പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പ് - സിപിഐ(എം) പ്രകടന പത്രിക

പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിലേക്ക്‌ ഇന്ത്യയിലെ ജനങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. പാര്‍ലമെന്ററി ജനാധിപത്യം വിവിധ വശങ്ങളില്‍നിന്ന്‌ കടന്നാക്രമണത്തെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തിലാണ്‌ ഈ തെരഞ്ഞെടുപ്പ്‌ നടക്കാന്‍ പോകുന്നത്‌. രാഷ്‌ട്രീയത്തിലെ വമ്പിച്ച ധനശക്തി മൂലം ജനാധിപത്യം അധികമധികം തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഗവണ്‍മെന്റിന്റെ ഏറ്റവും ഉന്നതതലങ്ങളിലും പൊതുജീവിതത്തിലും ഉള്ള ബീഭത്സമായ അഴിമതി ജനാധിപത്യവ്യവസ്ഥയുടെ മര്‍മ്മസ്ഥാനങ്ങളെത്തന്നെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. ഒരു പതിറ്റാണ്ടുകാലമായി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ്‌ പിന്തുടര്‍ന്നുവരുന്ന നവലിബറല്‍ നയങ്ങള്‍ പാര്‍ലമെന്റിനെ കളങ്കപ്പെടുത്തിയിരിക്കുന്നു. വന്‍കിട ബിസിനസ്സുകാരും വിദേശ ഫിനാന്‍സ്‌ സ്ഥാപനങ്ങളും അവയ്‌ക്ക്‌ വശംവദരായ ഭരണ രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥപ്രമുഖരും അടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ടാണ്‌ നയങ്ങള്‍ സംബന്ധിച്ച തീരുമാനമെടുക്കുന്നത്‌. ബി.ജെ.പി-ആര്‍.എസ്‌.എസ്‌ കൂട്ടുകെട്ടിന്റെ നേതൃത്വത്തിലുള്ള വര്‍ഗീയശക്തികള്‍ അധികാരം കയ്യടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. നമ്മുടെ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങള്‍ക്കു നേരെ അത്‌ ഭീഷണിയുയര്‍ത്തുകയാണ്‌.
ജനാധിപത്യവ്യവസ്ഥയിലുള്ള തങ്ങളുടെ ദൃഢമായ വിശ്വാസവും പങ്കാളിത്തവും കൊണ്ട്‌ പാര്‍ലമെന്ററി വ്യവസ്ഥയെ എല്ലായ്‌പ്പോഴും ഊര്‍ജ്ജസ്വലമാക്കി നിര്‍ത്തിക്കൊണ്ടിരിക്കുന്ന ജനങ്ങള്‍ പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണിത്‌. തങ്ങളുടെ അവകാശങ്ങള്‍ അവര്‍ സ്ഥാപിച്ചെടുക്കേണ്ടിയിരിക്കുന്നു. അഴിമതിഭരണം അവസാനിപ്പിക്കുന്നതിനും ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുംവേണ്ടി നയങ്ങളില്‍ മാറ്റം വരുത്തുന്നതിനായി അവര്‍ പോരാടേണ്ടിയിരിക്കുന്നു.

സിപിഐ(എം) പ്രകടന പത്രിക പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കാം