവളണ്ടിയര്‍മാര്‍ എല്ലാ നിരോധനങ്ങളേയും പോലീസ്‌ ഭീഷണിയേയും അവഗണിച്ച്‌ വിസ്‌മയകരമായ അച്ചടക്കത്തോടെ അണിനിരന്നപ്പോള്‍ സര്‍ക്കാരിന്‌ മുട്ടുമടക്കേണ്ടിവന്നു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ്‌ ഉപരോധം പിന്‍വലിച്ചുകൊണ്ട്‌ മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി പ്രക്ഷോഭ പ്രചരണം തുടരാനാണ്‌ ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനിച്ചത്‌. എന്നാല്‍, ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ്‌ ഓഫ്‌ റഫറന്‍സിന്‌ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. ഈ കൊടിയ വഞ്ചനയ്‌ക്കെതിരായി പ്രക്ഷോഭം ശക്തിപ്പെടുത്താനാണ്‌ തീരുമാനം.

10. ജനകീയ പ്രക്ഷോഭത്തെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താനാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഉപരോധസമരവുമായി മുന്നോട്ടുപോയാല്‍ കൂത്തുപറമ്പ്‌ ആവര്‍ത്തിക്കുമെന്ന്‌ പരസ്യപ്രസ്‌താവന ഒരു കോണ്‍ഗ്രസ്‌ നേതാവ്‌ ഇറക്കി. തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ ജയപ്രസാദിന്റെ ജനനേന്ദ്രിയം തകര്‍ക്കുന്നതിന്‌ മര്‍ദ്ദക ഭ്രാന്തന്മാര്‍ ശ്രമിച്ചു. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു എന്ന പേരില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകരെയാണ്‌ കണ്ണൂരില്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നത്‌. കള്ളക്കേസുകള്‍ ചമച്ച്‌ ജയിലിലടയ്‌ക്കുകയാണ്‌. ഇത്തരം മര്‍ദ്ദനങ്ങള്‍ക്കൊന്നും ജനങ്ങളുടെ പ്രതിഷേധത്തെ തളര്‍ത്താനാവില്ല.

11. മുഖ്യമന്ത്രിയുടെ രാജിയും സമഗ്രമായ അന്വേഷണവും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭ-പ്രചരണം ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ജനങ്ങളോട്‌ ഈ സമ്മേളനം അഭ്യര്‍ത്ഥിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധവും ക്ലിഫ്‌ ഹൗസ്‌ ഉപരോധവും വിജയിപ്പിക്കുന്നതിന്‌ മുന്നിട്ടിറങ്ങാന്‍ ആഹ്വാനം ചെയ്യുന്നു.

സ: ഇ.എം.എസ്‌ നഗർ, പാലക്കാട്‌
29.11.2013
* * *