വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്തുക... (കേരള സംസ്ഥാന പ്ലീനം അംഗീകരിച്ച പ്രമേയം)

രാജ്യത്തിന്റെ ഐക്യത്തിനും മതനിരപേക്ഷതയ്‌ക്കുമെതിരെ കടുത്ത വെല്ലുവിളിയാണ്‌ വര്‍ഗീയശക്തികള്‍ ഉയര്‍ത്തുന്നത്‌. വ്യത്യസ്‌ത മത-ജാതി-ദേശീയതകള്‍ നിലനില്‍ക്കുന്ന ഇന്ത്യയുടെ ഐക്യം മതനിരപേക്ഷതയുടെ അടിത്തറയില്‍ മാത്രമേ നിലനില്‍ക്കൂ. സാമ്രാജ്യാധിപത്യത്തിനെതിരായ പോരാട്ടത്തിലൂടെയാണ്‌ നമ്മുടെ രാഷ്‌ട്രസങ്കല്‍പ്പം പടുത്തുയര്‍ത്തപ്പെട്ടത്‌. ദേശീയ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ ഭിന്നിപ്പിച്ച്‌ ദുര്‍ബ്ബലമാക്കാന്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്വം ഉപയോഗിച്ചതും വര്‍ഗീയതയെയാണ്‌. രാജ്യത്തിന്റെ വിഭജനത്തിലാണ്‌ അത്‌ കലാശിച്ചത്‌.

സ്വാതന്ത്ര്യാനന്തരം പുതിയ രാഷ്‌ട്രനിര്‍മ്മിതിക്കായി ജനങ്ങള്‍ ഒന്നിച്ചുനിന്നു. എന്നാല്‍ മുതലാളിത്ത-നാടുവാഴിത്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നയം അംഗീകരിച്ച കോണ്‍ഗ്രസ്സിന്റെ ഭരണത്തിന്‌, ജനങ്ങളുടെ അഭിലാഷം നിറവേറ്റാനായില്ല. വളര്‍ന്നുവന്ന ജനകീയാസംതൃപ്‌തി കോണ്‍ഗ്രസ്സിനെ ജനങ്ങളില്‍നിന്ന്‌ ഒറ്റപ്പെടുത്തി. ഈ ജനകീയ മുന്നേറ്റത്തെ ഭിന്നിപ്പിക്കാന്‌ ഭരണവര്‍ഗ രാഷ്‌ട്രീയ നേതൃത്വം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.

ആർ.എസ്‌.എസ്‌ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ശക്തികള്‍ 'ഹിന്ദുരാഷ്‌ട്രം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്‌ തങ്ങളുടെ വര്‍ഗീയ അജണ്ട മുന്നോട്ടുവയ്‌ക്കുന്നത്‌. 1990-കളില്‍ രാമജന്മഭൂമി പ്രശ്‌നമുയര്‍ത്തി ബാബറി മസ്‌ജിദ്‌ തകര്‍ത്തതും തുടര്‍ന്ന്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായതും നാം കണ്ടതാണ്‌. സംഘപരിവാറിന്റെ ഇത്തരം ഹീനമായ നീക്കങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്‌ കഴിഞ്ഞതുമില്ല.
2003-ല്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്ന മുസ്ലീം കൂട്ടക്കൊല രാജ്യത്തിന്‌ എക്കാലത്തും അപമാനം വരുത്തിയ സംഭവമാണ്‌. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഭീതിയിലായ മുസ്ലീം ജനതയിലൊരുവിഭാഗത്തെ തീവ്രവാദികളാക്കാന്‍ സംഘടിതമായ ശ്രമം നടക്കുകയുണ്ടായി. മുസ്ലീം യുവാക്കളില്‍ തീവ്രവാദവും ഭീകരവാദവും വളര്‍ന്നുവന്നത്‌ ഈ സാഹചര്യത്തിലാണ്‌.

