സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്‌ - 17.10.2012

തിരുവനന്തപുരം
17.10.2012

സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്‌

അഴിമതിയില്‍ മുങ്ങിക്കുളിച്ച കേന്ദ്ര കോണ്‍ഗ്രസ്‌ മുന്നണി സര്‍ക്കാരിന്റെയും, സാമുദായിക-വര്‍ഗീയശക്തികള്‍ക്കും ക്രിമിനല്‍ മാഫിയാ സംഘങ്ങള്‍ക്കും കീഴടങ്ങുന്ന യു.ഡി.എഫ്‌ സര്‍ക്കാരിന്റെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തിമത്തായ സമരപരമ്പരകള്‍ വളര്‍ത്തിയെടുക്കാന്‍ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌തു. യോഗത്തില്‍ കോടിയേരി ബാലകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു.
കേന്ദ്ര ഗവണ്‍മെന്റ്‌ നടപ്പിലാക്കുന്ന ഉദാരവല്‍ക്കരണ നയം കൂടുതല്‍ തീവ്രമായി കേരളത്തില്‍ യു.ഡി.എഫ്‌ നടപ്പിലാക്കുകയാണ്‌. അതിന്റെ ഫലമായി സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ മുഴുവന്‍ തകര്‍ക്കപ്പെടുന്ന നിലയാണ്‌ ഉണ്ടായിരിക്കുന്നത്‌.
കര്‍ഷക ആത്മഹത്യകള്‍ തിരിച്ചുവന്നിരിക്കുന്നു. കാര്‍ഷിക വിളകള്‍ക്ക്‌ താങ്ങുവില നല്‍കുന്ന സമീപനം പോലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നില്ല. നാളികേരത്തിന്റെ വില 3 രൂപയായി പതിറ്റാണ്ടുകള്‍ പിന്നിലേക്ക്‌ എത്തിനില്‍ക്കുകയാണ്‌. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി നഷ്‌ടത്തിലാവുകയാണ്‌. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ആരംഭിച്ച 8 പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പോലും മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പാവങ്ങളില്‍ പാവങ്ങളായവര്‍ പണിയെടുക്കുന്ന പരമ്പരാഗത വ്യവസായ മേഖലകള്‍ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്‌.
കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള വിലക്കയറ്റമാണ്‌ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്‌. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്ന കേരളം ഇപ്പോള്‍ 17-ാം സ്ഥാനത്തേക്ക്‌ എത്തിയിരിക്കുകയാണ്‌. പാല്‍, വൈദ്യുതി, വെള്ളം, മരുന്ന്‌, ബസ്‌ ചാര്‍ജ്ജ്‌ തുടങ്ങിയ ഇനങ്ങളിലെല്ലാം ഉണ്ടായിരിക്കുന്ന വര്‍ദ്ധനവ്‌ കുടുംബ ബഡ്‌ജറ്റുകളെ ആകമാനം താളംതെറ്റിക്കുകയാണ്‌. പാവപ്പെട്ടവരെ മുഴുവനും തന്നെ ദാരിദ്ര്യരേഖയ്‌ക്കു കീഴില്‍ കൊണ്ടുവരുന്നതിന്‌ ഉതകുന്ന തരത്തില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ രൂപപ്പെടുത്തിയ ബി.പി.എല്‍ പട്ടിക യു.ഡി.എഫ്‌ സര്‍ക്കാര്‍ തകിടം മറിച്ചിരിക്കുന്നു. കേരളത്തില്‍ നിന്ന്‌ നിര്‍മ്മാര്‍ജ്ജനം ചെയ്‌തിരുന്ന പവര്‍കട്ടും ലോഡ്‌ഷെഡ്ഡിംഗും തിരിച്ചുവന്നിരിക്കുന്നു.
