കേരളത്തോടുള്ള കടുത്ത അവഗണനയാണ് കേന്ദ്ര റെയില്‍വേ ബജറ്റ്. ഇന്ത്യയുടെ സമഗ്ര വികസനമാണ് റെയില്‍വേ ബജറ്റ് ലക്ഷ്യമിടുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാദം നിരര്‍ത്ഥകമാണ്. കേരളം ഇന്ത്യന്‍ ഭൂപടത്തില്‍ ഇല്ലാതായോ എന്ന് പിണറായി ചോദിച്ചു. 58-ലധികം പുതിയ തീവണ്ടികള്‍ അനുവദിച്ചിട്ടും പേരിന് ഒരു പാസഞ്ചര്‍ തീവണ്ടി മാത്രമാണ് കിട്ടിയത്. ഏറ്റവും കൂടുതല്‍ ദീര്‍ഘദൂര യാത്രക്കാരുള്ള സംസ്ഥാനമായ കേരളത്തിന് ബാംഗ്ലൂരിലേക്കുപോലും ഒരു തീവണ്ടി അനുവദിച്ചിട്ടില്ല. അതിവേഗ തീവണ്ടികളുടെ റൂട്ടുകളിലൊന്നും കേരളത്തെ പരാമര്‍ശിച്ചിട്ടില്ല. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സംസ്ഥാനങ്ങള്‍ക്ക് ധാരാളം പദ്ധതികളും തീവണ്ടികളും അനുവദിച്ചപ്പോള്‍ കേരളത്തെ പാടെ നിരാകരിച്ചത് രാഷ്‌ട്രീയ വിവേചനമാണ്. കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം സംസ്ഥാന സര്‍ക്കാര്‍ നാലുദിവസം മുമ്പു മാത്രം കേന്ദ്രസര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചതും അനാസ്ഥയാണ്. കേരളത്തിലെ റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും റെയില്‍വേ ബജറ്റ് ഒന്നും നല്‍കിയിട്ടില്ല. ഇതില്‍ രാഷ്‌ട്രീയഭേദമന്യേ ശക്തമായ പ്രതിഷേധമുയരണം. കേരളത്തോടുള്ള കടുത്ത അവഗണന തിരുത്തണം. അമിതമായ സ്വകാര്യവല്‍ക്കരണത്തെയും വിദേശനിക്ഷേപത്തേയും ആശ്രയിക്കുന്ന ബജറ്റിന്റെ ദിശ പാളം തെറ്റിയതാണ്.
തിരുവനന്തപുരം
08.07.2014
***