കേന്ദ്രമന്ത്രി ശശി തരൂര്‍ മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ നിഷ്‌പക്ഷവും നീതിപൂര്‍വ്വകവുമായ അന്വേഷണം ഉറപ്പുവരുത്താന്‍ ശശി തരൂര്‍ മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം.
ഡെല്‍ഹിയിലെ ലീലാ ഹോട്ടലില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച ദുരൂഹത ഇപ്പോഴും നിലനില്‍ക്കുകയാണ്. പെട്ടെന്നുണ്ടായ അസ്വാഭാവിക മരണമാണെന്നും, ശരീരത്തില്‍ മുറിവുകളും ക്ഷതവും ഉണ്ടെന്നുമായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോക്‌ടര്‍ അഭിപ്രായപ്പെട്ടത്. സംഭവം അന്വേഷിച്ച സബ്‌ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആത്മഹത്യ, കൊലപാതകം, അപകടമരണം എന്നീ മൂന്ന് സാധ്യതകള്‍ പരിശോധിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് കേന്ദ്രഗവണ്‍മെന്റിനു കീഴിലുള്ള ഡെല്‍ഹി പോലീസിലെ ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം ഏറ്റെടുത്തിട്ടുള്ളത്.
സുനന്ദയുടെ ശരീരത്തില്‍ പതിനഞ്ചോളം മുറിവുകളുണ്ടെന്നും, മരണത്തിനു മുമ്പ് പിടിവലി നടന്നിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നുണ്ട്. കൈപ്പത്തിയില്‍ ആഴത്തിലുള്ള മുറിവുകളുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഐ.എസ്.ഐ ബന്ധമുള്ള പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകയുമായി ശശി തരൂരിന് ബന്ധമുണ്ടെന്ന് സുനന്ദ ആക്ഷേപിച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ മരണം നടന്നു എന്നതും ശശി തരൂരിന്റെ ഐ.പി.എല്‍ ഇടപാടുകളെക്കുറിച്ച് തനിക്ക് പലതും തുറന്നുപറയാനുണ്ടെന്ന് പല മാധ്യമപ്രവര്‍ത്തകരേയും വിളിച്ചറിയിക്കുകയും അഭിമുഖം നല്‍കാമെന്ന് തലേദിവസം വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ആ അഭിമുഖം നടക്കുന്നതിനു മുമ്പാണ് ദുരൂഹസാഹചര്യത്തില്‍ മരണം നടന്നിരിക്കുന്നത് എന്നത് സംശയം ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ശശി തരൂരിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനു പകരം കേന്ദ്ര സഹമന്ത്രിയെ സഹായിക്കുന്ന വിധമാണ് അന്വേഷണം നടക്കുന്നത്. കേന്ദ്രമന്ത്രിസ്ഥാനത്ത് തുടര്‍ന്നുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള ഡെല്‍ഹി പോലീസ് നടത്തുന്ന അന്വേഷണം വെറും പ്രഹസനമായിരിക്കും. മന്ത്രിസ്ഥാനത്തുനിന്നും രാജിവയ്‌ക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ ഇദ്ദേഹത്തെ പുറത്താക്കി നിഷ്‌പക്ഷ അന്വേഷണം പ്രധാനമന്ത്രി ഉറപ്പുവരുത്തണം.
മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കുന്നതിനു പകരം ശശി തരൂരിന് പ്രൊമോഷന്‍ നല്‍കി കോണ്‍ഗ്രസ് ദേശീയ വക്താവാക്കിയ കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി സ്‌ത്രീകള്‍ക്കെതിരായ വെല്ലുവിളിയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെയും കോണ്‍ ഗ്രസ്സിന്റെയും നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
തിരുവനന്തപുരം
25.01.2014
* * *