വിശ്വവിഖ്യാതമായ കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നതിനുള്ള നടപടിയാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. അതിന്റെ ഫലമായി അണ്‍ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ യഥേഷ്‌ടം അനുമതി നല്‍കുന്നതിനാണ്‌ തയ്യാറായിരിക്കുന്നത്‌. എട്ടാം ക്ലാസ്‌ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ആഴ്‌ചയില്‍ രണ്ടു ദിവസം പാല്‍ നല്‍കുന്ന പദ്ധതി അട്ടിമറിച്ചിരിക്കുന്നു. ഉച്ചഭക്ഷണ വിതരണവും താളം തെറ്റിയിരിക്കുന്നു. സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ മാനേജ്‌മെന്റുകള്‍ക്ക്‌ ഇഷ്‌ടം പോലെ പണം വാരിക്കൂട്ടുന്നതിനുള്ള ഒത്താശയാണ്‌ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌. സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ മെരിറ്റും സംവരണവും പാലിച്ച്‌ പ്രവേശനം നടത്താന്‍ ലഭിക്കേണ്ട 20,000-ത്തിലധികം സീറ്റുകള്‍ അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ നഷ്‌ടപ്പെടുത്തുന്ന വഞ്ചനാപരമായ കരാറാണ്‌ യു.ഡി.എഫ്‌ ഒപ്പുവച്ചിരിക്കുന്നത്‌. സാര്‍വത്രിക പ്രശംസ പിടിച്ചുപറ്റിയ ക്രെഡിറ്റ്‌ സെമസ്റ്റര്‍ സമ്പ്രദായം അട്ടിമറിക്കാനും ശ്രമം നടക്കുകയാണ്‌. സര്‍വ്വകലാശാലയുടെ ഭൂമി പോലും കൈവശപ്പെടുത്തിയതിന്റെ പേരില്‍ ലീഗിന്റെ സംസ്ഥാന പ്രസിഡന്റും രണ്ട്‌ മന്ത്രിമാരും വിജിലന്‍സ്‌ അന്വേഷണം നേരിടുകയാണ്‌.
ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലേക്ക്‌ നീങ്ങുകയാണ്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ലഭിച്ചിരുന്ന ചികിത്സാ സംവിധാനങ്ങള്‍ ആകമാനം താറുമാറായിരിക്കുന്നു. യു.ഡി.എഫ്‌ അധികാരത്തിലെത്തിയതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന്‌ ഡോക്‌ടര്‍മാരെയോ ജീവനക്കാരെയോ നിയമിക്കുന്നിന്‌ സര്‍ക്കാര്‍ തയ്യാറായില്ല. മെഡിക്കല്‍ കോര്‍പ്പറേഷനെ നോക്കുകുത്തിയാക്കി മരുന്ന്‌ വിതരണത്തെ തടസ്സപ്പെടുത്തുന്നതിനാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്‌. ആരോഗ്യസംവിധാനം തകര്‍ക്കപ്പെട്ടതിന്റെ ഭാഗമായി പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന നിലയും ഉണ്ടായിരിക്കുകയാണ്‌.
2008 ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു. 2005-നുമുമ്പ്‌ നികത്തിയ നെല്‍പ്പാടങ്ങള്‍ക്കും മറ്റും സാധൂകരണം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്‌ ഭൂമാഫിയയെ സംരക്ഷിക്കാനാണ്‌. ഇതിന്റെ മറവില്‍ ബാക്കിയുള്ള നെല്‍വയലും നികത്താന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുകയാണ്‌. സംസ്ഥാനത്ത്‌ വന്‍ പാരിസ്ഥിതിക പ്രത്യാഘാതത്തിന്‌ ഇടവയ്‌ക്കുന്നതാണ്‌ ഈ തീരുമാനം. അവശേഷിക്കുന്ന നെല്‍വയലുകള്‍ ഒരു തുണ്ടുപോലും നികത്താന്‍ അനുവദിക്കാത്ത രീതിയില്‍ വന്‍ ബഹുജനപ്രക്ഷോഭം ഇക്കാര്യത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്‌.
കേരളത്തിന്റെ വികസനത്തിന്‌ അടിസ്ഥാനമായി വര്‍ത്തിച്ച ഭൂപരിഷ്‌കരണ നിയമത്തെപ്പോലും അട്ടിമറിച്ചിരിക്കുകയാണ്‌. തോട്ടം ഭൂമിയില്‍ 5 ശതമാനം മറ്റാവശ്യങ്ങള്‍ക്ക്‌ വിനിയോഗിക്കാമെന്ന നിലപാടും കശുമാവിന്‍തോട്ടങ്ങളെ ഭൂപരിധിയില്‍നിന്ന്‌ ഒഴിവാക്കാനുള്ള നിയമവും ഇതിന്റെ ഭാഗമാണ്‌. മിച്ചഭൂമി കണ്ടെത്തി പട്ടികജാതി-പട്ടികവര്‍ഗത്തിനും ഭൂരഹിതരായ മറ്റു വിഭാഗങ്ങള്‍ക്കും വിതരണം ചെയ്യുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന്‌ സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്‌. ഒരു തുണ്ട്‌ ഭൂമി പോലുമില്ലാത്ത 32,000-ത്തോളം ആദിവാസി കുടുംബങ്ങളാണ്‌ സംസ്ഥാനത്തുള്ളത്‌. അവര്‍ക്ക്‌ ഭൂമി ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്‌.
