ഇറാക്കില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കണെമന്ന് ആവശ്യപ്പെട്ട് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്താവന
ആഭ്യന്തരക്കുഴപ്പം രൂക്ഷമായ ഇറാക്കില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രതയോടെ ഇടപെടണം. ബാഗ്‌ദാദിലെ എംബസിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വ്യോമസേനയുടെ വിമാനങ്ങള്‍ തയ്യാറാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തിക്രിത്തില്‍ കഴിയുന്ന മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മതിയായ ആശ്വാസം പകരാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരാകട്ടെ, പ്രസ്‌താവനകളില്‍ മാത്രമായി അവരുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇറാക്കിലെ മൊസ്യൂളില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 40 ഇന്ത്യക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്തയുണ്ട്. ഇവരില്‍ മലയാളികള്‍ ഉണ്ടോ എന്നും തീവ്രവാദികളുടെ പിടിയില്‍നിന്നും ഇന്ത്യക്കാരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടോ എന്നും ഇതുവരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കിയിട്ടില്ല. തിക്രിത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന 46 മലയാളി നഴ്‌സുമാര്‍ ഭയചികിതരാണ്. നേരത്തെ ലഭിച്ചുകൊണ്ടിരുന്ന ശമ്പളം ഇപ്പോള്‍ നാലിലൊന്നായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ശമ്പളത്തിലെ വെട്ടിക്കുറവ് ജീവിതത്തെ പ്രതിസന്ധിയിലാക്കി. ഇതിനുമപ്പുറം ഇവരുടെയെല്ലാം ജീവനുതന്നെ ആശങ്ക നേരിടുകയാണ്. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഥമ പരിഗണന നല്‍കേണ്ടത്. ഒപ്പം വേതനവും സ്വത്തുവകകളും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണം. ഇറാക്കില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിന് ഐക്യരാഷ്‌ട്രസഭയുടെയും റെഡ്‌ക്രോസിന്റെയും ഉള്‍പ്പെടെ എല്ലാം സംവിധാനങ്ങളും പ്രയോജനപ്പെടുത്തണം. ഇക്കാര്യം പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും നേരില്‍ കണ്ട് ധരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതതല സംഘം മന്ത്രിയുടെ നേതൃത്വത്തില്‍ ഡെല്‍ഹിയിലെത്തണം. നോര്‍ക്ക പ്രതിനിധിയെ ബാഗ്‌ദാദിലേക്ക് അയക്കുന്നതിനെപ്പറ്റിയും പരിഗണിക്കണം. ഇറാക്കിലെ കുഴപ്പങ്ങള്‍ക്കുള്ള മുഖ്യ ഉത്തരവാദിത്തം അമേരിക്കയ്‌ക്കാണ്. 2003ല്‍ രാസായുധങ്ങള്‍ സമാഹരിച്ചു എന്ന പെരുംനുണയുടെ മറവില്‍ ജോര്‍ജ് ബുഷിന്റെ അമേരിക്ക എണ്ണസമൃദ്ധമായ ഇറാക്കിനെ സ്വന്തം കോളനിയാക്കുന്നതിനു വേണ്ടിയാണ് ഇറാക്കില്‍ അധിനിവേശ യുദ്ധം നടത്തിയത്. 10 ലക്ഷം പൗരന്മാരെ നിഷ്‌കരുണം കൊന്നൊടുക്കുകയും ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈനെ ഭീകരമായി കശാപ്പ് ചെയ്യുകയും ചെയ്‌തു. അധിനിവേശ യുദ്ധം തകര്‍ത്ത രാജ്യത്ത് പാവസര്‍ക്കാരിനെ വെച്ച് തലയൂരിയ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വിപല്‍കരമായ നയങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ രൂക്ഷമായ ഷിയ- സുന്നി-കുര്‍ദ് വംശീയ കലാപത്തിന് കാരണമായിരിക്കുന്നത്.