സ്‌ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം... (കേരള സംസ്ഥാന പ്ലീനം അംഗീകരിച്ച പ്രമേയം)

വികസനത്തിന്റെ കേരള മാതൃക എന്ന്‌ വിശേഷിപ്പിക്കപ്പെടാറുള്ളതുപോലെ സ്‌ത്രീ ശാക്തീകരണത്തിന്റെ കേരള മാതൃക എന്നും പലയിടങ്ങളിലായി രാജ്യത്തും പുറത്തും ഉപയോഗിച്ചുകാണുന്നുണ്ട്‌. അഭിമാനകരമായ വളര്‍ച്ചയുടെയും നേട്ടങ്ങളുടെയും സാമൂഹ്യ സൂചികകള്‍ സ്‌ത്രീകളെ സംബന്ധിച്ച്‌ കേരളത്തിന്‌ എടുത്തുകാണിക്കാന്‍ കഴിയും. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത രീതിയില്‍ പുരുഷന്മാരേക്കാള്‍ കൂടുതലാണ്‌ സ്‌ത്രീകള്‍ കേരളത്തില്‍. 1000 പുരുഷന്മാര്‍ക്ക്‌ 1084 സ്‌ത്രീകള്‍ എന്ന അനുപാതത്തിലാണ്‌ ഇപ്പോള്‍ നില്‍ക്കുന്നത്‌. എണ്ണത്തിലുള്ള വര്‍ദ്ധനവിലൂടെ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്ന ലിംഗപരമായ സമത്വം മാനസികമായോ ശാരീരികമായോ കേരളീയ സ്‌ത്രീകള്‍ക്ക്‌ ലഭ്യമായിട്ടില്ല എന്നത്‌ ഒരു വിരോധാഭാസമായിത്തന്നെ കാണണം. ജന്മിത്വവും നാടുവാഴിത്തവും വേരോടെ പിഴുതെറിയാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി അധികാരത്തില്‍ വന്നപ്പോള്‍ സാധിച്ചു. പൗരന്‍ എന്ന നിലയിലും തൊഴിലാളി എന്ന നിലയിലും സ്‌ത്രീകള്‍ക്ക്‌ സാമൂഹ്യമായി വളരെയേറെ മാറാന്‍ കഴിഞ്ഞിട്ടുണ്ട്‌. സാമൂഹ്യമായി വളരെയേറെ മാറാന്‍ കഴിഞ്ഞിട്ടുണ്ട്‌. തൊഴില്‍, വിദ്യാഭ്യാസം, പ്രാദേശികഭരണം തുടങ്ങിയ തലങ്ങളില്‍ തുല്യതയിലേക്കുതന്നെ നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ സ്‌ത്രീക്ക്‌ സ്‌ത്രീ എന്ന നിലയില്‍ നേരിടേണ്ടിവന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും പതിന്മടങ്ങ്‌ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. സ്‌ത്രീ കേവലം ഭോഗവസ്‌തു എന്ന നിലയില്‍ ചിന്തിക്കുന്ന നാടുവാഴിത്തകാലത്തെ ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങളാണ്‌ അനുദിനം കേട്ടുകൊണ്ടിരിക്കുന്നത്‌.

ഇടതുപക്ഷ ഭരണകാലത്ത്‌ കുറ്റകൃത്യങ്ങള്‍ താരതമ്യേന കുറവാണ്‌ എന്നതുപോലെ സ്‌ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളുടെയും എണ്ണവും കുറവാണെന്ന്‌ പരിശോധിച്ചാല്‍ കാണാം. കുറ്റവാളികളെ കണ്ടുപിടിക്കുന്നതിലും നടപടിയെടുക്കുന്നതിലുമുള്ള ശുഷ്‌കാന്തിയാകാം അതിനു കാരണം.

എന്നാല്‍, കഴിഞ്ഞ രണ്ടരവര്‍ഷക്കാലത്തെ കേരളത്തിന്റെ അനുഭവം ആരേയും ഞെട്ടിപ്പിക്കുന്നതും വിഷമിപ്പിക്കുന്നതുമാണ്‌. സ്‌ത്രീകളും പെണ്‍കുട്ടികളും എവിടെയും ആക്രമിക്കപ്പെടാം എന്ന അവസ്ഥ. തൊഴിലിടങ്ങളിൽ, വാഹനങ്ങളിൽ, വിദ്യാലയങ്ങളില്‍ ബസ്‌സ്റ്റാന്റുകളിൽ, ട്രെയിനുകളില്‍ - എന്തിനേറെ സ്വന്തം വീടുകളില്‍പ്പോലും പീഡിപ്പിക്കപ്പെടുന്നു. പെണ്‍കുട്ടികളെ സ്വന്തം ബന്ധുക്കള്‍ തന്നെ ലൈംഗികവേഴ്‌ചയ്‌ക്ക്‌ ഉപയോഗിക്കുന്ന ക്രൂരവും പ്രാകൃതവും നീചവുമായ സംഭവങ്ങള്‍ക്ക്‌ സാക്ഷര കേരളത്തിന്‌ സാക്ഷ്യം വഹിക്കേണ്ടിവരുന്നു. അപമാനഭാരം കൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ തലയുയര്‍ത്തി നടക്കാന്‍പോലും സാധിക്കാത്ത നിഷ്‌ഠൂര സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. സെക്‌സ്‌ റാക്കറ്റുകള്‍ പട്ടണങ്ങളില്‍ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും തമ്പടിച്ച്‌ പെണ്‍കുട്ടികളെ വേട്ടയാടുന്നു. വിദേശങ്ങളിലേക്ക്‌ സ്‌ത്രീകളുടെ ശരീരം വില്‍പ്പനയ്‌ക്കായി കയറ്റി അയയ്‌ക്കുന്ന വന്‍ റാക്കറ്റുകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. മറ്റെല്ലാ മാഫിയകള്‍ക്കുമെന്നതുപോലെ സെക്‌സ്‌ മാഫിയയ്‌ക്കും നിര്‍ബാധം അഴിഞ്ഞാടാന്‍ യു.ഡി.എഫ്‌ ഭരണകാലത്ത്‌ കഴിയുന്നു. ഇത്തരം പെണ്‍വാണിഭസംഘങ്ങളുമായി കേരളത്തിലെ ചില പോലീസുകാരുടെ സഹായവും വേണ്ടത്ര ലഭിക്കുന്നു എന്നു വരുന്നതോടെ ചിത്രം പൂര്‍ത്തിയാവുന്നു.

