മികച്ച സംഘാടകനും വിപ്ലവ ബോധമുള്ള പൊതുപ്രവര്‍ത്തകനുമായിരുന്നു പി.ആര്‍. രാജന്‍ . സി.പി.ഐ (എം) നേതാവും മുന്‍ രാജ്യസഭാംഗവുമായ പി.ആര്‍. രാജന്‍ സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തനത്തിനുശേഷമാണ് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകനാകുന്നത്. തൃശൂര്‍ ജില്ലയില്‍ സി.പി.ഐ (എം) നെ കരുത്തുള്ള രാഷ്‌ട്രീയശക്തിയായി വളര്‍ത്തുന്നതില്‍ നല്ല പങ്ക് വഹിച്ചു. സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന സഖാവ്, സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിലും ജനങ്ങളോടുള്ള കൂറും മാര്‍ക്‌സിസം-ലെനിനിസത്തോടുള്ള പ്രതിബദ്ധതയും മുറുകെപ്പിടിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു വ്യാപൃതനായത്. ജനങ്ങളുടെ ശബ്‌ദം പാര്‍ലമെന്റില്‍ എത്തിക്കുന്നതില്‍ രാജ്യസഭാംഗമെന്ന നിലയില്‍ സഖാവ് വിജയിച്ചിരുന്നു. അടിയന്തരാവസ്ഥയില്‍ ഒമ്പതുമാസത്തോളം ജയില്‍വാസം അനുഷ്‌ഠിച്ചിരുന്ന സഖാവ് സൗമ്യതയും വിനയവും നിറഞ്ഞ പെരുമാറ്റത്തിനുടമയായിരുന്നു. വായനയിലും പഠനത്തിലും പ്രത്യേകം ശ്രദ്ധിച്ചിരുന്ന പി.ആര്‍. രാജന്‍ നല്ല പൊതുവിജ്ഞാനത്തിനുടമയായിരുന്നു. സ്‌മരണീയമായ ഈ കമ്മ്യൂണിസ്റ്റ് വ്യക്തിത്വത്തിന്റെ വേര്‍പാടില്‍ ആഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു.