കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ക്ക് എന്നും ആവേശം പകരുന്ന പേരാണ് പി.കെ. ചന്ദ്രാനന്ദന്‍ . പുന്നപ്ര-വയലാര്‍ സമരനായകരില്‍ ഒരാളായിരുന്ന അദ്ദേഹം തൊണ്ണൂറാം വയസ്സിനടുത്തെത്തിയപ്പോഴാണ് നമ്മെ വേര്‍പിരിഞ്ഞത്. ഈ കാലയളവിലാകെ പാര്‍ടിക്കുവേണ്ടി ഒളിവിലും തെളിവിലും അക്ഷീണം പ്രവര്‍ത്തിച്ച പാര്‍ടി നേതാവായിരുന്നു പികെസി. കമ്മ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയില്‍ 1954 മുതല്‍ പ്രവര്‍ത്തിച്ചു. എല്ലാ ഘട്ടത്തിലും നല്ല ആശയവ്യക്തത വച്ചുപുലര്‍ത്തി. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഒരു ചാഞ്ചല്യവും ഉണ്ടായില്ല. സിപിഐ(എം) രൂപീകരണം മുതല്‍ പാര്‍ടിയുടെ നേതാവായിരുന്നു. ആലപ്പുഴ ജില്ലയില്‍ ദീര്‍ഘകാലം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും ചുമതലകള്‍ നിറവേറ്റി. ആലപ്പുഴ ജില്ലയില്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക് നിസ്‌തുലമായ സംഭാവനയാണ് സഖാവില്‍നിന്നുണ്ടായത്. പാര്‍ടിയുടെ പ്രസിദ്ധീകരണ വിഭാഗങ്ങളുടെ ചുമതലക്കാരനെന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം സഖാവ് കാഴ്‌ചവച്ചു. ദേശാഭിമാനിയുടെ തിരുവനന്തപുരം പതിപ്പിന്റെ തുടക്കത്തില്‍ മാനേജര്‍ എന്ന നിലയില്‍ അതിന് നേതൃപരമായ പങ്ക് നിര്‍വ്വഹിച്ചു. ചിന്ത പബ്ലിഷേഴ്‌സിന്റെ ചുമതലക്കാരനായും പ്രവര്‍ത്തിച്ചു. വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന പാര്‍ടി നേതാവായിരിക്കുമ്പോള്‍ തന്നെ ഒരു ഘട്ടത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മെമ്പറായും ചെയര്‍മാനായും ചുമതല നിര്‍വ്വഹിച്ചു. ഒരു പദവി വഹിച്ച ആളെ എങ്ങനെ നാടും ജനങ്ങളും സ്‌നേഹത്തോടെയും ആദരവോടെയും കാണാന്‍ ഇടവരുത്തുന്നു എന്നതിന് ഉദാഹരണമാണ് ഒരു റോഡിന് `ചന്ദ്രാനന്ദന്‍ റോഡ്' എന്ന് നാമകരണം ചെയ്‌തതിലൂടെ വ്യക്തമാകുന്നത്. എം.എല്‍.എ എന്ന നിലയിലും മതിപ്പുനിറഞ്ഞ പ്രവര്‍ത്തനമാണ് സഖാവ് നടത്തിയിട്ടുള്ളത്. എല്ലാ ഘട്ടത്തിലും തികഞ്ഞ ഒരു വിപ്ലവകാരിയായിരുന്നു അദ്ദേഹം. പി.കെ.സിയെ കാണുമ്പോള്‍ പ്രായത്തിന്റെ പ്രയാസം മറ്റുള്ളവര്‍ക്ക് തോന്നുമെങ്കിലും പാര്‍ടി പരിപാടികളിലാവട്ടെ, പ്രക്ഷോഭസമരങ്ങളിലാവട്ടെ അദ്ദേഹം ഉണ്ടാകുമായിരുന്നു. ഇങ്ങനെ പാര്‍ടി പരിപാടികളിലും സമരങ്ങളിലുമടക്കം നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എങ്ങനെ ആയിരിക്കണമെന്നതിന് മാതൃകയാണ് പി.കെ.സി. സമുന്നതരായ നേതാക്കളുടെ വേര്‍പാടിന് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നികത്താന്‍ ശ്രമിക്കുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി. പക്ഷെ, സമരോജ്ജ്വലവും സംഘടനാ രീതികളില്‍ മുറുകെ പിടിച്ചതുമായ പി.കെ.സിയുടെ വേര്‍പാടിന്റെ വിടവ് നികത്താന്‍ പാര്‍ടിക്ക് ഏറെ കാലമെടുക്കേണ്ടിവരും. ഉജ്ജ്വലനായ സഖാവിന്റെ ഓര്‍മ്മയ്‌ക്കു മുന്നില്‍ ഒരുപിടി രക്തപുഷ്‌പങ്ങള്‍ അര്‍പ്പിക്കുന്നു.
തിരുവനന്തപുരം
02.07.2014
***