ഏഴു പതിറ്റാണ്ടുകാലത്തെ വിശ്രമരഹിതമായ ജനസേവനത്തിനുശേഷമാണ് സഖാവ് ആര്‍ ഉമാനാഥ് അന്ത്യയാത്രയായത്. സൗമ്യനും ധീരനുമായ നേതാവായിരുന്നു അദ്ദേഹം. സമര്‍ഥനായ ഒരു ബഹുജനസമരനേതാവ്, തൊഴിലാളി-കര്‍ഷകാദി-ബഹുജനസംഘടനകളുടെയും കമ്യൂണിസ്റ്റ്‌പാര്‍ടിയുടെയും ഊര്‍ജസ്വലനായ നേതാവ്, പാര്‍ടിയുടെ മൗലിക നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ, മറ്റു ജനാധിപത്യസമൂഹത്തെ പ്രസ്ഥാനത്തോട് യോജിപ്പിക്കാന്‍ മാതൃക കാട്ടിയ നേതാവ്- ഈ നിലകളിലെല്ലാം ഉമാനാഥ് എന്നും ഓര്‍മിക്കപ്പെടും.. പാര്‍ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാനും ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടാനും രോഗാവസ്ഥയെ തടസ്സമായി കരുതിയിരുന്നില്ല. അതാണ് കഴിഞ്ഞ കോഴിക്കോട് നടന്ന പാര്‍ടിയുടെ ഇരുപതാം കോണ്‍ഗ്രസില്‍ കണ്ടത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം അവഗണിച്ചാണ് സഖാവ് കോഴിക്കോട് എത്തിയത്. സമ്മേളനനഗരിയില്‍ പതാക ഉയര്‍ത്തിയത് അദ്ദേഹമായിരുന്നു. മലബാറില്‍ ജനിച്ച്, കോഴിക്കോട്ട് സ്‌കൂള്‍ വിദ്യാഭ്യാസം നടത്തി, ഉപരിപഠനത്തിന് മദിരാശിയിലെത്തിയ ഉമാനാഥ്, തമിഴകത്തെ ആദരിക്കപ്പെടുന്ന നേതാവായി വളര്‍ന്നു. അത് ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തര ഭാരതത്തിലും ചൂഷിതരുടെ ഭരണം അവസാനിപ്പിക്കാനുള്ള അടങ്ങാത്ത അഭിലാഷത്തിനുടമയായ രാഷ്ട്രീയ പ്രക്ഷോഭകാരിയായതുകൊണ്ടു നേടിയതാണ്. തികച്ചും അസംഘടിതരായി കിടന്ന തൊഴിലാളികളെ പ്രാഥമികമായി സംഘടിക്കുന്നതിന് ട്രേഡ്‌യൂണിയന്‍ കെട്ടിപ്പടുക്കുകയും അതിനോടൊപ്പം അവരുടെയിടയില്‍ സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും ആശയം വളര്‍ത്താനും യത്‌നിച്ചു. റെയില്‍വെ തൊഴിലാളികളുടെയും തുണിമില്‍ തൊഴിലാളികളുടെയുമെല്ലാം സമുന്നതനേതാവായി വളര്‍ന്ന ഉമാനാഥിനെ ലോക്‌സഭയിലും നിയമസഭയിലും പലതവണ ജനങ്ങള്‍ വിജയിപ്പിച്ചു. തൊഴിലാളിപ്രവര്‍ത്തനത്തിനുവേണ്ടി അനന്യസാധാരണമായ ത്യാഗോജ്വലജീവിതമാണ് അദ്ദേഹം നയിച്ചത്. തടവറയും ഒളിവുജീവിതവുമൊന്നും ആ വിപ്ലവകാരിയെ ക്ഷീണിപ്പിച്ചില്ല. ഒളിവുജീവിതത്തിനിടയില്‍ പരിചയപ്പെട്ട വിപ്ലവകാരിയായ പാപ്പയെ ജീവിതസഖിയാക്കിയ ഉമാനാഥിന്റേത് ഒരു കമ്യൂണിസ്റ്റ്‌കുടുംബമായിരുന്നു. ഉള്‍പ്പാര്‍ട്ടിസമരങ്ങളിലും സംഘടനാവിഷയങ്ങളിലും ഫലപ്രദവും മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് തത്വത്തിലധിഷ്‌ഠിതവുമായ നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചിരുന്നു. അത് അദ്ദേഹവുമായി പൊളിറ്റ്‌ബ്യൂറോയിലടക്കം സഹകരിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ കൂടുതല്‍ ബോധ്യമായി. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ആത്മബന്ധം പുലര്‍ത്തിയ അദ്ദേഹം ഇവിടുത്തെ രാഷ്ട്രീയസംഭവവികാസങ്ങളിലും സംഘടനാകാര്യങ്ങളിലും അതീവശ്രദ്ധാലുവായിരുന്നു. വ്യക്തിപരമായി സഖാവിനുണ്ടായിരുന്ന ഗുണങ്ങളും പാര്‍ടിക്കും പ്രസ്ഥാനത്തിനും അദ്ദേഹം നല്‍കിയ സംഭാവനകളും സിപിഐ എം കേരള സംസ്ഥാനകമ്മിറ്റി കൃതജ്ഞതാപൂര്‍വം സ്‌മരിക്കുന്നു. സഖാവിന്റെ സ്‌മരണയ്‌ക്കുമുന്നില്‍ രക്തപുഷ്‌പങ്ങള്‍ അര്‍പ്പിക്കുന്നു.
തിരുവനന്തപുരം
21.05.2014
***