പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കുക... (കേരള സംസ്ഥാന പ്ലീനം അംഗീകരിച്ച പ്രമേയം)

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന പ്ലീനം ആവശ്യപ്പെട്ടു.

കേരളത്തിലെ ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങള്‍ ജോലി ചെയ്യുന്നവയാണ്‌ പരമ്പരാഗത മേഖല. ഈ മേഖല സംരക്ഷിക്കുക എന്നത്‌ സാമൂഹ്യസുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി കാണേണ്ടതുമാണ്‌. എന്നാല്‍ എല്ലാ സാമൂഹ്യസുരക്ഷാ സംവിധാനങ്ങളേയും തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കടുത്ത അവഗണനയാണ്‌ ഈ രംഗത്തോട്‌ കാണിക്കുന്നത്‌.
കയര്‍മേഖലയില്‍ മാത്രം 3.75 ലക്ഷം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്‌. അതിലെ 80 ശതമാനം സ്‌ത്രീ തൊഴിലാളികളുമാണ്‌. എന്നാല്‍ ഇവരില്‍ പത്തിലൊന്നുപോലും തൊഴിലാളികള്‍ക്ക്‌ തൊഴിലില്ലാത്ത മേഖലയായി ഇത്‌ മാറിയിരിക്കുകയാണ്‌. കയര്‍ തൊഴിലാളികള്‍ക്ക്‌ തൊഴിലില്ലാത്തതു കാരണം ഈ മേഖലയിലും ആത്മഹത്യ വര്‍ദ്ധിച്ചു വരികയാണ്‌. തൊണ്ടും ചകിരിയും സംഭരിക്കാനോ അടഞ്ഞു കിടക്കുന്ന സംഘങ്ങള്‍ തുറക്കാനോ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. ബഡ്‌ജറ്റില്‍ വകയിരുത്തുന്ന കോടിക്കണക്കിന്‌ രൂപ മന്ത്രിയും പരിവാരങ്ങളും വിദേശരാജ്യങ്ങളില്‍ ഉല്ലാസയാത്ര നടത്താനാണ്‌ വിനിയോഗിച്ചതെന്നുള്ള ശക്തിയായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. സംഘങ്ങളിലെ ജീവനക്കാരാവട്ടെ ഏറെ ദുരിതത്തിലാണ്‌. സ്വകാര്യ കയര്‍ ഉല്‍പാദകരാവട്ടെ പണി നിര്‍ത്തി ഈ രംഗത്ത്‌ നിന്നും പാലായനം ചെയ്യുകയാണ്‌.

മൂന്നു ലക്ഷത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന മേഖലയാണ്‌ കശുവണ്ടി മേഖലയും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്‌. ഈ മേഖലയിലും വലിയ ദുരിതമാണുള്ളത്‌. കാഷ്യു കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുന്നു. എൽ.ഡി.എഫ്‌ ഭരണകാലത്ത്‌ ലാഭകരമായി 200 ദിവസത്തിലധികം തൊഴില്‍ കൊടുത്ത സ്ഥാപനങ്ങളാണ്‌ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്‌. പി.എഫ്‌ വിഹിതം അടയ്‌ക്കാതെ കുടിശ്ശിക വരുത്തുന്ന സ്ഥിതിയും ഉണ്ടായിരിക്കുകയാണ്‌. ആഴ്‌ചയില്‍ 6 ഡി.എ കിട്ടിയിരുന്ന സ്ഥാനത്ത്‌ 2 മുതല്‍ 4 ഡി.എ വരെയേ ഉടമകള്‍ നല്‍കുന്നുള്ളൂ എന്ന പരാതിയും ഉയര്‍ന്നുവന്നിട്ടുണ്ട്‌. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായതോടെ, കോര്‍പ്പറേഷനിലെ തൊഴിലാളികള്‍ സ്വകാര്യ മേഖലയിലേക്കും കുടിവറുപ്പ്‌ മേഖലയിലേക്കും തള്ളിക്കയറുന്ന സ്ഥിതിയുമുണ്ട്‌. ഇത്‌ അവിടത്തെ തൊഴിലാളികളുടെ കൂടി ജോലിക്ക്‌ സുരക്ഷിതത്വമില്ലാതാക്കി. 200-ലധികം കുടിവറുപ്പ്‌ ഫാക്‌ടറികള്‍ ഈ രംഗത്ത്‌ പുതുതായി വന്നിട്ടുണ്ട്‌. അവര്‍ നിയമനിഷേധം നടത്തുന്നു. തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന നിലയും ഉണ്ടാവുകയാണ്‌. ഇ.പി.എഫ്‌, ഇ.എസ്‌.ഐ ക്ഷേമനിധി വിഹിതങ്ങള്‍ അടയ്‌ക്കാതിരിക്കുക, വൃത്തിഹീനമായ തൊഴില്‍ സ്ഥലങ്ങളില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുക, തുടങ്ങിയ നിയമനിഷേധ നടപടികള്‍ തൊഴിലുടമകള്‍ സ്വീകരിച്ചാല്‍ അതിന്മേല്‍ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കാത്ത സ്ഥിതിയുണ്ട്‌.

