കൊച്ചി മെട്രോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

 

തിരുവനന്തപുരം
22.10.2012

 

കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍നിന്നും ഇ. ശ്രീധരനെയും ഡി.എം.ആര്‍.സിയെയും പുറത്താക്കാനുള്ള നിഗൂഢയജ്‌ഞത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന്‌ ന്യായമായി സംശയിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ശ്രീധരനെയും ഡിഎംആര്‍സിയെയും പദ്ധതി ഏല്‍പിക്കാനാണ്‌ സര്‍ക്കാര്‍ താല്‍പര്യമെന്ന്‌ മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിന്‌ വിപരീതമായ ദിശയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നത്‌. അതുകൊണ്ടാണ്‌ എമര്‍ജിങ്‌ കേരളയില്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തിന്‌ സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തക്കരാറിനായി പരിശ്രമിച്ചത്‌. അതുപോലെ ഗവണ്‍മെന്റ്‌ ചീഫ്‌ സെക്രട്ടറിയും പൊതുമരാമത്ത്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്വകാര്യ നിര്‍മ്മാണക്കരാറിനായി വിദേശ കമ്പനികളുമായി നടത്തിയ ചര്‍ച്ചകളും മറ്റ്‌ ഇടപെടലുകളും മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ നടക്കില്ലായെന്ന്‌ ഭരണനടപടിക്രമങ്ങളുടെ ഹരിശ്രീ അറിയാവുന്ന ആര്‍ക്കും മനസ്സിലാകും. കൊച്ചി മെട്രോക്കുവേണ്ടി നിര്‍മ്മാണക്കരാറും കണ്‍സള്‍ട്ടന്‍സി കരാറുമുണ്ടാക്കുന്നതിന്‌ മലേഷ്യന്‍-സിംഗപ്പൂര്‍ കമ്പനികളുമായി ചീഫ്‌ സെക്രട്ടറി കെ ജയകുമാറും പൊതുമരാമത്ത്‌ പ്രിന്‍സപ്പല്‍ സെക്രട്ടറി ടോം ജോസും നടത്തിയ ചര്‍ച്ചകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്‌. ചില വിദേശകമ്പനിപ്രതിനിധികള്‍ മുഖ്യമന്ത്രിയെത്തന്നെ സന്ദര്‍ശിച്ച്‌ ആശയവിനിമയം നടത്തിയ വാര്‍ത്തയും വെളിപ്പെട്ടിട്ടുണ്ട്‌. വിദേശകമ്പനിയുമായി ചര്‍ച്ച നടത്താന്‍ ചീഫ്‌ സെക്രട്ടറി വിദേശത്തേക്ക്‌ പോകണമെങ്കില്‍ മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള അനുവാദം കൂടിയേ കഴിയൂ.

