കേരളീയ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ തകര്‍ക്കരുത്‌... (കേരള സംസ്ഥാന പ്ലീനം അംഗീകരിച്ച പ്രമേയം)

കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത്‌ കൈവരിച്ച നേട്ടങ്ങളെ തകര്‍ക്കുന്ന യു.ഡി.എഫ്‌ സര്‍ക്കാരിന്റെ നയങ്ങള്‍ തിരുത്തണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന പ്ലീനം ആവശ്യപ്പെടുന്നു.

വിപുലമായ അടിത്തറയിലും ഏറെക്കുറെ ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ഘടനയിലും കേരളത്തിലെ വിദ്യാഭ്യാസം ഇന്ത്യയ്‌ക്ക്‌ ആകെ തന്നെ മാതൃകയായി നില്‍ക്കുന്നതാണ്‌. സ്‌കൂളുകളില്‍ എത്തേണ്ട പ്രായത്തില്‍ കുട്ടികളെ വിദ്യാലയങ്ങളിലേക്ക്‌ അയയ്‌ക്കുക എന്നത്‌ ഒരു സംസ്‌കാരമായി തന്നെ രൂപപ്പെട്ട്‌ വന്നിട്ടുമുണ്ട്‌. കേരളത്തില്‍ ഉയര്‍ന്നുവന്ന ജനാധിപത്യ സംസ്‌കാരത്തിന്റെ വളര്‍ച്ചയും ഇടതുപക്ഷ സര്‍ക്കാരുകളുടെ അതിശക്തമായ ഇടപെടലിലൂടെ രൂപപ്പെട്ട പൊതുവിദ്യാഭ്യാസ ഘടനയുമാണ്‌ ഈ വികാസത്തിന്‌ അടിത്തറയായിത്തീര്‍ന്നത്‌.

പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനും അതിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശക്തമായ ഇടപെടലാണ്‌ കഴിഞ്ഞ എൽ.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ഉണ്ടായത്‌. വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ കേരളം മറ്റ്‌ സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലെത്തി. 4, 6, 8 ക്ലാസുകളില്‍ നടത്തിയ പഠനത്തില്‍ ഭാഷ, ഗണിതം എന്നീ വിഷയങ്ങളില്‍ കേരളം ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്തെത്തുന്ന സ്ഥിതിയുണ്ടായി. മാതൃഭാഷ പഠിപ്പിക്കുന്നതിനുള്ള നടപടികള്‍ എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാക്കുന്നതിനുള്ള ഇടപെടല്‍ നടത്തി. അതിന്റെ ഭാഗമായി നാലാം ക്ലാസുവരെ മാതൃഭാഷാപഠനം നിര്‍ബന്ധിതമാക്കി. ഒപ്പം ഒന്നാം ക്ലാസ്‌ മുതല്‍ ഇംഗ്ലീഷ്‌ പഠിക്കാനും സൗകര്യമൊരുക്കി. മൂല്യനിര്‍ണ്ണയത്തില്‍ ഗ്രേഡിംഗ്‌ സമ്പ്രദായം കൊണ്ടുവന്നു. സ്‌കൂളുകളുടെ ഭൗതിക നിലവാരം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ മേഖലയില്‍ ഹയര്‍സെക്കന്ററി ഉള്‍പ്പെടെ ആരംഭിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു. നിലവാരത്തില്‍ തീരെ പിന്നോക്കം നില്‍ക്കുന്ന സ്‌കൂളുകളെ മുന്നോട്ടുകൊണ്ടുവരാന്‍ പ്രത്യേക പദ്ധതി വിജയകരമായി നടപ്പാക്കി. അധ്യാപക പരിശീലനം ചിട്ടപ്പെടുത്തി. വിദ്യാഭ്യാസത്തില്‍ സാമൂഹ്യപങ്കാളിത്തം ഉറപ്പ്‌ വരുത്തുകയും പഞ്ചായത്ത്‌ വിദ്യാഭ്യാസസമിതി ശക്തിപ്പെടുത്താന്‍ എസ്‌.എസ്‌.എ സംവിധാനത്തെ ഉപയോഗപ്പെടുത്തുകയും ചെയ്‌തു. കെ.ഇ.ആര്‍ പരിഷ്‌കരണം നടപ്പിലാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ എൽ.ഡി.എഫ്‌ കാലത്ത്‌ കൈവരിച്ച നേട്ടങ്ങള്‍ എല്ലാം തകര്‍ക്കുന്ന വിധമാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്‌. രാജ്യവ്യാപകമായി തന്നെ അംഗീകാരം നേടിയ പാഠ്യപദ്ധതി പരിഷ്‌കരണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്‌. സര്‍ക്കാരിന്റെ കണക്ക്‌ പ്രകാരം തന്നെ 60 ല്‍ കുറവ്‌ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന 3300 ലേറെ സ്‌കൂളുകള്‍ അനാദായകരമായവ എന്ന പട്ടികയില്‍ ഉണ്ട്‌ എന്ന്‌ പറയുന്ന ഘട്ടത്തിലാണ്‌ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നവിധം ആയിരത്തിലധികം അണ്‍എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അംഗീകാരം നല്‍കുന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌. ജാതി-മത ശക്തികളും വാണിജ്യതാല്‍പര്യക്കാരും ഏറെക്കുറെ കയ്യടക്കിയ ഇത്തരം മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന നടപടി സാധാരണക്കാരന്‌ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള അവസരം ഉണ്ടാക്കില്ലെന്ന്‌ മാത്രമല്ല മതനിരപേക്ഷതയുടെ അടിത്തറ തന്നെ ഇല്ലാതാക്കുന്നതിലേക്കാണ്‌ നയിക്കുക. മാതൃഭാഷാ സംരക്ഷണത്തിനും പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണം ഏറെ പ്രധാനമാണ്‌.