കൈത്തറി വ്യവസായത്തിനു ഭാവിയില്ലെന്ന വാദമുയര്‍ത്തി ഈ മേഖലയ്‌ക്ക്‌ കഴിഞ്ഞ കാല സര്‍ക്കാരുകള്‍ അനുവദിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളും യു.ഡി.എഫ്‌ സര്‍ക്കാര്‍ നിഷേധിച്ചു. ആഭ്യന്തര വിപണി തകര്‍ത്ത യു.ഡി.എഫ്‌ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കുള്ള സഹായ പദ്ധതികളും പരിമിതപ്പെടുത്തി.

കൈത്തറി മേഖലയുടെ സംരക്ഷണത്തിനായി എൽ.ഡി.എഫ്‌ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെല്ലാം യു.ഡി.എഫ്‌ സര്‍ക്കാര്‍ ഉപേക്ഷിച്ചമട്ടാണ്‌. ആഴ്‌ചയിലൊരിക്കല്‍ എല്ലാ മലയാളികളും കൈത്തറിയോ ഖാദിയോ വസ്‌ത്രം ധരിക്കണമെന്ന പ്രചരണം ഇപ്പോള്‍ നടക്കുന്നില്ല. കൈത്തറി സഹകരണ സംഘങ്ങള്‍ കടം പെരുകി, പ്രവര്‍ത്തന മൂലധനമില്ലാതെ, പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥയിലാണ്‌. കടബാധ്യതകള്‍ ഒറ്റത്തവണ തീര്‍പ്പാക്കാനുള്ള പദ്ധതിയും ഇതുവരെ നടപ്പായിട്ടില്ല. കൈത്തറി മേഖലയിലെ പതിനായിരക്കണക്കിന്‌ തൊഴിലാളികള്‍ ജോലി നഷ്‌ടപ്പെട്ട്‌ ദുരിതത്തിലാണ്‌.

മണ്ണെണ്ണ ക്ഷാമവും വിലക്കയറ്റവും പരമ്പരാഗത മത്സ്യബന്ധ മേഖലയിലെ തൊഴിലാളികളെ ദുരിതത്തിലേക്ക്‌ തള്ളി വിട്ടിരിക്കുകയാണ്‌. കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ ക്വാട്ട വെട്ടിക്കുറച്ചതാണ്‌ പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയത്‌. മണ്ണെണ്ണ ലഭിച്ചാലേ മത്സ്യബന്ധനം നടത്താന്‍ കഴിയൂ. റേഷന്‍ വിലയ്‌ക്ക്‌ മണ്ണെണ്ണ ലഭ്യമായിരുന്നു. യു.പി.എ സര്‍ക്കാര്‍ അത്‌ നിര്‍ത്തലാക്കി. എൽ.ഡി.എഫ്‌ സര്‍ക്കാര്‍ അന്നത്തെ മാര്‍ക്കറ്റ്‌ വിലയായ 45 രൂപയ്‌ക്ക്‌ മണ്ണെണ്ണ വാങ്ങിയിട്ട്‌ 25 രൂപ സര്‍ക്കാര്‍ നഷ്‌ടം സഹിച്ച്‌, 20 രൂപയ്‌ക്ക്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ നല്‍കിയിരുന്നു. എന്നാല്‍ ഇന്ന്‌ ഒരു ലിറ്റര്‍ മണ്ണെണ്ണയ്‌ക്ക്‌ 60 രൂപയാണ്‌ മാര്‍ക്കറ്റ്‌ വില. ആ വില കൊടുത്ത്‌ മണ്ണെണ്ണ വാങ്ങാന്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. അഞ്ചുപൈസയുടെ സഹായം യു.ഡി.എഫ്‌ സര്‍ക്കാര്‍ നല്‍കുന്നില്ല. കേന്ദ്രസര്‍ക്കാരില്‍ വന്‍ സ്വാധീനമുണ്ടെന്ന്‌ അവകാശപ്പെടുന്ന യു.ഡി.എഫ്‌ സര്‍ക്കാരിന്‌ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്ന സംഭവം സംസ്ഥാനത്ത്‌ ഏറെ പ്രതിഷേധമുണ്ടാക്കിയതാണ്‌. മനുഷ്യത്വ വിരുദ്ധമായ ഈ നടപടിക്കെതിരായി ശക്തമായി പ്രതികരിക്കുന്നതിനു പോലും സംസ്ഥാന സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ല. വിചാരണ ചെയ്യാന്‍പോലും പറ്റാത്തവിധം കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു എന്നത്‌ ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അനാസ്ഥയ്‌ക്ക്‌ തെളിവാണ്‌. ഏറെ മന്ത്രിമാര്‍ കേരളത്തില്‍ നിന്ന്‌ കേന്ദ്രത്തിലുണ്ടായിരുന്നിട്ടും ഈ സ്ഥിതിവിശേഷമാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌.