6000 കോടി രൂപയുടെ പദ്ധതിയുടെ നിര്‍മ്മാണച്ചുമതല ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഡിഎംആര്‍സിയെ ഏല്‍പിച്ചാല്‍ ചില കേന്ദ്രങ്ങള്‍ക്ക്‌ ലാഭമുണ്ടാകില്ല എന്ന താല്‍പര്യത്താലാണ്‌ സ്വകാര്യ കമ്പനികള്‍ക്ക്‌ കരാര്‍ നല്‍കാന്‍ സര്‍ക്കാര്‍ നീങ്ങുന്നത്‌. ഇതിനുവേണ്ടി കൊച്ചി മെട്രോ എന്ന ആശയം അവതരിപ്പിച്ച്‌ ഒരു വ്യാഴവട്ടമായി അതിനായി യത്‌നിക്കുന്ന ശ്രീധരനെ പുറത്താക്കണം. അതിനുവേണ്ടി കേന്ദ്രസര്‍ക്കാരിനെ കൂട്ടുപിടിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളി നടത്തിയിരിക്കുകയാണ്‌. അതിന്റെ ഭാഗമായാണ്‌ നിര്‍മാണം സംബന്ധിച്ച ഉത്തരവാദിത്തം ശ്രീധരനെ ഏല്‍പിച്ചിട്ടുണ്ടോ എന്ന്‌ ആരാഞ്ഞ്‌ ഡിഎംആര്‍സിയുടെ ചെയര്‍മാനും നഗരവികസന മന്ത്രാലയം പ്രിന്‍സപ്പല്‍ സെക്രട്ടറിയുമായ സുധീര്‍ കൃഷ്‌ണക്ക്‌ ടോം ജോസ്‌ കത്തയച്ചത്‌. കൊച്ചി മെട്രോറെയിലിന്റെ ചുമതലയില്‍നിന്നും മാറിയശേഷം പൊതുമരാമത്ത്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി ഉപയോഗിച്ചാണ്‌ ഇടംകോലിടീല്‍ നടത്തിയിരിക്കുന്നത്‌. കൊച്ചി മെട്രോയുടെ നാല്‌ മേഖലകളിലെ സുപ്രധാന ചുമതലകള്‍ ശ്രീധരനെ ഏല്‍പിച്ചിരിക്കുകയാണെന്ന്‌ വ്യക്തമാക്കി ഡിഎംആര്‍സിയുടെ മാനേജിങ്‌ ഡയറക്‌ടര്‍ നേരത്തേ അയച്ച കത്ത്‌ സംസ്ഥാനത്തിന്‌ ലഭിച്ചിട്ടുണ്ട്‌. അതിനെ മറികടന്ന്‌ കേന്ദ്രസര്‍ക്കാരിലേക്ക്‌ ഒരു ഗവണ്‍മെന്റ്‌ സെക്രട്ടറി ദുരുദ്ദേശ്യത്തോടെ കത്തയക്കണമെങ്കില്‍ സംസ്ഥാന ഭരണമേധാവികളുടെ മനസ്സമ്മതം ലഭിച്ചിരിക്കണം. ആഗോള ടെണ്ടര്‍ വിളിച്ചില്ലെങ്കില്‍ ജപ്പാന്‍ ബാങ്കില്‍നിന്നുള്ള വായ്‌പ ലഭിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്‌ തള്ളി വായ്‌പ ഉറപ്പാക്കിയത്‌ ശ്രീധരന്റെയും ബഹുജനപ്രസ്ഥാനങ്ങളുടെയും ഇടപെടലിലൂടെയാണ്‌. പിന്നീട്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ ഏറ്റെടുത്ത കമ്പനിക്ക്‌ നിര്‍മ്മാണച്ചുമതല നല്‍കാന്‍ പറ്റില്ലെന്ന വാദവുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ മുന്നോട്ടുവന്നപ്പോള്‍ പൊതുമേഖലാ സ്ഥാപനത്തിന്‌ ഇത്‌ പ്രശ്‌നമല്ലെന്ന്‌ വ്യക്തമാക്കി. ഇങ്ങനെ മെട്രോറെയിലിന്റെ കരാര്‍ സ്വകാര്യ കമ്പനികളെ ഏല്‍പിക്കുന്നതിനുള്ള ശ്രമങ്ങള്‍ അടിക്കടി പരാജയപ്പെട്ടപ്പോഴാണ്‌ കേന്ദ്രസര്‍ക്കാരിനെ കൂട്ടുപിടിച്ച്‌ പദ്ധതിക്ക്‌ കാലവിളംബം വരുത്താനും അട്ടിമറിക്കാനും വേണ്ടി ശ്രീധരനെയും ഡിഎംആര്‍സിയെയും പുറംതള്ളാനുള്ള ഹീനനീക്കം ശക്തിപ്പെടുത്തിയിരിക്കുന്നത്‌. സംസ്ഥാനസര്‍ക്കാരിന്റെ വഴിപിഴച്ച ഈ നടപടി എത്രയും വേഗം അവസാനിപ്പിക്കാന്‍ ശക്തമായ ബഹുജനപ്രതിഷേധമുയരണമെന്നും തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.
* * *