പെട്രോൾ, ഡീസൽ, പാചകവാതക വിലവര്‍ദ്ധന കൊണ്ടു പൊറുതിമുട്ടുന്ന കേരളജനതയുടെ മേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ നികുതിഭാരമാണ് യുഡിഎഫ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്. ഐക്യകേരളത്തിന്റെ ചരിത്രത്തിലിതുവരെ ഒരു ബജറ്റില്‍ ഒറ്റയടിയ്‌ക്ക് ഇത്രയേറെ നികുതികള്‍ ചുമത്തിയിട്ടില്ല. ജനദ്രോഹ ബജറ്റുകളുടെ മുന്‍നിരയിലാണ് കെ. എം. മാണിയുടെ പന്ത്രണ്ടാം ബജറ്റിനു സ്ഥാനം.
1550 കോടി രൂപയുടെ പുതിയ നികുതി നിര്‍ദ്ദേശങ്ങളാണ് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. വാറ്റു നികുതിയില്‍ ഇതിനു മുമ്പേ 15-25 ശതമാനം വര്‍ദ്ധന ഏര്‍പ്പെടുത്തിയിരുന്നു. നിലവിലുളള നികുതി പിരിച്ചെടുക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ കാണിക്കുന്നവരാണ് കൂടുതല്‍ നികുതി നിര്‍ദ്ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും. കഴിഞ്ഞ വര്‍ഷത്തെ നികുതി പിരിവ് പ്രതീക്ഷിച്ചതിനെക്കാള്‍ 4132 കോടിയുടെ കുറ വായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറെ പണിപ്പെട്ട് സജ്ജമാക്കിയ കാര്യക്ഷമമായ നികുതി സംവിധാനം അപ്പാടെ അട്ടിമറിച്ചതാണ് നികുതി പിരിവില്‍ വന്ന ഈ ശോഷണം. അഴിമതിയും കെടുകാര്യസ്ഥതയും നികുതിവകുപ്പില്‍ മടക്കിക്കൊണ്ടു വന്നതിന് കൊടുക്കേണ്ടി വന്ന വില.
അതിരൂക്ഷമായ വിലക്കയറ്റത്തിലേയ്‌ക്കാണ് കേരളജനതയെ യുഡിഎഫിന്റെ ബജറ്റ് തള്ളിവിടുന്നത്. സര്‍വമേഖലയിലും വില കുതിച്ചുയരും. സാമ്പത്തചശ മാന്ദ്യത്തിന്റെ ഫലമായി തളര്‍ന്നുപോയ നിര്‍മ്മാണ മേഖലയെ അമ്പേ നിശ്ചല മാക്കുന്നതാണ് ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍. യാത്രച്ചെലവിലും അമ്പരപ്പിക്കുന്ന വര്‍ദ്ധനയാണ് ബജറ്റു സൃഷ്‌ടിക്കുക.
തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുളള പൊള്ളയായ പ്രഖ്യാപനങ്ങള്‍ കൊണ്ട് ജനങ്ങളെ വഞ്ചിക്കാനാവില്ല. ഹൈടെക് പദ്ധതികളുടെ നീണ്ട പട്ടിക നിരത്തി കാര്‍ഷിക മേഖല അനുഭവിക്കുന്ന പ്രതിസന്ധി മറികടക്കാമെന്നാണ് ബജറ്റിന്റെ സൃഷ്‌ടാക്കള്‍ വ്യാമോഹിക്കുന്നത്. മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കുകയാണ് കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ആദ്യം ചെയ്യേണ്ടത്. അതിനൊന്നും യാതൊരു പദ്ധതിയും ബജറ്റില്‍ ഇല്ല.
അതിനു പുറമെയാണ് കള്ളക്കണക്കുകൊണ്ടുളള കസര്‍ത്ത്. ചെലവ് കുറച്ചും വരവ് പെരുപ്പിച്ചും ബജറ്റു തയ്യാറാക്കുന്നത് സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ധനസ്ഥിതി ജനങ്ങളില്‍ നിന്നു മറച്ചുവെയ്‌ക്കാനാണ്. കഴിഞ്ഞ ബജറ്റില്‍ നടത്തിയ കള്ളക്കളി ഈ ബജറ്റില്‍ കൈയോടെ പിടിക്കപ്പെട്ടു. 3406 കോടിയുടെ കമ്മിയാണ് 2012-13 ലെ ബജറ്റില്‍ പ്രതീക്ഷിച്ചത്. സിഎജിയുടെ അന്തിമ കണക്കുപ്രകാരം അത് 9351 കോടിയായി പെരുകി. ഈ വര്‍ഷത്തെ കമ്മിയുടെ ഗതിയും ഇതു തന്നെയായിരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല.
കള്ളക്കണക്കുകള്‍ നിരത്തി ധനമന്ത്രിയും ഉദ്യോഗസ്ഥരും ജനങ്ങളെ വഞ്ചിക്കുകയാണ്. ഖജനാവിന്റെ യഥാര്‍ത്ഥ അവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
കോണ്‍ട്രാക്‌ടര്‍മാരുടെ ആറു മാസത്തെ ബില്ലുകള്‍ കുടിശികയാണ്. ഏതാണ്ട് 1600 കോടി രൂപയാണ് അവര്‍ക്കു കൊടുത്തു തീര്‍ക്കാനുളളത്. കുടിശിക ഇങ്ങനെ പെരുകുന്നതു മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കപ്പെടുന്നില്ല. ക്ഷേമ പെന്‍ഷനുകളും കുടിശ്ശികയിലാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയും അനിയന്ത്രിതമായ വിലക്കയറ്റവും മൂലം നാമമാത്രമായ ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധനവ് പോലും നിഷ്‌ഫലമായിരിക്കുകയാണ്. ക്ഷേമനിധിയില്‍ നിന്നുളള പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കാനും ധനമന്ത്രി തയ്യാറായില്ല.
ഈ ജനദ്രോഹ ബജറ്റിനെതിരെ ശക്തമായ ജനരോഷം ഉയരണം.
തിരുവനന്തപുരം
24.01.2014
* * *