മിനി സിഗരറ്റുകളുടെ എക്‌സൈസ്‌ നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചതോടുകൂടിയാണ്‌ ബീഡി വ്യവസായം വന്‍ പ്രതിസന്ധിയിലായത്‌. ഇപ്പോഴത്തെ സര്‍ക്കാരാവട്ടെ, ദിനേശ്‌ ബീഡി തൊഴിലാളികളുടെ പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ചിരിക്കുകയാണ്‌. ഈ മേഖലയെ സംരക്ഷിക്കുന്നതിനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ല. ബാംബു മേഖലയിലെ തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നില്ല.

കരകൗശലമേഖലയും വലിയ പ്രതിസന്ധിയിലേക്ക്‌ നീങ്ങുകയാണ്‌. കൈവേലക്കാർ, ഈറ്റ-പനമ്പ്‌ തുടങ്ങിയ മേഖലകളിലെ തൊഴിലാളികളും പ്രതിസന്ധിയിലാണ്‌. അവയെ സംരക്ഷിക്കുന്നതിനുള്ള നടപടിയൊന്നും സര്‍ക്കാര്‍ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നില്ല.

മത്സ്യ സംസ്‌കരണ-വിപണന മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്‌ എൽ.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ക്ഷേമപദ്ധതി നടപ്പിലാക്കിയിരുന്നു. എന്നാല്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ ഈ രംഗത്തെ പ്രശ്‌നങ്ങളെ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌.

ഖാദി മേഖലയ്‌ക്ക്‌ കഴിഞ്ഞ എൽ.ഡി.എഫ്‌ സര്‍ക്കാര്‍ നല്ല പരിഗണന നല്‍കിയിരുന്നു. തൊഴിലാളികള്‍ക്ക്‌ മിനിമം കൂലി ഏര്‍പ്പെടുത്തിയതുള്‍പ്പെടെയുള്ള സമീപനം അക്കാലത്ത്‌ ഉണ്ടായിരുന്നു. എന്നാല്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ ഇത്തരമൊരു മേഖലയുണ്ടെന്ന പരിഗണന പോലും കാണിക്കുന്നില്ല.

പരമ്പരാഗത ചെത്തുവ്യവസായം കടുത്ത ഭീഷണിയെ നേരിടുകയാണ്‌. വിദേശമദ്യ ബാറുകള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്ന സര്‍ക്കാര്‍, നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകള്‍ക്ക്‌ സംരക്ഷണം നല്‍കുന്നില്ല. ചെത്തുതൊഴിലാളികള്‍ തൊഴില്‍ നഷ്‌ടപ്പെടുമെന്ന ഭീഷണിയിലാണ്‌ ഉള്ളത്‌.

ഈ പശ്ചാത്തലത്തില്‍ 20 ലക്ഷത്തോളം തൊഴിലാളികളുടെ തൊഴിലും വരുമാനവും സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച്‌ രണ്ട്‌ പ്രചരണജാഥകള്‍ ആരംഭിക്കുന്നത്‌. ഈ രണ്ട്‌ ജാഥകളും സെക്രട്ടേറിയറ്റിനു മുന്നില്‍ ഡിസംബര്‍ 30-ന്‌ നടക്കുന്ന തൊഴിലാളി മാര്‍ച്ചും വിജയിപ്പിക്കണം.

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന പ്ലീനം ആവശ്യപ്പെടുന്നു.

സ: ഇ.എം.എസ്‌ നഗർ, പാലക്കാട്‌
29.11.2013
* * *