കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്:വിജ്ഞാപനം പിന്‍വലിച്ചാല്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പിലാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വിജ്ഞാപനം പിന്‍വലിച്ചാല്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പിലാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണ്‌.കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടികളിലൂടെ മലയോര ജനതയ്‌ക്ക്‌ ഉണ്ടായിട്ടുള്ള ആശങ്കകളെല്ലാം പരിഹരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ പറഞ്ഞ്‌ നടന്നത്‌. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അത്തരം നടപടികളില്‍ നിന്ന്‌ പിന്‍വാങ്ങില്ലെന്ന്‌ ഉറപ്പ്‌ വന്നതോടെ തെറ്റായ ന്യായവാദങ്ങള്‍ മുന്നോട്ട്‌ വെച്ച്‌ തടിതപ്പാനാണ്‌ മുഖ്യമന്ത്രി ശ്രമിക്കുന്നത്‌. ഇക്കാര്യത്തില്‍ യഥാസമയം ഇടപെടാതെ ഇപ്പോള്‍ വിചിത്രമായ ന്യായങ്ങള്‍ മുന്നോട്ട്‌ വെക്കുന്നത്‌ നിലനില്‍പിനായി പൊരുതുന്ന മലയോര ജനത തിരിച്ചറിയും.ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കില്ലെന്ന്‌ നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്‌ കസ്‌തൂരിരംഗനെ ചുമതലപ്പെടുത്തിയത്‌ തന്നെ. വസ്‌തുത ഇതായിരിക്കെ നിലവിലുള്ള വിജ്ഞാപനം പിന്‍വലിച്ചാല്‍ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കേണ്ടിവരുമെന്ന മുഖ്യമന്ത്രിയുടെ നിലപാട്‌ അങ്ങേയറ്റം വിചിത്രവുമാണ്‌. ഈ പ്രശ്‌നത്തില്‍ കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പ്രമേയങ്ങള്‍ക്ക്‌ കടകവിരുദ്ധമാണ്‌ മുഖ്യമന്ത്രിയുടെ ഈ നിലപാട്‌. മാത്രമല്ല ഇത്‌ കേരള ജനതയോട്‌ ഉള്ള വെല്ലുവിളിയുമാണ്‌.കേരളത്തിലെ മലയോര ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറില്ലെന്ന വസ്‌തുതയാണ്‌ മുഖ്യമന്ത്രിയുടെ പ്രസ്‌താവനയിലൂടെ വ്യക്തമാകുന്നത്‌. മലയോര ജനതയുടെ ആശങ്ക പരിഹരിക്കുമെന്ന യു.ഡി.എഫ്‌ നേതാക്കളുടെ പ്രസ്‌താവന ആത്മാര്‍ത്ഥത ഇല്ലാത്തതാണെന്ന്‌ കൂടി ഇതിലൂടെ ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്‌.

തിരുവനന്തപുരം
04.04.2014

***