സ്‌കൂള്‍തലത്തില്‍ 10-ാംതരം പരീക്ഷ നടക്കുന്ന സി.ബി.എസ്‌.ഇ സ്‌കൂളുകളില്‍നിന്ന്‌ പാസ്സായിവരുന്നവര്‍ക്ക്‌, എസ്‌.എസ്‌.എല്‍.സി പൊതുപരീക്ഷ പാസ്സായി വരുന്നവരോടൊപ്പം ഹയര്‍സെക്കന്ററി പ്രവേശനത്തിന്‌ അനുമതി നല്‍കിയത്‌ കടുത്ത അനീതിയാണ്‌. ഈ നയത്തിന്റെ രക്തസാക്ഷിയാണ്‌ പട്ടാമ്പിയിലെ ആത്മഹത്യ ചെയ്‌ത രേഷ്‌മ എന്ന വിദ്യാര്‍ത്ഥിനി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ കടുത്ത അഴിമതിയാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. കേന്ദ്രസര്‍ക്കാര്‍ 1993-ല്‍ ഇന്റന്‍സീവ്‌ ഏരിയാ പ്രോജക്‌ട്‌ പ്രകാരം സാമ്പത്തിക സഹായം നല്‍കി സ്ഥാപിച്ച 35 വിദ്യാലയങ്ങള്‍ എയ്‌ഡഡ്‌ സ്‌കൂളുകളാക്കി മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം, കോടികളുടെ കോഴ ലക്ഷ്യം വച്ചുള്ളതാണ്‌.
എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ കൃത്യമായി നടന്നതായിരുന്നു പോഷകാഹാര വിതരണ പദ്ധതി. എൽ.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ വ്യത്യസ്‌തവും വൈവിധ്യ പൂര്‍ണ്ണവുമായ ഭക്ഷണം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു. കൂടാതെ ആഴ്‌ചയില്‍ രണ്ടുദിവസം ഓരോ ഗ്ലാസ്‌ പാലും ആഴ്‌ചയില്‍ ഒരു ദിവസം മുട്ടയും, മുട്ട കഴിക്കാത്തവര്‍ക്ക്‌ പഴവും നല്‍കി. യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ഈ സമ്പ്രദായവും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്‌.

കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള അരിയും ചെറുപയറും മാവേലി സ്റ്റോര്‍ മുഖേനയാണ്‌ നല്‍കിയിരുന്നത്‌. എന്നാല്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ മാവേലി സ്റ്റോറുകള്‍ മുഖാന്തരം അരി വിതരണം ചെയ്യേണ്ടതുള്ളൂ എന്ന്‌ നിശ്ചയിച്ചു. മറ്റ്‌ വിഭവങ്ങള്‍ വാങ്ങുന്നതിന്‌ നാലും അഞ്ചും രൂപ നല്‍കാമെന്നും തീരുമാനിച്ചു. പിന്നീട്‌ ശക്തമായ സമരങ്ങളുടെ ഫലമായി ഒരു രൂപ വര്‍ദ്ധിപ്പിച്ചുവെങ്കിലും കുട്ടികള്‍ കുറവുള്ള സ്‌കൂളുകളില്‍ ഈ പദ്ധതി മുന്നോട്ട്‌ കൊണ്ടുപോകുന്നതിന്‌ കഴിയാത്ത സ്ഥിതിയായിരിക്കുന്നു.

