സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന -17.04.2014
സമീപദിവസങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കൊലപാതകങ്ങളും അക്രമങ്ങളും സംസ്ഥാനത്താകെ ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്‌ടിച്ചിട്ടുള്ളത്. കൊല്ലം ഏഴുകോണിലെ ഡി.വൈ.എഫ് നേതാവ് ശ്രീരാജിനെ വിഷു ദിനത്തില്‍ അച്ഛന്റെ മുന്നിലിട്ടാണ് ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം തല്ലിക്കൊന്നത്. മരപ്പണിക്കാരനായ ശ്രീരാജ് അച്ഛനുമൊത്ത് ഒരു വീട്ടില്‍ ജോലി ചെയ്യുമ്പോഴാണ് അക്രമത്തിനിരയായത്. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും പ്രമുഖ പ്ലാന്ററുമായ ജോസഫ് ജെ. ഞാവള്ളി എന്ന ഔസേപ്പച്ചനെ വീട്ടുമുറ്റത്ത് ഭാര്യയുടെയും മക്കളുടെയും കണ്‍മുന്നില്‍വച്ച് കുത്തി കൊലപ്പെടുത്തിയിരിക്കുകയാണ്. ജോസഫിന് കുത്തേല്‍ക്കുന്നതു കണ്ട് തടസ്സം പിടിച്ച ഭാര്യക്കും രണ്ട് മക്കള്‍ക്കും വീട്ടിലെ ജോലിക്കാരനും കുത്തേല്‍ക്കുന്ന സ്ഥിതിയുണ്ടായി. ആറ്റിങ്ങലില്‍ അമ്മൂമ്മയായ ഓമനയേയും കൊച്ചുമകള്‍ സ്വാസ്ഥികയേയും പട്ടാപ്പകലാണ് വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്. കൊച്ചിയില്‍ മാലപൊട്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് വീട്ടമ്മയായ സിന്ധുവിനെ എട്ടു വയസ്സുള്ള മകളുടെ മുന്നിലിട്ട് കുത്തി ക്കൊന്നത്.
രണ്ടു ദിവസത്തിനിടയില്‍ ഞെട്ടിപ്പിക്കുന്ന അഞ്ച് കൊലപാതകങ്ങള്‍ നടത്തിയതും പകല്‍സമയത്ത് വീട്ടില്‍ കയറിയിട്ടാണ് എന്നത് സ്വന്തം വീട്ടില്‍ പോലും ജനങ്ങള്‍ സുരക്ഷിതരല്ല എന്ന സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്വന്തം വീട്ടിനകത്ത് സ്വസ്ഥമായി കഴിയുന്ന സ്‌ത്രീകള്‍ക്കുപോലും സുരക്ഷിതത്വമില്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 260-ല്‍പ്പരം സ്‌ത്രീകളാണ് സംസ്ഥാനത്ത് കൊലചെയ്യപ്പെട്ടത്. മാസങ്ങള്‍ക്കു മുമ്പാണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍വച്ച് അവിവാഹിതയായ സ്‌ത്രീ രാധയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി കുളത്തില്‍ കെട്ടിത്താഴ്‌ത്തിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും തെരഞ്ഞെടുപ്പിനുശേഷവും നിരവധി അക്രമസംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായി. എസ്.ഡി.പി.ഐക്കാരും മുസ്ലീം ലീഗുകാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിരവധി വീടുകളും കടകളും നശിപ്പിക്കപ്പെടുന്ന സ്ഥിതി ഉണ്ടായി. ഭരണകക്ഷിയായ മുസ്ലീം ലീഗിന്റെ ഓഫീസിനു പോലും എസ്.ഡി.പി.ഐ ആക്രമണത്തില്‍നിന്ന് സംരക്ഷണം കൊടുക്കാന്‍ പോലീസിന് കഴിഞ്ഞില്ല. നിരവധിപേര്‍ അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ചുമതലയേറ്റ് 32 മാസത്തിനിടയില്‍ 13.58 ലക്ഷം കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ക്രമസമാധാനപാലനത്തില്‍ ഒന്നാം സ്ഥാനം നേടിയ കേരളത്തിലാണ് ഇത്തരമൊരു തകര്‍ച്ച ഉണ്ടായിരിക്കുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ക്രമിനല്‍-മാഫിയാ-ക്വട്ടേഷന്‍ സംഘങ്ങളാണ് കേരളം ഭരിക്കുന്നത്. ഇവരെ അമര്‍ച്ച ചെയ്യേണ്ടുന്ന പോലീസിനകത്ത് വിവിധ ഗ്രൂപ്പുകളും ചേരിതിരിവുകളും വന്നതിനെത്തുടര്‍ന്ന് ആര്‍ക്കും നിയന്ത്രണമില്ലാത്ത സ്ഥിതി വന്നുചേര്‍ന്നിരിക്കുകയാണ്. ജനങ്ങള്‍ക്ക് സൈ്വരജീവിതം ഉറപ്പുവരുത്താന്‍ കഴിയാത്ത സര്‍ക്കാര്‍ എന്തിനാണ് അധികാരത്തില്‍ തുടരുന്നത്? ഇത്തരം അക്രമത്തിനും കൊലപാതകങ്ങള്‍ക്കും ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടത്തിനുമെതിരെ ശക്തമായ ബഹുജന അഭിപ്രായം ഉയരത്തിക്കൊണ്ടുവരാനും സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ പ്രതികരിക്കാനും എല്ലാ വിഭാഗം ജനങ്ങളും രംഗത്തുവരണം.
തിരുവനന്തപുരം
17.04.2014
***