സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-14.03.2014
കോണ്‍ഗ്രസിതരവും ബിജെപിയിതരവുമായ ഒരു ബദല്‍ രാജ്യത്ത് ഉയര്‍ന്നുവരാനുള്ള സാധ്യത വര്‍ധിച്ചിരിക്കെ അതിന് ശക്തിപകരാന്‍ കേരളത്തില്‍ എല്‍ഡിഎഫ് വിജയം ഉറപ്പാക്കാന്‍ എല്ലാ ജനാധിപത്യ മതനിരപേക്ഷ ഫാസിസ്റ്റ് വിരുദ്ധ കക്ഷികളും ഗ്രൂപ്പുകളും വ്യക്തികളും മുന്നോട്ടുവരണം. സാമ്പത്തികനയം, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ആര്‍എസ്‌എസിന്റെ രാഷ്‌ട്രീയരൂപമായ ബിജെപിയാകട്ടെ തീവ്ര ഹിന്ദുഫാസിസ്റ്റ് നയവും പരിപാടിയും നടപ്പാക്കുന്നതിനുവേണ്ടി നിലകൊള്ളുന്ന രാഷ്‌ട്രീയശക്തിയാണ്. ജനങ്ങളുടെ ജീവിതം കഴിഞ്ഞ അഞ്ചാണ്ടില്‍ ദുസ്സഹമാക്കിയത് നവലിബറല്‍ സാമ്പത്തികനയങ്ങളാണ്. ഈ സാമ്പത്തികപരിഷ്‌കാരങ്ങള്‍ തടസ്സംകൂടാതെ നടപ്പാക്കുന്നതിന്, ഇടതുപക്ഷത്തിന്റെ പങ്കാളിത്തമുള്ള മൂന്നാംചേരി അധികാരത്തില്‍വരുന്നത് തടയുന്നതിന്, രാജ്യത്തെ വന്‍കിട കോര്‍പറേറ്റുകളും സാമ്രാജ്യത്വശക്തികളും അതിയായി ആഗ്രഹിക്കുന്നുണ്ട്. അതിനുവേണ്ടി എല്ലാവിധത്തിലുള്ള ഇടപെടലുകളും പണമൊഴുക്കും നടത്തുന്നുണ്ട്. ഇതെല്ലാം തുറന്നുകാട്ടി എല്‍ഡിഎഫിന് കരുത്തുപകരാന്‍ എല്‍ഡിഎഫുമായി സഹകരിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളും മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ദേശീയതലത്തില്‍ ഇടതുപക്ഷഐക്യത്തെ ശക്തിപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കുന്ന ഫോര്‍വേഡ് ബ്ലോക്ക് എല്‍ഡിഎഫുമായി ചര്‍ച്ച നടത്തുകയും അവര്‍ ചില ആവശ്യങ്ങള്‍ മുന്നോട്ടുവയ്‌ക്കുകയും ചെയ്‌തിട്ടുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിനിടെ ഏതാനും സീറ്റുകളില്‍ സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ആദ്യം അവര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതില്‍നിന്നു മാറി എല്‍ഡിഎഫ് വിജയത്തിനുവേണ്ടി ആത്മാര്‍ത്ഥമായി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഫോര്‍വേഡ് ബ്ലോക്കിന്റെ ഈ തീരുമാനം സ്വാഗതാര്‍ഹമാണ്. ഗൗരിയമ്മ നയിക്കുന്ന ജെഎസ്‌എസ് യുഡിഎഫ് വിടുകയും എല്‍ഡിഎഫ് വിജയത്തിനുവേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്യുകയാണ്. ഇത് യുഡിഎഫിന് കനത്ത പ്രഹരമാണ്. ഗൗരിയമ്മ നയിക്കുന്ന ജെഎസ്‌എസിന്റെ നിലപാട് സംസ്ഥാനത്തെ രാഷ്‌ട്രീയ ധ്രുവീകരണത്തെ ഗുണകരമായി ബലപ്പെടുത്തുമെന്ന് ഞങ്ങള്‍ കരുതുന്നു. ലോക്‌സഭാ സീറ്റുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യുകയും പൊതുവായ തീരുമാനം എടുക്കുകയും ചെയ്‌തിട്ടുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി എല്‍.ഡി.എഫ് ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയാണ്.
എല്‍ഡിഎഫുമായി ദീര്‍ഘകാലമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഐഎന്‍എല്‍. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ജനവിരുദ്ധനയങ്ങള്‍ക്കെതിരെയും ബിജെപിയുടെ വര്‍ഗീയ ഫാസിസത്തിനെതിരെയും എല്‍ഡിഎഫിനൊപ്പം സമരരംഗത്ത് അണിനിരന്നിട്ടുള്ള കക്ഷിയാണ് അത്. എല്‍.ഡി.എഫില്‍ ഘടകകക്ഷിയാക്കണമെന്ന ആവശ്യം ഐ.എന്‍.എല്‍ നേരത്തെതന്നെ ഉന്നയിക്കുന്നതാണ്. ഐ.എന്‍.എല്‍, ഫോര്‍വേഡ് ബ്ലോക്ക്, ജെ.എസ്.എസ് എന്നീ പാര്‍ടികളുടെ എല്‍.ഡി.എഫ് ബന്ധത്തെക്കുറിച്ച് എല്‍.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യുകയുണ്ടായി. ഈ ഘട്ടത്തില്‍ ഈ പാര്‍ടികളെയെല്ലാം സഹകരിപ്പിക്കാമെന്നും മറ്റു കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്നുമാണ് എല്‍.ഡി.എഫ് തീരുമാനിച്ചത്. എല്‍ഡിഎഫിന്റെ കേരളത്തിലെ വിജയം കേന്ദ്രത്തില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിന് ആവശ്യമാണെന്നുകണ്ട് ഏതാനും മണ്ഡലങ്ങളില്‍ സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള തീരുമാനത്തില്‍നിന്നും ഐഎന്‍എല്‍ പിന്തിരിയണം.
തിരുവനന്തപുരം
14.03.2014
***