നാടിനോട് പ്രതിബദ്ധത പുലര്‍ത്തിയ പുരോഗമനവാദിയായ വ്യവസായ പ്രമുഖനായിരുന്നു ക്യാപ്റ്റന്‍ കൃഷ്‌ണന്‍നായര്‍.ആഗോള ഹോട്ടല്‍ വ്യവസായത്തിലെ ഏറ്റവും മികച്ച മലയാളി മുദ്രയായി കൃഷ്‌ണന്‍ നായര്‍ മാറിയശേഷവും ജന്മനാടായ കണ്ണൂരിനോടും കേരള ജനതയോടും പ്രത്യേക താല്‍പ്പര്യം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് പോരാളിയായി ജീവിത വഴികളിലൂടെ നീങ്ങിയ അദ്ദേഹം സ്വാതന്ത്ര്യപൂര്‍വ്വകാലത്ത് നേതാജി സുഭാഷ്‌ചന്ദ്രബോസിന്റെ ഐ.എന്‍.എയില്‍ ചേര്‍ന്നിരുന്നു. പിന്നീട് ജീവിതവൃത്തിയുടെ ഭാഗമായി ഇന്ത്യന്‍ പട്ടാളത്തില്‍ ജോലി നോക്കി. പിന്നീട് ഭാര്യ ലീലയുടെ പേരില്‍ ടെക്‌സ്റ്റൈല്‍ വ്യവസായവും ഹോട്ടല്‍ വ്യവസായവും ആരംഭിച്ച് അവയെ വിപുലമായ ശൃംഖലകളാക്കി വളര്‍ത്തി. ടാറ്റയെപ്പോലെയുള്ള മഹാരഥന്മാര്‍ അടക്കിവാണിരുന്ന ഹോട്ടല്‍ വ്യവസായമേഖലയില്‍ പുതുചലനവും വളര്‍ച്ചയും സൃഷ്‌ടിക്കാന്‍ കൃഷ്‌ണന്‍നായര്‍ക്ക് കഴിഞ്ഞത് തികഞ്ഞ നിശ്ചയദാര്‍ഢ്യവും ഭാവനാസമ്പന്നതയും കൊണ്ടാണ്. അങ്ങനെ അതിഥിസംസ്‌കാര വ്യവസായത്തിലെ ഒന്നാംകിടക്കാരനായ ഭാരതീയ വ്യവസായികളിലൊരാളായി അദ്ദേഹം മാറി. പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും അതിനു മുമ്പും എ.കെ.ജിയുമായി അടുത്ത സൗഹൃദത്തിലായിരുന്ന കൃഷ്‌ണന്‍ നായര്‍ മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളോടും ഗാഢമായ അടുപ്പം പുലര്‍ത്തിയിരുന്നു. കമ്മ്യൂണിസ്റ്റുകാരോടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുമാണ് തനിക്ക് കൂടുതല്‍ കൂറെന്ന് പരസ്യമായി അദ്ദേഹം പറയുമായിരുന്നു. പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് പടവെട്ടി സ്വപ്രയത്‌നത്താല്‍ പടുത്തുയര്‍ത്തിയതായിരുന്നു അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യം. മാനവിക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച നല്ല വ്യവസായ പ്രമുഖനായ കൃഷ്‌ണന്‍നായരുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവുംഅറിയിക്കുന്നു.
തിരുവനന്തപുരം
17.05.2014
***