കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉത്തമനേതാക്കളില്‍ ഒരാളായിരുന്നു അന്തരിച്ച പി കെ ചന്ദ്രാനന്ദന്‍. ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളില്‍ അധിഷ്‌ഠിതമായ സാമൂഹ്യപരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിരുന്ന കൗമാരക്കാരന്‍ പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ എത്തിച്ചേരുകയായിരുന്നു. ഈ യുവാവ് ഇന്ത്യയിലെ ചോരപൊടിഞ്ഞ പ്രക്ഷോഭസമരങ്ങളിലൊന്നായി മാറിയ പുന്നപ്ര-വയലാര്‍ സമരത്തിന്റെ നായകരിലൊരാളായി മാറിയത് പുതുതലമുറയ്‌ക്ക് പഠിക്കാനുള്ള പാഠമാണ്. ഭാസ്‌കരന്‍നായര്‍ എന്ന പേരില്‍ 12 വര്‍ഷത്തോളം ഒളിവില്‍ക്കഴിഞ്ഞ ചന്ദ്രാനന്ദന്‍ ഒളിവുജീവിതത്തെ തൊഴിലാളിപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള ത്യാഗോജ്വല ഏടാക്കി. 1954 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന സഖാവ് 1964ല്‍ സിപിഐ എം രൂപംകൊണ്ടതുമുതല്‍ പാര്‍ടിയുടെ വളര്‍ച്ചയ്‌ക്കുവേണ്ടി എല്ലാതലങ്ങളിലും വിട്ടുവീഴ്‌ചയില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ആശയപരവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങളില്‍ ഒരുവിധത്തിലുള്ള ചാഞ്ചല്യവും ബാധിക്കാത്ത മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് നേതാവായിരുന്നു. പാര്‍ടിയുടെ ആലപ്പുഴ ജില്ലാസെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും ചുമതലകള്‍ നിര്‍വഹിച്ചു. അമ്പലപ്പുഴയെ പ്രതിനിധീകരിച്ച് നിയസഭയില്‍ എത്തിയ അദ്ദേഹം നല്ല പാര്‍ലമെന്റേറിയനുമായിരുന്നു. പൊതുപ്രവര്‍ത്തനത്തിലെ വിശുദ്ധിക്ക് മാതൃകയായി അദ്ദേഹം വഹിച്ച ഓരോ സ്ഥാനങ്ങളും മാറി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഭരണഭാരവാഹിത്വം ഇതിനുദാഹരണമാണ്. ഒളിവിലും ജയിലിലും കഴിഞ്ഞ പൊതുപ്രവര്‍ത്തനത്തിനുടമയായ പി.കെ.സി ദേശാഭിമാനിയുടെ പ്രചാരം വര്‍ധിപ്പിക്കാനും കൂടുതല്‍ പതിപ്പുകള്‍ ആരംഭിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി. പാര്‍ടിനയങ്ങളില്‍ അണുവിട വ്യതിചലിക്കാത്ത ഉത്തമനായ കമ്യൂണിസ്റ്റായിരുന്നു പികെസി. സഖാവിന്റെ വേര്‍പാടില്‍ അതിയായ ദുഃഖവും അനുശോചനവും അറിയിക്കുന്നു
തിരുവനന്തപുരം
02.07.2014
***