കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ആസ്‌പദമാക്കി 2013 നവംബര്‍ 13 ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം നിലനിര്‍ത്തിക്കൊണ്ടുള്ള നിര്‍ദ്ദിഷ്‌ട കരട് വിജ്ഞാപനം മലയോര ജനതയേയും കേരളത്തേയും വഞ്ചിക്കുന്നതാണ്. നവംബര്‍ 13 ന്റെ വിജ്ഞാപനം റദ്ദ് ചെയ്യാതെ കരട് വിജ്ഞാപനം ഇറക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ചെപ്പടിവിദ്യയാണ്. ഇതിനുള്ള അനുമതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. അന്തിമ വിജ്ഞാപനം തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തീകരിച്ചശേഷമേ പാടുള്ളൂ എന്ന കമ്മീഷന്റെ നിര്‍ദ്ദേശം വ്യക്തമാക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വരുന്ന പുതിയ സര്‍ക്കാരിന്റെ തീരുമാനത്തിന് ഈ വിഷയം വിട്ടിരിക്കുന്നു എന്നാണ്. കേരളത്തിലെ 25 ലക്ഷത്തിലധികം വരുന്ന മലയോരജനതയേയും കേരളത്തിന്റെ സമ്പദ്‌ഘടനയേയും ഗുരുതരമായി ബാധിക്കുന്നതാണ് നവംബര്‍ 13 ന്റെ കേന്ദ്ര ഉത്തരവ്. ഇത് കര്‍ശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസ് മാര്‍ച്ച് 24 ന് ഹരിത കോടതിയില്‍ വരികയാണ്. അപ്പോള്‍ കോടതി പരിഗണിക്കുക നിയമസാധുതയില്ലാത്ത കരട് വിജ്ഞാപനമല്ല നിയമബാധ്യതയുള്ള നവംബര്‍ 13 ന്റെ ഉത്തരവായിരിക്കും. ഒരു വലിയ വിഭാഗം ജനങ്ങളുടെ ജീവിതത്തേയും ആവാസ കേന്ദ്രത്തേയും ആപത്തിലാഴ്‌ത്തിയാണ് കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ ഭരണം അധികാരത്തില്‍ നിന്ന് പുറത്താകാന്‍ പോകുന്നത്. കരട് വിജ്ഞാപനത്തിന്റെ ഉള്ളടക്ക സ്വഭാവത്തെപ്പറ്റി പോലും ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. എന്നിട്ടും നിയമസാധുതയില്ലാത്ത കരട് വിജ്ഞാപനത്തിന്റെ മറവില്‍ യു.പി.എ സര്‍ക്കാരിന്റെ ജനവിരുദ്ധതയെ വെള്ള പൂശാന്‍ നടത്തുന്ന രാഷ്‌ട്രീയ ശ്രമങ്ങളെ ജനങ്ങള്‍ തിരിച്ചറിയണം.
തിരുവനന്തപുരം
10.03.2014
***