ചിത്രകലയില്‍ പുതുപാത തെളിയിച്ച അനുഗ്രഹീത ചിത്രകാരനും കലാ വിമര്‍ശകനുമായിരുന്നു എം.വി. ദേവന്‍. ചിത്രകലയില്‍ മാത്രമായി ഒതുങ്ങുന്നതായിരുന്നില്ല എം.വി. ദേവന്റെ കലാവൈഭവം. കേരളത്തിലെ ചെലവു കുറഞ്ഞ നിര്‍മ്മാണരീതി കെട്ടിടനിര്‍മ്മാണരംഗത്ത് കൊണ്ടുവന്ന ആദ്യകാല വാസ്‌തുശില്‍പ്പികളിലൊരാളായിരുന്നു അദ്ദേഹം. ശ്രീനാരായണ ചിന്തകളെപ്പറ്റിയും ജാതിഘടനയെപ്പറ്റിയും തന്റേതായ വീക്ഷണകോണില്‍നിന്ന് ചരിത്രരചനയും നടത്തിയിട്ടുണ്ട്. വിമോചനസമരത്തില്‍ പങ്കെടുത്ത കലാകാരന്‍ എന്നതില്‍ പിന്നീടും ദുഃഖം തോന്നാതിരുന്ന അദ്ദേഹത്തിന്റെ ചിന്താഗതി എഴുത്തില്‍ പ്രതിഫലിച്ചിരുന്നു. ഇത് പുരോഗമനചേരിയുമായുള്ള സംവാദത്തിന് ഇടനല്‍കിയിട്ടുണ്ട്. പക്ഷെ, കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയുടെ വക്താവ് എന്ന നിലയില്‍ മാറാന്‍ പില്‍ക്കാലത്ത് അദ്ദേഹം തയ്യാറായിട്ടുമില്ല. ചിത്രകലയുടെ വികാസ പരിണാമങ്ങള്‍ക്ക് നിര്‍ണ്ണായക സംഭാവന നല്‍കിയ ചിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പേര് എക്കാലവും സ്‌മരിക്കപ്പെടും.
തിരുവനന്തപുരം
29.04.2014
***