പാചകവാതക സബ്‌സിഡിക്ക്‌ ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന...

പാചകവാതക സബ്‌സിഡിക്ക്‌ ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നിയമ വിരുദ്ധ തീരുമാനം അടിയന്തരമായി റദ്ദാക്കണം. ആധാര്‍ കാര്‍ഡുമായി ബാങ്ക്‌ അക്കൗണ്ടിനെ ബന്ധിപ്പിക്കാത്തവര്‍ക്ക്‌ പുതുവര്‍ഷത്തില്‍ പാചകവാതക സബ്‌സിഡി നല്‍കില്ലായെന്ന കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ അന്ത്യശാസനം ജനങ്ങള്‍ക്കെതിരായുള്ള യുദ്ധപ്രഖ്യാപനമാണ്‌. മാത്രമല്ല, ഇത്‌ സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനവുമാണ്‌.

രാജ്യത്തെ എല്ലാ പൗരന്മാരുടെയും വിവരങ്ങള്‍ സമാഹരിക്കുക, തിരിച്ചറിയല്‍രേഖ ഏകീകൃത രീതിയില്‍ സൂക്ഷിക്കുക, ആരോഗ്യവിവരങ്ങള്‍ രേഖപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ്‌ ആധാര്‍ നടപ്പാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്‌. എന്നാല്‍ അതിനെല്ലാം മുകളിലായി, സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ബാങ്കിങ്‌ മുതല്‍ സ്വന്തം അവകാശമായ പെന്‍ഷന്‍ വാങ്ങുന്നതുവരെ ആധാര്‍ ഉണ്ടെങ്കിലേ നടക്കൂ എന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്‌. ഡിസംബര്‍ 31-നകം ആധാര്‍ ലിങ്ക്‌ ചെയ്യാത്തവര്‍ക്ക്‌ പാചകവാതക സബ്‌സിഡിയുണ്ടാകില്ലെന്നും വിപണിവില നല്‍കണമെന്നുമാണ്‌ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌.

ആധാര്‍ നിര്‍ബന്ധിതമാക്കുന്നതിന്‌ സുപ്രീംകോടതിയുടെ ഉത്തരവ്‌ തിരുത്താനും പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ പരിശ്രമം വിഫലമാവുകയാണുണ്ടായത്‌. എന്നിട്ടും ജനദ്രോഹ നടപടിയുമായി മുന്നോട്ടുനീങ്ങുന്നത്‌ നീതിന്യായസംവിധാനത്തെപ്പോലും അവഹേളിക്കലാണ്‌.
ഒരു എല്‍പിജി സിലിണ്ടര്‍ കിട്ടാന്‍ 1080 രൂപ പാവപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവര്‍ അടയ്‌ക്കണമെന്നതാണ്‌ പുതിയ നിബന്ധന. ക്രൂഡോയില്‍ വില മാറുന്നതനുസരിച്ച്‌ വിലയിലും മാറ്റമുണ്ടാകും. കേരളത്തിലെ 12 ജില്ലകളില്‍ ആധാര്‍ നമ്പരും ബാങ്ക്‌ അക്കൗണ്ട്‌ നമ്പരും ബന്ധിപ്പിക്കുന്ന പ്രക്രിയ പകുതിപോലും പൂര്‍ത്തിയായിട്ടില്ലെന്നിരിക്കെ സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങള്‍ക്കും പാചക വാതക സബ്‌സിഡി ലഭിക്കില്ല എന്ന സ്ഥിതിയാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌.

ആധാര്‍ നിര്‍ബന്ധിതമാക്കരുതെന്ന സുപ്രീംകോടതി ഉത്തരവിനെപ്പോലും അംഗീകരിക്കാതെ ആധാര്‍ കാര്‍ഡിന്റെ മറവില്‍ പാചകവാതക ഉപഭോക്താക്കളെ കൊള്ള യടിക്കാനുള്ള തീരുമാനത്തില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പിന്തിരിയണം. ഇതിനായി ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ എല്ലാവിഭാഗം ജനങ്ങളോടും  അഭ്യര്‍ത്ഥിക്കുന്നു.

തിരുവനന്തപുരം
31.12.2013

* * *