ആക്രമിക്കപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന സ്‌ത്രീക്ക്‌ രക്ഷ കിട്ടുന്നില്ലെന്ന്‌ മാത്രമല്ല, സമൂഹമധ്യത്തില്‍ അപമാനിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്നു. പ്രതികളെ കണ്ടെത്തിയാലും എത്രകാലം കഴിഞ്ഞാലും ശിക്ഷിക്കപ്പെടുന്നില്ല എന്നത്‌ കേരളത്തിന്റെ മുന്നില്‍ ഒട്ടേറെ അനുഭവങ്ങളുണ്ട്‌. കഴിഞ്ഞ മൂന്നുമാസക്കാലത്ത്‌ പോലീസ്‌ രജിസ്റ്റര്‍ ചെയ്‌ത ബലാത്സംഗ കേസ്‌ മാത്രം 482 ആണ്‌. അതില്‍ 159 പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്‌. ഒരു ദിവസം ശരാശരി അഞ്ച്‌ പെണ്‍കുട്ടികള്‍ കേരളത്തില്‍ ക്രൂരമായി ബലാത്സംഗത്തിന്‌ വിധേയരാവുന്നു എന്നതാണ്‌ പോലീസിന്റെ കണക്ക്‌ സൂചിപ്പിക്കുന്നത്‌. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പെണ്‍കുഞ്ഞുങ്ങള്‍ കാമകിങ്കരന്മാരുടെ ക്രൂരവേട്ടയ്‌ക്കിരയാകുന്നു.

സ്‌ത്രീകളേയും കുട്ടികളേയും തട്ടിക്കൊണ്ടുപോകുന്നതും കേരളത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നു. ഗാര്‍ഹികമായ അതിക്രമങ്ങളും വളരെയധികം വര്‍ദ്ധിക്കുകയാണ്‌. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 23853 സ്‌ത്രീ പീഡനക്കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്‌. ബലാത്സംഗ കേസ്‌ മാത്രം രണ്ടു വര്‍ഷത്തില്‍ 2963 ആണ്‌ റിക്കോര്‍ഡ്‌ ചെയ്യപ്പെട്ടത്‌. അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ്‌ ഭരണത്തേക്കാള്‍ പതിന്മടങ്ങാണിത്‌. ഇത്തരം കേസുകളില്‍ 99 ശതമാനത്തിലും സ്‌ത്രീകള്‍ക്ക്‌ നീതി കിട്ടുന്നില്ല. കേസ്‌ തേഞ്ഞുമാഞ്ഞുപോകുന്നു. കേസുകള്‍ അട്ടിമറിക്കപ്പെടുന്നു. പണം കൊടുത്ത്‌ സ്വാധീനിക്കുന്നു. ഭരണസ്വാധീനം വന്‍തോതില്‍ പ്രയോഗിക്കുന്നു.

കേരളം സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാത്ത നാടായി മാറുന്നു. സ്‌ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇത്തരത്തില്‍ അതിക്രമം കാണിക്കുന്ന സാംസ്‌കാരിക ശൂന്യതയിലേക്ക്‌ കേരളത്തെ നയിക്കുന്ന ഭരണകൂടം ഇതെല്ലാം നിശ്ചേഷ്‌ടമായി നോക്കിക്കൊണ്ടുനില്‍ക്കുന്ന നിന്ദ്യവും ക്രൂരവുമായ ഇത്തരം ചെയ്‌തികള്‍ക്കെതിരെ മലീമസമായ സാംസ്‌കാരിക ചിന്താഗതിക്കെതിരെ സ്‌ത്രീത്വത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പടപൊരുതിയ പ്രസ്ഥാനമാണ്‌ സി.പി.ഐ (എം). പാര്‍ടിയുടെ കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണം എന്ന്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഇത്തരം കാടത്തരത്തേയും ലൈംഗികാതിക്രമങ്ങളേയും അധമ സംസ്‌കാരത്തേയും പാര്‍ടി ശക്തമായി അപലപിക്കുന്നു. യു.ഡി.എഫ്‌ ഗവണ്‍മെന്റ്‌ ഇത്തരം സംഭവങ്ങളുടെ നേരെ കാഴ്‌ചക്കാരായി നോക്കിനില്‍ക്കുന്നതില്‍ പ്രതിഷേധിക്കുകയും ചെയ്യുന്നു. സ്‌ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയ്‌ക്കായി സി.പി.ഐ (എം) എല്ലാ തലങ്ങളിലും ഗൗരവമായി ഇടപെടാന്‍ ഈ പ്ലീനം ആഹ്വാനം ചെയ്യുന്നു.

സ: ഇ.എം.എസ്‌ നഗർ, പാലക്കാട്‌
29.11.2013
* * *