സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

തിരുവനന്തപുരം
03.10.2012


പാസ്‌പോര്‍ട്ടിനും അനുബന്ധസേവനങ്ങള്‍ക്കുമുള്ള ഫീസ്‌ കുത്തനെ ഉയര്‍ത്തിയ നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ 50 ശതമാനം വര്‍ധനവാണ്‌ വരുത്തിയതെങ്കില്‍ വിദേശത്തുള്ളവര്‍ക്ക്‌ 80 മുതല്‍ 100 ശതമാനം വരെ നിരക്ക്‌ വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌. ഇത്‌ വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്ന സാധാരണ തൊഴിലാളികള്‍ക്ക്‌ ഇരുട്ടടിയായിരിക്കുകയാണ്‌. ഇന്ത്യയില്‍ പാസ്‌പോര്‍ട്ടിന്‌ അപേക്ഷിക്കുന്നവര്‍ നേരത്തേ 1000 രൂപ നല്‍കിയാല്‍ മതിയായിരുന്നെങ്കില്‍ ഇപ്പോഴത്‌ 1500 രൂപയാക്കി. തല്‍ക്കാല്‍ പാസ്‌പോര്‍ട്ടിനും ഡ്യൂപ്ലിക്കേറ്റ്‌ പാസ്‌പോര്‍ട്ടിനും കുട്ടികള്‍ക്കുള്ള പാസ്‌പോര്‍ട്ടിനുമെല്ലാം വന്‍ വര്‍ധന
വാണ്‌ വരുത്തിയത്‌. വിദേശങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം പാസ്‌പോര്‍ട്ട്‌ നഷ്‌ടപ്പെട്ടവരും അനധികൃതമായി വിദേശത്ത്‌ തങ്ങുന്നവരും ഇന്ത്യയിലേക്ക്‌ മടങ്ങിവരണമെങ്കില്‍ വലിയ തുക ഒടുക്കേണ്ടിവരും. ഇങ്ങനെ തിരിച്ചുവരുന്നതിനുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനും തിരിച്ചറിയല്‍ രേഖകള്‍ക്കും വരെ ഫീസുകളില്‍ വന്‍വര്‍ധനവാണ്‌ വരുത്തിയിരിക്കുന്നത്‌. താല്‍ക്കാലിക തിരിച്ചറിയല്‍രേഖ കിട്ടണമെങ്കില്‍ 2900 രൂപവരെ കൊടുക്കണം. പാസ്‌പോര്‍ട്ട്‌ പുതുക്കാന്‍ കൊടുക്കേണ്ടിവരുന്നത്‌ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക്‌ ഒരു മാസത്തെ ശമ്പളംതന്നെ മാറ്റിവെക്കേണ്ട ദുരവസ്ഥയാണ്‌. ഗള്‍ഫ്‌ മേഖലയില്‍ ജോലിചെയ്യുന്ന ലക്ഷക്കണക്കിന്‌ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളാണ്‌. അവരുടെ ജീവിതത്തെ വഴിമുട്ടിക്കുന്നതാണ്‌ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. വിദേശത്തേക്ക്‌ ജോലി തേടി പോകുന്ന സാധാരണക്കാര്‍ക്കും വന്‍ പ്രഹരമാണ്‌ പാസ്‌പോര്‍ട്ടിനും അനുബന്ധ സേവനങ്ങള്‍ക്കുമുള്ള ഫീസ്‌ ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി. ഒരു ന്യായീകരണവുമില്ലാത്ത ഈ ജനവിരുദ്ധ തീരുമാനം എത്രയും വേഗം പിന്‍വലിക്കണമെന്ന്‌ പിണറായി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
* * *