തിരുവനന്തപുരം
26.10.2012
മുസ്ലീം ലീഗിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരത്തെ സി.എച്ച്. മുഹമ്മദ്‌കോയ ഫൗണ്ടേഷന് സംസ്ഥാനത്തൊട്ടാകെയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സംഭരിക്കാനുള്ള സര്‍ക്കാര്‍ നടപടി നഗ്നമായ സ്വജനപക്ഷപാതവും വഴിവിട്ട ഭരണചെയ്‌തിയുമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
വിവാദങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഫണ്ട് സംഭരണമാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. സംസ്ഥാന ഭരണത്തിലെ ലീഗ്‌വല്‍ക്കരണം സ്‌പഷ്‌ടമായി തുടരുന്നു എന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഈ നടപടി. ഇ.ടി. മുഹമ്മദ് ബഷീര്‍ ചെയര്‍മാനായ സ്ഥാപനത്തിന് ഗ്രാന്റ് നല്‍കാന്‍ പഞ്ചായത്തുകള്‍ ഒരുലക്ഷം രൂപ വീതവും ബ്ലോക്ക് പഞ്ചായത്തുകളോട് 2 ലക്ഷം രൂപ വീതവും ജില്ലാ പഞ്ചായത്തുകള്‍ 3 ലക്ഷം രൂപ വീതവും നല്‍കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശം. ഈ വര്‍ഷം ഏപ്രിലില്‍ തിരുവനന്തപുരം ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്നും ഈ തുക സംഭരിക്കാനായിരുന്നു ആദ്യ സര്‍ക്കാര്‍ ഉത്തരവ്. പിന്നീടത് സംസ്ഥാനവ്യാപകമാക്കി. സി.എച്ച് ട്രസ്റ്റിന് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഭൂമി പതിച്ചു നല്‍കല്‍ ഉള്‍പ്പെടെയുള്ള ക്രമവിരുദ്ധ നടപടികള്‍ക്കൊപ്പം തിരുവനന്തപുരത്തെ സി.എച്ചിന്റെ പേരിലുള്ള സംഘടനയ്‌ക്ക് വഴിവിട്ട് പണം സമ്പാദിക്കുന്നതും പൊതു സമൂഹത്തില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നു. ഇതേത്തുടര്‍ന്ന് നിര്‍ത്തിവച്ച ഫണ്ട് സംഭരണമാണ് ഇപ്പോള്‍ ഭരണയന്ത്രം ദുരുപയോഗപ്പെടുത്തി സംഭരിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ പൊതുപണം ചോര്‍ത്തുന്നത് നല്ല പ്രവണതയല്ല. ഈ നടപടിക്ക് അടിയന്തരമായി വിരാമമിടണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
* * *