സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-24.03.2014
സാമ്പത്തിക വര്‍ഷത്തിന്റെ അന്ത്യത്തില്‍ സംസ്ഥാന ട്രഷറി ഫലത്തില്‍ അടച്ചുപൂട്ടുന്നത് ജനദ്രോഹവും വികസന വിരുദ്ധവുമാണ്.ഇത്ര കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനത്തെ എത്തിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും കാരണമാണ്. വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതിച്ചെലവായി പകുതിയോളമേ ചെലവഴിച്ചിട്ടുള്ളൂ. ബാക്കി തുക ഉപയോഗിച്ച് വികസന-ക്ഷേമ പരിപാടികള്‍ നടത്തി മാര്‍ച്ച് 31-നകം ബില്ലുകള്‍ പാസ്സാക്കുന്നതിനാണ് പ്രാദേശിക സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. എന്നാല്‍ ട്രഷറി കാലിയാക്കിയ സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക വികസനത്തിന് നിരോധനം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. മാര്‍ച്ച് 26 മുതല്‍ ബില്ലുകളൊന്നും മാറ്റേണ്ട എന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഏതെങ്കിലും ബില്ലുകള്‍ മാറണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് വേണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതിന്റെ അര്‍ത്ഥം സംസ്ഥാനത്ത് യു.ഡി.എഫ് ഭരണം സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പാക്കിയിരിക്കുന്നു എന്നാണ്. ഗുരുതരമായ ഈ സ്ഥിതിവിശേഷം എന്തുകൊണ്ടുണ്ടായി എന്ന് അറിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമുണ്ട്. നികുതി പിരിച്ചെടുക്കുന്നതില്‍ കാട്ടിയ അനാസ്ഥ, കേന്ദ്രത്തില്‍നിന്ന് ന്യായമായ വിഹിതം വാങ്ങുന്നതില്‍ കാട്ടിയ ഉപേക്ഷ, അധിക വിഭവ സമാഹരണത്തില്‍ കാട്ടിയ ശുഷ്‌കാന്തിയില്ലായ്‌മ, ഭരണ ധൂര്‍ത്ത്, അഴിമതി എന്നിവയൊക്കെ പ്രതിസന്ധിയിലേക്ക് നയിച്ച ഘടകങ്ങളാണ്. എല്‍.ഡി.എഫില്‍നിന്നും യു.ഡി.എഫ് സര്‍ക്കാര്‍ ഭരണമേറ്റെടുത്തത് സമ്പന്നമായ ട്രഷറിയോടെയായിരുന്നു. എന്നിട്ട് എല്‍.ഡി.എഫ് അധികാരത്തില്‍ ഇരുന്നപ്പോള്‍ ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടിയോളമായി റവന്യൂ കമ്മി വര്‍ദ്ധിച്ചു. 2008-09ല്‍ 3711.67 കോടി രൂപയായിരുന്നത് 2012-13ല്‍ 9351 കോടിയായിരിക്കുന്നു. മൂന്നുവര്‍ഷം കൊണ്ട് വര്‍ദ്ധിച്ചത് മൂന്നിരട്ടി. ധനകമ്മി ഇതേ ഘട്ടത്തില്‍ 6346 കോടിയില്‍നിന്ന് 15,002 കോടിയിലേക്ക് ഉയര്‍ന്നു. ഇത്തരമൊരു സ്ഥിതി സൃഷ്‌ടിച്ച യു.ഡി.എഫ് ഭരണത്തിന്റെ കൊള്ളരുതായ്‌മ കൊണ്ടാണ് ട്രഷറി പൂട്ടുന്നതിനു തുല്യമായ അവസ്ഥ സംജാതമായിരിക്കുന്നത്. റവന്യൂ വരുമാനത്തിലെ കേന്ദ്ര വിഹിതം 2007-08ല്‍ 29.55 ശതമാനമായിരുന്നത് 22.34 ശതമാനമായി ചുരുങ്ങി. ഗ്രാന്റ്-ഇന്‍-എയ്‌ഡും ഇടിഞ്ഞു. കേന്ദ്രത്തില്‍നിന്നും അര്‍ഹതപ്പെട്ടത് നേടിയെടുക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നു. സംസ്ഥാനം കടുത്ത വേനലിലേക്ക് കടക്കുമ്പോള്‍ കുടിവെള്ളം എത്തിക്കുന്നതിന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ട്രഷറി നിയന്ത്രണം മൂലം തടസ്സപ്പെടും. വേനല്‍ക്കെടുതിക്ക് പരിഹാരമുണ്ടാക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ അടക്കം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈമാറുന്നതിനെ വിലക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ട്രഷറി പൂട്ടലിനു തുല്യമായ അവസ്ഥ സൃഷ്‌ടിച്ച സംസ്ഥാന സര്‍ക്കാരിന്റെ കൊള്ളരുതായ്‌മയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പിണറായി വിജയന്‍ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
തിരുവനന്തപുരം
24.03.2014
* * *