പാലക്കാട് ചേര്‍ന്ന സംസ്ഥാന പ്ലീനം വമ്പിച്ച വിജയമാക്കിയ പാര്‍ടി സഖാക്കളെയും ബഹുജനങ്ങളെയും പാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റ് അഭിവാദ്യം ചെയ്യുന്നു. പാര്‍ടി പാലക്കാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട സ്വാഗതസംഘം പ്ലീനം വിജയിപ്പിക്കാന്‍ മികവുറ്റ പ്രവര്‍ത്തനമാണ് കാഴ്‌ചവച്ചത്. ഒരു മാസക്കാലം കൊണ്ട് പ്ലീനം ഗംഭീര വിജയമാക്കാനായത് പാലക്കാട് ജില്ലയിലെ പ്രസ്ഥാനത്തിന്റെ സംഘടനാശേഷിയാണ് തെളിയിച്ചത്. പ്ലീനത്തിന് വേണ്ടിവരുന്ന ചെലവിലേക്ക് ഫണ്ട് സമാഹരിച്ചതും മാതൃകാപരമാണ്. പാര്‍ടി അംഗങ്ങള്‍ 100 രൂപ വീതം നല്‍കിയും 25 രൂപ കൂപ്പണ്‍ ഉപയോഗിച്ച് വീടുകളില്‍നിന്ന് സമാഹരിച്ചതും ആയ ഫണ്ടാണ് ഇതിനായി ഉപയോഗിച്ചത്. ഫണ്ട് ശേഖരിക്കുന്നതില്‍ സ്വീകരിച്ച മാതൃകാപരമായ നിലപാടിനെ അഭിനന്ദിക്കുന്നു.
എല്ലാ അര്‍ത്ഥത്തിലും വമ്പിച്ച വിജയമായ പ്ലീനം പാര്‍ടിയുടെ യശസ്സ് ഉയര്‍ത്തുന്നതു കണ്ട വലതുപക്ഷ ശക്തികള്‍ക്ക് വീണുകിട്ടിയ ഒന്നായിരുന്നു സൂര്യ ഗ്രൂപ്പിന്റെ ദേശാഭിമാനിയിലെ പരസ്യം. പരസ്യദാതാവ് നേരത്തെ വിവാദമായ ചില കാര്യങ്ങളില്‍ പെട്ടപ്പോള്‍ ദേശാഭിമാനി സ്വീകരിച്ച നിലപാടിനെക്കുറിച്ച് ഒരു ആക്ഷേപവും ഉയര്‍ന്നിട്ടില്ല. കേരളത്തിലെ പല മാധ്യമങ്ങള്‍ക്കും പരസ്യം നല്‍കുന്ന പ്രസ്‌തുത ഗ്രൂപ്പ് പ്ലീനവുമായി ബന്ധപ്പെട്ട് ദേശാഭിമാനിക്ക് പരസ്യം നല്‍കിയത് പ്രത്യേക ഉദ്ദേശ്യത്തോടെയായിരുന്നുവെന്ന് പരസ്യ ദാതാവ് പിന്നീട് പ്രതികരിച്ചതായി കണ്ടു. പ്ലീനത്തിന് പ്രസ്‌തുത വ്യക്തിയില്‍ നിന്നും സംഭാവന സ്വീകരിക്കാത്ത പാര്‍ടിയെ പരസ്യം നല്‍കി വിവാദത്തില്‍ പെടുത്താനാണ് ശ്രമിച്ചതെന്ന് പിന്നീടുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നു. സാധാരണ പരസ്യം നല്‍കുന്നവരായാലും പ്ലീനവുമായി ബന്ധപ്പെട്ട പരസ്യം വിവാദത്തിനുദ്ദേശിച്ചാണ് നല്‍കുന്നതെന്ന് മനസിലാക്കുന്നതില്‍ ദേശാഭിമാനിയുടെ പരസ്യവിഭാഗത്തിന് വീഴ്‌ചയുണ്ടായി. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നാണ് ഉയര്‍ന്നുവന്ന വിവാദം തെളിയിക്കുന്നത്.
തിരുവനന്തപുരം
06.12.2013
* * *