കുടുംബശ്രീയെ തകര്‍ക്കുന്നതിനായി യു.ഡി.എഫ്‌ നടത്തിയ നീക്കങ്ങളെ ഒരു പരിധി വരെ ചെറുത്തുതോല്‍പ്പിക്കുന്നതിന്‌ കഴിയുകയുണ്ടായി. എന്നാല്‍, പ്രാദേശിക പദ്ധതി ആസൂത്രണം മുഴുവന്‍ ഇപ്പോള്‍ സ്‌തംഭനാവസ്ഥയിലായിരിക്കുന്നു. ഭവന നിര്‍മ്മാണപദ്ധതികളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ചെലവ്‌ ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ വലിയ ഭാരമാണ്‌ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്‌. നഗരസഭകള്‍ക്ക്‌ പെന്‍ഷന്‍ നല്‍കുന്നതിനായി കൊടുക്കേണ്ട 500 കോടിയിലേറെ രൂപയാണ്‌ സര്‍ക്കാര്‍ നല്‍കാതിരിക്കുന്നത്‌.
കേരളത്തിന്റെ വികസനത്തെക്കുറിച്ച്‌ കൊട്ടിഘോഷിച്ച എമര്‍ജിംഗ്‌ കേരളയ്‌ക്കെതിരെ വലിയ ബഹുജനരോഷം തന്നെ ഉയര്‍ന്നുവരികയുണ്ടായി. ഭൂമാഫിയക്കാര്‍ക്കുവേണ്ടി കേസുകള്‍ തോറ്റുകൊടുക്കുകയും അവര്‍ക്കായി നയങ്ങള്‍ രൂപീകരിക്കുകയും ചെയ്യുന്ന യു.ഡി.എഫിന്റെ മുഖമാണ്‌ നെല്ലിയാമ്പതിയില്‍ കണ്ടത്‌. എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ക്രമസമാധാനപാലനത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഇന്ന്‌ ഏറെ പുറകില്‍ പോയിരിക്കുന്നു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉരുണ്ടുകൂടുന്ന നിലയാണ്‌ ഉണ്ടായിരിക്കുന്നത്‌. പെണ്‍വാണിഭക്കാരും പിടിച്ചുപറിക്കാരും റിയല്‍ എസ്റ്റേറ്റ്‌ മാഫിയയും കേരളം അടക്കിഭരിക്കുകയാണ്‌. സ്‌ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളും വ്യാപകമാവുകയാണ്‌. പോലീസിനെ രാഷ്‌ട്രീയ ആവശ്യത്തിന്‌ ഉപയോഗിക്കുകയും ഇതിന്റെ ഫലമായി പോലീസില്‍ കോണ്‍ഗ്രസ്‌ വല്‍ക്കരണം നടക്കുകയും ചെയ്യുന്നു. വിജിലന്‍സിനെ വ്യാപകമായി രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയാണ്‌. ലോക്കപ്പ്‌ മര്‍ദ്ദനങ്ങളും തിരിച്ചുവന്നിരിക്കുന്നു. രാഷ്‌ട്രീയ പകയോടുകൂടി കേസ്‌ ചുമത്തുകയും അവര്‍ക്ക്‌ ജാമ്യം നിഷേധിക്കുകയും ചെയ്യുന്ന സമീപനമാണ്‌ ഇന്ന്‌.
