സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-25.03.2014

പശ്ചിമഘട്ട സംരക്ഷണ കാര്യത്തില്‍ നവംബര്‍ 13 ന്റെ വിജ്ഞാപനമാണ്‌ ആത്യന്തികമായി നിലനില്‍ക്കുക എന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തന്നെ ഹരിതകോടതി മുമ്പാകെ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള ജനതയെ തുടര്‍ച്ചയായി കബളിപ്പിച്ചതിനു പരസ്യമായി മാപ്പ്‌ ചോദിക്കുകയാണ്‌ വേണ്ടത്‌.എന്നാല്‍, ഇതു ചെയ്യുന്നതിനു പകരം മുഖ്യമന്ത്രി ജനങ്ങളെ വീണ്ടും കബളിപ്പിക്കാന്‍ കഴിയുമോ എന്ന്‌ പരീക്ഷിക്കുകയാണ്‌. വിജ്ഞാപനം കേരളത്തിന്‌ ബാധകമല്ല എന്ന്‌ ഇതിനൊക്കെ ശേഷവും മുഖ്യമന്ത്രി പറയുന്നത്‌ കബളിപ്പിക്കലിന്റെ വഴിയില്‍നിന്ന്‌ താന്‍ മാറില്ല എന്ന്‌ പ്രഖ്യാപിക്കുന്നതിന്‌ തുല്യമാണ്‌. തെരഞ്ഞെടുപ്പില്‍ അസത്യം പറഞ്ഞ്‌ വോട്ട്‌ നേടാന്‍ നോക്കുകയല്ല, മറിച്ച്‌ സത്യം ജനങ്ങളോട്‌ തുറന്നുപറഞ്ഞ്‌ കേരളത്തെ ഒറ്റക്കെട്ടാക്കി നിര്‍ത്തി പ്രശ്‌നപരിഹാരമുണ്ടാക്കാനും പൊതുതാല്‍പര്യം സംരക്ഷിക്കാനും ശ്രമിക്കുകയാണ്‌ മുഖ്യമന്ത്രി ചെയ്യേണ്ടത്‌. കസ്‌തൂരിരംഗന്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പറഞ്ഞതൊക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള അസത്യങ്ങളായിരുന്നു എന്നത്‌ തുടര്‍ച്ചയായി തെളിയുന്നതാണ്‌ കേരളം കണ്ടത്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനദിവസം അര്‍ദ്ധരാത്രി പത്രസമ്മേളനം നടത്തി ഓഫീസ്‌ മെമ്മോറാണ്ടം സ്റ്റാറ്റിയൂട്ടറി നിയമത്തിനു മേലയാണെന്നു പറയാന്‍പോലും നിര്‍ജലം ഈ മുഖ്യമന്ത്രി മുതിര്‍ന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം പരിസ്ഥിതിവകുപ്പ്‌ സെക്രട്ടറി തന്നെ മുഖ്യമന്ത്രിയെ തിരുത്തി. ആരെ കബളിപ്പിക്കാനാണ്‌ മുഖ്യമന്ത്രി ഇങ്ങനെ ചെയ്യുന്നത്‌? ഇപ്പോള്‍ നവംബര്‍ 13ന്റെ വിജ്ഞാപനം കേരളത്തിന്‌ ബാധകമല്ല എന്നു തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണ്‌. കേരളത്തിന്റെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഈ ജനവഞ്ചന മുഖ്യമന്ത്രി അവസാനിപ്പിക്കണം. അല്ലെങ്കില്‍ കേരളം കനത്ത വില നല്‍കേണ്ടിവരും. നവംബര്‍ 13 ന്റെ വിജ്ഞാപനം കോടതിക്കു മുമ്പില്‍ മാര്‍ഗനിര്‍ദേശ രേഖയായി നിലനില്‍ക്കുന്നു. അതാണ്‌ അടിസ്ഥാനം എന്ന്‌ പറഞ്ഞ്‌ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കൊടുത്ത സത്യവാങ്‌മൂലവും നിലനില്‍ക്കുന്നു. ആ വിജ്ഞാപന പ്രകാരം ഗുജറാത്തിലെ തപ്‌തി മുതല്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി വരെയായി ആറു സംസ്ഥാനങ്ങളിലെ 4156 വില്ലേജുകള്‍ പരിസ്ഥിതിലോലമാണ്‌. ഇതില്‍ കേരളത്തിന്റെ 123 വില്ലേജുകള്‍ ഉള്‍ക്കൊള്ളുന്നു. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ 5-4, 4-5 വകുപ്പുകള്‍ പ്രകാരം നിയമസാധുതയുള്ള ഈ വിജ്ഞാപനം സംസ്ഥാനത്തോട്‌ ആലോചിക്കുകപോലും ചെയ്യാതെ നടപ്പാക്കാന്‍ കേന്ദ്രത്തിന്‌ അധികാരം നല്‍കുന്നു.