1998-ലും 1999-ലും വര്‍ഗീയ കക്ഷിയായ ബി.ജെ.പി നേതൃത്വം നല്‍കിയ എന്‍.ഡി.എയുടെ ഭരണം 2004-ല്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഇടതുപക്ഷ പാര്‍ടികള്‍ കൈക്കൊണ്ട നിലപാടാണ്‌ ഇത്‌ സാധ്യമാക്കിയത്‌. 2004 മുതല്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന യു.പി.എ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍, അവരെ ജനങ്ങളില്‍ നിന്ന്‌ ഒറ്റപ്പെടുത്തിയ സാഹചര്യം ഉപയോഗിച്ച്‌, വീണ്ടും അധികാരത്തിലേറാന്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള വര്‍ഗീയശക്തികള്‍ ശ്രമം ആരംഭിച്ചിരിക്കുകയാണ്‌. തീവ്ര ഹിന്ദുത്വ നിലപാടുയര്‍ത്തി നരേന്ദ്രമോഡിയെ മുന്‍നിര്‍ത്തി വര്‍ഗീയത ആളിക്കത്തിച്ച്‌ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനാണവര്‍ ശ്രമിക്കുന്നത്‌. വര്‍ഗീയ കലാപങ്ങള്‍ സൃഷ്‌ടിച്ച്‌ മതധ്രുവീകരണമുണ്ടാക്കി വിജയം നേടാന്‍ ബി.ജെ.പി ശ്രമിക്കുന്നു. യു.പിയിലെ മുസഫാര്‍ നഗര്‍, ഫൈസാബാദ്‌ എന്നിവിടങ്ങളിലും ബീഹാര്‍, രാജസ്ഥാന്‍, കാശ്‌മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കലാപങ്ങള്‍ സൃഷ്‌ടിച്ചു. രാമജന്മഭൂമി പ്രശ്‌നം, കാശ്‌മീരിന്റെ പ്രത്യേക പദവി, ഏക സിവില്‍ കോഡ്‌, ഗോവധം തുടങ്ങിയ പ്രശ്‌നങ്ങള്‍, തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ ആയുധമാക്കാനാണ്‌ ബി.ജെ.പിയുടെ തീരുമാനം. ഇതിനാകെ നേതൃത്വം നല്‍കുന്നത്‌ ആര്‍.എസ്‌.എസ്‌ ആണ്‌.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ഭീകരാക്രമണ സംഭവങ്ങളെ തുടര്‍ന്ന്‌, എല്ലാറ്റിനും ഉത്തരവാദികള്‍ മുസ്ലീങ്ങളാണെന്ന പ്രചാരണം സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നു. പല സംഭവങ്ങളിലും നിരപരാധികളായ മുസ്ലീം ചെറുപ്പക്കാരെ കേസുകളില്‍ പ്രതികളാക്കി ദീര്‍ഘകാലം ജയിലിലടച്ചു. ഇപ്പോഴും നിരവധിപേര്‍ രാജ്യത്തെ വിവിധ ജയിലുകളിലായി തടവില്‍ കഴിയുന്നുണ്ട്‌. മലേഗാവ്‌, ഹൈദ്രാബാദ്‌, അജ്‌മീര്‍ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്‌ ആർ.എസ്‌.എസുകാരാണെന്ന്‌ വ്യക്തമായിട്ടും നിരപരാധികള്‍ വിട്ടയയ്‌ക്കപ്പെട്ടിട്ടില്ല.

ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്നതിനു പകരം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ വര്‍ഗീയ-തീവ്രവാദ സംഘടനകളില്‍ അണിനിരത്താന്‍ സംഘടിതമായ ശ്രമം നടക്കുന്നുണ്ട്‌. എസ്‌.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്‌ പോലുള്ള സംഘടനകളാണ്‌ ഇത്തരം വിനാശകരമായ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിൽ. ആർ.എസ്‌.എസ്‌ ഉയര്‍ത്തുന്ന ഹിന്ദുരാഷ്‌ട്ര വാദം പോലെതന്നെ എതിര്‍ക്കപ്പെടേണ്ടതാണ്‌ ജമാഅത്തെ ഇസ്ലാമിയുടെ മതാധിഷ്‌ഠിത രാഷ്‌ട്രസങ്കല്‍പ്പം.

വര്‍ഗീയത, വര്‍ഗ ഐക്യം തകര്‍ക്കുന്നതാണ്‌. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഐക്യപോരാട്ടത്തെ തകര്‍ക്കലാണ്‌ വര്‍ഗീയതയുടെ ലക്ഷ്യം. സമീപകാലത്ത്‌ രാജ്യത്തെ ട്രേഡ്‌ യൂണിയനുകള്‍ ഒന്നായിച്ചേര്‍ന്ന്‌ നടത്തിയ ദേശീയ പണിമുടക്കവും മറ്റ്‌ പ്രക്ഷോഭങ്ങളും ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ ശക്തമായ വെല്ലുവിളിയാണ്‌. വളര്‍ന്നുവരുന്ന അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഐക്യം ഭീതിയോടെയാണ്‌ മൂലധനശക്തികള്‍ കാണുന്നത്‌.

വര്‍ഗീയതയ്‌ക്കെതിരെ ഇടതുപക്ഷ പാര്‍ട്ടികള്‍ മുന്‍കൈയെടുത്ത്‌ കഴിഞ്ഞ ഒക്‌ടോബര്‍ 30-ന്‌ ഡെല്‍ഹിയില്‍ സംഘടിപ്പിച്ച മതനിരപേക്ഷ പാര്‍ടികളുടെ കണ്‍വെന്‍ഷന്‍, വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തിന്‌ കരുത്ത്‌ പകരുന്നതാണ്‌. ജനജീവിതത്തിന്റെ നാനാമേഖലകളില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാതരം വര്‍ഗീയതയേയും ചെറുത്തുതോല്‍പ്പിക്കാനാവണം. മതനിരപേക്ഷ സംസ്‌കാരം ശക്തിപ്പെടുത്താന്‍, അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും പുരോഗമനശക്തികളെയും യോജിപ്പിച്ച്‌ അണനിരത്താന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

സ: ഇ.എം.എസ്‌ നഗർ, പാലക്കാട്‌
29.11.2013
* * *