അടുക്കളയില്‍ തീ പുകയണമെങ്കില്‍ തന്നെ പ്രക്ഷോഭങ്ങള്‍ നടത്തേണ്ടിവരുന്ന സാഹചര്യത്തിലേക്ക്‌ നാട്‌ എത്തിനില്‍ക്കുകയാണ്‌. ഒരു കുടുംബത്തിന്‌ ആറ്‌ പാചകവാതക സിലിണ്ടര്‍ മാത്രമേ വര്‍ഷത്തില്‍ സബ്‌സിഡി ഇനത്തില്‍ അനുവദിക്കൂ എന്ന നയം ഇതിന്റെ ഭാഗമാണ്‌. പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്താനും ഏപ്രില്‍ 1-നുശേഷം സര്‍വ്വീസില്‍ ചേരുന്നവര്‍ക്ക്‌ 60 വയസ്സുവരെ സര്‍വ്വീസില്‍ തുടരാം എന്നും അവര്‍ക്ക്‌ പങ്കാളിത്ത പെന്‍ഷന്‍ ആയിരിക്കും ബാധകമെന്നും തീരുമാനിക്കാന്‍ പോകുന്നു. ഈ നടപടി അഭ്യസ്‌തവിദ്യരുടെ തൊഴിലില്ലായ്‌മ രൂക്ഷമായ കേരളത്തില്‍ കടുത്ത പ്രത്യാഘാതം സൃഷ്‌ടിക്കുന്നതാണ്‌. പെന്‍ഷന്‍ ഫണ്ടിലും ഇന്‍ഷുറന്‍സ്‌ മേഖലയിലും വിദേശ മൂലധനത്തിന്‌ കടന്നുവരാന്‍ സൗകര്യമൊരുക്കുന്ന നടപടിയും ഏറെ ആപല്‍ക്കരമായിട്ടുള്ളതാണ്‌.
കേരളത്തിന്റെ സാമുദായിക സന്തുലനാവസ്ഥ അട്ടിമറിക്കപ്പെട്ടു എന്ന്‌ പ്രധാന ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കു തന്നെ പരസ്യമായി പരാതിപ്പെടേണ്ടിവന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്‌ അഞ്ചാം മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതും അത്‌ നേടിയെടുത്തതും കേരളീയ സമൂഹത്തില്‍ വന്‍ കോളിളക്കം സൃഷ്‌ടിക്കുകയുണ്ടായി. കത്തിമുനയില്‍ മന്ത്രിസ്ഥാനം നേടിയെടുത്തു എന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പരസ്യമായി പ്രതികരിക്കുകയുണ്ടായി. ഇത്തരത്തിലുള്ള ഇടപെടലുകളുടെ പേര്‌ പറഞ്ഞ്‌ യു.ഡി.എഫിനെ പിന്താങ്ങിയ സാമുദായിക ശക്തികളും തങ്ങളുടെ സ്ഥാപിത താല്‍പ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി രംഗത്തിറങ്ങുന്ന സ്ഥിതിയുണ്ടായി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്‌ എല്ലാ മുസ്ലീം സംഘടനകളെയും ഒപ്പം നിര്‍ത്തി മുസ്ലീം ഏകീകരണത്തിനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. എന്നാല്‍, കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലീം ബഹുജനങ്ങള്‍ ലീഗിനൊപ്പമല്ല അണിചേര്‍ന്നിരിക്കുന്നത്‌. മുസ്ലീം ബഹുജനങ്ങളില്‍ ലീഗിന്‌ താരതമ്യേന സ്വാധീനമുള്ളത്‌ മലബാര്‍ മേഖലയിലാണ്‌. മറ്റു പ്രദേശങ്ങളില്‍ സ്വാധീനം വ്യാപിപ്പിക്കാന്‍ ലീഗ്‌ ശ്രമിക്കുന്നുണ്ട്‌.
ഇതിനോടുള്ള പ്രതികരണം എന്ന പേരില്‍ എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും യോജിച്ച്‌ പ്രവര്‍ത്തിക്കുന്നതിനുള്ള തീരുമാനവും പ്രഖ്യാപിക്കുകയുണ്ടായി. വളരെ വേഗത്തില്‍ ഹൈന്ദവ വിഭാഗത്തിലെ മറ്റു ചില ജാതി സംഘടനകള്‍ ഇതിനോടൊപ്പം യോജിക്കാന്‍ സന്നദ്ധമായി. ഇതോടൊപ്പം ആര്‍.എസ്‌.എസ്‌ സജീവമായി നീങ്ങുന്നതും ഹൈന്ദവ ഏകീകരണത്തിനായി താല്‍പ്പര്യമെടുക്കുന്നതും കാണാനാകും. ഇതിനു പിന്നിലുള്ളത്‌ ആര്‍.എസ്‌.എസിന്റെ അജണ്ടയാണ്‌. കേരളീയ ജനത തള്ളിക്കളഞ്ഞ ഈ രാഷ്‌ട്രീയത്തെ വീണ്ടും പുനഃസ്ഥാപിക്കാനാകുമോ എന്നാണ്‌ ഇപ്പോള്‍ ശ്രമിക്കുന്നത്‌.