പാഠപുസ്‌തക വിതരണം ഒന്നുമുതല്‍ എട്ട്‌ വരെയുള്ള ക്ലാസുകള്‍ക്ക്‌ സൗജന്യമാക്കിയത്‌ എൽ.ഡി.എഫ്‌ സര്‍ക്കാരാണ്‌. സ്‌കൂളൂകള്‍ തുറക്കുന്നതിന്‌ മുമ്പ്‌ തന്നെ അവ വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. യു.ഡി.എഫ്‌ അധികാരത്തില്‍ എത്തിയതോടെ ഒന്നാം ടേമിലെ പാഠപുസ്‌തകങ്ങള്‍ രണ്ടാം ടേമിന്റെ പകുതിയിലും വിതരണം ചെയ്യാത്ത സ്ഥിതിയാണ്‌ ഉണ്ടായിരിക്കുന്നത്‌.

കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണവും തകരാറിലായിരിക്കുകയാണ്‌. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്കും ബി.പി.എല്‍ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടികള്‍ക്കും മാത്രമാണ്‌ കഴിഞ്ഞ വര്‍ഷം യൂണിഫോം വിതരണം ചെയ്‌തത്‌. വലിയ സമ്മര്‍ദ്ദം ഉയര്‍ന്നുവന്നതിന്റെ ഫലമായി സര്‍ക്കാര്‍ എയ്‌ഡഡ്‌ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക്‌ അവ നല്‍കുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അത്‌ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. സ്‌കൂള്‍ പി.ടി.എകളെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയോ ഇതിന്റെ മേല്‍നോട്ടത്തിന്‌ ഉപയോഗിക്കുന്നതിന്‌ പകരം സ്വകാര്യവ്യക്തികള്‍ക്ക്‌ നല്‍കുന്നതിനുള്ള തീരുമാനമാണ്‌ സ്ഥിതിഗതികളെ വഷളാക്കിയത്‌.

വിദ്യാഭ്യാസരംഗത്ത്‌ തിളക്കമേറിയ സാന്നിധ്യമായിരുന്നു എസ്‌.സി.ഇ.ആർ.ടി, സീ മാറ്റ്‌, ഐ.ടി @ സ്‌കൂൾ, എസ്‌.എസ്‌.എ എന്നിവ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്‌ എസ്‌.എസ്‌.എ പ്രവര്‍ത്തനം ഫലപ്രദമായി നടന്നത്‌. അതും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പ്രാദേശികതലത്തില്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്ക്‌ ഫണ്ട്‌ ഉപയോഗിക്കുന്നതിനു പോലും സംസ്ഥാന സര്‍ക്കാര്‍ തടസ്സം നില്‍ക്കുകയാണ്‌. ഓരോ അധ്യായനവര്‍ഷവും ജൂലൈ മാസം 15 ന്‌ അധ്യാപകരുടെ എണ്ണം കണക്കാക്കി തസ്‌തികനിര്‍ണ്ണയിക്കേണ്ടതാണ്‌. എന്നാല്‍ രണ്ടുവര്‍ഷമായി ഇവ നടന്നിട്ടില്ല. 2010-11 ലാണ്‌ ഏറ്റവും ഒടുവില്‍ തസ്‌തിക നിര്‍ണ്ണയം നടന്നത്‌. ഇത്‌ വലിയ പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്‌. ലോകമാകെ പ്രശംസ പിടിച്ചുപറ്റിയ ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി മേഖലയിലെ ഏകജാലക സംവിധാനം തകര്‍ക്കുന്ന നടപടികളും ഈ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുകയാണ്‌. വിദ്യാഭ്യാസവകുപ്പില്‍ സ്ഥലംമാറ്റം മാനദണ്ഡപ്രകാരം ഓണ്‍ലൈന്‍ സമ്പ്രദായത്തില്‍ ഏറ്റവും മാതൃകാപരമായി എൽ.ഡി.എഫ്‌ കാലത്ത്‌ പരീക്ഷിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ അധ്യാപകരുടെ സ്ഥലമാറ്റ മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെട്ടു. ഉള്ള ജീവനക്കാരെത്തന്നെ പിരിച്ചുവിട്ട സാഹചര്യത്തില്‍ ഓപ്പണ്‍ സ്‌കൂള്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്‌.

ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ ജനാധിപത്യ സംവിധാനങ്ങളെ മുഴുവനും തകര്‍ത്ത്‌ കഴിഞ്ഞു. സര്‍വകലാശാല സിന്‍ഡിക്കേറ്റുകളെ ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കുന്നതിന്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ തടസം നില്‍ക്കുകയാണ്‌. കോഴിക്കോട്‌ സര്‍വ്വകലാശാലയിലെ ഏക്കര്‍കണക്കിന്‌ ഭൂമി മുസ്ലിംലീഗ്‌ നേതാക്കളുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റുകള്‍ക്ക്‌ കൈമാറാന്‍ നീക്കം നടത്തിയതും സര്‍വ്വകലാശാലാ ഭരണ നേതൃത്വത്തിലേക്ക്‌ ജാതി-മത-വര്‍ഗീയാടിസ്ഥാനത്തില്‍ (യോഗ്യതകളൊന്നും പരിഗണിക്കാതെ) വ്യക്തികളെ നിയോഗിച്ചതുമെല്ലാം വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയ സമീപനങ്ങളുടെ ഉദാഹരണങ്ങളാണ്‌. ബിരുദപഠനം ചോയ്‌സ്‌ ബേസ്‌ഡ്‌ ക്രെഡിറ്റ്‌ സെമസ്റ്റര്‍ സമ്പ്രദായത്തിലേക്ക്‌ ശാസ്‌ത്രീയമായി പരിവര്‍ത്തനം ചെയ്‌ത എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ശ്ലാഘനീയമായ പരിഷ്‌കരണം അട്ടിമറിക്കുന്ന നടപടികളാണ്‌ ഇപ്പോള്‍ പിന്തുടരുന്നത്‌.

സ്വാശ്രയ മെഡിക്കൽ-എഞ്ചിനീയറിങ്ങ്‌ പ്രവേശനത്തിന്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍, മാനേജ്‌മെന്റുകള്‍ക്ക്‌ 25 കോടി രൂപ ഒരു വര്‍ഷം അധികവരുമാനം ഉണ്ടാക്കുന്ന വിധത്തിലാണ്‌. നിലവാരമില്ലാത്ത സ്വാശ്രയ എഞ്ചിനീയറിങ്ങ്‌ കോളേജുകള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതിയുടെ ഉത്തരവ്‌ മറികടക്കാന്‍, മോഡറേഷന്‍ നല്‍കാനാണ്‌ കോഴിക്കോട്‌ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്‌ തീരുമാനിച്ചത്‌. എഞ്ചിനീയറിംഗ്‌ പ്രവേശനത്തിനുള്ള മിനിമം മാര്‍ക്ക്‌ തന്നെ വെട്ടിക്കുറയ്‌ക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിരിക്കുകയാണ്‌. ഇതിനു പുറമെ, യാതൊരു മാനദണ്ഡവും പാലിക്കാതെ, 34 സ്വാശ്രയ എഞ്ചിനീയറിങ്ങ്‌ കോളേജുകള്‍ക്ക്‌ സര്‍വ്വകലാശാല അനുമതി നല്‍കി. ഈ മേഖലയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവന-വേതന വ്യവസ്ഥകള്‍ രൂപപ്പെടുത്തുന്നതിനും അവ നടപ്പിലാക്കുന്നതിനും യാതൊരു ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നില്ല. സ്വകാര്യ കോളജുകളെ ഓട്ടോണമസ്‌ പദവി നല്‍കാനുളള നീക്കങ്ങളും തകൃതിയായി നടക്കുകയാണ്‌. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത്‌ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന്‌ സര്‍ക്കാര്‍ അടിയന്തരമായി പിന്മാറേണ്ടതുണ്ട്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിക്കേണ്ട സ്റ്റൈപ്പന്റ്‌ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്‌ കാലതാമസം വരുന്ന സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്‌.

കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിലെ ഗുണപരമായ നേട്ടങ്ങളെ സംരക്ഷിക്കുന്നതിനും പോരായ്‌മകള്‍ തിരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്‌ പകരം വിദ്യാഭ്യാസ മേഖലയെ ആകമാനം തകര്‍ക്കുന്ന ഇത്തരം നടപടികളില്‍ നിന്ന്‌ സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന പ്ലീനം ആവശ്യപ്പെടുന്നു.

സ: ഇ.എം.എസ്‌ നഗർ, പാലക്കാട്‌
29.11.2013
* * *