ഈ വിജ്ഞാപനം ആരെങ്കിലും റദ്ദാക്കിയിട്ടുണ്ടോ? ഇല്ല എന്നിരിക്കെ ഇതു പ്രസക്തമല്ല എന്ന വാദത്തിന്‌ എന്ത്‌ അടിസ്ഥാനമാണുള്ളത്‌ എന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ വിജ്ഞാപനമാണ്‌ വിലപ്പോവുക എന്നാണ്‌ വനം പരിസ്ഥിതി മന്ത്രാലയം തിങ്കളാഴ്‌ചയും കോടതിയെ അറിയിച്ചത്‌. കേന്ദ്രം ഇതാദ്യമല്ല ഈ നിലപാടെടുക്കുന്നത്‌. കേസിന്റെ ഫെബ്രുവരി 13 ലെ അവധിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇതുതന്നെ പറഞ്ഞു. ജനുവരി 16 ന്റെ അവധിയില്‍ വനം-പരിസ്ഥിതി വകുപ്പ്‌ വക്കീല്‍ നീലം റാത്തോഡും കോടതിയില്‍ ഇതുതന്നെ ബോധിപ്പിച്ചു. അപ്പോഴൊക്കെ മുഖ്യമന്ത്രി ഒരു പ്രശ്‌നവും ഇല്ല എന്ന്‌ ആവര്‍ത്തിച്ചു. ഇപ്പോള്‍ എന്തായി? നവംബര്‍ 13 ന്റെ വിജ്ഞാപനം നിലനില്‍ക്കുന്നു എന്നതുകൊണ്ടാണ്‌ പിന്നീടിറങ്ങിയ കടലാസുകളുടെ നിയമസാധുത പരിശോധനയ്‌ക്ക്‌ വിധേയമാണ്‌ എന്ന്‌ കോടതി തിങ്കളാഴ്‌ച പറഞ്ഞത്‌. കോടതിയിലിരിക്കുന്ന വിഷയത്തില്‍ ഇടയ്‌ക്കിടെ ഓരോ കടലാസ്‌ കോടതിയോട്‌ ആലോചിക്കുക പോലും ചെയ്യാതെ ഇറക്കാന്‍ ആര്‌ അധികാരം നല്‍കി എന്ന കാര്യവും കോടതി ചോദിച്ചു. ഒരു സംസ്ഥാനത്തിന്‌ മാത്രമായി എന്ത്‌ ഭേദഗതി എന്നും കോടതി ആരായുകയുണ്ടായി. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ അപകടകരമായ നിലയിലേക്ക്‌ കാര്യങ്ങള്‍ പോകുന്നു എന്ന യാഥാര്‍ത്ഥ്യമാണ്‌. ഈ യാഥാര്‍ത്ഥ്യത്തെ അസത്യങ്ങള്‍ കൊണ്ട്‌ മറച്ചുവെക്കാനാണ്‌ മുഖ്യമന്ത്രി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. ഒക്‌ടോബര്‍ 19-നും നവംബര്‍ 16-നും ഡിസംബര്‍ 20-നും മാര്‍ച്ച്‌ 4-നും മാര്‍ച്ച്‌ 10-നുമൊക്കെ ഓരോ കടലാസുകള്‍ കേന്ദ്രം ഇറക്കിയിട്ടുണ്ട്‌. ഇവയാവട്ടെ പലതും പരസ്‌രവിരുദ്ധവുമാണ്‌. എന്നാല്‍, നവംബര്‍ 13 ന്റെ വിജ്ഞാപനത്തിനു മാത്രമേ സാധുതയുള്ളൂ എന്ന്‌ കോടതിയില്‍ തന്നെ കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തില്‍ പിന്നീടിറങ്ങക്കിയ കാര്യങ്ങള്‍ക്ക്‌ കടലാസു വില പോലുമില്ല. തെരഞ്ഞെടുപ്പ്‌ വന്നപ്പോള്‍ ജനങ്ങളെ കബളിപ്പിക്കാനിറക്കിയ കടലാസുകള്‍ മാത്രമാണ്‌ ഇവ. ഇതു ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്‌. ഇതുകൊണ്ടൊന്നും മലയോരജനതയെ കബളിപ്പിക്കാനാവില്ലെന്ന കാര്യം മുഖ്യമന്ത്രി ഓര്‍ക്കുന്നത്‌ നന്ന്‌.

തിരുവനന്തപുരം
25.03.2014
* * *