ജാതി-മത വികാരം വന്‍തോതില്‍ വളര്‍ത്തിയെടുക്കാനുള്ള ബോധപൂര്‍വ്വമായ നീക്കങ്ങളാണുണ്ടാകുന്നത്‌. അരാഷ്‌ട്രീയ സമൂഹം വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഇത്തരം നീക്കങ്ങളെ ചില ശക്തികള്‍ പ്രോത്സാഹിപ്പിക്കുന്നത്‌. സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ ഇടതുപക്ഷചിന്തയെ പിഴുതെറിയാനാകുമോ എന്നും പകരം അരാഷ്‌ട്രീയത സ്ഥാപിക്കാനാകുമോ എന്നും നോക്കുകയാണ്‌ പ്രതിലോമശക്തികള്‍. നേരത്തെ ഇല്ലാതായ പല അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാന്‍ ജാതി-മത ശക്തികള്‍ ഇപ്പോള്‍ ശ്രമിക്കുകയാണ്‌. ഈ നീക്കങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്‌.
ജാതി സംഘടനകള്‍ രാഷ്‌ട്രീയ പാര്‍ടി രൂപീകരിക്കാന്‍ കേരളത്തില്‍ നേരത്തെ ശ്രമിച്ചതിന്റെ ഭാഗമായാണ്‌ എസ്‌.ആര്‍.പി.യും എന്‍.ഡി.പിയും പ്രവര്‍ത്തിച്ചിരുന്നത്‌. പ്രധാന ജാതി സംഘടനകളായ എസ്‌.എന്‍.ഡി.പിയും എന്‍.എസ്‌.എസും ആയിരുന്നു മേല്‍പറഞ്ഞ രണ്ട്‌ രാഷ്‌ട്രീയ പാര്‍ടികളെയും സംഘടിപ്പിച്ചത്‌. പരസ്‌പരം പഴിപറഞ്ഞ്‌ സംവരണകാര്യത്തില്‍ തര്‍ക്കിച്ചിരുന്നവര്‍ കോണ്‍ഗ്രസ്‌, മുസ്ലീം ലീഗ്‌ എന്നിവയുമായി ചേര്‍ന്ന്‌ ഭരണത്തില്‍ പങ്കാളിയായെങ്കിലും രണ്ടിനും കേരളത്തില്‍ വേരോടാനായില്ല. ഹിന്ദുത്വവികാരം ഉയര്‍ത്തി ഹൈന്ദവ ജനതയില്‍ നല്ലൊരു ഭാഗത്തെ ആകര്‍ഷിക്കാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമം കേരളത്തില്‍ വിജയിച്ചിട്ടില്ല. ഹിന്ദു ഏകീകരണത്തിലൂടെ ആര്‍.എസ്‌.എസും പുതിയ ശ്രമം നടത്തുകയാണ്‌. ഇടതുപക്ഷത്തിന്റെ അടിവേര്‌ തോണ്ടാനാകുമോ എന്നാണ്‌ ഇവരെല്ലാവരും കൂടി ഒത്ത്‌ പരിശ്രമിക്കുന്നത്‌. ജാതി-മതശക്തികളുടേയും വര്‍ഗീയസംഘടനകളുടെയും നീക്കത്തെ പ്രതിരോധിക്കുന്നതോടൊപ്പം അവ ഉയര്‍ത്തുന്ന തെറ്റായ ആശയങ്ങളെ തുറന്നുകാട്ടുന്ന പ്രചരണം ശക്തമായും സമഗ്രമായും സംഘടിപ്പിക്കുകയും വേണം. പാര്‍ടിക്കൊപ്പം അണിചേര്‍ന്ന പട്ടികജാതി വിഭാഗങ്ങളെ പാര്‍ടിയില്‍നിന്ന്‌ അകറ്റുന്നതിനായി ഡി.എച്ച്‌.ആര്‍.എം പോലുള്ള ചില സംഘടനകള്‍ കടുത്ത മാര്‍ക്‌സിസ്റ്റ്‌ വിരുദ്ധ പ്രചാരവേലയുമായി രംഗത്ത്‌ വന്നിരിക്കുകയാണ്‌.
