സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന -22.04.2014

 യുക്തിരഹിതമായി വര്‍ദ്ധിപ്പിച്ച മോട്ടോര്‍ വാഹന നികുതികള്‍ പിന്‍വലിക്കണമെന്ന്‌ സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ജനുവരിയില്‍ അവതരിപ്പിച്ച ബഡജ്‌റ്റിലെ നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 1-ന്‌ നടപ്പാക്കിയതോടെ, മോട്ടോര്‍ വ്യവസായം അഗാധമായ പ്രതിസന്ധിയിലായിരിക്കുകയാണ്‌. പതിനായിരക്കണക്കിന്‌ തൊഴിലാളികളുടെ ജീവിതം വഴിമുട്ടുകയാണ്‌. ടാക്‌സി കാര്‍, ടെമ്പോ, ജീപ്പ്‌, ബസ്‌ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക്‌ നീതീകരണമില്ലാത്ത നികുതിയാണ്‌ ഈടാക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്‌. ഇത്‌ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ പണി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്‌. ഓട്ടോറിക്ഷകള്‍ക്ക്‌ ബജറ്റില്‍ ഏര്‍പ്പെടുത്തിയ ലംസം ടാക്‌സ്‌ പ്രതിഷേധത്തെത്തുടര്‍ന്ന്‌ മരവിപ്പിച്ചെങ്കിലും മറ്റു നികുതികള്‍ ഈടാക്കുകയാണ്‌. ഒറ്റത്തവണ നികുതി നീതീകരണമില്ലാതെയാണ്‌ വര്‍ദ്ധിപ്പിച്ചത്‌. ഇത്‌ മോട്ടോര്‍ വാഹന വ്യവസായത്തിന്‌ ദോഷകരമായിരിക്കുകയാണ്‌. ടാക്‌സി കാറും ടെമ്പോയും ഉള്‍പ്പെടെയുള്ള പഴയ വാഹനങ്ങള്‍ക്ക്‌ രണ്ടാം ഘട്ടമായി അഞ്ചുവര്‍ഷത്തേക്ക്‌ ഒറ്റത്തവണ നികുതി മുന്‍കൂറായി ഈടാക്കുകയാണ്‌. വര്‍ഷംതോറുമുള്ള നികുതിയാണ്‌ പ്രായോഗികമെന്ന്‌ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ ശക്തിയായി ആവശ്യപ്പെടുന്നുണ്ട്‌. നികുതി ഘടനയില്‍ മാറ്റം വരുത്തുകയും മുന്‍കൂര്‍ നികുതി വാങ്ങിയും മോട്ടര്‍ മേഖലയില്‍നിന്നും 300 കോടിയിലേറെ രൂപ സമാഹരിക്കാനാണ്‌ ബജറ്റ്‌ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ട്രഷറിയില്‍ ഉണ്ടായിരുന്നത്‌ 3882 കോടി രൂപയായിരുന്നു. എന്നാല്‍, രണ്ടരവര്‍ഷത്തെ ഭരണം യു.ഡി.എഫ്‌ പിന്നിടുമ്പോള്‍ ജീവനക്കാര്‍ക്ക്‌ ശമ്പളം കൊടുക്കാന്‍ പോലും ഞെരുങ്ങുന്ന അവസ്ഥയില്‍ സംസ്ഥാന ഖജനാവ്‌ എത്തി. യു.ഡി.എഫ്‌ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഫലമായുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളേയും നികുതി പിരിവിലൂടെ കൊള്ളയടിക്കുകയാണ്‌. ഇതിന്റെ ഭാഗമായുള്ള പുതിയ നികുതികള്‍ സംസ്ഥാനത്തെ മോട്ടോര്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കും. മൂന്ന്‌ യാത്രക്കാര്‍ക്ക്‌ സഞ്ചരിക്കാവുന്ന മോട്ടോര്‍ ക്യാബുകള്‍ക്കുപോലും പുതിയ നികുതിയുണ്ട്‌. വാങ്ങല്‍വില പുനര്‍നിര്‍ണ്ണയിച്ച്‌ ബൈക്ക്‌, കാര്‍ എന്നിവയുടെ നികുതിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. കാറുകള്‍ക്ക്‌ 7 ശതമാനം മുതല്‍ 33 ശതമാനം വരെയാണ്‌ നികുതി. കോണ്‍ട്രാക്‌ട്‌ ക്യാരേജ്‌ വാഹനങ്ങള്‍ക്ക്‌ ത്രൈമാസ നികുതിയും ചുമത്തിയിട്ടുണ്ട്‌. യുക്തിസഹമായും നീതിപൂര്‍വ്വകമായും മാത്രം നികുതി ഈടാക്കുകയും അമിത നികുതിയും അന്യായ നികുതിയും ഒഴിവാക്കിയും മോട്ടോര്‍ വ്യവസായത്തേയും തൊഴിലാളികളേയും രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

തിരുവനന്തപുരം
22.04.2014
***