കേന്ദ്ര ബജറ്റ് :സിപിഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

കേരളത്തിന്‌ നിരാശ പ്രദാനം ചെയ്യുന്നതാണ്‌ കേന്ദ്ര ബജറ്റ്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്‌ വിഹിതം കാര്യമായി വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായില്ല എന്നു മാത്രമല്ല, ഓഹരികള്‍ വിറ്റഴിക്കാന്‍ വാതില്‍ തുറന്നുകൊടുത്തിരിക്കുകയാണ്‌. ഐ.ഐ.ടി അനുവദിച്ചെങ്കിലും വാഗ്‌ദാനം ചെയ്‌ത എയിംസ്‌ നിഷേധിച്ചത്‌ ഉചിതമായില്ല. വാരണാസിയിലെ കൈത്തറി മേഖലയ്‌ക്ക്‌ പ്രത്യേക പരിരക്ഷയും ഫണ്ടും നീക്കിവച്ച കേന്ദ്ര ബജറ്റ്‌ സംസ്ഥാനത്തെ കശുവണ്ടി-കൈത്തറി-കയര്‍ തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളെ പാടെ വിസ്‌മരിച്ചു. തൂത്തുക്കുടി തുറമുഖ വിപുലീകരണത്തിന്‌ പണം നീക്കിവച്ചപ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്‌ പണം നീക്കിവയ്‌ക്കാതിരുന്നത്‌ കേരളവിരുദ്ധ സമീപനമാണ്‌. കൊച്ചി തുറമുഖത്തിന്‌ നിലവിലുള്ള തുക തന്നെ വെട്ടിക്കുറയ്‌ക്കുന്ന നിലയാണുണ്ടായിട്ടുള്ളത്‌. രാസവളം-ഇന്ധന സബ്‌സിഡികള്‍ പുനഃപരിശോധിക്കുമെന്ന ബജറ്റ്‌ പ്രഖ്യാപനം സംസ്ഥാനത്തെ കാര്‍ഷിക സമ്പദ്‌ഘടനയ്‌ക്ക്‌ പ്രഹരമേകുന്നതാണ്‌. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റം വളര്‍ത്തുകയാണ്‌ ഇന്ധന സബ്‌സിഡി പുനഃപരിശോധിച്ചാല്‍ സംഭവിക്കുക. രാഷ്‌ട്രം നേരിടുന്ന പ്രധാന പ്രശ്‌നമായ വിലക്കയറ്റം പരിഹരിക്കാനുള്ള ഫലപ്രദമായ നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ല. വിദേശ ഫണ്ടിനെയും കോര്‍പ്പറേറ്റ്‌ മൂലധനത്തേയും ആകര്‍ഷിക്കുന്നതിനുവേണ്ടി അടിസ്ഥാന നയങ്ങള്‍ പൊളിച്ചെഴുതുകയാണ്‌. യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ ഈ നയം ബി.ജെ.പി സര്‍ക്കാര്‍ തീവ്രമാക്കുന്നു എന്നാണ്‌ ബജറ്റ്‌ നിര്‍ദ്ദേശങ്ങള്‍ തെളിയിക്കുന്നത്‌. ജനക്ഷേമത്തേയും ഭാവി സാമ്പത്തിക വളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കുന്നതാണ്‌ കേന്ദ്ര ബജറ്റ്‌. ഗ്രാമീണ അടിസ്ഥാന വികസന പദ്ധതിക്ക്‌ ആര്‍.എസ്‌.എസ്‌ നേതാവിന്റെ പേര്‌ നല്‍കിയ നടപടി സങ്കുചിതമാണ്.

തിരുവനന്തപുരം
10.07.2014
***