സാഹിത്യത്തിലും സംഘാടനത്തിലും ഒരുപോലെ മികവ് തെളിയിച്ച സാംസ്‌കാരിക നായകനായിരുന്നു എരുമേലി പരമേശ്വരന്‍പിള്ള.പ്രതിസന്ധികളില്‍ പതറാതെ പ്രത്യയശാസ്‌ത്ര പ്രതിബദ്ധതയോടെ കമ്മ്യൂണിസ്റ്റ്-പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം ഉറച്ചുനിന്നു എന്നത് എരുമേലി പരമേശ്വരന്‍പിള്ളയുടെ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്. ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ മൂല്യങ്ങളെ പുരോഗമന കലാ-സാഹിത്യ പ്രസ്ഥാനങ്ങളുമായി ഇണക്കിച്ചേര്‍ക്കുന്നതില്‍ നല്ല പങ്ക് വഹിച്ചു. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍, പുരോഗമന കലാസാഹിത്യസംഘം എന്നിവ സംഘടിപ്പിക്കുന്നതില്‍ വിശ്രമമില്ലാതെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. നോവല്‍ ഉള്‍പ്പെടെയുള്ള സാഹിത്യശാഖകളില്‍ കൈമുദ്ര പതിപ്പിച്ചുവെങ്കിലും നിരൂപകന്‍, സാഹിത്യ ചരിത്രകാരന്‍ എന്നീ നിലകളില്‍ ഏറെ ശ്രദ്ധേയനായി. മലയാള സാഹിത്യത്തിന്റെ ഇതുവരെയുള്ള സമഗ്രചരിത്രം പുസ്‌തകരൂപത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് സാംസ്‌കാരിക മേഖലയ്‌ക്ക് അദ്ദേഹം നല്‍കിയ വിലപ്പെട്ട സംഭാവനയാണ്. സാഹിത്യ അക്കാദമി സെക്രട്ടറി, പു.ക.സ സെക്രട്ടറി, മികച്ച അധ്യാപകന്‍, ഭാഷാപണ്‌ഡിതന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിച്ചു. സാഹിത്യ-സാംസ്‌കാരിക രംഗത്തിന് എരുമേലിയുടെ വേര്‍പാട് കനത്ത നഷ്‌ടമാണ്. എരുമേലി പരമേശ്വരന്‍പിള്ളയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു.
തിരുവനന്തപുരം
09.02.2014
* * *