2013 നവംബര്‍ 13ലെ വിജ്ഞാപനം റദ്ദാക്കാതെ മലയോര ജനതയുടെ പ്രശ്‌നം പരിഹരിക്കാനാവില്ല -സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌

2013 നവംബര്‍ 13 ന്‌ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദുചെയ്യണമെന്ന മലയോര കര്‍ഷകരുടെ ആവശ്യം തള്ളിക്കളഞ്ഞ്‌, തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ പുറത്തിറക്കിയ ഓഫീസ്‌ മെമ്മോറാണ്ടം കൊണ്ട്‌ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം കര്‍ഷകരെ വീണ്ടും വഞ്ചിക്കലാണ്‌. സി.പി.ഐ (എം) ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ടികളും, ഹൈറേഞ്ച്‌ സംരക്ഷണസമിതിയും ഉന്നയിച്ച ആവശ്യങ്ങളെ കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞ നടപടി അംഗീകരിക്കാനാവാത്തതാണ്‌.


1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്‌ഷന്‍ 5 അനുസരിച്ചാണ്‌ 2013 നവംബര്‍ 13 ന്റെ ഉത്തരവ്‌ ഇറക്കിയത്‌. ഇത്‌ നിലനില്‍ക്കുമ്പോള്‍ പുതിയ ഓഫീസ്‌ മെമ്മോറാണ്ടങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ല. ആ വിജ്ഞാപനം നിലനില്‍ക്കവെ പുതിയ ഓഫീസ്‌ മെമ്മോറാണ്ടം കൊണ്ടുവന്നതുകൊണ്ട്‌ ഈ വിജ്ഞാപനത്തെ മറികടക്കാന്‍ കഴിയില്ല. അതിനാല്‍, മലയോരമേഖലയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ നിലനില്‍ക്കുക തന്നെയാണ്‌ ചെയ്യുന്നത്‌. മാത്രമല്ല, ഹരിത ട്രൈബ്യൂണലിനു മുമ്പാകെ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌ നിലനില്‍ക്കവെ ഇത്തരം മെമ്മോറാണ്ടങ്ങള്‍ക്കൊന്നും നിയമപരമായ നിലനില്‍പ്പില്ല. വസ്‌തുതകള്‍ ഇതായിരിക്കെ, തെരഞ്ഞെടുപ്പിനു മുമ്പ്‌ കണ്‍കെട്ടുവിദ്യകള്‍ കാണിച്ച്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്നാണ്‌ ഉമ്മന്‍ചാണ്ടി കരുതുന്നത്‌. ഇത്തരം ചെപ്പടിവിദ്യകളെ തിരിച്ചറിയാനുള്ള വിവേകം, ദൈനംദിന ജീവിതത്തിലെ നിരവധി വെല്ലുവിളികളെ അതിജീവിച്ച്‌ മുന്നോട്ടുവന്ന മലയോരത്തെ ജനങ്ങള്‍ക്ക്‌ ഉണ്ടെന്ന കാര്യം ഉമ്മന്‍ചാണ്ടി മറക്കരുത്‌.


ഓഫീസ്‌ മെമ്മോറാണ്ടത്തിന്റെ ഭാഗമായി നിലവിലുള്ള വീടുകള്‍ക്കും കൃഷി സ്ഥലങ്ങള്‍ക്കും തോട്ടങ്ങള്‍ക്കും മറ്റും സംരക്ഷണം ലഭിക്കുമെന്നാണ്‌ മുഖ്യമന്ത്രിയുടെ വാദം. ഇത്‌ ജനങ്ങളെ കമ്പളിപ്പിക്കലാണ്‌. പുതിയ വാസഗൃഹങ്ങളും, നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഈ മേഖലയില്‍ അസാധ്യമായിത്തീരും. ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയവ വികസന പ്രവര്‍ത്തനങ്ങളൊന്നും ഈ മേഖലയില്‍ നടത്താനാവാത്ത സ്ഥിതി വരും. മാത്രമല്ല, മലയോര കര്‍ഷകര്‍ക്ക്‌ പട്ടയം നല്‍കാനും കഴിയാത്ത അവസ്ഥ തന്നെയാണ്‌ ഇത്‌ ഉണ്ടാക്കുക. ഈ മേഖലയിലെ വികസനം മുരടിക്കുകയും ഭൂമിയുടെ വില ഗണ്യമായി കുറയുകയും ചെയ്യും. കുടിയിറക്കാതെയുള്ള കുടിയിറക്കമായിരിക്കും ഫലത്തില്‍ ഈ മേഖലയില്‍ സംഭവിക്കുക.


2013 നവംബര്‍ 13ന്  ഇറക്കിയ ഉത്തരവ്‌ പിന്‍വലിക്കാതെ മലയോര ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന നിലപാടാണ്‌ സി.പി.ഐ (എം) ഉം ഹൈറേഞ്ച്‌ സംരക്ഷണ സമിതിയും ഉള്‍പ്പെടെയുള്ള സംഘടനകളും സ്വീകരിച്ചിട്ടുള്ളത്‌. ഈ മുദ്രാവാക്യം അംഗീകരിക്കാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നതാണ്‌ വസ്‌തുത. അതുകൊണ്ടുതന്നെ മലയോര ജനതയുടെ പ്രശ്‌നങ്ങള്‍ ഓഫീസ്‌ മെമ്മോറാണ്ടത്തോടെ പരിഹരിക്കപ്പെട്ടു എന്ന മുഖ്യമന്ത്രിയുടെ വാദം നിയമപരമായി നിലനില്‍ക്കുന്നതല്ല.

തിരുവനന്തപുരം
05.03.2014

***