സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന ഫെഡറല്‍ ബാങ്കിനെ വിദേശ മൂലധനത്തിന്‌ അടിയറ വെയ്‌ക്കരുത്‌...

1945-ല്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഫെഡറല്‍ ബാങ്ക്‌ ഇന്ന്‌ കേരളത്തിന്റെ സമ്പദ്‌ഘടനയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്ന കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ്‌. ബാങ്ക്‌ 68 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ 2013 സെപ്‌തംബറിലെ (6 മാസം) അറ്റാദായം 331.47 കോടി രൂപയാണ്‌. കിട്ടാക്കടം 0.98% മാത്രമാണ്‌.

ചെറുകിട കച്ചവടക്കാർ, ചെറുകിട വ്യവസായികൾ, കൈതൊഴില്‍ ചെയ്യുന്നവർ, ഗ്രാമീണ ജനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക്‌ ബാങ്കിംഗ്‌ സേവനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നിട്ടുള്ള ഫെഡറല്‍ ബാങ്കിന്റെ വായ്‌പാ നിക്ഷേപ അനുപാതവും താരതമ്യേന മെച്ചപ്പെട്ടതാണ്‌. മൊത്തം ബിസിനസ്സിന്റെ 50%-ത്തിലധികവും മൊത്തം ശാഖകളുടെ 60%വും കേരളത്തിലാണെന്നിരിക്കേ മലയാളികളായി ഈ ബാങ്കിന്റെ ബോര്‍ഡില്‍ ഇപ്പോള്‍ 2 പേര്‍ മാത്രമേയുള്ളൂ. അവരാകട്ടെ കേരളത്തില്‍ വേരുകളുള്ളവരുമല്ല. എംഡിയും മലയാളിയല്ല. വിദേശബാങ്കില്‍ ദീര്‍ഘനാള്‍ ജോലിചെയ്‌ത വ്യക്തിയാണ്‌. ഇപ്രകാരമൊക്കെയുള്ള ഫെഡറല്‍ ബാങ്കിനെ വിദേശ മൂലധനശക്തികളുടെ നിയന്ത്രണത്തിലാക്കാനുള്ള അണിയറ നീക്കം ശക്തമായിരിക്കുന്നു. ഇപ്പോള്‍ തന്നെ 49% ഓഹരികള്‍ വിദേശ മൂലധനത്തിന്റെയാണെന്നിരിക്കെ അത്‌ 65%വും അതിനുശേഷം 74% ആക്കി വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ്‌ മാനേജ്‌മെന്റ്‌. 65% ആക്കി വര്‍ദ്ധിപ്പിക്കാനുള്ള അനുമതി ഇതിനകം ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്രൊമോഷന്‍ ബോര്‍ഡില്‍ നിന്നും ബാങ്കിന്‌ ലഭിച്ചുകഴിഞ്ഞു. ഇനി കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതിയുടെ കൂടി അനുമതി ലഭിച്ചാല്‍ ഫെഡറല്‍ ബാങ്ക്‌ പൂര്‍ണമായും വിദേശികളുടെ കയ്യിലാകും.

ഇതോടുകൂടി സംസ്ഥാനത്തെ പ്രധാനപ്പെട്ട ബാങ്കിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരികയാണ്‌. ബാങ്കിന്റെ ഉടമസ്ഥതയിലുണ്ടാകുന്ന മാറ്റം ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വത്തിന്റെ മാത്രം പ്രശ്‌നമല്ല. നമ്മുടെ ജനകീയമായ ബാങ്കിംഗ്‌ സമ്പ്രദായത്തെ തകര്‍ക്കുന്ന ഒന്നാണ്‌. ബാങ്കിനെ സംബന്ധിച്ചിടത്തോളം വളര്‍ച്ചക്കും വികസനത്തിനും വിദേശ മൂലധനത്തിന്റെ ആവശ്യമില്ലെന്നിരിക്കെ ഇപ്പോഴത്തെ നീക്കം ദുരുപദിഷ്‌ടമാണ്‌.

രാജ്യത്തെ ചെറുകിട ബാങ്കുകളെ ഏറ്റെടുക്കുവാന്‍ വിദേശ ബാങ്കുകളെ അനുവദിക്കുമെന്ന ആര്‍ബിഐയുടെ തീരുമാനം ഇതുമായി ചേര്‍ത്തു വായിക്കേണ്ടതാണ്‌. കേരളത്തിന്റെ തനതായ ബാങ്കായ ഫെഡറല്‍ ബാങ്കിനെ വിദേശ മൂലധനത്തിന്റെ കൈകളിലെത്തിക്കുന്നതിന്‌ ലക്ഷ്യമിടുന്ന ഈ നീക്കത്തെ എതിര്‍ത്ത്‌ തോല്‍പ്പിക്കാന്‍ ബാങ്ക്‌ ജീവനക്കാരോടും ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

തിരുവനന്തപുരം
09.12.2013

* * *