മതന്യൂനപക്ഷങ്ങളെ പാര്‍ടിയില്‍ നിന്നും അകറ്റാനുള്ള തീവ്രമായ ശ്രമം കേരളത്തില്‍ ഉണ്ടെന്നത്‌ ഗൗരവമായി കാണണം. പാര്‍ടിക്കെതിരെ മതന്യൂനപക്ഷവിഭാഗങ്ങളില്‍ നിരന്തരം വന്‍ കള്ളപ്രചാരവേലകളാണ്‌ അഴിച്ചുവിടുന്നത്‌. സി.പി.ഐ (എം)ന്‌ യാതൊരു ബന്ധവുമില്ലാത്ത, തലശ്ശേരിയിലെ എന്‍.ഡി.എഫ്‌ പ്രവര്‍ത്തകനായിരുന്ന ഫസലിന്റെ വധം സി.പി.ഐ (എം) നടത്തിയതാണെന്ന പ്രചാരവേല ലീഗ്‌ നേതൃത്വത്തില്‍ നടക്കുന്നു. പാര്‍ടിയുടെ മുസ്ലീം വിരോധമാണ്‌ ഫസലിനെ കൊലചെയ്യുന്നതിനിടയാക്കിയത്‌ എന്നാണ്‌ ലീഗ്‌ നടത്തുന്ന പ്രചരണം. സി.ബി.ഐ വസ്‌തുതകളുടെയും തെളിവുകളുടെയും പിന്‍ബലമില്ലാതെ പാര്‍ടിയെ പ്രതിക്കൂട്ടിലാക്കാന്‍ ഉയര്‍ത്തിയ ഒരു വിതണ്ഡവാദം പാര്‍ടിക്കെതിരെ വ്യാപകമായി ലീഗ്‌ നേതൃത്വത്തില്‍ ഉപയോഗിക്കുന്നു. തലശ്ശേരിയില്‍ വര്‍ഗീയ കലാപം നടത്താന്‍ സി.പി.ഐ (എം) ഫസല്‍ വധത്തെ തുടര്‍ന്ന്‌ ഒരുക്കങ്ങള്‍ ചെയ്‌തു എന്നതാണ്‌ ഈ കള്ള പ്രചാരണം. അതോടൊപ്പം തളിപ്പറമ്പിനടത്ത്‌ ഷുക്കൂര്‍ എന്ന ലീഗ്‌ പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതിനെക്കുറിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തില്‍ പടച്ചുവിട്ട പ്രചരണവും പാര്‍ടിക്കെതിരെ ഉപയോഗിക്കുന്നു. ആരാധനാലയങ്ങളെപ്പോലും പാര്‍ടിക്കെതിരായി ഉപയോഗിക്കാനുള്ള പരിശ്രമങ്ങളും ചിലര്‍ നടത്തുന്നുണ്ട്‌.
വര്‍ഗീയ ശക്തികള്‍ കേരളത്തില്‍ അഴിഞ്ഞാടുകയാണ്‌. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയശക്തികള്‍ വിവിധ പ്രദേശങ്ങളില്‍ അടുത്ത നാളുകളിലായി ആക്രമണങ്ങള്‍ നടത്തുകയുണ്ടായി. ചെങ്ങന്നൂരിലും കണ്ണൂരിലും ഓരോ എ.ബി.വി.പി പ്രവര്‍ത്തകരെ ക്യാമ്പസ്‌ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തുകയുണ്ടായി. ചെങ്ങന്നൂരിനടുത്ത്‌ ആര്‍.എസ്‌.എസിന്റെ പ്രത്യാക്രമണം ക്യാമ്പസ്‌ ഫ്രണ്ടിനോ എസ്‌.ഡി.പി.ഐക്കോ എതിരായല്ല നടന്നത്‌. നിരപരാധികളായ രണ്ട്‌ മുസ്ലീം ചെറുപ്പക്കാരെ ആക്രമിച്ചു. ആക്രമിക്കാന്‍ ലക്ഷ്യമിട്ടത്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ. കൂടെ ആക്രമിക്കപ്പെട്ടത്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍. രണ്ടുപേരും സംസാരിച്ചു നില്‍ക്കുമ്പോഴാണ്‌ ആര്‍.എസ്‌.എസ്‌ അക്രമിസംഘം വന്ന്‌ ആക്രമിച്ചത്‌. രണ്ട്‌ വര്‍ഗീയ സംഘടനകളും സംസ്ഥാനവ്യാപകമായി തയ്യാറെടുപ്പ്‌ നടത്തുകയാണ്‌. രണ്ടിനും സര്‍ക്കാരിന്റെ പരിരക്ഷ ലഭിക്കുന്നുണ്ട്‌.
ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി ഉയര്‍ന്നുവന്നിട്ടുള്ള വമ്പിച്ച ജനവികാരത്തെ മറികടക്കുന്നതിന്‌ മറ്റു വഴികളൊന്നും കാണാതെയാണ്‌ ജാതി-മത ശക്തികളെ പ്രോത്സാഹിപ്പിക്കുക എന്ന നയം യു.ഡി.എഫ്‌ സ്വീകരിച്ചിരിക്കുന്നത്‌. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ജനങ്ങളുടെ ഐക്യനിര ഉയര്‍ന്നുവരുമ്പോള്‍ എല്ലാ ഘട്ടങ്ങളിലും ഭരണവര്‍ഗം സ്വീകരിക്കുന്ന ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗം കൂടിയാണ്‌ ഇത്തരം നീക്കങ്ങള്‍ എന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌. കേരളത്തിന്റെ മഹത്തായ മതനിരപേക്ഷാ പാരമ്പര്യത്തെയും നവോത്ഥാന മൂല്യങ്ങളെയും ഇല്ലാതാക്കുന്നതിനുള്ള ഇത്തരം പരിശ്രമങ്ങള്‍ക്കെതിരായി നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍പേരും അണിചേരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
യു.ഡി.എഫ്‌ അധികാരത്തില്‍ വന്നതിനുശേഷം കേരളത്തില്‍ 14 സി.പി.ഐ (എം) പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെടുകയുണ്ടായി. ആര്‍.എസ്‌.എസ്‌, എന്‍.ഡി.എഫ്‌, കോണ്‍ഗ്രസ്‌ എന്നിവയുടെ ആക്രമണത്തിലാണ്‌ പാര്‍ടി സഖാക്കള്‍ കൊല ചെയ്യപ്പെട്ടത്‌. കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ദുര്‍ബ്ബലപ്പെടുത്താന്‍ നടത്തുന്ന പ്രചരണങ്ങള്‍ പുതിയ തലമുറയില്‍ ഏശുന്നില്ല എന്നതിന്റെ തെളിവാണ്‌ കോളേജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്‌.എഫ്‌.ഐക്ക്‌ ഉണ്ടായ വിജയം.
സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന ജനവികാരം യു.ഡി.എഫിനകത്തും പ്രതികരണങ്ങളുയര്‍ത്തുന്നുണ്ട്‌. ഭരണത്തിന്‌ നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനകത്ത്‌ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്‌. ചാരക്കേസ്‌ കോണ്‍ഗ്രസ്സിലെ ചേരിതിരിവും ഭിന്നിപ്പും ശക്തിപ്പെടുത്തുന്നതിനിടയാക്കിയിട്ടുണ്ട്‌. ഉമ്മന്‍ചാണ്ടിയുടെ ഒറ്റയാന്‍ പോക്കിനെതിരെയുള്ള വികാരം ചില ഘടകകക്ഷികളില്‍ ശക്തമായി ഉയരുന്നുണ്ട്‌. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന്റെ താല്‍പര്യങ്ങളാണ്‌ നടപ്പാവുന്നത്‌ എന്ന വിമര്‍ശനം യു.ഡി.എഫിനകത്തുതന്നെ ഉണ്ട്‌.
കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ ഇല്ലാതാക്കാനും നാം നേടിയ എല്ലാ നേട്ടങ്ങളെയും തകര്‍ക്കുന്നതിനും ഇടയാക്കുന്ന യു.ഡി.എഫ്‌ സര്‍ക്കാരിന്റെ നയം തിരുത്തുന്നതിനായി വമ്പിച്ച ബഹുജനപ്രക്ഷോഭം പാര്‍ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെമ്പാടും ആരംഭിക്കാന്‍ പോവുകയാണ്‌. പിറന്ന മണ്ണില്‍ ജീവിക്കാന്‍ വേണ്ടി നടത്തുന്ന ഇത്തരം പോരാട്ടങ്ങള്‍ക്ക്‌ എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും പിന്തുണ ഉണ്ടാകണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
* * *